അജയ് കുമാർ ഘോഷ്
ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി നേതാവായിരുന്നു അജയ് കുമാർ ഘോഷ്. 1909 ഫെബ്രുവരി 20-ന് കാൺപൂരിനടുത്തുള്ള മിഹിജം ഗ്രാമത്തിൽ ഡോ. ശചീന്ദ്രനാഥ് ഘോഷിന്റെയും സുധാംശുബാലയുടെയും മകനായി ജനിച്ചു. കാൺപൂരിലായിരുന്നു അജയ്കുമാർ ആദ്യകാല വിദ്യാഭ്യാസം നടത്തിയിരുന്നത്. 1926-ൽ അലഹബാദ് സർവകലാശാലയിൽ ചേർന്ന് രസതന്ത്രം ഐച്ഛികവിഷയമായി ബി.എ. (ഓണേഴ്സ്) പാസ്സായി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റു റിപ്പബ്ളിക്ക് അസോസിയേഷൻ നേതാവായ ഭഗത്സിങ്ങുമായി ബന്ധപ്പെട്ടതോടെ (1928)യാണ് ഇദ്ദേഹത്തിന്റെ പൊതുജീവിതമാരംഭിക്കുന്നത്. ഭീകരപ്രവർത്തനങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയതും ഈ കാലത്താണ്. ലാഹോർ ഗൂഢാലോചനക്കേസിനെത്തുടർന്ന് അജയ്കുമാർ ജയിലിലടയ്ക്കപ്പെട്ടു. 1928 മുതൽ 30 വരെ ജയിൽവാസം അനുഭവിച്ചു. കേസിന്റെ വിധി (1930 ഒക്ടോബർ) അനുസരിച്ച് ഭഗത്സിങ്ങുൾപ്പെടെ മൂന്നുപേരെ തൂക്കിക്കൊന്നു. ശരിയായ തെളിവില്ലാത്ത കാരണത്താൽ ഇദ്ദേഹത്തെ വെറുതെ വിട്ടു.
കമ്യൂണിസ്റ്റ് പർട്ടിപ്രവർത്തനവും ജയിൽവാസവും
പിന്നീട് ഇദ്ദേഹം കാൺപൂരിലെത്തി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായി പങ്കുവഹിക്കാൻ തുടങ്ങി. അന്നു മുതല്ക്കാണ് ഇദ്ദേഹവും ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് ആയ സർദേശായിയുമായി ബന്ധപ്പെടുന്നത്. കമ്യൂണിസ്റ്റുപാർട്ടിയെ നിരോധിച്ചതോടു കൂടി (1934) അജയ്കുമാർ ഒളിവിലായി. 1933-34 കാലത്ത് ഇദ്ദേഹം കമ്യൂണിസ്റ്റുപാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമായി; 1936-ൽ പോളിറ്റ്ബ്യൂറോ അംഗവും. 1937-ൽ കാൺപൂരിലെ 6 ലക്ഷത്തിൽപരം മിൽതൊഴിലാളികളെ സംഘടിപ്പിച്ച് സമരരംഗത്തിറക്കി. 1938-ൽ ഇദ്ദേഹം നാഷനൽ ഫ്രണ്ട് വാരികയുടെ പത്രാധിപസമിതിയംഗമായി. മാർക്സിസത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചിരുന്ന അജയ്കുമാറിനെ 1940-ൽ അറസ്റ്റുചെയ്തു സിയോലിജയിലിൽ പാർപ്പിച്ചു. രാഷ്ട്രീയതടവുകാരോടുള്ള ഗവൺമെന്റിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഇദ്ദേഹം ജയിലിൽ നിരാഹാരസമരം അനുഷ്ഠിച്ചു. പൊതുജനസമ്മർദം മൂലം 1942-ൽ ഇദ്ദേഹം ജയിലിൽനിന്നും മോചിപ്പിക്കപ്പെട്ടു. ക്ഷയരോഗബാധിതനായെങ്കിലും അതൊന്നും വകവയ്ക്കാതെ ഇദ്ദേഹം വീണ്ടും തൊഴിലാളിരംഗത്ത് സജീവപ്രവർത്തനം തുടർന്നു. 1947-ൽ പഞ്ചാബിലെ കമ്യൂണിസ്റ്റുപാർട്ടി പ്രവർത്തകയായ ലിത്തൊറായിയെ ഇദ്ദേഹം വിവാഹം ചെയ്തു. അധികം താമസിയാതെ ഇദ്ദേഹം വീണ്ടും യെർവാദ ജയിലിൽ അടയ്ക്കപ്പെട്ടു. ക്ഷയരോഗം മൂർഛിച്ചതോടെ, 1950 ജൂലൈയിൽ ഇദ്ദേഹത്തെ തടവിൽനിന്നു മോചിപ്പിച്ചു. ചികിത്സയ്ക്കും വിശ്രമത്തിനുമായി ഇദ്ദേഹം മദനപ്പള്ളി, റാഞ്ചി, കാശ്മീർ എന്നിവിടങ്ങളിൽ കുറേക്കാലം താമസിച്ചു. ഘാട്ടേ, ഡാങ്കേ എന്നിവരൊത്തു ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തത്തിനു രൂപം നല്കിയത് ഇക്കാലത്താണ്. 1951 ഒക്റ്റൊബറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽസെക്രട്ടറിയായി. 1957-ലും 1960-ലും മോസ്കോയിൽവച്ചു നടന്ന കമ്യൂണിസ്റ്റുപാർട്ടി സമ്മേളനങ്ങളിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചത് അജയ്കുമാറാണ്. 1962-ൽ ബീഹാറിലുണ്ടായ ലഹളയൊതുക്കാൻ ഇദ്ദേഹം പരിശ്രമിച്ചു. രോഗം വീണ്ടും വർധിച്ചപ്പോൾ ഇദ്ദേഹത്തെ ഡൽഹിയിൽ ഒരു നേഴ്സിങ്ഹോമിൽ ചികിത്സാർഥം പ്രവേശിപ്പിച്ചു. അവിടെവച്ച് 1962 ജനുവരി 13-ന് അജയ്കുമാർ അന്തരിച്ചു.
പ്രബന്ധങ്ങൾ
ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളിൽ
- ദ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ ഇൻ സ്ട്രഗിൾ ഫൊർ എ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഫൊർ എ പീപ്പിൾസ് ഡെമോക്രാറ്റിക് ഗവൺമെന്റ് (The Communist Party of India in Struggle for a United Democratic Front for a people's Democratic Governm ent,1951
- ഓൺ ദ ഇന്ത്യൻ ബൂർഷ്വാ ക്വസ്റ്റ്യൻസ് ഒഫ് തിയറി (On the Indian Bourgeoise Questions of Theory, 1956),
- ഓൺ ഇന്ത്യാസ് പാത്ത് റ്റു ഡവലപ്പ്മെന്റ് (On India's path to Development,1956)
തുടങ്ങിയവ പ്രാധാന്യം അർഹിക്കുന്നവയാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അജയ് കുമാർ ഘോഷ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |