അത്തർ
റോസാദളത്തിൽനിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലമാണ് അത്തർ. സാധാരണ ഊഷ്മാവിൽ കുഴമ്പുപാകത്തിലുള്ളതും ബാഷ്പശീലമുള്ളതുമായ ഇതിന്റെ നിറം മഞ്ഞയോ മങ്ങിയ ചുവപ്പോ ആയിരിക്കും. രുചി മധുരമാണ്.
പുഷ്പങ്ങൾ വാറ്റി എടുക്കുന്ന സുഗന്ധദ്രാവകങ്ങൾക്കെല്ലാം പൊതുവേ അത്തർ എന്നു പറയാറുണ്ട്. ഇത് ഒരു പേർഷ്യൻ പദമാണ്. അറബി ഭാഷയിൽ അത്തർ എന്ന വാക്കിന് മരുന്നു വ്യാപാരി, സുഗന്ധവസ്തു വില്പനക്കാരൻ എന്നീ അർഥങ്ങളുണ്ട്.
പൂക്കളിൽനിന്ന് അത്തർ ഉത്പാതിക്കുന്നവിധം
പൂക്കളിൽനിന്ന് അത്തർ ഉത്പാദിപ്പിക്കുന്നതിന് 4 മാർഗങ്ങളാണ് സ്വീകരിച്ചുവരുന്നത്:
- വാറ്റുക (സ്വേദനം)
- ചൂടുള്ള കൊഴുപ്പുപയോഗിച്ച് തൈലം വേർതിരിച്ചെടുക്കുക
- ബാഷ്പനസ്വഭാവമുള്ള ലായകങ്ങൾ ഉപയോഗിച്ച് നിഷ്കർണം ചെയ്യുക
- മണമില്ലാത്ത എണ്ണയിലോ കൊഴുപ്പിലോ പൂക്കളിൽനിന്നും തൈലം പിടിപ്പിക്കുക.
സ്വേദനമാണ് ഏറ്റവും പ്രചാരമുള്ള രീതി. ജലം ഉപയോഗിച്ച്, ജലവും നീരാവിയുമുപയോഗിച്ച്, നീരാവി ഉപയോഗിച്ച്- എന്നിങ്ങനെ മൂന്നു വിധത്തിലാണ് സ്വേദനം നടത്തുന്നത്.
സ്വേദനം
പൂവിതളുകൾ (മുല്ല, പിച്ചി മുതലായവയുടെ അത്തർ എടുക്കേണ്ടിവരുമ്പോൾ പൂക്കൾ മുഴുവനും ഉപയോഗിക്കാം) വാറ്റു പാത്രത്തിൽ സംഭരിച്ച് വേണ്ടിടത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ജലാംശവും തൈലവും കലർന്നുള്ള ബാഷ്പമിശ്രിതം ഒരു കുഴലിൽക്കൂടി ശക്തിയായി പ്രവഹിപ്പിച്ച് കണ്ടൻസറിൽ എത്തിച്ച് തണുപ്പിച്ചശേഷം തൈലം ഉപരിതലത്തിൽനിന്നും വേർതിരിച്ചെടുക്കുന്നു. തൈലം മുഴുവൻ ലഭ്യമാകുന്നതുവരെ വാറ്റു പാത്രത്തിൽ വീണ്ടും വെള്ളം ഒഴിച്ച് സ്വേദനപ്രക്രിയ ആവർത്തിക്കണം. കണ്ടൻസറിൽ അവശേഷിച്ച പനിനീരിൽ (rosewater) അത്തർ കുറെ അലിഞ്ഞുചേർന്നിരിക്കും. ഇത് വീണ്ടും സ്വേദനവിധേയമാക്കി തൈലം ലഭ്യമാക്കാം. 3500 കി.ഗ്രാം റോസാദളത്തിൽ നിന്ന് 1 കി.ഗ്രാം അത്തർ ഉത്പാദിപ്പിക്കാം.
കൊഴുപ്പുപയോഗിച്ചു വേർതിരിച്ചെടുക്കുക
പുരാതനകാലം മുതല്ക്കേ രണ്ടാമത്തെ മാർഗ്ഗമാണ് ഫ്രാൻസിൽ സ്വീകരിച്ചുവരുന്നത്. കൊഴുപ്പ് ചൂടാക്കി പുഷ്പങ്ങളിലോ പൂവിതളുകളിലോ ഒഴിക്കുന്നു. ഈ കൊഴുപ്പു ശേഖരിച്ച് വീണ്ടും ചൂടാക്കി പുതിയ അട്ടികളിൽ ഒഴിക്കുമ്പോൾ പൂത്തൈലംകൊണ്ട് കൊഴുപ്പ് സാന്ദ്രമാകും. റോസാപൂക്കൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ കൊഴുപ്പ് പൊമാദ് ദെ റോസ് (pomade de Rose) എന്ന പേരിൽ അറിയപ്പെടുന്നു.
ആൾക്കഹോൾ ഉപയോഗിച്ച് നിഷ്കർഷണം
അത്തർകൊണ്ടു സാന്ദ്രമാക്കപ്പെട്ട കൊഴുപ്പ് ആൽക്കഹോൾ ഉപയോഗിച്ച് നിഷ്കർഷണം ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. ഇങ്ങനെ കിട്ടുന്ന അത്തറിന് എക്സ്ട്രയ് ദെ റോസ് (റോസിന്റെ സത്ത്) എന്നു പറയുന്നു.
തൈലം കൊഴുപ്പിൽ പിടിപ്പിച്ച് വേർതിരിക്കുന്നു
കണ്ണാടിത്തട്ടിൽ പൂവിതളുകൾ വിതറി, അത് ശുദ്ധീകരിച്ച കൊഴുപ്പുകൊണ്ടുമൂടി ഒരു ദിവസം സൂക്ഷിച്ചശേഷം പൂവിതൾ എടുത്തുമാറ്റുന്നു. വീണ്ടും പുതിയ പൂക്കൾ വിതറി ഈ പ്രക്രിയ ആവർത്തിക്കുന്നു. ഇങ്ങനെ തൈലം കൊഴുപ്പിൽ പിടിപ്പിക്കുന്നതാണ് നാലാമത്തെ രീതി.
ബാൾക്കൻ പർവതപ്രദേശത്തുള്ള റോസ്താഴ്വരയിലാണ് അത്തർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികൾ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബൾഗേറിയയിലും തുർക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയിൽ അത്തർ വൻതോതിൽ ഉത്പാദിപ്പിക്കുന്നു.
സുഗന്ധദ്രവ്യങ്ങൾ, വ്യഞ്ജനങ്ങൾ, അംഗരാഗങ്ങൾ എന്നിവയിൽ അത്തർ ചേർക്കാറുണ്ട്. മുസ്ലീങ്ങൾക്ക് അത്തർ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അത്തർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |