അബ്ബാസ് I

അബ്ബാസ് I
شاه عباس بزرگ
Shahanshah
Shah of Iran
ഭരണകാലം 1 October 1587 - 19 January 1629
(41 വർഷം, 110 ദിവസം)
മുൻഗാമി Mohammad I
പിൻഗാമി Safi
Dynasty Safavid
പിതാവ് Mohammed Khodabanda
മാതാവ് Khayr al-Nisa Begum
മതം Shia Islam

പേർഷ്യയിലെ ഷായായിരുന്നു അബ്ബാസ് I. മഹാനായ അബ്ബാസ് I പേർഷ്യയിലെ സഫാവി വംശത്തിൽ 1571 ജനുവരി 27-ന് ഷാ മുഹമ്മദ് ഖുദാബന്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചു. പിതാവിന്റെ സ്ഥാനത്യാഗാനന്തരം 1587-ൽ അബ്ബാസ് ഭരണഭാരം ഏറ്റെടുത്തു. സുശക്തമായൊരു സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര ഭദ്രത സുരക്ഷിതമാക്കാൻ അബ്ബാസിനു കഴിഞ്ഞു. ആരംഭത്തിൽതന്നെ കിസിൽ ബാഷ് ഗോത്രങ്ങളുടെയും ഉസ്ബെക്കുകളുടെയും തുർക്കികളുടെയും എതിർപ്പിനെ ഇദ്ദേഹത്തിനു ഒരേസമയം നേരിടേണ്ടിവന്നു. കിസിൽബാഷ് ഗോത്രക്കാരെ നിർവീര്യമാക്കുന്നതിനും സ്വരക്ഷയ്ക്കുംവേണ്ടി പുതിയൊരു അംഗരക്ഷകസൈന്യത്തെ ഇദ്ദേഹം രൂപവത്കരിച്ചു. രാജഭക്തി തികഞ്ഞ ഒരു ശക്തിയായി ഈ സൈന്യം വളർന്നു വന്നു. 1597-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി; തുടർന്നു സുഫിയാനിൽവച്ചു നടന്ന ഒരു യുദ്ധത്തിൽ തുർക്കികളെയും. തുർക്കികളിൽനിന്നു ബാഗ്ദാദ്, കർബല, നജാഫ്, ജോർജിയ എന്നീ സ്ഥലങ്ങൾ പിടിച്ചടക്കി. ഇംഗ്ലീഷ് നാവികസേനയുടെ സഹായത്തോടെ പോർത്തുഗീസുകാരിൽ നിന്നും പിടിച്ചടക്കിയ ഓർമൂസ് പിൽക്കാലത്ത് ബന്തറേ അബ്ബാസ് (അബ്ബാസ് തുറമുഖം) എന്ന പേരിൽ അറിയപ്പെട്ടു.

ഭരണപരിഷ്ക്കാരങ്ങൾ

മാസന്തരാൻ (Mazandaran) വരെ നീണ്ടുകിടക്കുന്ന രാജപാതകൾ, പാലങ്ങൾ, കൊട്ടാരങ്ങൾ സാർഥവാഹക സത്രങ്ങൾ തുടങ്ങിയവ നിർമിച്ച അബ്ബാസിന്റെ ആഭ്യന്തരഭരണം മികവുറ്റതായിരുന്നു. ഇസ്ഫഹാനിലെ സ്മാരകമന്ദിരങ്ങൾ, ജുമാമസ്ജിദ്, നാല്പത് സ്തൂപങ്ങളുള്ള സിഹിൽ സുതൂൻ കൊട്ടാരം, ചാർബാഗ്, മാസന്തിരാനിലെ വൻ പാലങ്ങൾ, ഫറാഹബാദിലെ കൊട്ടാരം മുതലായവ ശില്പകലയ്ക്ക് അബ്ബാസ് നൽകിയ മികച്ച സംഭാവനകളാണ്. കൊള്ളക്കാരെ അടിച്ചമർത്തിക്കൊണ്ട് ഇദ്ദേഹം സഞ്ചാരസൗകര്യങ്ങളും വാർത്താവിതരണ സൌകര്യങ്ങളും സുരക്ഷിതമാക്കി.

നയതന്ത്ര ബന്ധങ്ങൾ

ഇന്ത്യയുമായും യൂറോപ്യൻ രാജ്യങ്ങളുമായും സൌഹാർദപരമായ നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞ അബ്ബാസ്, അക്ബറുമായും ജഹാംഗീറുമായും മമതയിൽ ആയിരുന്നു. തുർക്കിക്കെതിരായി ഒരു യൂറോപ്യൻസഖ്യം ഉണ്ടാക്കുന്നതിൽ അബ്ബാസ് പൂർണമായും വിജയിച്ചില്ല. പുതിയ തലസ്ഥാനമായ ഇസ്ഫഹാനെ മനോഹരമായ കൊട്ടാരങ്ങളും, മന്ദിരങ്ങളും, പള്ളികളും, ഉദ്യാനങ്ങളുംകൊണ്ട് അലംകൃതമാക്കി.

കഴിവുറ്റ ഒരു ഭരണാധിപനായിരുന്നു എങ്കിലും ഇദ്ദേഹം പലപ്പോഴും സ്വന്തം കുടുംബാംഗങ്ങളോടുപോലും ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്. 42 വർഷക്കാലത്തെ ഭരണത്തിനുശേഷം ഫറാഹബാദിൽവച്ച് 1629 ജനുവരി 19-ന് അന്തരിക്കുമ്പോൾ അബ്ബാസിന്റെ സാമ്രാജ്യം ടൈഗ്രീസ് മുതൽ സിന്ധു നദിവരെ വ്യാപിച്ചുകഴിഞ്ഞിരുന്നു.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ബാസ് ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.