അലക്സിസ് സ്മിത്ത്

അലക്സിസ് സ്മിത്ത്
സ്മിത്ത് 1951ൽ
ജനനം
മാർഗരറ്റ് അലക്സിസ് ഫിറ്റ്സിമ്മൺസ് സ്മിത്ത്

(1921-06-08)ജൂൺ 8, 1921
മരണംജൂൺ 9, 1993(1993-06-09) (പ്രായം 72)
ലോസ് ആഞ്ജലസ്, കാലിഫോർണിയ, യു.എസ്.
തൊഴിൽനടി, ഗായിക
സജീവ കാലം1940–1993
ജീവിതപങ്കാളി(കൾ)
Craig Stevens
(m. 1944)

മാർഗരറ്റ് അലക്സിസ് സ്മിത്ത് (ജീവിതകാലം: ജൂൺ 8, 1921 - ജൂൺ 9, 1993) കനേഡിയൻ വംശജയായ നാടക, സിനിമാ, ടെലിവിഷൻ നടിയും അതോടൊപ്പം ഒരു ഗായികയുമായിരുന്നു. 1940 കളിൽ നിരവധി പ്രമുഖ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ അവതരിപ്പിച്ച അവർ 1970 കളിൽ ബ്രോഡ്‌വേ നാടകവേദികളിൽ ശ്രദ്ധേയമായി പ്രവർത്തിക്കുകയും 1972 ൽ സ്റ്റീഫൻ സോൺ‌ഹൈം-ജെയിംസ് ഗോൾഡ്മാൻ ടീമിന്റെ സംഗീത നൃത്ത നാടകമായ ഫോളീസിലെ വേഷത്തിന്റെപേരിൽ ഒരു ടോണി അവാർഡ് നേടുകയും ചെയ്തിരുന്നു.

ആദ്യകാലം

ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്റ്റണിൽ ഗ്ലാഡിസ് മാബെൽ ഫിറ്റ്സ്-സിമ്മൺസ് (കനേഡിയൻ സ്വദേശി), അലക്സാണ്ടർ സ്മിത്ത് (ഒരു സ്കോട്ട് വംശജൻ) എന്നീ ദമ്പതികളുടെ പുത്രിയായി അലക്സിസ് സ്മിത്ത് ജനിച്ചു. സ്മിത്തിന് ഏകദേശം ഒരു വയസ് പ്രായമുള്ളപ്പോൾ അവരുടെ കുടുംബം അമേരിക്കൻ ഐക്യനാടുകളിലെ ലോസ് ആഞ്ചെലസിലേക്ക് താമസം മാറി. 1939-ൽ മാതാപിതാക്കൾ സ്വാഭാവിക യു.എസ്. പൗരന്മാരായിത്തീർന്നതിലൂടെ സ്മിത്തിനും അമേരിക്കൻ പൗരത്വം ലഭിച്ചു.[1]

ലോസ് ആഞ്ചെലസിൽ ബാല്യകാലം ചെലവഴിച്ച് സ്മിത്ത് ഭാവിയുടെ വാഗ്ദാനങ്ങളായിരുന്ന നടി നാനെറ്റ് ഫാബ്രെ ഉൾപ്പെടെയുള്ളവരോടൊപ്പം ഹോളിവുഡ് ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്നു. ഹോളിവുഡ് ബൗൾ എന്ന നടനശാലയിൽ സ്മിത്ത് തന്റെ പ്രൊഫഷണൽ അരങ്ങേറ്റ ബാലെ അവതരിപ്പിച്ചു.[2] 1940 ൽ ലോസ് ആഞ്ചെലസ് സിറ്റി കോളേജിൽ ഒരു സ്കൂൾ നാടകത്തിൽ അഭിനയിച്ചിരുന്ന സ്മിത്തിനെ വാർണർ ബ്രദേഴ്‌സിലെ ഒരു ടാലന്റ് സ്കൗട്ടാണ് കണ്ടെത്തിയത്.[3]

അഭിനയജീവിതം

കോളേജ് വിദ്യാഭ്യാസകാലത്ത് ഒരു ടാലന്റ് സ്കൗട്ട് കണ്ടെത്തിയതിനുശേഷം, സ്മിത്ത് വാർണർ ബ്രദേഴ്സുമായി ഒരു കരാറിൽ ഒപ്പിട്ടു.[4] അവരുടെ ആദ്യകാല ചലച്ചിത്ര വേഷങ്ങൾ അപ്രധാനമായ ബിറ്റ് ഭാഗങ്ങളായിരുന്നതോടൊപ്പം കരിയറിന് ആക്കം കൂട്ടാൻ വർഷങ്ങളെടുക്കുകയും ചെയ്തു. ഡൈവ് ബോംബർ (1941) എന്ന ചലച്ചിത്രത്തിൽ എറോൾ ഫ്ലിനൊപ്പം നായികയായി അഭിനയിച്ചതാണ് അവരുടെ ആദ്യത്തെ അംഗീകാരം നേടിയ വേഷം. ഭാവി ഭർത്താവ് ക്രെയ്ഗ് സ്റ്റീവൻസിനൊപ്പം സ്റ്റീൽ എഗെയിൻസ്റ്റ് ദി സ്കൈ (1941) എന്ന ചിത്രത്തിൽ അഭിനിയിച്ചു. ദി കോൺസ്റ്റന്റ് നിംഫ് (1943) എന്ന ചിത്രത്തിലെ അഭിനയം മികച്ച സ്വീകാര്യത നേടുകയും വലിയ ചിത്രങ്ങളിലേയ്ക്കു കരാർ ചെയ്യപ്പെടുന്നതിനിടയാക്കുകയും ചെയ്തു.[5]

1940 കളിൽ, ജെന്റിൽമാൻ ജിം (1942), സാൻ അന്റോണിയോ (1945) (അതിൽ "സം സൺഡേ മോണിംഗ്" എന്ന പ്രശസ്തമായ ബല്ലാഡിന്റെ പ്രത്യേക പതിപ്പ് ആലപിച്ചു) എന്നീ ചിത്രങ്ങളിൽ എറോൾ ഫ്ലിൻ, ദി അഡ്വഞ്ചേഴ്സ് ഓഫ് മാർക്ക് ട്വെയ്ൻ (1944) എന്ന ചിത്രത്തിൽ ഫ്രെഡ്രിക് മാർച്ച്, കോൺഫ്ലിക്റ്റ് (1945), ദ ടു മിസ്സിസ് കരോൾസ് (1947) എന്നീ ചിത്രങ്ങളിൽ ഹംഫ്രി ബൊഗാർട്ട്, അമേരിക്കൻ സംഗീതജ്ഞനായിരുന്ന കോളിന്റേയും പത്നി ലിൻഡാ പോർട്ടറുടേയും ജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട നൈറ്റ് ആന്റ ഡേയിൽ (1946) കാരി ഗ്രാന്റ്, അവരുടെ പ്രിയപ്പെട്ട വേഷം അവതരിപ്പിച്ച ഹിയർ കംസ് ദി ഗ്രൂം (1951) എന്ന ചിത്രത്തിൽ ബിംഗ് ക്രോസ്ബി എന്നിവരുൾപ്പെടെ അക്കാലത്തെ ഏറ്റവും ജനപ്രിയരായ ചില പുരുഷതാരങ്ങൾക്കൊപ്പം അവർ പ്രത്യക്ഷപ്പെട്ടു.[6]

സ്മിത്തിന്റെ മറ്റ് ചിത്രങ്ങളിൽ റാപ്സോഡി ഇൻ ബ്ലൂ (1945), ഓഫ് ഹ്യൂമൻ ബോണ്ടേജ് (1946), പോൾ ന്യൂമാനോടൊപ്പം പ്രത്യക്ഷപ്പെട്ട ദി യംഗ് ഫിലാഡെൽഫിയൻസ് (1959) എന്നിവ ഉൾപ്പെടുന്നു. ഡീൻ മാർട്ടിൻ, ജെറി ലൂയിസ് ദ്വയങ്ങളുടെ 1952 ജനുവരി 25 ലെ റേഡിയോ (എൻ‌ബിസി) പ്രക്ഷേപണത്തിലും അവർ സഹകരിച്ചിരുന്നു.[7]

സ്റ്റേജ് കരിയർ

സ്മിത്ത് വാർണർ ബ്രദേഴ്‌സുമായി കരാറിലായിരിക്കുമ്പോൾ, സഹ നടൻ ക്രെയ്ഗ് സ്റ്റീവൻസിനെ കണ്ടുമുട്ടുകയും 1944 ൽ അവർ വിവാഹിതരാകുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ, സ്മിത്ത് 1955 ലെ ദേശീയ കമ്പനിയുടെ പ്ലെയിൻ ആൻഡ് ഫാൻസി, ജീൻ കെറിന്റെ മേരി, മേരി, കാക്റ്റസ് ഫ്ലവർ എന്നിവയുൾപ്പെടെയുള്ളവയിൽ ഭർത്താവിനൊപ്പം സഹതാരമായി നിരവധി സ്റ്റേജ് ഹിറ്റുകളുമായി പര്യടനം നടത്തിയിരുന്നു.

ഏറെക്കാലമായി കാത്തിരുന്ന ബ്രോഡ്‌വേ അരങ്ങേറ്റമായ ഹാൾ പ്രിൻസിന്റെ നിർമ്മാണത്തിൽ സ്റ്റീഫൻ സോൺ‌ഹൈംസ് രചിച്ച ഫോളീസ് എന്ന സംഗീത നാടകത്തിലെ അഭിനയത്തിനും നൃത്തത്തിനും ലഭിച്ച നിരൂപക പ്രശംസയുടെ ഫലമായി, ടൈം മാസികയുടെ 1971 മെയ് 3 ലക്കത്തിന്റെ കവറിൽ സ്മിത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. 1972 ൽ ഒരു സംഗീത നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് നേടി.[8]

1936 ലെ അമേരിക്കൻ നാടകത്തിന്റെ പുനർനിർമ്മാണമായ ദി വുമൺ (1973), വില്യം ഇംഗെയുടെ ഹ്രസ്വകാല നാടകമായ പിക്നിക്കിന്റെ പുനർനിർമ്മാണമായ സമ്മർ ബ്രേവ് (1975), സ്മിത്തിന്റെ അഭിനയത്തിന് മറ്റൊരു ടോണി നാമനിർദ്ദേശം നേടിക്കൊടുത്തുവെങ്കിലും ഹ്വസ്വകാല പ്രദർശനത്തിനുശേഷം അവസാനിപ്പിച്ച ദുരന്ത നടകമായ പ്ലാറ്റിനം (1978) എന്നിവയിലൂടെ 1970 കളിലും അവരുടെ സ്റ്റേജ് കരിയർ തുടർന്നു. അപ്ലോസ് എന്ന എന്ന സംഗീത നാടകം നിരവധി പ്രാദേശിക നിർമ്മാണക്കമ്പനികളോടൊപ്പം അഭിനയിച്ച അവർ ദ ബെസ്റ്റ് ലിറ്റിൽ വോർഹൌസ് ഇൻ ടെക്സാസ് എന്ന സംഗീത നാടകത്തിലെ മാഡം എന്ന വേഷവുമായി ലോസ് ആഞ്ചലെസിലെ ഏഴ് മാസത്തെ പ്രദർശനം ഉൾപ്പെടെ ഒരു വർഷത്തിലേറെക്കാലം പര്യടനം നടത്തി.

പിൽക്കാല വേഷങ്ങൾ

കിർക്ക് ഡഗ്ലസിനൊപ്പം ജാക്വലിൻ സൂസന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട വൺസ് ഈസ് നോട്ട് ഇനഫ് (1975) എന്ന സിനിമയിലൂടെ തന്റെ 54 ആം വയസ്സിൽ താര പരിവേഷവുമായി സ്മിത്ത് സിനിമാ രംഗത്തേയ്ക്കു മടങ്ങിയെത്തുകയും, തൊട്ടടുത്ത വർഷം ദി ലിറ്റിൽ ഗേൾ ഹു ലൈവ് ഡൌൺ ലെയ്ൻ എന്ന ചിത്രത്തിൽ മാർട്ടിൻ ഷീൻ, ജോഡി ഫോസ്റ്റർ എന്നിവരോടൊപ്പം പ്രത്യക്ഷപ്പെടുകയും 1978 ൽ കേസീസ് ഷാഡോ എന്ന ചിത്രത്തിൽ വാൾട്ടർ മാത്താവുവിനൊപ്പം അഭിനിയിക്കുകയും ചെയ്തു.[9] അവരുടെ പിന്നീടുള്ള ചലച്ചിത്ര വേഷങ്ങളിലൊന്ന് ഡഗ്ലസും അദ്ദേഹത്തിന്റെ പതിവു സഹനടനായ ബർട്ട് ലാൻകാസ്റ്ററുമായി വീണ്ടും ഒന്നിച്ചു പ്രത്യക്ഷപ്പെട്ട ടഫ് ഗൈസ് (1986) എന്ന കോമഡി ചിത്രമായിരുന്നു.

മരണം

മസ്തിഷ്ക അർബുദം ബാധിച്ച് 1993 ജൂൺ 9 ന് ലോസ് ആഞ്ചെലസിൽവച്ച് അലക്സിസ് സ്മിത്ത് അവരുടെ 72-ാം ജന്മദിനത്തിന്റെ പിറ്റേന്ന് അന്തരിച്ചു. മക്കളില്ലായിരുന്ന അവരോടൊപ്പം അന്ത്യസമയത്ത് 49 വർഷക്കാലം ഒപ്പം ജീവിച്ച ഭർത്താവ് ക്രെയ്ഗ് സ്റ്റീവൻസാണുണ്ടായിരുന്നത്. സ്മിത്തിന്റെ അവസാന ചിത്രമായ ദി ഏജ് ഓഫ് ഇന്നസെൻസ് (1993) അവരുടെ മരണശേഷം താമസിയാതെ പുറത്തിറങ്ങി. മൃതദേഹം ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം പസഫിക് സമുദ്രത്തിൽ വിതറി.[10]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Bubbeo 2001, p. 211.
  2. Monush 2003, pg. 69.
  3. Monush 2003, pg. 69.
  4. Donnelley 2005, p. 867.
  5. Variety 1993.
  6. Maltin 1994, p. 824.
  7. Maltin 1994, p. 824.
  8. Maltin 1994, p. 824.
  9. Maltin 1994, p. 824.
  10. Cozad 2006, p. 112.