അവി ശലൈം
ഇറാഖി വംശജനായ ഒരു ബ്രിട്ടീഷ് ചരിത്രകാരനാണ് അവി ശലൈം (ജനനം: ഒക്ടോബർ 31,1945). ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ അന്തർദേശീയ ബന്ധങ്ങളിലെ(International Relations) പ്രൊഫസറായും ബ്രിട്ടീഷ് അക്കാദമിയിലെ ഫെലൊ ആയും സേവനം ചെയ്യുകയാണ് അദ്ദേഹം ഇപ്പോൾ. അറബ്-ഇസ്രയേൽ പോരാട്ടത്തിലെ ശ്രദ്ധിക്കപ്പെട്ട ശബ്ദമാണ് അവി ശലൈം[1]. സയണിസത്തിന്റേയും ഇസ്രയേലിന്റേയും ചരിത്രത്തെ കുറിച്ച് വിമർശനാത്മകമായ വ്യാഖ്യാനങ്ങൾ മുന്നോട്ടു വെക്കുന്ന "പുതിയ ചരിത്രകാരന്മാർ"(New Historians)എന്ന ഇസ്രയേലി പണ്ഡിത വിഭാഗത്തിലെ പ്രമുഖാംഗമാണ് ഇദ്ദേഹം[2].
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
ജുത മാതാപിതാക്കളുടെ മകനായി ഇറാഖിലാണ് അവി ശലൈമിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബം ഇറാഖ് വിട്ട് ഇസ്രയേലിലേക്ക് പോയി. തന്റെ പതിനാറാം വയസ്സിൽ ഒരു ജൂത സ്കൂളിൽ ചേരുന്നതിനായി ഇസ്രയേലിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു അവി ശലൈം[3][4]. 1960 കളുടെ മധ്യത്തിൽ ഇസ്രയേലിലേക്ക് തിരിച്ചുവന്ന അദ്ദേഹം ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചു. 1966 ൽ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ച അദ്ദേഹം അവിടെ കാംബ്രിഡ്ജിലെ ജീസസ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം.എ നേടി. ബെൽഫൂർ പ്രഖ്യാപാനത്തിന്റെ(Balfour Declaration) സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജിന്റെ പ്രശസ്തയായ പേരമകളെയാണ് അവി ശലൈം വിവാഹം ചെയ്തത്. അന്നുമുതൽ ബ്രിട്ടണിൽ താമസിച്ചു വരുന്നു അദ്ദേഹം .ബ്രിട്ടന്റെയും ഇസ്രയേലിന്റെയും ഇരട്ട പൗരത്വമുണ്ട് അവി ശലൈമിന്[5]. 1970 ൽ ലണ്ടൻ സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് അന്തർദേശീയ ബന്ധത്തിൽ എം.എസ്.സി കരസ്ഥമാക്കി. പിന്നീട് യൂനിവേഴ്സിറ്റി ഓഫ് റീഡിങിൽ നിന്ന് പി.എച്ച്.ഡിയും നേടി[6]. 1970-87 വരെ യൂനിവേഴ്സിറ്റി ഓഫ് റീഡിങ്ങിൽ(University of Reading) അദ്ധ്യാപകനായി ജോലി ചെയ്തു[7].
ഗവേഷകൻ, അദ്ധ്യാപകൻ
റീഡിങ്ങ് യുനിവേഴ്സിറ്റിയിൽ യൂറോപ്യൻ പ്രശ്നങ്ങൾ കേന്ദ്രീകരിച്ചുള്ള അന്തർദേശീയ ബന്ധങ്ങൾ എന്ന വിഷയത്തിലെ അദ്ധ്യാപകനായിരുന്നു അവി ശലൈം. 1948 ലെ അറബ്-ഇസ്രയേൽ യുദ്ധത്തെകുറിച്ചുള്ള ശേഖരങ്ങൾ(archives) ഇസ്രയേൽ തുറന്നുകൊടുത്ത 1982 മുതലാണ് അവി ശലൈമിന് ഇസ്രയേൽ ചരിത്രത്തിൽ അക്കാദമിക താത്പര്യം ജനിച്ചത്. 1987 ൽ ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിലെ അദ്ധ്യാപകനായിരിക്കുമ്പോൾ ഈ താത്പര്യം കൂടുതൽ ശക്തിപ്പെട്ടു[4]. 1993-95ലും 1998-2001 ലും ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡയറക്ടറായി സേവനംനുഷ്ടിച്ചു.1995-97 വരെ ബ്രിട്ടീഷ് അക്കാഡമിയിൽ റിസർച്ച് റീഡറായി. 2006 ൽ ബ്രിട്ടീഷ് അക്കാഡമിയുടെ ഫെലൊ ആയി തിരഞ്ഞെടുക്കപ്പെട്ടു[7]. മറ്റൊരു പ്രമുഖ പുതിയ ചരിത്രകാരനായ ഇലൻ പപ്പെയുടെ ഡോക്ടറൽ തീസിസിന്റെ ബാഹ്യപരിശോധകനായും അദ്ദേഹം സേവനം ചെയ്തു. "വിലയിരുത്തലാണ് ഒരു ചരിത്രകാരന്റെ ജോലി" എന്ന അവി ശലൈമിന്റെ കാഴ്ചപ്പാട് ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്തെന്ന് നമ്മോട് പറയുന്നു[4].
പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനിൽ സ്ഥിരമായി എഴുതിവരുന്ന അദ്ദേഹം,ഇസ്രയേലിന്റെ ഗാസയിലെ സൈനിക അക്രമണത്തെ അപലപിച്ചുകൊണ്ട് 2009 ജനുവരിയിൽ ആ പത്രത്തിൽ ഒരു തുറന്ന് കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി[8].
ഗ്രന്ഥങ്ങൾ
- കൊലൂഷൻ എക്രോസ് ദ ജോർഡാൻ: കിങ്ങ് അബ്ദുല്ല,ദ സിയോണിസ്റ്റ് മുവ്മെന്റ് ആൻഡ് ദ പാർട്ടീഷൻ ഓഫ് പലസ്തീൻ(1998 ൽ ഡ്ബ്യു.ജെ.എം മെക്കൻസി പ്രൈസ് നേടിയ പുസ്തകം
- ദ പൊളിറ്റിക്സ് ഓഫ് പാർട്ടിഷൻ
- വാർ ആൻഡ് പീസ് ഇൻ ദ മിഡിൽ ഈസ്റ്റ്:എ കൊൻസൈസ് ഹിസ്റ്ററി(1995)
- ദ അയേൺ വാൾ:ഇസ്രയേൽ ആൻഡ് അറബ് വേൾഡ്(2001)
- ലയൺ ഓഫ് ജോർഡാൻ:ദ ലൈഫ് ഓഫ് കിങ്ങ് ഹുസൈൻ ഇൻ വാർ ആൻഡ് പീസ്(2007)
അവലംബം
- ↑ Don Attapattu (2004-06-16). "Interview with Middle East Scholar Avi Shlaim: America, Israel, and the Middle East". The Nation. Archived from the original on 2009-04-29. Retrieved 2009-08-03.
- ↑ Morris, Benny. The New Historiography in Morris, Benny. (ed) Making Israel. 1987, pp. 11-28.
- ↑ Shlaim, Avi. How Israel brought Gaza to the brink of humanitarian catastrophe, The Guardian, January 7, 2009.
- ↑ 4.0 4.1 4.2 Miron Rapaport (11.08.2005). "No Peaceful Solution" (PDF). Ha'aretz Friday Supplement. Archived from the original (PDF) on 2009-03-25. Retrieved 2009-08-03.
{cite web}
: Check date values in:|date=
(help) - ↑ Avi Shlaim: "And for the last forty years, I have lived in Britain, and I teach at Oxford." Shlaim's interview, democracynow.org - May 09, 2007.
- ↑ "Governing Body Fellows". Archived from the original on 2018-01-15. Retrieved 2009-08-03.
- ↑ 7.0 7.1 Professor Avi Shlaim Archived 2007-05-27 at the Wayback Machine, University of Oxford.
- ↑ Growing outrage at the killings in Gaza, The Guardian, January 16, 2009.
പുറത്തേക്കുള്ള കണ്ണികൾ
- Oxford home page Archived 2006-10-13 at the Wayback Machine
- Zionism Today is the Real Enemy of the Jews Archived 2010-12-24 at the Wayback Machine
- 2004 Interview Archived 2009-04-29 at the Wayback Machine
- 2009 Interview on Israli-Palestinian conflict inc. video, audio and text transcript.