അൻഡ്രാവ ഇ സിൽവ

അൻഡ്രാവ ഇ സിൽവ
ജനനം(1763-06-13)13 ജൂൺ 1763
മരണം6 ഏപ്രിൽ 1838(1838-04-06) (പ്രായം 74)
മാതാപിതാക്ക(ൾ)Bonifácio José Ribeiro de Andrada
Maria Bárbara da Silva

ബ്രസീലിലെ രാജ്യതന്ത്രജ്ഞനും ശാസ്ത്രകാരനുമായിരുന്നു അൻഡ്രാവ ഇ സിൽവ. പൂർണമായ പേര് അൻഡ്രാഡ ഇ സിൽവ, ജോസ് ബോണി ഫാസിയോ ദെ എന്നാണ്. ആധുനിക ബ്രസീലിന്റെ പിതാവായ ഇദ്ദേഹം 1763 ജൂൺ 13-ന് സാന്റന്റോസിൽ (ബ്രസീൽ) ജനിച്ചു. പോർച്ചുഗലിലെ കോയിംബ്രാ സർവകലാശാലയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. ഭൂഗർഭശാസ്ത്രവകുപ്പിൽ പ്രൊഫസറായും ലിസ്ബൺ അക്കാദമിയുടെ സ്ഥിരം കാര്യദർശിയായും ജോലി നോക്കി. 1790-മുതൽ 1800-വരെ പോർട്ടുഗീസ് ഗവൺമെന്റിന്റെ കീഴിൽ യൂറോപ്പിൽ ശാസ്ത്രഗവേഷണം നടത്തി. അതിനിടയിൽ സ്വീഡനിൽനിന്ന് അന്നുവരെ അറിയപ്പെടാതിരുന്ന അനേകം ധാതുക്കൾ കണ്ടുപിടിച്ച് വിജ്ഞാനി എന്ന നിലയിൽ പ്രസിദ്ധി നേടി. 1819 വരെ പോർച്ചുഗലിൽ കഴിഞ്ഞു. 56-ആമത്തെ വയസ്സിൽ (1819) ബ്രസീലിൽ മടങ്ങിയെത്തി, അവിടത്തെ സ്വാതന്ത്യ്രപ്രസ്ഥാനത്തിൽ സജീവമായ പങ്കു വഹിച്ചു. ഡോം പെദ്രോ I-ആമന്റെ (1798-1834) കീഴിൽ ആഭ്യന്തരകാര്യം, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. ഒരു റിപ്പബ്ലിക്കിനെക്കാൾ ഭരണഘടനാധിഷ്ഠിതമായ രാജാധിപത്യത്തിലായിരുന്നു അൻഡ്രാഡ വിശ്വസിച്ചിരുന്നത്. ഇതിലേക്ക് സമാധാനപരവും രക്തരഹിതവുമായ മാർഗങ്ങളായിരുന്നു ഇദ്ദേഹം അവലംബിച്ചത്. ഇതിന്റെ ഫലമായി ബ്രസീലിൽ 1822-ൽ നിയന്ത്രിത രാജവാഴ്ച നിലവിൽ വന്നു. അൻഡ്രാഡയുടെ ലിബറൽ നയങ്ങൾ രാജാവിന് ഇഷ്ടപ്പെടാഞ്ഞത് നിമിത്തം ഇദ്ദേഹവും സഹോദരൻമാരും (അന്റോണിയോ, മാർട്ടിം) 1823-ൽ ഫ്രാൻസിലേക്കു നാടുകടത്തപ്പെട്ടു. 1829-ൽ ഇദ്ദേഹത്തിനു നാട്ടിൽ മടങ്ങിയെത്താൻ അനുവാദം നൽകപ്പെട്ടു. 1831-ൽ ഇദ്ദേഹം ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെദ്രോ II-ആമന്റെ അധ്യാപകനും രക്ഷാകർത്താവുമായി. പെദ്രോ II-ആമന് (1825-91) ബ്രസീലിൽ ജനാധിപത്യരീതിയിൽ ഭരിക്കാൻ കഴിഞ്ഞത് അൻഡ്രാഡയുടെ ശിക്ഷണഫലമായിട്ടായിരുന്നു. നിരവധി ശാസ്ത്രലേഖനങ്ങളും കവിതകളും അൻഡ്രാഡ രചിച്ചിട്ടുണ്ട്. 1838 ഏപ്രിൽ 6-ന് ബ്രസീലിലെ നിക്തറോയിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.

ഇദ്ദേഹത്തിന്റെ ഇളയസഹോദരനായിരുന്നു അൻഡ്രാഡ മക്കാഡോ ഇ സിൽവ അന്റോണിയോ കാർലോസ് ദെ �(1773-1845). ബ്രസീലിലെ മിരാബോ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രസീൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവും പെദ്രോ II-ആമന്റെ മന്ത്രിയുമായിരുന്നു. ബ്രസീലിൽ സെനറ്റംഗമായിരിക്കവേ അദ്ദേഹം നിര്യാതനായി (1845).

ഇതുകൂടികാണുക

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻഡ്രാഡ ഇ സിൽവ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.