ഇ-വാലറ്റ് (ഡിജിറ്റൽ വാലറ്റ്)

നിരവധി പേയ്‌മെന്റ് രീതികൾക്കും വെബ്‌സൈറ്റുകൾക്കുമായി ഉപയോക്താക്കളുടെ പേയ്‌മെന്റ് വിവരങ്ങളും പാസ്‌വേഡുകളും സുരക്ഷിതമായി സംഭരിക്കുന്ന ഒരു സംവിധാനമാണ് ഡിജിറ്റൽ വാലറ്റ് അഥവാ ഡിജിറ്റൽ വാലറ്റ്. ഇത് ഇലക്ട്രോണിക് രീതിയിൽ പണമിടപാട് നടത്താൻ വ്യക്തികളെ ഇത് പ്രാപ്തരാക്കുന്നു. ഇ-വാലറ്റ് നൽകുന്ന സേവനം ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് തുല്യമാണ്. പേയ്‌മെന്റുകൾ നടത്തുന്നതിന് ഒരു ഇ-വാലറ്റ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്യേണ്ടതുണ്ട്. കടലാസില്ലാത്ത പണമിടപാട് എളുപ്പമാക്കുക എന്നതാണ് ഇ-വാലറ്റിന്റെ പ്രധാന ലക്ഷ്യം. ഇടപാടുകൾക്ക് പണമടയ്ക്കാനായി ഡിജിറ്റൽ വാലറ്റിനെ മൊബൈൽ ഫോൺ നമ്പറുമായി ലിങ്കുചെയ്യാനും കഴിയും. [1]

പ്രയോജനങ്ങൾ

ഒരു ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും തന്റെ വാങ്ങലുകൾ പൂർത്തിയാക്കാൻ കഴിയും. അവ പിന്നീട് ഓർമിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ അവർക്ക് ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കാനും കഴിയും. മൊബൈൽ പേയ്‌മെന്റ് സംവിധാനങ്ങളുമായി ചേർന്ന് ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കാൻ കഴിയും, ഇത് ഉപഭോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വാങ്ങുന്നതിന് പണമടയ്ക്കാൻ അനുവദിക്കുന്നു. ലോയൽറ്റി കാർഡ് വിവരങ്ങളും ഡിജിറ്റൽ കൂപ്പണുകളും സംഭരിക്കുന്നതിനും ഒരു ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കാം. നമ്മുടെ കൈയിലിരിക്കുന്ന പേഴ്‌സിൽ പണം സൂക്ഷിച്ച് ആവശ്യ നേരത്തുപയോഗപ്പെടുത്തുന്നതുപോലെ ഇ-വാലറ്റിൽ പണം സൂക്ഷിച്ചുവെക്കാം. ഡിജിറ്റലായാണ് പണം ശേഖരിച്ചുവെക്കുന്നത് എന്ന വ്യത്യാസം മാത്രം. ഇതൊരു പ്രീ പെയ്ഡ് എക്കൗണ്ടായാണ് പ്രവർത്തിക്കുന്നത്. ഇതിലെ പണം ഉപയോഗിച്ച് പച്ചക്കറി മുതൽ വിമാന ടിക്കറ്റ് വരെ വാങ്ങാം. അതും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ. [2] ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, ലോയൽറ്റി കാർഡ്(കൾ), മറ്റ് ഐഡി രേഖകൾ എന്നിവയും ഫോണിൽ സൂക്ഷിച്ചിരിക്കാം. സമീപത്തുള്ള ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ‌എഫ്‌സി) വഴി ക്രെഡൻഷ്യലുകൾ ഒരു വ്യാപാരിയുടെ ടെർമിനലിലേക്ക് വയർലെസായി കൈമാറാൻ കഴിയും. അടിസ്ഥാനപരമായി, സാമ്പത്തിക ധനകാര്യ ഇടപാടുകൾക്കായി മാത്രമല്ല, ഉടമയുടെ യോഗ്യതാപത്രങ്ങൾ പ്രാമാണീകരിക്കുന്നതിനുമാണ് ഡിജിറ്റൽ വാലറ്റുകൾ കൂടുതലായി നിർമ്മിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഡിജിറ്റൽ വാലറ്റിന് മദ്യം വാങ്ങുമ്പോൾ കടയിലേക്ക് വാങ്ങുന്നയാളുടെ പ്രായം സ്ഥിരീകരിക്കാൻ കഴിയും. ജപ്പാനിൽ ഈ സിസ്റ്റം ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്, അവിടെ ഡിജിറ്റൽ വാലറ്റുകൾ "വാലറ്റ് മൊബൈൽ" എന്നറിയപ്പെടുന്നു. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾക്കായി സ്വകാര്യ കീകൾ സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ വാലറ്റാണ് ക്രിപ്റ്റോകറൻസി വാലറ്റ്. [3]

ഇന്ത്യയിൽ

ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ വൻ വളർച്ചയാണ് മുൻവർഷങ്ങളിൽ നേടിയത്. രാഷ്ട്രം പതുക്കെ പണമില്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. [4]

കേരളത്തിൽ

കേരളത്തിൽ ഇപ്പോഴും ഇ-വാലറ്റുകൾ പ്രചുരപ്രചാരത്തിൽ വന്നു തുടങ്ങിയിട്ടില്ല. സ്മാർട്ട്‌ഫോണും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ പോലും ഉപയോഗിക്കുന്നവരും ഇ-വാലറ്റുകളെക്കുറിച്ച് അത്ര ബോധവാന്മാരല്ല. കേരളത്തിൽ ഇവയുടെ ഉപയോഗം അതുകൊണ്ടുതന്നെ പലപ്പോഴും യുവാക്കളിലേക്ക് ഒതുങ്ങുന്നു. എന്നാൽ തികച്ചും ലളിതമായി ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് ഇ-വാലറ്റുകളുടേത്. [5]

സ്വീകാര്യത

ഇ-വാലറ്റുകൾ ഉപയോഗിച്ചിരുന്നതെങ്കിൽ നോട്ട് അസാധുവാക്കൽ വന്നതോടെ തെരുവോരങ്ങളിലെ കച്ചവടക്കാർ വരെ ഇ-വാലറ്റ് വഴി പണം സ്വീകരിക്കാൻ തുടങ്ങി. വഴിയോര കച്ചവടക്കാർ വരെ തങ്ങളുടെ കച്ചവടത്തിന് ഇവ ഉപയോഗിക്കുന്നു. ഇവ കൂടാതെ മൊബൈൽ റീചാർജ് ഡി.ടി.എച്ച് റീചാർജ്, വിമാന ടിക്കറ്റ്, സിനിമാ ടിക്കറ്റ് തുടങ്ങി എന്തിനും ഏതിനും ഇവ ഉപയോഗിക്കാമെന്നത് ഇ-വാലറ്റുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

പ്രയോജനങ്ങൾ

  • പണം കൈമാറ്റത്തിന് ബാങ്ക് എക്കൗണ്ടുകൾ ആവശ്യമില്ലാത്തതിനാൽ തികച്ചും സുരക്ഷിതം. അതുകൊണ്ടുതന്നെ എക്കൗണ്ട് വിവരങ്ങൾ ഒരിടത്തും നൽകേണ്ടി വരില്ല.
  • ചില ഇ-വാലറ്റുകളിൽ പണം നിക്ഷേപിക്കുന്നതിന് കുറഞ്ഞ തുകയില്ല. 10 രൂപ പോലും നിക്ഷേപിക്കാം.
  • ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള തുക മാത്രം നിക്ഷേപിക്കാൻ അവസരം.
  • പ്രീ പെയ്ഡ് എക്കൗണ്ട് ആയതിനാൽ പേയ്‌മെന്റ് ലഭിക്കാൻ താമസം നേരിടുന്നില്ല.
  • കാഷ്ബാക്ക്, ഓഫറുകൾ, റിവാർഡുകൾ, ഡിസ്‌കൗണ്ട് ഓഫറുകൾ തുടങ്ങിയവ ലഭിക്കുന്നതിനാൽ ലാഭകരമായ ഷോപ്പിംഗ് നടത്താനാകും.
  • എത്ര ചെറിയ തുകയും കൈമാറാം.

വിഭാഗങ്ങൾ

ക്ലോസ്ഡ്, സെമി ക്ലോസ്‌ഡ്, ഓപ്പൺ എന്നിങ്ങനെ മൂന്നു തരത്തിലാണ് ഇ-വാലറ്റുകൾ ഉള്ളത്. കമ്പനിയുടെ ഉല്പന്നങ്ങൾ മാത്രം വാങ്ങാൻ ഉപയോഗിക്കുന്ന ഇ-വാലറ്റുകൾ ആണ് ക്ലോസ്‌ഡ്. ഐ.ആർ.സി.ടി.സിയുടെ ഇ - വാലറ്റ് അതിന് ഉദാഹരണമാണ്. ഒന്നിലധികം സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് സെമി ക്ലോസ്‌ഡ് വിഭാഗത്തിലുള്ളത്. പേടിഎം, ഓക്സിജൻ ഒക്കെ അത്തരത്തിൽ ഉള്ളതാണ്. ഓപ്പൺ വാലറ്റുകൾ ഈ സൌകര്യങ്ങൾക്ക് പുറമേ പണം കൈമാറാനും എ.ടി.എം വഴി പണം പിൻവലിക്കാനും ഉള്ള സൌകര്യവും നല്കുന്നു. എസ്.ബി.ഐ ബഡ്ഡി, സിറ്റി മാസ്റ്റർ പാസ്, ഐ.സി.ഐ.സി.ഐയുടെ പോക്കറ്റ്‌സ്, ആക്‌സിസ് ബാങ്കിന്റെ ലൈം തുടങ്ങിയവ ഒക്കെ ഇത്തരത്തിൽ ഉള്ളതാണ്. കൂടാതെ മൊബിക്വിക്ക്, പേയുമണി, ഓക്‌സിജൻ, ഫ്രീ ചാർജ് ഇങ്ങനെ പോകുന്നു ഈ-വാലറ്റുകളുടെ നിര. ടെലികോം കമ്പനികൾ നേരത്തെ തന്നെ ഈ മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്. എയർടെൽ മണി ഐഡിയ, ഇ-വാലറ്റ്, ജിയോ മണി തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ നവ സംരംഭകർ ഒരുക്കിയ ഇ-വാലറ്റ് സംവിധാനമാണ് ചില്ലർ.

ഇ-വാലറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ

ഏത് ഇ-വാലറ്റ് ആണോ നിങ്ങൾ ഉപയോഗിക്കാൻ ആലോചിക്കുന്നത് ആ കമ്പനിയുടെ ഇ-വാലറ്റ് ആപ്ലിക്കേഷൻ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് ആയിരിക്കണം രജിസ്ട്രേഷൻ നടത്താൻ. അതിനു ശേഷം, ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ-വാലറ്റിലേക്ക് ആവശ്യത്തിനുള്ള പണം മാറ്റി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പണം ചേർക്കുന്നത് ആയിരിക്കും കൂടുതൽ സുരക്ഷിതം. [6]

എങ്ങനെ ഉപയോഗിച്ചു തുടങ്ങാം

  1. ഇ-മെയ്ൽ ഐഡി വഴി സൈൻ ഇൻ ചെയ്യുക. വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ എക്കൗണ്ട് തുടങ്ങാം.
  2. വിവിധതരം ഇ-വാലറ്റുകളിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക.
  3. പുതിയ വാലറ്റിൽ എക്കൗണ്ട് ആരംഭിക്കുക.
  4. ഓൺലൈൻ ട്രാൻസ്ഫർ വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ എക്കൗണ്ടിലേക്ക് പണം കൈമാറാം.
  5. വാലറ്റിലുള്ള തുകയ്ക്കുള്ളിൽ സാധനങ്ങൾ വാങ്ങാം. വാലറ്റിലെ ബാലൻസ് തീർന്നാൽ ബാക്കിയുള്ള പേമെന്റ് ഓൺലൈൻ ബാങ്കിംഗ് വഴി നടത്താം.
  • മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും പാസ്‌വേർഡ് രഹസ്യമായിരുന്നാൽ ഇ-വാലറ്റ് സുരക്ഷിതമാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഊഹിച്ചെടുക്കാൻ സാധിക്കാത്ത ശക്തമായ പാസ്‌വേഡ് നൽകുക. അതുപോലെ തന്നെ വലിയ സംഖ്യ ഇ-വാലറ്റിൽ സൂക്ഷിക്കരുത്. ഹാക്കിംഗ് തടയുന്നതിനായി മൊബൈലിൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക. [7]

പ്രധാന ഇ-വാലറ്റുകൾ

1. പേടിഎം (PayTM)

ഇ– വാലറ്റ് ആപ്പുകളിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് പേടിഎം ആപ്പാണ്. മറ്റു ഇ– വാലറ്റ് ആപ്ലിക്കേഷനുകളേക്കാൾ വളരെയധികം ഓപ്ഷനുകൾ പേടിഎമ്മിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിന്റെ പണം നൽകുന്നതിനോടൊപ്പം നിരവധി സേവനങ്ങളും ആപ്പ് നൽകുന്നുണ്ട്. പേടിഎമ്മിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്നു പണം ചേർക്കാനും സുഹൃത്തുക്കളോട് പണം കടം ചോദിക്കാനുമുള്ള സൗകര്യം പേടിഎമ്മിന്റെ മാത്രം പ്രത്യേകതയാണ്. ഒരേസമയം ഇ–വാലറ്റായും ഓൺലൈൻ ഷോപ്പിംഗ് ആപ്പായും പേടിഎം പ്രവർത്തിക്കുന്നു. മൊബൈൽ – ലാൻഡ് ഫോൺ ബില്ലുകൾ, ഡിടിഎച്ച് റീ ചാർജ്, തെരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങിലെ ഇലക്ട്രിസിറ്റി ബില്ലുകൾ, ബസ്–ട്രെയിൻ– വിമാന ടിക്കറ്റുകൾ, സിനിമ ടിക്കറ്റുകൾ, തെരഞ്ഞെടുത്ത ഭക്ഷണശാലകളിൽ നിന്നു ഭക്ഷണം ഓഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സംവിധാനങ്ങൾ പേടിഎമ്മിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. ഡിസ്കൗണ്ട് കൂപ്പണുകളും കാഷ് ബാക് ഓഫറുകളും പേടിഎം ഉപയോക്‌താക്കൾക്കു നൽകുന്നുണ്ട്. രത്തൻ ടാറ്റയും ചൈനീസ് കമ്പനി അലിബാബയും വിജയ് ശേഖർ ശർമയുടെ ഈ കമ്പനിയിൽ ഓഹരി പങ്കാളികളാണ്.

2. മൊബിക്വിക്ക് (Mobikwik)

പേടിഎം പോലെതന്നെയാണ് മൊബിക്വിക്ക് പ്രവർത്തനവും ഉപയോഗിക്കാൻ വളരെ എളുപ്പമാണ് മൊബിക്വിക് മൊബൈൽ ആപ്ലിക്കേഷൻ. ‘നിയർബൈ’ എന്ന ഓപ്ഷനാണ് ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ കാര്യം. നിങ്ങൾ നിൽക്കുന്നതിന്റെ പരിസരത്ത് മൊബിക്വിക് ഉപയോഗിച്ച് പണം നൽകാൻ കഴിയുന്ന സ്‌ഥാപനങ്ങൾ എതൊക്കെയാണെന്ന് ഈ ഓപ്ഷനിലൂടെ കാണാൻ കഴിയും. ആപ് ഉപയോഗിച്ച് പണംനൽകുന്നവർക്ക് മൊബിക്വിക് ബോണസ് പോയിന്റുകളും നൽകുന്നുണ്ട്. 

3. ഫ്രീചാർജ് (Freecharge)

ഫ്രീചാർജിൽ ഒരാൾക്ക് രജിസ്റ്റർ ചെയ്യാൻ വളരെ എളുപ്പമാണ്. വിവിധ സേവനങ്ങൾക്കായി പണം നൽകാനുള്ള ഓപ്ഷൻ ഹോം സ്ക്രീനിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. പേടിഎം പോലെ കാഷ് ബാക് ഓഫറുകളും ഡിസ്കൗണ്ടുകും ഫ്രീചാർജും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വില പേശാനുള്ള സൗകര്യമാണ് ഫ്രീചാർജിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അണിയറക്കാർ പറയുന്നത്. ഷോപ്പിംഗുകളിൽ ഡീൽ ഇഷ്‌ടപ്പെടുന്നവർക്ക് ഫ്രീചാർജ് ആപ്പും ഇഷ്‌ടപ്പെടും.

4. ഫോൺപെ (PhonePe)

യെസ് ബാങ്ക് മുൻകൈയെടുത്ത് നിർമിച്ചതാണ് ഫോൺപെ. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾതന്നെ ഉപയോഗിക്കുന്നയാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ആകും. പേയിമെന്റുകൾക്ക് ഏത് അക്കൗണ്ടിൽ നിന്നുള്ള പണമാണോ ഉപയോഗിക്കേണ്ടത് ആ ബാങ്കിന്റെ പേരുകൂടി നൽകിയാൽ ഫോൺപെ ഉപയോഗിച്ച് തുടങ്ങാം. ഫോൺപെ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ വളരെ എളുപ്പാണ്. ഡിസ്കൗണ്ടുകൾ നൽകുന്ന ആപ്പുകളിൽ വിശ്വാസമില്ലെങ്കിൽ, ഫോൺപെ നിങ്ങൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്. 

5. ട്രൂപേ (TruPay)

യെസ് ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് ട്രൂപേ. ഫോൺപിയിലുള്ള ബാങ്ക് ടു ബാങ്ക് ട്രാൻസ്ഫർ സൗകര്യം ട്രൂപേയിലുമുണ്ട്. മറ്റ് ഇ–വാലറ്റ് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നതിനേക്കാൾ സ്റ്റൈപ്പ് കൂടുതലുണ്ട് ഈ ആപ്പിന്.  മാത്രമല്ല ആപ് പ്രവർത്തിക്കാൻ സമയം ഏറെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പക്ഷെ വളരെ ഉയർന്ന സുരക്ഷ ട്രൂപേ വാഗ്ദാനം ചെയ്യുന്നുണ്ട്.

6. മൈപൂളിൻ (MyPoolin)

യെസ്ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് മൈപൂളിൻ. ചില ആപ്ലിക്കേഷനുകൾ നൽകുന്നതുപോലെ ഡിസ്കൗണ്ട് വൗച്ചറുകളും മൈപൂളിൻ നൽകുന്നുണ്ട്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങൾ ആപ്ലിക്കേഷൻ ആവശ്യപ്പെടും. ഇതിലൂടെ മൈപൂളിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും അവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും സാധിക്കും. മൈപൂളിൻ ഉപയോഗിച്ച് പേയ്മെന്റ് നടത്താനും പണം ട്രാൻസ്ഫർ ചെയ്യാനും ബുദ്ധിമുട്ടാണെന്ന് മൈപൂളിനെക്കുറിച്ച് ആക്ഷേപമുണ്ട്. [8]

അവലംബം

https://digitalcorsel.com/