ഒണജർ

ഒണജർ
ഒണജർ കാഴ്ച്ചബം‌‌ഗ്ലാവിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perissodactyla
Family:
Equidae
Genus:
Equus
Subgenus:
Asinus
Species:
E. hemionus

ഒരിനം കാട്ടുകഴുത. പേർഷ്യൻ കാട്ടുകഴുത ഏഷ്യൻ കാട്ടുകഴുത എന്നും ഇതിനു പേരുകൾ ഉണ്ട്. ശാസ്ത്രനാമം: ഇക്വസ് ഹെമിയോണസ് ഒണജർ. ജന്തുശാസ്ത്രപരമായി യഥാർഥ-അശ്വങ്ങൾക്കും കഴുതകൾക്കും ഇടയിലാണ് ഒണജറിന്റെ സ്ഥാനം. കാഴ്ചയിൽ കുതിരയെപോലെ തന്നെ തോന്നിക്കുന്ന ഒണജറിന് ഒന്നുമുതൽ ഒന്നേകാൽ മീറ്റർ വരെ ഉയരവും ഉദ്ദേശം 2.5 മീറ്റർ നീളവുമുണ്ട്. തവിട്ടു നിറമുള്ള ശരീരത്തിന്റെ അടിഭാഗം പൊതുവേ വെളുപ്പായിരിക്കും. നീളം അധികമില്ലാത്ത കുഞ്ചിരോമങ്ങളും അതിന്റെ തുടർച്ചയായി നടുപുറത്തു കൂടി കാണപ്പെടുന്ന കറുത്ത ഒരു വരയും ഇതിന്റെ പ്രത്യേകതയാണ്. ഏകദേശം 25 സെന്റീ മീറ്റർ നീളമുള്ള ചെവികൾ കുതിരയുടേതു പോലെതന്നെയിരിക്കും. എന്നാൽ വാലിന് കഴുതയുടേതിനോടാണ് കൂടുതൽ സാദൃശ്യം. വാലിന്റെ അറ്റത്തായി ഇളം തവിട്ടുനിറത്തിൽ നീണ്ട രോമങ്ങൾ ധാരാളമായുണ്ട്. പെൺ ഒണജർ ആണിനെ അപേക്ഷിച്ച് ചെറുതായിരിക്കും. ആണിന്റെ തോൾഭാഗത്ത് കുറുകേ അവ്യക്തമായ ഒരു കറുത്തവര ഉണ്ടാകാറുണ്ട്. ഇത് പെണ്ണിൽ കാണാറില്ല. [1]

ഒറ്റകുളമ്പുള്ള മൃഗം

കുതിരയെപ്പോലെ ഒറ്റകുളമ്പുള്ള മൃഗമാണ് ഒണജർ. ഇതിന് ഓരോ പാദത്തിലും ഓരോ വിരൽ മാത്രമേ ഉണ്ടാവുകയുള്ളു. വിരലിന്റെ അഗ്രം പരന്ന് വിസ്തൃതമായ കുൾമ്പിൽ അവസാനിക്കുന്നു. പരുപരുത്ത പുല്ല് ഭക്ഷിച്ചു കഴിയുന്ന ഈ മൃഗങ്ങൾ ഭാഗിക-മരുപ്രദേശങ്ങളാണ് പൊതുവേ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിൽ വരൾച്ച കൂടുതലുള്ള പ്രദേശങ്ങൾ, ഇറാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതിനെ കാണാം. തിബറ്റ്, മംഗോളിയ എന്നീ പ്രദേശങ്ങളും ഇതിന്റെ വാസരംഗങ്ങളായിരുന്നു. എന്നാൽ അധികമായ വേട്ടയുടെ ഫലമായി മിക്ക സ്ഥലങ്ങളിൽ നിന്നും ഒണജർ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.[2]

ഇണചേരൽ

ചെറുകൂട്ടങ്ങളായി സഞ്ചരിക്കുന്ന ഇവ വർഷത്തിൽ ഒരുതവണയേ ഇണ ചേരുന്നുള്ളു. സെപ്റ്റംബർ ആകുന്നതോടെ ഇണ ചേർന്ന്, മേയ്-ജൂൺ ആകുമ്പോൾ പ്രസവിക്കുകയാണ് പതിവ്. ഒരു പ്രസവത്തിൽ ഒരു കുഞ്ഞുമാത്രമേയുണ്ടാകൂ. കുഞ്ഞുങ്ങളെ വളർത്തുന്ന ഘട്ടത്തിൽ പെൺ-ഒണജറുകൾ പ്രത്യേകം കൂട്ടംചേർന്ന് ജലസാമീപ്യമുള്ള പ്രദേശങ്ങളിൽ മേയാനാരംഭിക്കുന്നു. ഇവയുടെ രക്ഷയ്ക്കായി കൂട്ടത്തിൽ ഒരു ആണുമുണ്ടായിരിക്കും. ഏതുഗ്രജന്തുവിനേയും ഒറ്റയ്ക്കു നേരിട്ട് എതിർക്കാൻ ഈ ആൺ-ഒണജർ മടിക്കാറില്ല.[3]

ഒണജറിനെ ഇണക്കി വളർത്താറുണ്ട്. ഭാരം ചുമക്കുന്നതിനെക്കാളേറെ സവാരിക്കാണ് ഇവയെ ഉപയോഗിച്ചു പോരുന്നത്.

അവലംബം

പുറംകണ്ണികൾ

വീഡിയോ