കല്ലുരുട്ടിക്കാട

കല്ലുരുട്ടിക്കാട
Adult in breeding plumage
Adult in non-breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Scolopacidae
Genus: Arenaria
Species:
A. interpres
Binomial name
Arenaria interpres
(Linnaeus, 1758)
Synonyms

Tringa interpres Linnaeus, 1758

നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഡഗാത്രനായ ചെറിയ പക്ഷികളിൽ ഒന്നാണ് കല്ലുരുട്ടിക്കാട (Ruddy Turnstone). ശാസ്ത്രീയ നാമം : Arenaria interpres. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് തുടങ്ങി ലോകമാകമാനം കാണപ്പെടുന്ന ഈ പക്ഷി ഉയർന്ന ദേശാടന സ്വഭാവം പുലർത്തുന്നവയാണ്. ശിശിരകാലത്ത് തെക്കൻ തീരത്തേക്ക് കൂട്ടത്തോടെ പറക്കുന്ന ഇവ ശൈത്യം തീരുന്നതോടെ തിരികെ പോകാറുണ്ട്.

ശരീരപ്രകൃതി

22 മുതൽ 24 സെന്റി മീറ്റർ നീളവും 50 മുതൽ 57 സെന്റി മീറ്റർ ചിറകളവും 85 മുതൽ 150 ഗ്രാം വരെ തൂക്കവും ഉള്ള ഇവയുടെ കൊക്കുകൾ 2 മുതൽ 2.5 സെന്റി മീറ്റർ നീളമുള്ളതും ലോഹസമാനവും ആപ്പ് ആകൃതിയുള്ളവയുമാണ്. കുറിയ കാലുകൾക്ക് തെളിമയുള്ള ഓറഞ്ച് നിറവും 3.5 വരെ നീളവും ഉണ്ടാകും. കറുപ്പും വെളുപ്പും കലർന്ന തൂവൽക്കുപ്പായത്താൽ കാണപ്പെടുന്ന ഇവയുടെ പ്രജനന കാലത്ത് തൂവലുകൾ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ളതാകും. ഇവയുടെ തല വെളുത്ത നിറത്തിലുള്ളതും മൂർദ്ധാവ് കറുത്ത വരകൾ നിറഞ്ഞവയുമാണ്. മുഖത്ത് കറുത്ത നിറമുള്ള പാടുകൾ കാണാം. മാറിടം കറുപ്പ് നിറത്തിൽ തുടങ്ങി താഴേക്ക് വ്യാപിക്കുന്നതോടെ വെളുത്ത നിറമുള്ളതുമാണ്. ശരീരത്തിന്റെ കീഴ്ഭാഗം പൂർണ്ണമായും വെളുത്തതാണ്. പറക്കുമ്പോൾ ചിറകറ്റത്ത് വെളുത്ത അടയാളങ്ങൾ കാണാം. വാലിലെ മേൽ തൂവലുകളിൽ ഇരുണ്ട പട്ടകൾ കാണാൻ കഴിയും. പെൺ പക്ഷികൾ മങ്ങിയ നിറമുള്ളവയും തല തവിട്ടുകലർന്നതും സമൃദ്ധമായ വരകളോടു കൂടിയതുമാണ്.

കല്ലുരുട്ടിക്കാടകൾ പ്രത്യേകതരത്തിലെ ചിലക്കൽ കൊണ്ടും പ്രജനനകാലത്ത് തുടർച്ചയായ കലപിലാരവം കൊണ്ടും ശബ്ദായമാനമായവയാണ്.

ആഹാരവും ആഹാര സമ്പാദനവും

വേനൽക്കാലങ്ങളിൽ പുഴുക്കളേയും ചെറു പ്രാണികളേയും ആഹാരമാക്കുന്ന ഇവ കടൽത്തീരത്തെ കക്കകളും ഞണ്ടും മൊളസ്കയും ഒക്കെ ഭക്ഷിക്കുന്നവയാണ്. മറ്റു നീർപ്പക്ഷികളുടെ മുട്ടകളും ഇവയുടെ ആഹാരമാകാറുണ്ട്. ബലിഷ്ഠമായ കൊക്കുകൾ കൊണ്ട് കക്കയും മുട്ടകളും കൊത്തിപ്പൊട്ടിച്ച് ഉള്ളിലെ വസ്തുക്കൾ ആഹാരമാക്കുന്നു.

ആറു തരത്തിലാണ് ഇവയുടെ ആഹാര സമ്പാദനം.

  1. കടൽപ്പായലുകളുടെ കൂട്ടത്തെ കുത്തിമറിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ചെറുപ്രാണികളേയും ഞണ്ടുകളേയും കക്കയും ആഹാരമാക്കുന്നു.
  2. ചെറിയ പാറകൾ കുത്തിമറിച്ച് അതിന്റെ അടിയിൽ അഭയം തേടിയിരിക്കുന്ന പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു. ഇവയുടെ പേരു ലഭിക്കാൻ തന്നെ കാരണം കല്ലുരുട്ടി മാറ്റുന്ന ഈ പ്രകൃതം കൊണ്ടാണ്.
  3. ബലിഷ്ഠമായ കൊക്കു കൊണ്ട് കുത്തി ചെളിയിലും മണ്ണിലും ഉള്ള ചെറുപ്രാണികളേയും പുഴുക്കളേയും പ്രാണികളേയും ആഹാരമാക്കുന്നു.
  4. മണ്ണിലേക്ക് കൊക്കിന്റെ നല്ലൊരു ഭാഗം താഴ്ത്തി മണ്ണിലെ ചെറുമാളങ്ങളിൽ അഭയം തേടിയിരിക്കുന്ന ചെറു ജീവികളേയും ഒച്ചിനേയും നത്തക്കൊക്കയേയും കല്ലുമ്മേക്കായയും കക്കയും ഒക്കെ ആഹാരമാക്കുന്നു.
  5. മറ്റു പക്ഷികളുടെ മുട്ടകളും കടുത്ത തോടും കക്കയും കുത്തിപ്പൊട്ടിച്ച് ഉള്ളിലെ ആഹാരവസ്തുക്കൾ ആഹാരമാക്കുന്നു.
  6. മണ്ണിന്റെ ഉപരിതലത്തിലും തീരത്തെ മണലിന്റെ മേൽപ്പാളിക്കടിയിലും ഉള്ള പ്രാണികളേയും പുഴുക്കളേയും വിരകളേയും ആഹാരമാക്കുന്നു.

സ്വന്തം മേഖലയിൽ ആധിപത്യം പുലർത്താൻ ഇഷ്ടപ്പെടുന്നവയാണ് കല്ലുരുട്ടിക്കാടകൾ. കൂട്ടത്തിൽ തന്നെ പ്രായം കുറഞ്ഞ പക്ഷികൾക്ക് മേൽ പോലും ഇവ ആധിപത്യ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കൂട്ടത്തിലെ ആധിപത്യ സ്വഭാവം ഇരതേടലിലും ഇവ വേറിട്ടു നിൽക്കുന്നു.

ജീവിത ദൈർഘ്യവും സ്വഭാവ സവിശേഷതയും

കല്ലുരുട്ടിക്കാട ജോടി, വെള്ളാനത്തുരുത്ത്, കൊല്ലം

9 വർഷത്തിനു മേൽ ജീവിതദൈർഘ്യമുള്ളവയാണ് കല്ലുരുട്ടിക്കാടകൾ. 19 വർഷവും 2 മാസവും വരെ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകപത്‌നിത്വ സമ്പ്രദായം പുലർത്തുന്ന ഇവ ഒരു പ്രജനനകാലത്തിനു മേൽ ഒരേ ഇണയോടൊപ്പം ജീവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഴം കുറഞ്ഞ കുഴികളിൽ ഇലകൾ കൊണ്ട് മെത്തയൊരുക്കിയാണ് ഇവ കൂടുകൂട്ടുന്നത്. 11 സെന്റി മീറ്റർ വരെ വിസ്താരവും 3 സെന്റി മീറ്റർ ആഴവും ഉള്ളവയാണ് ഇവയുടെ കൂടുകൾ. തീരത്തോട് ചേർന്ന് പാറകളോടു കൂടിയതോ ഉറപ്പുള്ളതോ നീർവാഴ്ചയില്ലാത്തതോ ആയ പ്രതലമാണ് ഇവ കൂടുണ്ടാക്കാൻ തെരഞ്ഞെടുക്കുക. അനേകം ഇണകൾ കൂടി കൂട്ടമായിട്ടാണ് ഇവ കൂടൊരുക്കുക.

പ്രജനനം

2 മുതൽ 5 മുട്ടകൾ വരെയാണ് ഒരു പ്രജനനകാലത്ത് ഇവ ഇടുക. സാധാരണയായി നാലു മുട്ടകളാണ് ഉണ്ടാകുക. 41 മില്ലി മീറ്റർ നീളവും 29 മില്ലി മീറ്റർ വീതിയും ഉള്ള മുട്ടകൾക്ക് 18 ഗ്രാമോളം തൂക്കമുണ്ടാകും. മൃദുത്വവും തിളക്കവും ഉള്ളവയാണ് ഓവൽ ആകൃതിയിലെ മുട്ടകൾ. പച്ച കലർന്ന തവിട്ടു നിറമുള്ള മുട്ടകളിൽ കടുത്ത തവിട്ടു പുള്ളിക്കുത്തുകൾ ഉണ്ടാകും. വലിയ പ്രതലത്തിൽ പുള്ളിക്കുത്തുകൾ കൂടുതലായി കാണാം. 22 മുതൽ 24 ദിവസം വരെയാണ് അടയിരിക്കൽ കാലം. പെൺ പക്ഷികളാണ് അടയിരിക്കുന്നതെങ്കിലും അവസാന ദിവസങ്ങൾ എത്തുമ്പോൾ ആൺ പക്ഷികളും സഹായത്തിനെത്താറുണ്ട്. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ ഉടൻ തന്നെ കൂടു വിട്ടു പുറത്തേക്ക് പോകാറുണ്ട്. കടുത്ത തവിട്ടു പുള്ളികളോടു കൂടിയ മങ്ങിയ മഞ്ഞ നിറമുള്ള മേൽഭാഗവും വെള്ള നിറത്തിലെ കീഴ്ഭാഗവും ഉള്ളവയാണ് കുഞ്ഞുങ്ങൾ. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ, പ്രത്യേകിച്ച് ആൺ പക്ഷിയുടെ സംരക്ഷണത്തിൽ ഇവ ഇര തേടിത്തുടങ്ങും. 19 മുതൽ 21 ദിവസമാകുന്നതോടെ ഇവ പറക്കമുറ്റാറാകും.

സംരക്ഷണം

ആഫ്രിക്കൻ യൂറേഷ്യൻ ദേശാടന നീർപ്പക്ഷി സംരക്ഷണ കരാർ പ്രകാരം സംരക്ഷിച്ചിട്ടുള്ള പക്ഷിയാണ് കല്ലുരുട്ടിക്കാട.

ചിത്രശാല

അവലംബങ്ങൾ

  1. BirdLife International (2012). "Arenaria interpres". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {cite web}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)