കുമാരഗുപ്തൻ ഒന്നാമൻ

കുമാരഗുപ്തൻ ഒന്നാമൻ
( മഹേന്ദ്രാദിത്യൻ)
ഗുപ്തസാമ്രാജ്യം ചക്രവർത്തി
കുമാരഗുപ്തന്റെ സ്വർണ്ണനാണയം.
ഭരണകാലം414 - 455 CE
മുൻ‌ഗാമിചന്ദ്രഗുപ്തൻ രണ്ടാമൻ
പിൻ‌ഗാമിസ്കന്ധഗുപ്തൻ
രാജ്ഞിഅനന്തദേവി
അനന്തരവകാശികൾസ്കന്ധഗുപ്തൻ
പുരുഗുപ്തൻ
രാജവംശംഗുപ്തസാമ്രാജ്യം
പിതാവ്ചന്ദ്രഗുപ്തൻ രണ്ടാമൻ
മാതാവ്ധ്രുവദേവി

ക്രിസ്ത്വബ്ദം 415 മുതൽ 455 വരെ ഗുപ്തസാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു കുമാരഗുപ്തൻ ഒന്നാമൻ (മഹേന്ദ്രാദിത്യൻ). തന്റെ പിതാവും മുൻഗാമിയുമായിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമനെപ്പോലെ കഴിവുറ്റ ചക്രവർത്തിയായിരുന്നു അദ്ദേഹം. വടക്കൻ ബംഗാൾ‍ മുതൽ കത്തിയവാർ വരെയും ഹിമാലയം മുതൽ നർമ്മദാനദിവരെയും വ്യാപിച്ചുകിടന്ന വിശാലമായ സാമ്രാജ്യത്തെ അദ്ദേഹം അഖണ്ഡമായി നിലനിർത്തി. നാല്പതുവർഷത്തോളം മികച്ച രീതിയിൽ ഭരണംനടത്തിയെങ്കിലും അവസാനകാലത്ത് അദ്ദേഹത്തിന്‌ ഭരണത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല. പുഷ്യമിത്രരുടെ അതിക്രമണം ഗുപ്തസാമ്രാജ്യത്തിന്‌ ഭീഷണിയായിരുന്നു. മദ്ധ്യേന്ത്യയിൽ കുടിയേറിയ വൈദേശികഗോത്രമായിരുന്നു പുഷ്യമിത്രർ. ഒടുവിൽ അവരെ തുരത്തുന്നതിൽ കുമാരഗുപ്തൻ വിജയിക്കുകയും തന്റെ വിജയം ആഘോഷിക്കാൻ അശ്വമേധയാഗം നടത്തുകയും ചെയ്തു. സുബ്രഹ്മണ്യന്റെ ചിത്രം ആലേഖനംചെയ്ത പുതിയ നാണയങ്ങൾ അദ്ദേഹം പുറത്തിറക്കുകയുണ്ടായി.

ആദ്യകാലം

ഗുപ്ത ചക്രവർത്തി ചന്ദ്രഗുപ്തൻ രണ്ടാമൻറേയും രാജ്ഞി ധ്രുവദേവിയുടേയും മകനായിരുന്നു.[1]. ചന്ദ്രഗുപ്തന്റെ അവസാനലിഖിതം c. 412 CE യിലും കുമാരഗുപ്തന്റെ ആദ്യലിഖിതം c. 415 CE യിലും എന്ന് ഗണിച്ചതനുസരിച്ച് കുമാരഗുപ്തന്റെ സ്ഥാനാരോഹണം c. 415 CE നു മുമ്പാണെന്നു ​​അനുമാനിക്കുന്നു.

കുമാരഗുപ്തൻ മഹാരാജാധിരാജ, പരമ-ഭട്ടരാക, പരമാദ്വൈത എന്നീ സ്ഥാനപ്പേരുകൾ സ്വീകരിച്ചിരുന്നു.[2] കുമാരഗുപ്തൻ മഹേന്ദ്രാദിത്യൻ ​എന്ന മറ്റൊരു സ്ഥാനപ്പേരും സ്വീകരിച്ചിരുന്നു. ഈ പേരിന്റെ വിവിധ വകഭേദങ്ങളായ ശ്രീ-മഹേന്ദ്ര, മഹേന്ദ്രസിംഹ, അശ്വമേധ-മഹേന്ദ്ര എന്നിവ കുമാരഗുപ്തന്റെ നാണയങ്ങളിൽ ഉപയോഗിച്ചിരുന്നു.[3] ബുദ്ധഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ശക്രാദിത്യ ​എന്ന രാജാവു, കുമാരഗുപ്തന്റെ സ്ഥാനപ്പേരാണെന്നു കരുതുന്നു.[4]

സാമ്രാജ്യം

സമുദ്രഗുപ്തനും ചന്ദ്രഗുപ്തൻ രണ്ടാമനും പടുത്തുയർത്തിയ വലിയൊരു സാമ്രാജ്യത്തിനുടമയായിരുന്നു കുമാരഗുപ്തൻ. കുമാരഗുപ്തന്റെ ഭരണകാലഘട്ടത്തിലുള്ള ലിഖിതങ്ങൾ ഇന്നത്തെ മധ്യപ്രദേശ്‌, ഉത്തർ‌പ്രദേശ്, പശ്ചിമ ബംഗാൾ‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുമാരഗുപ്തന്റെ ഗരുഡരൂപം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ പശ്ചിമേന്ത്യയിൽ നിന്നും, മയിൽ ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ ഗംഗാനദീതടത്തിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ കണ്ടെത്തെലുകൾ‍, കുമാരഗുപ്തൻ തനിക്കു പാരമ്പര്യമായി ലഭിച്ച സാമ്രാജ്യത്തെ നിലനിർത്തുന്നതിൽ വിജയിച്ചു എന്നു സൂചിപ്പിക്കുന്നു.[5] [1]കുമാരഗുപ്തന്റെ സൈനികനേട്ടങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭ്യമല്ല.

കുമാരഗുപ്തന്റെ നാണയങ്ങൾ ഇന്നത്തെ മഹാരാഷ്ട്രയിൽനിന്നും തെക്കൻ ഗുജറാത്തിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. തെക്കൻ ഗുജറാത്തിലെ നാണയങ്ങൾക്ക് ആ പ്രദേശം ഭരിച്ചിരുന്ന ത്രൈകൂടക സാമ്രാജ്യത്തിൻറെ നാണയങ്ങളോടുള്ള സാദൃശ്യം കൊണ്ട് കുമാരഗുപ്തൻ ത്രൈകൂടകന്മാരെ പരാജയപ്പെടുത്തിയിരുന്നെന്ന് ചില ചരിത്രകാരന്മാർ അനുമാനിക്കുന്നു. [6]

ഭരണസംവിധാനം

കുമാരഗുപ്തൻ ഒന്നാമൻ, "വില്ലാളി" ശൈലിയിലുള്ള നാണയം.

ലിഖിതങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കുമാരഗുപ്തൻ രാജ്യം ഭരിച്ചിരുന്നത് ഗവർണർമാരിലൂടെയാണ് (​​ഉപാരികന്മാർ). മഹാരാജാ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന ഇവർ രാജ്യത്തിലെ പ്രവിശ്യകൾ (ഭുക്തി) നിയന്ത്രിച്ചിരുന്നു. പ്രവിശ്യകളിലെ ജില്ലകൾ (വിശയ) നിയന്ത്രിച്ചിരുന്നത് വിശയാപതികളായിരുന്നു. ​അവരെ സഹായിക്കാൻ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്ന ഉപദേശകസമിതി നിലനിന്നിരുന്നു.[7]

  • നഗരഭരണാധികാരി (നഗര-ശ്രേഷ്ഠിൻ)
  • കച്ചവടസംഘത്തിന്റെ പ്രതിനിധി (സാർത്തവാഹ)
  • കരകൗശലസംഘത്തിന്റെ തലവൻ (പ്രഥമ-കുലിക)
  • പകർത്തെഴുത്തുസംഘത്തിന്റെ തലവൻ (പ്രഥമ-കായസ്ത)

കുമാരഗുപ്തന്റെ ഭരണകാലത്ത് എറാൻ ദേശം ഭരിച്ചിരുന്ന ഘടോൽക്കചഗുപ്തന്റെ c.435-436 ലെ ലിഖിതം സൂചിപ്പിക്കുന്നത് ഘടോൽക്കചഗുപ്തൻ ഗുപ്തരാജകുടുംബാംഗമായിരിക്കാമെന്നാണ്.[8] വൈശാലിയിൽനിന്നു കണ്ടെടുത്തിട്ടുള്ള മുദ്രയിൽ പരാമർശിച്ചിരിക്കുന്ന ഘടോൽക്കചഗുപ്തനും സ്വർണ്ണനാണയം പുറപ്പെടുവിച്ചിരുന്ന ഘടോൽക്കചഗുപ്തനും ഇദ്ദേഹം തന്നെയാണെന്നു കരുതുന്നു.[9] കുമാരഗുപ്തന്റെ മരണശേഷം ഘടോൽക്കചഗുപ്തൻ താൽക്കാലികമായി ഏറാന്റെ സ്വയംഭരണാധികാരം ഏറ്റെടുത്തതായി കരുതുന്നു.[10]

കുമാരഗുപ്തനു കീഴിൽ ചിരാത-ദത്ത ​ഇന്നത്തെ ബംഗാളിലുള്ള പു​ണ്ഡ്രവർധന-ഭുക്തി (പ്രവിശ്യ) c.443നും c.447നും ഇടയിൽ ഭരിച്ചിരുന്നു.[10]436 CEയിലെ കരംദണ്ഡ ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന പൃഥിശേന കുമാരഗുപ്തന്റെ മന്ത്രിയും (കുമാരാമാത്യ) ശേഷം സൈന്യാധിപനും (മഹാബലാധികൃത) ആയിരുന്നു.[11] പൃഥിശേനന്റെ പിതാവ് ശിഖരസ്വാമിൻ ചന്ദ്രഗുപ്തൻ രണ്ടാമന്റെ മന്ത്രിയായിരുന്നു.[12]

കുമാരഗുപ്തൻ ചൈനയിലെ ലീ സുങ്ങ് സാമ്രാജ്യവുമായ് നയതന്ത്രബന്ധം പുലർത്തിയതായി ചൈനീസ് പ്രതിനിധിസംഘത്തിന്റെ സന്ദർശനങ്ങളിൽ നിന്നും അനുമാനിക്കാം.[7]

ജീവിതരേഖ

കുമാരഗുപ്തന്റെ ര​ണ്ടു മക്കളായിരുന്നു സ്കന്ധഗുപ്തനും പുരുഗുപ്തനും. മഹാദേവി (രാജ്ഞി) അനന്തദേവിയുടെ മകനായിരുന്നു പുരുഗുപ്തൻ. ചരിത്രകാരൻ ​ആർ.​എൻ. ദാണ്ഡേക്കറുടെ അഭിപ്രായത്തിൽ അനന്തദേവി ഒരു കാദംബ രാജകുമാരിയായിരുന്നു. തളഗുന്ദാ സ്തൂപലിഖിതം ​അനുസരിച്ചു കാദംബ രാജാവായിരുന്ന കാകുസ്തവർമ്മൻ ഗുപ്തരാജക്കൻമാരുമായി വിവാഹബന്ധത്തിലൂടെ സഖ്യത്തിലേർപ്പെട്ടിരുന്നു. പാരമ്പര്യത്തിൽനിന്ന് വിപരീതമായി സ്കന്ധഗുപ്തൻ തന്റെ ലിഖിതങ്ങളിൽ അമ്മയുടെ പേരു പരാമർശിച്ചുകാണുന്നില്ല. സ്കന്ധഗുപ്തന്റെ ബീഹാർ ശിലാലിഖിതപ്രകാരം കുമാരഗുപ്തൻ തന്റെ മന്ത്രിമാരൊരാളുടെ സഹോദരിയെ വിവാഹം കഴിച്ചിരുന്നു.[2] . മുകളിൽ സൂചിപ്പിച്ചത് പോലെ ഘടോൽക്കചഗുപ്തൻ കുമാരഗുപ്തന്റെ മകനോ സഹോദരനോ ആയിരുന്നു.[8]

മതങ്ങൾ

നില്ക്കുന്ന ബുദ്ധൻ, ഗുപ്തവർഷം 115(434 CE, കുമാരഗുപ്തന്റെ ഭരണകാലത്ത്) എന്നു രേഖപ്പെടുത്തിയിരിക്കുന്നു, മഥുര

കുമാരഗുപ്തന്റെ ഭരണകാലത്ത് ശൈവമതം, വൈഷ്ണവമതം, ബുദ്ധമതം, ജൈനമതം എന്നിവ വളർച്ചയിലായിരുന്നെന്ന് ആ കാലഘട്ടത്തിലുള്ള ലിഖിതങ്ങൾ സൂചിപ്പിക്കുന്നു.[7] കുമാരഗുപ്തന്റെ വെള്ളി നാണയങ്ങൾ അദ്ദേഹത്തെ വിഷ്ണുഭക്തനായി (പരമ-ഭാഗവത) ചിത്രീകരിച്ചിരിക്കുന്നു. കുമാരഗുപ്തന്റെ സ്വർണ്ണ, വെള്ളി, ചെമ്പുനാ​ണയങ്ങൾ വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ചിത്രീകരിച്ചതാണ്.[13] കുമാരഗുപ്തൻ യുദ്ധത്തിന്റെ ദേവനായ കാർത്തികേയന്റെയും (സ്കന്ധൻ) ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നാണയങ്ങൾ മയിൽവാഹനനായ കാർത്തികേയനെ ചിത്രീകരിച്ചിരിക്കുന്നു. കുമാരഗുപ്തൻ തന്റെ മകനു സ്കന്ധഗുപ്തൻ ​എന്ന പേരു നല്കിയതു കാർത്തികേയനോടുള്ള ഭക്തി സൂചിപ്പിക്കുന്നു. കുമാരഗുപ്തന്റെ പേരു തന്നെ കാർത്തികേയന്റെ മറ്റൊരു നാമത്തെ സൂചിപ്പിക്കുന്നതാണ്. (കുമാര).[14]

ബൗദ്ധചരിത്രകാരന്മാരായ ഷ്വാൻ ഝാങ്ങിന്റേയും പ്രജ്ഞവർമ്മന്റേയും അഭിപ്രായമനുസരിച്ച് നളന്ദയിലെ ബുദ്ധവിഹാരം സ്ഥാപിച്ചത് ശക്രാദിത്യ എന്ന രാജാവായിരുന്നു. ആധുനികചരിത്രകാരന്മാർ കുമാരഗുപ്തൻ ഒന്നാമനെ ശക്രാദിത്യനായി കണക്കാക്കുന്നു. അതിനു കാരണമായി സൂചിപ്പിക്കുന്നത് ഇവയാണ്:

  • ശക്രൻ, മഹേന്ദ്രൻ എന്നിവ ​ഇന്ദ്രന്റെ പര്യായങ്ങളാണ്. കുമാരഗുപ്തൻ മഹേന്ദ്രാദിത്യ എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്നു
  • 400-411 CEക്ക് ഇടയിൽ ഇന്ത്യ സന്ദർശിച്ചിരുന്ന ഫാഹിയാൻ പാടലിപുത്രം, ഗയ ​എന്നീ സ്ഥലങ്ങൾ സന്ദർശിച്ചെങ്കിലും സമീപത്തുള്ള നളന്ദയിലെ വിഹാരത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലതിനാൽ നളന്ദ ബുദ്ധവിഹാരം സ്ഥാപിച്ചത് 411 CEക്ക് ശേഷം കുമാരഗുപ്തൻ ഒന്നാമന്റെ കാലത്താണെന്ന് അനുമാനിക്കുന്നു.[4]

ഷ്വാൻ ഝാങ്ങിന്റേയും രേഖകളനുസരിച്ച് നളന്ദ ബുദ്ധവിഹാരത്തിനു ദാനം നൽകിയ രാജാക്കന്മാർ ശക്രാദിത്യൻ, ബുധഗുപ്തൻ, തഥാഗതഗുപ്തൻ, ബാലാദിത്യൻ എന്നിവരാണ്. ബുധഗുപ്തൻ കുമാരഗുപ്തൻ രണ്ടാമൻറെ പിൻഗാമിയായതിനാൽ നളന്ദ ബുദ്ധവിഹാരം സ്ഥാപിച്ച ശക്രാദിത്യൻ കുമാരഗുപ്തൻ ഒന്നാമനല്ല എന്ന അഭിപ്രായവും നിലവിലുണ്ട്.[15]

അവസാനകാലഘട്ടം‍‍

മൻകുവാർ ബുദ്ധപ്രതിമ

സ്കന്ധഗുപ്തന്റെ അറിയപ്പെടുന്നതിൽവച്ച് ഏറ്റവും പഴയ ഭരണവർഷം c.455 CE (ഗുപ്തവർഷം 136) ആയതിനാൽ കുമാരഗുപ്തന്റെ ഭരണം അതിനു മുമ്പ് അവസാനിച്ചിരുന്നുവെന്ന് അനുമാനിക്കുന്നു. ചരിത്രകാരൻ വി.​എ. സ്മിത്ത് കുമാരഗുപ്തന്റെ ചില നാണയങ്ങളുടെ കാലം 455 CE ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം ആധുനികചരിത്രകാരന്മാർ കുമാരഗുപ്തൻ 455 CE വരെ ഭരിച്ചിരുന്നു ​എന്ന് അനുമാനിക്കുന്നു. എന്നാൽ നാണയശാസ്ത്രജ്ഞൻ പി.എൽ. ഗൂപ്ത കുമാരഗുപ്തന്റെ ഭരണം CE 450 നു അവസാനിച്ചുവെന്ന് ഗണിക്കുന്നു.[16]

കുമാരഗുപ്തന്റെ കാലഘട്ടത്തിലുള്ള c.448 CEയിലെ മൻകുവാർ ബുദ്ധപ്രതിമയിലെ ലിഖിതം, സ്കന്ധഗുപ്തന്റെ കാലഘട്ടത്തിലുള്ള ഭിടാരിയിലെ സ്തൂപലിഖിതം എന്നിവ അടിസ്ഥാനമാക്കി കുമാരഗുപ്തന്റെ അവസാനകാലഘട്ടങ്ങൾ സമാധാനപരമായിരുന്നില്ലെന്നു ചരിത്രകാരന്മാർ അനുമാനിക്കുന്നു:[10][17]

  • ഭിടാരിയിലെ സ്തൂപലിഖിതപ്രകാരം സ്കന്ധഗുപ്തൻ ശത്രുക്കളെ തോൽപ്പിക്കുകയും തൻറെ അച്ഛന്റെ മരണത്തോടെ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്തു.[10] ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന ശത്രുക്കളിൽ പുഷ്യമിത്രന്മാരോ ഹൂണന്മാരോ ഉൾപ്പെടുന്നു.
  • മൻകുവാർ ബുദ്ധപ്രതിമയിലെ ലിഖിതം കുമാരഗുപ്തനെ മഹാരാജാധിരാജ എന്നതിനു പകരം മഹാരാജ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. കുമാരഗുപ്തനു തൻറെ അവസാനകാലത്ത് പുഷ്യമിത്രന്മാരാടോ ഹൂണന്മാരാടോ പരാജയങ്ങൾ നേരിടേണ്ടിവന്നിരിക്കാമെന്ന് ഇതു പരിഗണിച്ച് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[6]

എന്നാൽ മൻകുവാർ ബുദ്ധപ്രതിമയിലെ ലിഖിതത്തിൽ രേഖപ്പെടുത്തിയതിൽ തെറ്റുപറ്റിയതോ ശ്രദ്ധക്കുറവോ ആവാമെന്നു കരുതുന്നു.[6] അങ്ങനെയാണെങ്കിൽ ഭിടാരിയിലെ സ്തൂപലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന നഷ്ടങ്ങൾ കുമാരഗുപ്തന്റെ മരണശേഷമായിരിക്കുമെന്നും അവ കിരീടത്തിനുവേണ്ടിയുള്ള അവകാശികളുടെ തർക്കങ്ങൾ മൂലമാണെന്നു അനുമാനിക്കുന്നു.[18] ​എന്നാൽ മറ്റൊരു നിഗമനം ഭിടാരിയിലെ സ്തൂപലിഖിതത്തിലെ പരാമർശങ്ങൾ ഹൂണന്മാരുടെ അധിനിവേശത്തിന്റെ പരിണതഫലങ്ങളുടെ വിവരണമാണെന്നാണ്. ജുനഗുഡിലെ ലിഖിതത്തിൽ ( 455 CEക്ക് മുമ്പ്) സ്കന്ധഗുപ്തൻ മ്ലേഛന്മാരെ തോൽപ്പിച്ചു എന്നു സൂചിപ്പിച്ചതാണ് ഈ നിഗമനത്തിൻറെ അടിസ്ഥാനം. രണ്ടു നിഗമനങ്ങളും ശരിയായെന്നുവരാം, സ്കന്ധഗുപ്തനെ ഹൂണന്മാരുടെ അധിനിവേശം ചെറുക്കുവാൻ അതിർത്തിയിലേക്ക് അയച്ച സമയത്ത് കുമാരഗുപ്തന്റെ മരണം സംഭവിക്കുകയും കിരീടാവകാശത്തിനു വേണ്ടിയുള്ള തർക്കങ്ങൾ തുടങ്ങുകയും ചെയ്തു.[19] കുമാരഗുപ്തന്റെ മക്കളായ സ്കന്ധഗുപ്തനും പുരുഗുപ്തനും കിരീടാവകാശത്തിനുവേണ്ടി മത്സരിച്ചിരിക്കാമെന്ന് കരുതുന്നു. എന്നാൽ കുമാരഗുപ്തന്റെ മഹാറാണിയുടെ മകനായിരുന്ന പുരുഗുപ്തനു പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ മറ്റൊരു രാജ്ഞിയുടെ മകനായ സ്കന്ധഗുപ്തൻ രാജ്യാധികാരം ഏറ്റെടുത്തെന്നുമാണ് വെറൊരു നിഗമനം.[20] കുമാരഗുപ്തനുശേഷം സ്കന്ധഗുപ്തനും, സ്കന്ധഗുപ്തനുശേഷം പുരുഗുപ്തനും, പുരുഗുപ്തനുശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും സാമ്രാജ്യം ഭരിച്ചു.[21]

അവലംബം

  1. 1.0 1.1 R. C. Majumdar 1981, p. 66.
  2. 2.0 2.1 Tej Ram Sharma 1989, p. 174.
  3. R. C. Majumdar 1981, p. 67.
  4. 4.0 4.1 Sukumar Dutt 1988, p. 329.
  5. Tej Ram Sharma 1989, pp. 174–175.
  6. 6.0 6.1 6.2 Tej Ram Sharma 1989, p. 176.
  7. 7.0 7.1 7.2 Tej Ram Sharma 1989, p. 179.
  8. 8.0 8.1 R. C. Majumdar 1981, p. 68.
  9. R. C. Majumdar 1981, pp. 68–69.
  10. 10.0 10.1 10.2 10.3 R. C. Majumdar 1981, p. 69.
  11. Raychaudhuri, H. C. (1972). Political History of Ancient India, Calcutta: University of Calcutta, pp.500–1
  12. Upinder Singh 2008, p. 486.
  13. J. N. Banerjea 1982, p. 781.
  14. Tej Ram Sharma 1989, p. 175.
  15. Tej Ram Sharma 1978, p. 26.
  16. Tej Ram Sharma 1989, p. 182.
  17. Tej Ram Sharma 1989, p. 177.
  18. R. C. Majumdar 1981, pp. 70–71.
  19. R. C. Majumdar 1981, pp. 72–74.
  20. R. C. Majumdar 1981, p. 81.
  21. Dilip Kumar Ganguly 1987, p. 103.

പുസ്തകങ്ങൾ