കൊളോസോസുകാർക്ക് എഴുതിയ ലേഖനം
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ 12-ആമത്തെ പുസ്തകമാണ് കൊളോസോസുകാർക്ക് എഴുതിയ ലേഖനം. "കൊളോസിയർ" എന്ന ചുരുക്കപ്പേരും ഈ ലേഖനത്തിനുണ്ട്. ലേഖനത്തിലെ തന്നെ സൂചനകൾ അനുസരിച്ച് പൗലോസ് അപ്പസ്തോലൻ ഏഷ്യാമൈനറിൽ എഫേസോസിൽ നിന്നു 100 മൈലോളം ദൂരെ ലാവോദീക്യായ്ക്കടുത്ത് ഫ്രിജിയായിലെ ചെറുപട്ടണമായ കൊളോസോസിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത്.[1]
ഇതു പൗലോസിന്റെ രചനയല്ലെന്നും അദ്ദേഹത്തിന്റെ ആദ്യകാലാനുയായികളിൽ ഒരാളുടെ സൃഷ്ടിയാണിതെന്നുമുള്ള വാദം ഇന്നു ശക്തമാണ്.[1] ഇതിന്റെ "പൗലോസിയതയെ" പിന്തുണക്കുന്ന നിലപാടും അതുപോലെ തന്നെ പ്രബലമാണ്.[1]
കർതൃത്വം, കാലം
യേശുവിന്റെ മരണത്തിനു തൊട്ടു പിന്നാലെയുള്ള തലമുറയുടെ കാലത്ത് മദ്ധ്യധരണിലോകത്തെ വിവിധ ക്രിസ്തീയസഭകൾക്കു വേണ്ടി എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങൾ ആദ്യകാലക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വികാസത്തെ സഹായിച്ചു. കൊളോസോസുകാർക്കെഴുതിയ ലേഖനം പൗലോസിന്റെ രചനയാണെങ്കിൽ ക്രി.വ.50-നും 60-നും ഇടയ്ക്ക് ലേഖകൻ കാരാഗൃഹത്തിലായിരിക്കെ എഴുതിയതായിരിക്കണം.[2] എന്നാൽ ഇതിനെ പൗലോസിന്റെ ശിഷ്യന്മാരിൽ ഒരാളുടെ രചനയായി കാണുന്ന പണ്ഡിതന്മാർ ഇന്ന് ഏറെയുണ്ട്. സൃഷ്ടലോകത്തിനെല്ലാം മേലായി യേശുവിനെ കാണുന്ന ഇതിലെ വീക്ഷണം, പൗലോസിന്റെ ജീവിതകാലത്തിനു ശേഷം വികസിച്ചുവന്ന ഒരു ക്രിസ്തുശാസ്ത്രത്തിന്റെ ഭാഗമാണെന്ന് ചില വിമർശകർ കരുതുന്നു.[3] ഇതു പൗലോസിന്റെ രചനയല്ലെങ്കിൽ ഇതിന്റെ രചനാകാലം ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്, 80-കളിലോ മറ്റോ ആയിരിക്കാം.[4]ഇതിനെ പൗലോസിയതയെ പിന്തുണക്കുന്നവർ, പൗലോസിന്റേതെന്നു പൊതുവേ സമ്മതിക്കപ്പെടുന്ന ഫിലമോനെഴുതിയ ലേഖനവുമായി ഇതിനുള്ള സമാനതകൾ ചൂണ്ടിക്കാണിക്കുന്നു.[1]
ഉള്ളടക്കം
വെളിപാടു പുസ്തകത്തിന്റെ ആരംഭത്തിൽ പരാമർശിക്കപ്പെടുന്ന ഏഴു സഭകളുടെ പ്രദേശത്തായിരുന്നു കോളോസോസ്. കൊളോസിയർ 4-ആം അദ്ധ്യായം 13-ആം വാക്യത്തിൽ കൊളോസോസിലെ സഭയോടൊപ്പം ലാവോദീക്യയിലേയും ഹിയരാപ്പോലിസിലേയും സഭകളും പരാമർശിക്കപ്പെടുന്നു. ലാവോദീക്യയിൽ നിന്നു ഏകദേശം 12 മൈലും ഹിയരപ്പോലിസിൽ നിന്ന് 14 മൈലും ദൂരെയായിരുന്നു കൊളോസോസ്. പ്രകൃതിയിലെ ശക്തികളുടെ ആരാധന ഉൾപ്പെടെ, പലതരം പേഗൻ ആരാധനാമുറകൾ കൊളോസോസിലെ സഭയിൽ കടന്നു കൂടിയിരുന്നു. സൃഷ്ടപ്രപഞ്ചത്തിനുപരിയുള്ള ക്രിസ്തുവിന്റെ സ്ഥാനത്തെക്കുറിച്ച് സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ച്, പ്രാപഞ്ചികശക്തികളുടെ ആരാധനയിൽ നിന്നു അവരെ പിന്തിരിപ്പിക്കാൻ വേണ്ടി എഴുതിയതാകാം ഈ കത്ത്. രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്: ആദ്യത്തെ ഭാഗം തത്തോപദേശമാണ്. ജീവിതചര്യകളെക്കുറിച്ചുള്ള പ്രബോധനമാണ് രണ്ടാം ഭാഗം. സഭയിൽ 'അബദ്ധങ്ങൾ' പ്രചരിപ്പിക്കുന്ന വ്യാജപ്രബോധകന്മാർ വിമർശനം രണ്ടു ഭാഗങ്ങളിലും കാണാം.[3]
തത്ത്വോപദേശം
ആദ്യത്തെ രണ്ടദ്ധ്യായങ്ങളിലാണ് തത്ത്വോപദേശം ഉള്ളത്. ഈ ഭാഗത്ത് ലേഖകൻ, സൃഷ്ടികൾക്കുപരിയുള്ള ക്രിസ്തുവിന്റെ സ്ഥാനം വിശദീകരിക്കുകയും ക്രിസ്തുവിനെയല്ലാതെ മറ്റാരേയും ആരാധിക്കേണ്ടതില്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എല്ലാ സൃഷ്ടിയും ക്രിസ്തുവഴിയും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെടുകയും ക്രിസ്തുവിൽ നിലനിൽക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവികത്തിന്റെ സമ്പൂർണ്ണത കുടികൊള്ളാൻ ദൈവം ഇടയാക്കി. കപടപ്രബോധകന്മാർ ആരാധിക്കുന്ന പ്രപഞ്ചാരൂപികളെ യേശു തന്റെ മരണം വഴി തകിടം മറിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തു. എല്ലാ ആത്മീയശക്തികളുടേയും അധിപനും സഭയുടെ ശിരസുമാണ് ക്രിസ്തു. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ഏക മദ്ധ്യസ്ഥനായ ക്രിസ്തു പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന അനുരഞ്ജനത്തിന്റെ കാരണഭൂതനാണ്.
ജീവിതചര്യ
കഠിനമായ താപനിഷ്ഠകളേയും ഭക്ഷണത്തിലെ ആചാരപരമായ ത്യാജ്യഗ്രാഹ്യനിഷ്ഠകളേയും ലേഖകൻ വിമർശിക്കുന്നു. അത്തരം നിഷ്ഠകൾക്ക് ക്രിസ്തുവിന്റെ മരണത്തോടെ അന്ത്യമായെന്നാണ് വിശദീകരണം. വിശ്വാസികൾ പരിഛേദിതരെന്നോ അപരിഛേദിതരെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ ഭേദമില്ലാതെ ക്രിസ്തുവിൽ ഒന്നായിരിക്കുന്നു. തുടർന്ന് ലേഖകൻ സഭാംഗങ്ങളോട് അവരുടെ ഗാർഹികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പറയുന്നു.
3, 4 അദ്ധ്യായങ്ങളിലെ പ്രായോഗികനിർദ്ദേശങ്ങൾ ആദ്യഭാഗത്തെ തത്ത്വോപദേശവുമായി ചേർന്നു പോകുന്നതാണ്. സ്വർഗ്ഗീയകാര്യങ്ങളിൽ മനസ്സിരുത്താനും(3:1-4), മനുഷ്യസ്വഭാവത്തിലെ ദുഷ്പ്രകൃതികൾക്കെതിരെ പൊരുതാനും(3:5-14 ഇവിടെ ലേഖകൻ വായനക്കാരെ ഉപദേശിക്കുന്നു. ക്രിസ്തീയസ്വഭാവത്തിന്റെ ലക്ഷണങ്ങളായ സവിശേഷ ചുമതലകളെക്കുറിച്ചുള്ള പ്രബോധനവും ലേഖനത്തിലുണ്ട്. പതിവിൻ പടിയുള്ള ഉപസംഹാരപ്രാർത്ഥനയിലും, ഉദ്ബോധനത്തിലും, ആശംസയിലും ലേഖനം സമാപിക്കുന്നു.[3]
ലേഖനം
അവലംബം
- ↑ 1.0 1.1 1.2 1.3 "Colossians, Epistle to the." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005
- ↑ May, Herbert G. and Bruce M. Metzger. The New Oxford Annotated Bible with the Apocrypha. 1977.
- ↑ 3.0 3.1 3.2 Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. "Colossians" p. 337-338 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Harris Colossians" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Mack, Burton L. Who Wrote the New Testament? San Francisco:Harper Collins, 1996.