കർണാഫുലി നദി

കർണാഫുലി നദി
കർണാഫുലി നദിക്കു മുകളിൽ നിന്നുള്ള ദൃശ്യം
രാജ്യങ്ങൾഇന്ത്യ, ബംഗ്ലാദേശ്
നഗരങ്ങൾചിറ്റഗോങ്
Physical characteristics
പ്രധാന സ്രോതസ്സ്ലുഷായ് കുന്നുകൾ, മിസോറാം,  ഇന്ത്യ
നദീമുഖംബംഗാൾ ഉൾക്കടൽ
നീളം270 കിലോമീറ്റർ (170 മൈ)

ബംഗ്ലാദേശിന്റെ തെക്കുകിഴക്കു ഭാഗത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കർണാഫുലി അഥവാ കർണഫൂലി (ബംഗാളി: কর্ণফুলি).[1] ഇന്ത്യൻ സംസ്ഥാനമായ മിസോറാമിലെ ലുഷായ് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി 270 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബംഗ്ലാദേശിലെ ചിറ്റഗോങ് പട്ടണത്തിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. 1960-കളിൽ കാപ്തായ് മേഖലയിൽ കർണാഫുലി നദിയിൽ ഒരു ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരുന്നു.

വാക്കിന്റെ ഉത്ഭവം

കർണാഫുലി നദി. BNA റോഡിൽ നിന്നുള്ള ദൃശ്യം

കർണാഫുലി നദിക്ക് ആ പേരു ലഭിച്ചതിനെപ്പറ്റി ഒരു കഥയുണ്ട്. പണ്ട് ഒരു രാജകുമാരി കാമുകനായ രാജകുമാരനോടൊപ്പം നദിയിലൂടെ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്നു. രാജകുമാരിയുടെ ചെവിയിൽ ചൂടിയിരുന്ന പൂവ് പെട്ടെന്നു നദിയിൽ വീണു. രാജകുമാരൻ സമ്മാനിച്ച ആ പൂവിനെ രാജകുമാരി അമൂല്യമായി കരുതിയിരുന്നു. പൂവ് കണ്ടെത്തുന്നതിനായി നദിയിലേക്കു ചാടിയ രാജകുമാരി ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു. ഇതുകണ്ട രാജകുമാരനും നദിയിലേക്കു ചാടി മരിച്ചു. രാജകുമാരിയുടെ ചെവിയിലെ പൂവ് വീണ ഈ നദിക്ക് അങ്ങനെ കർണാഫുലി എന്ന പേരു ലഭിച്ചു.[2] 'കർണ്ണ' എന്ന വാക്കിനു 'ചെവി' എന്നും 'ഫൂൽ' എന്ന വാക്കിനു 'പൂവ്' എന്നും അർത്ഥമുണ്ട്.[2]

ചിറ്റഗോങ് നഗരം

ബംഗ്ലാദേശിൽ കർണ്ണാഫുലി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന നഗരമാണ് ചിറ്റഗോങ്. രാജ്യത്തിന്റെ തെക്കുകിഴക്കു ഭാഗത്തുള്ള ഈ പട്ടണത്തിനു സമീപം ഒരു തുറമുഖവും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിലൂടെയുള്ള കപ്പൽ ഗതാഗത ശൃംഖലയിലെ ഒരു പ്രധാന തുറമുഖമാണിത്. ഈ തുറമുഖം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തുറമുഖത്തോടു ചേർന്നുള്ള ചിറ്റഗോങ് മെട്രോപാളിറ്റൺ പ്രദേശത്ത് ഏതാണ്ട് 65 ലക്ഷത്തിലധികം പേർ താമസിക്കുന്നു.[3] ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം കൂടിയാണ് ചിറ്റഗോങ്. ഈ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ അകലെ വച്ചാണ് കർണ്ണാഫൂലി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ചിറ്റഗോങ്ങിലെ ആളുകൾ ഈ നദിയെ 'കിൻസ ക്യോങ്' (Kynsa Kyoung) എന്നും വിളിക്കാറുണ്ട്.[4] ചിറ്റഗോങ് ഹിൽസ് ട്രാക്സ് മേഖലയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയും കർണാഫുലിയാണ്.[2] കർണാഫുലി നദിയിൽ നിന്നുള്ള ജലം ശുദ്ധീകരിക്കുന്നതിനായി ചിറ്റഗോങ് പോർട്ട് അതോറിറ്റി ഇവിടെ ഒരു പ്ലാന്റ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്ലാന്റ് വരുന്നതോടുകൂടി ചിറ്റഗോങ് തുറമുഖം ജലലഭ്യതയിൽ സ്വയംപര്യാപ്തത നേടും.[5]

പോഷകനദികൾ

കർണാഫൂലി നദിയുടെ പ്രധാന പോഷകനദികളാണ് കാസലോങ്, ചെങ്കി, ഹാൾഡ, ദുറുങ്, സുബലോബ്, കാപ്തായ്, റിങ്ക്യോങ്, തേഗ എന്നിവ. 180 കിലോമീറ്റർ ദൂരം മലയിടുക്കുകളിലൂടെ ഒഴുകുന്ന കർണാഫുലി നദി രംഗമതിയിൽ വച്ച് സമതല പ്രദേശത്തേക്കു കടക്കുന്നു.

ഗതാഗതം

പുതിയ കർണാഫുലി പാലം

കർണാഫുലി നദിയിലൂടെ ധാരാളം ചരക്കു കപ്പലുകൾ പരുത്തി, ചണം, കാട്ടിൽ നിന്നുള്ള വസ്തുക്കൾ എന്നിവയുമായി രംഗമതിയിലേക്കു പോകാറുണ്ട്. നദിയുടെ അന്തർ ഭാഗത്തായി രണ്ടുവരിപ്പാതയോടുകൂടിയ ഒരു തുരങ്കം നിർമ്മിക്കുവാൻ ബംഗ്ലാദേശ് സർക്കാരിനു പദ്ധതിയുണ്ട്. ഇതിനായി ചൈന കമ്മ്യൂണിക്കേഷൻ കൺസ്ട്രക്ഷൻ കമ്പനി (CCCC)യുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ബംഗ്ലാദേശിലെ ആദ്യത്തെ അന്തർജല തുരങ്കമാകും ഇത്. തുരങ്ക നിർമ്മാണത്തിന് ഏകദേശം 100 കോടി ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നത്.[6]

ജീവജാലങ്ങൾ

കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിൻ പോലെയുള്ള ജീവികളുടെ ആവാസ കേന്ദ്രമാണ് കർണാഫുലി നദി.[7] ബംഗ്ലാദേശിന്റെ ദേശീയ മത്സ്യമായ ഹിൽസയും ഇവിടെ കാണപ്പെടുന്നു. കടുത്ത മലിനീകരണം മൂലം ഹിൽസ മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. [8]

കാപ്തായ് അണക്കെട്ട്

കാപ്തായ് തടാകം

1962-ൽ ബംഗ്ലാദേശിലെ കാപ്തായ് എന്ന സ്ഥലത്ത് കർണാഫുലി നദിക്കു കുറുകെ കാപ്തായ് അണക്കെട്ടു നിർമ്മിച്ചു. രാജ്യത്തെ ആദ്യ ജലവൈദ്യുത പദ്ധതിയും ഇവിടെ ആരംഭിച്ചു. കാപ്തായി അണക്കെട്ടിൽ നിന്നുള്ള വെള്ളം കാപ്തായ് തടാകത്തിലേക്ക് ഒഴുക്കിവിടുന്നു. ഈ ജലം ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുവാൻ ഒരു നിലയവും സ്ഥാപിച്ചിട്ടുണ്ട്. ഈ നിലയത്തിൽ നിന്നും പ്രതിദിനം 230 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. തേയില, ചണം, പുകയില, പരുത്തി എന്നിവ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ ഈ വൈദ്യുതി ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. 1962-ൽ കാപ്തായി അണക്കെട്ട് നിർമ്മിച്ചപ്പോൾ ഇന്ത്യയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നാൽപ്പതിനായിരത്തോളം പേർക്ക് വീടും സ്ഥലവും നഷ്ടമായി. എങ്കിലും അണക്കെട്ടിന്റെ നിർമ്മാണത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എതിർത്തിരുന്നില്ല.[9]

മലിനീകരണം

ബംഗ്ലാദേശിലെ ഭൂരിഭാഗം നദികളെയും പോലെ കർണാഫുലി നദിയും കടുത്ത മലിനീകരണ ഭീഷണി നേരിടുന്നു. കാർഷികാവശ്യങ്ങൾക്കായുള്ള ഉപയോഗമാണ് നദിയെ പ്രധാനമായും മലിനമാക്കുന്നത്. നദീജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് ജലജീവികളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.[10] 2015-ൽ ഒരു തീവണ്ടിയിൽ നിന്നുള്ള എണ്ണ കർണാഫുലിയുടെ പോഷകനദികളിലൊന്നിൽ പതിച്ചത് കടുത്ത മലിനീകരണത്തിനിടയാക്കിയിരുന്നു.[11]

ചിത്രശാല

അവലംബം

  1. Mesbah-us-Saleheen and Sifatul Quader Chowdhury (2012), "Karnafuli River", in Sirajul Islam and Ahmed A. Jamal (ed.), Banglapedia: National Encyclopedia of Bangladesh (Second ed.), Asiatic Society of Bangladesh
  2. 2.0 2.1 2.2 "Karnaphuli River". ബംഗ്ലാപീഡിയ. Archived from the original on 2017-11-11. Retrieved 2017-11-11.
  3. E-Vision Software Limited. "Economics Landscape of Chittagong". chittagongchamber.com.
  4. "Karnaphuli River". Britannica Encyclopedia. Archived from the original on 2017-11-11. Retrieved 2017-11-11.
  5. Chowdhury, Sarwar A. "Chittagong port sets up water treatment plant". thedailystar.net. The Daily Star. Retrieved 16 July 2015.
  6. "Cabinet okays Karnaphuli river tunnel project". thedailystar.net. The Daily Star. Retrieved 16 July 2015.
  7. "Ganges River dolphin OVERVIEW". worldwildlife.org. World Wildlife Fund. Retrieved 17 December 2015.
  8. Roy, Pinaki. "Hilsa spawning less and less". thedailystar.net. The Daily Star. Retrieved 16 July 2015.
  9. Bari, M Fazlul (2012). "Dam". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  10. Roy, Pinaki (2 May 2015). "Hilsa spawning less and less". The Daily Star. Retrieved 16 July 2015.
  11. "Spilled oil flows towards Karnaphuli". The Daily Star. 20 June 2015. Retrieved 16 July 2015.

പുറംകണ്ണികൾ

22°13′N 91°48′E / 22.217°N 91.800°E / 22.217; 91.800