ചെട്ടിനാട് പാചകവിഭവങ്ങൾ


ദക്ഷിണേന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ പെടുന്ന ചെട്ടിനാട് മേഖലയിലെ പാചകവിഭവങ്ങളെയാണ്‌ ചെട്ടിനാട് പാചകവിഭവങ്ങൾ (Chettinad cuisine) എന്ന് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വരണ്ടപ്രദേശങ്ങളിൽ പെടുന്ന ഒന്നാണ്‌ ചെട്ടിനാട്. ഈ പ്രദേശത്തെ പ്രധാന സമുദായമായ ചെട്ട്യാർ സമുദായം വ്യാപാര,വാണിജ്യ രംഗത്ത് മികവ് തെളിയിച്ചവരാണ്‌. ചെട്ടിനാട് പാചകവിഭവങ്ങൾ അതിന്റെ സുഗന്ധപൂരിതവും മസാലചേരുവകളും കൊണ്ട് ഇന്ത്യയിൽ തന്നെ വളരെ പ്രസിദ്ധമാണ്‌.[അവലംബം ആവശ്യമാണ്]

പ്രത്യേകതകൾ

വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊണ്ട് തയ്യാർ ചെയ്യപ്പെടുന്ന മാംസാഹാരങ്ങൾക്ക് പ്രസിദ്ധമാണ്‌ ചെട്ടിനാടൻ പാചകവിഭവങ്ങൾ. ഏറ്റവും പുതുക്കമുള്ള മാസാലകൂട്ടുകൾ ചേർത്ത് എരിവും പുളിയും ഉപ്പും ഒട്ടുംകുറയാതെ തയ്യാർ ചെയ്യപ്പെടുന്ന രുചികരമായ ഭക്ഷ്യവിഭവങ്ങളായിരിക്കും ഇവ. പുഴുങ്ങിയ മുട്ട ഒരു മേമ്പടിയെന്നോണം ഈ ഭക്ഷ്യവിഭവങ്ങളിൽ ഒരു അനിവാര്യ ഘടകമാണ്‌. വിവിധ തരത്തിലുള്ള വെയിലത്തുണക്കിയ ഇറച്ചിയും ഉപ്പിലിട്ട പച്ചക്കറികളും ഇവർ ധാരാളം ഉപയോഗിക്കുന്നു. ഈ മേഖലയുടെ വരണ്ട പരിസ്ഥിതിയെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്. മത്സ്യം, ചെമ്മീൻ, ഞണ്ട്, ചിക്കൻ‍, ആട്ടിറച്ചി എന്നിവയാണ്‌ മാംസങ്ങളായി ഇവർ ഉപയോഗിക്കുന്നവ. പന്നിമാംസവും കാളയിറച്ചിയും ചെട്ട്യാർമാർ ഭക്ഷിക്കാറില്ല.

മിക്കവാറും വിഭവങ്ങൾ അരി കൊണ്ടുള്ളവയോ ദോശ, അപ്പം, ഇടിയപ്പം, അട, ഇഡ്ഡലി പോലുള്ള അരി ചേർത്തുണ്ടാക്കുന്ന വിഭവങ്ങളോ ആയിരിക്കും. ബർമ്മയുമായുള്ള വ്യാപാര ബന്ധത്തിലൂടെ ചെട്ടിനാടിലെ ജനങ്ങൾ പഠിച്ച ഒരിനം പാചകവിഭവമാണ്‌ ചുവന്ന അരികൊണ്ട് തയ്യാർ ചെയ്യുന്ന 'റൈസ് പുഡ്ഡിംഗ്'.

ചെട്ടിനാട് വിഭവങ്ങളിൽ വൈവിധ്യമാർന്ന സസ്യാഹാരവും മാംസാഹാരവും ഉൾപ്പെടുന്നു. ജനപ്രിയ സസ്യാഹാര വിഭവങ്ങളിൽ പെടുന്നവയാണ്‌ ഇടിയപ്പം, പനിയറം, വെള്ളൈ പനിയറം, കറുപ്പട്ടി പനിയറം, പാൽ പനിയറം, കുഴി പനിയറം, കൊഴകട്ടൈ, മസാല പനിയറം, അടിക്കൂഴ, കന്തരപ്പം, സീയം, മസാല സീയം, കവുനി അരിസി, അതിരസം എന്നിവ.

പുറമേനിന്നുള്ള കണ്ണികൾ