ജോട്ടോ

ജോട്ടോ
ജോട്ടോയെ പ്രതിനിധീകരിക്കുന്ന ശില്പം, ദി ഉഫീസിയുടെ പുറത്ത്
ജനനം
ജോട്ടോ ദി ബോണ്ഡോൺ

1266/7
റിപ്പബ്ലിക്ക് ഓഫ് ഫ്ലോറെൻസിലെ ഫ്ലോറെൻസിനടുത്ത്, ഇന്നത്തെ ഇറ്റാലിയൻ റിപ്പബ്ലിക്കിൽ
മരണംജനുവരി 8, 1337 (ഏതാണ്ട് 70 വയസ്സ് പ്രായം)
ഫ്ലോറൻസ്, റിപ്പബ്ലിക്ക് ഓഫ് ഫ്ലോറെൻസ്, ഇന്നത്തെ ഇറ്റാലിയൻ റിപ്പബ്ലിക്കിൽ
ദേശീയതഇറ്റാലിയൻ
അറിയപ്പെടുന്നത്പെയ്ന്റിങ്, ഫ്രെസ്കോ, ആർക്കിടെക്ച്ചർ
അറിയപ്പെടുന്ന കൃതി
Scrovegni Chapel frescoes, Campanile
പ്രസ്ഥാനംലേറ്റ് ഗോഥിക്ക്

മദ്ധ്യയുഗത്തിന്റെ അവസാനഘട്ടത്തിൽ (ജനനം: 1266/7; മരണം: 1337 ജനുവരി 8) ഇറ്റലിയിലെ ഫ്ലോറൻസിൽ ജീവിച്ചിരുന്ന ഒരു ചിത്രകാരനും വാസ്തുശില്പിയും ആയിരുന്നു ജോട്ടോ. "ബൊണ്ടോണെയിലെ ജോട്ടോ" (Giotto di Bondone) എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇറ്റാലിയൻ നവോത്ഥാനത്തിലെ വലിയ കലാകാരന്മാരുടെ പരമ്പരയിൽ ആദ്യത്തെ ആളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. "തന്റെ കാലത്തെ ചിത്രകലയുടെ എതിരറ്റ മേധാവി ആയിരുന്ന ജോട്ടോ എല്ലാ രൂപങ്ങളേയും അവയുടെ സ്വാഭാവികതയിൽ ചിത്രീകരിച്ചെന്ന്" സമകാലീനനായ ജിയോവാനി വില്ലനി രേഖപ്പെടുത്തിയിട്ടുണ്ട്. "പ്രതിഭയും നേട്ടങ്ങളും കണക്കിലെടുത്ത് ഫ്ലോറൻസിലെ കമ്മ്യൂൺ അദ്ദേഹത്തിന് ഒരു വേതനം അനുവദിച്ചതായും വില്ലനി പറയുന്നു."[1]

പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ, നവോത്ഥാനയുഗത്തിലെ വിഖ്യാതകലാകാരന്മാരുടെ ജീവചരിത്രം എഴുതിയ ഗിയോർഗിയോ വസാരിയും ജോട്ടോയുടെ നേട്ടങ്ങളെ പുകഴ്ത്തുന്നു. ചിത്രകലയിൽ നിലവിലിരുന്ന ബൈസാന്തിയൻ ശൈലിയുമായി നിർണ്ണായകമായി വഴിപിരിഞ്ഞ ജോട്ടോ "ജീവിതത്തെ കൃത്യതയോടെ പകർത്തുന്നതിൽ ഇരുനൂറു വർഷക്കാലത്തെ ഉപേക്ഷ അവസാനിപ്പിച്ച് പിൽക്കാലത്തെ മഹത്തായ ചിത്രകലയ്ക്ക് തുടക്കമിട്ടു" എന്നാണ് വസാരിയുടെ പക്ഷം.[2]

ഇറ്റലിയിലെ പാദുവായിൽ, അരീനാപ്പള്ളി എന്നുകൂടി അറിയപ്പെടുന്ന സ്ക്രോവേനി പള്ളിയിൽ 1305-ൽ വരച്ചുതീർത്ത അലങ്കാരച്ചിത്രസമുച്ചയമാണ്. ജോട്ടോയുടെ നായകശില്പം. കന്യാമറിയത്തിന്റേയും യേശുവിന്റേയും ജീവിതത്തിലെ രംഗങ്ങളാണ് ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. നവോത്ഥാനാരംഭകാലത്തെ ഉന്നതസൃഷ്ടികളിലൊന്നായി ഇതു പരിഗണിക്കപ്പെടുന്നു.[3] ഈ ചിത്രസമുച്ചയം അദ്ദേഹം വരച്ചെന്നും ഫ്ലോറൻസിലെ നഗരസഭ 1334-ൽ അവിടത്തെ ഭദ്രാസനപ്പള്ളിയുടെ മണിമാളിക പണിയാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നതും മറ്റുമാണ് ജോട്ടോയുടെ ജീവിതത്തെക്കുറിച്ച് ആകെ ഉറപ്പുപറയാനുള്ളത്. അദ്ദേഹത്തിന്റെ ജീവിതകഥയിൽ മറ്റെല്ലാ കാര്യങ്ങളും തർക്കവിഷയമാണ്: ജന്മദിനം, ജന്മസ്ഥലം, സംസ്കാരസ്ഥാനം, ആകാരം, പരിശീലനം, കലാസൃഷ്ടികളുടെ നിർമ്മാണക്രമം, തുടങ്ങിയവയും, അസീസ്സിയിലെ വിഖ്യാതമായ ചുവർച്ചിത്രങ്ങൾ അദ്ദേഹം വരച്ചതോ എന്നതും മറ്റും ഇന്നും തർക്കത്തിലിരിക്കുന്നു.

അവലംബം

  1. Bartlett, Kenneth R. (1992). The Civilization of the Italian Renaissance. Toronto: D.C. Heath and Company. ISBN 0-669-20900-7 (Paperback). Page 37.
  2. Giorgio Vasari, Lives of the Artists, trans. George Bull, Penguin Classics, (1965)
  3. Hartt, Frederick (1989). Art: a history of painting, sculpture, architecture. Harry N. Abrams. pp. 503–506.