ടോറോബൊലിയം
ദൈവങ്ങളുടെ ശ്രേഷ്ഠയായ മാതാവിനെ പ്രീതിപ്പെടുത്തുന്നതിനായി പേഗന്മാർ (pagans) വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്നവർ) അനുഷ്ഠിച്ചിരുന്ന ബലിയർപ്പണമാണു് ടോറോബൊലിയം എന്നറിയപ്പെടുന്നതു് .
ചടങ്ങുകൾ
മൃഗങ്ങളുടെ മാംസം ഭക്ഷിക്കുക വഴിയോ അല്ലെങ്കിൽ അവയുടെ രക്തസ്പർശനം മൂലമോ മൃഗീയശക്തി ലഭിക്കുമെന്നു പാശ്ചാത്യരാജ്യങ്ങളിലെ ചില പ്രാകൃത ജനവിഭാഗങ്ങൾ വിശ്വസിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്തിരുന്നു. പില്ക്കാലത്ത് ജനങ്ങളുടെ സാംസ്കാരിക നിലവാരം ഉയരുകയും ഇതിനു ദൈവിക ആരാധനയുടെ സ്വഭാവം കൈവരുകയും ചെയ്തു. ശ്രേഷ്ഠയായ മാതാവിന്റെ അത്യുന്നത പുരോഹിതനെ ശുദ്ധീകരിക്കുന്ന കർമമായിട്ടാണ് ടോറോബൊലിയം ആചരിച്ചിരുന്നതു്. ഇതിനായി വിശിഷ്ട വസ്ത്രങ്ങളും സ്വർണ കിരീടവും മറ്റും ധരിച്ച പുരോഹിതനെ ഒരു ഗർത്തത്തിൽ ഇറക്കി നിർത്തും. ആഴമുള്ള ഈ കുഴി നിരവധി അതിസൂക്ഷ്മ ദ്വാരങ്ങൾ ഉള്ള പലകകൾ കൊണ്ടു മൂടും. ഈ പലകകളുടെ മുകളിലേക്ക് അലങ്കരിച്ചൊരുക്കിയ പോത്തിനെ ആനയിക്കുകയും വിശുദ്ധ കുന്തം കൊണ്ടു അതിന്റെ മാറിടം കുത്തിപ്പിളർക്കുകയും ചെയ്യും. പോത്തിന്റെ രക്തം പലകയിലെ ദ്വാരങ്ങളിലൂടെ താഴെ നിൽക്കുന്ന പുരോഹിതന്റെ ശരീരത്തിൽ പതിക്കും. പോത്തിന്റെ ശരീരം പലകമേൽനിന്ന് നീക്കം ചെയ്തശേഷം മഹിഷ രക്തത്തിൽ കുളിച്ച പുരോഹിതൻ പുറത്തുവരും. ജനങ്ങൾ അദ്ദേഹത്തെ വിശുദ്ധനായി ആരാധിക്കും. ഇതാണ് ടോറോബൊലിയത്തിന്റെ പ്രധാന ചടങ്ങു്.
ലക്ഷ്യങ്ങൾ
വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയാണു് ടോറോബൊലിയം നിർവഹിക്കപ്പെട്ടിരുന്നതു്. രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ രാജ്യത്തിന്റെയും രാജാവിന്റെയും ജനതയുടെയും ഉന്നമനത്തിനുവേണ്ടിയായിരുന്നു ഈ കർമം. അറ്റിസി(Attis)ന്റെയും ശ്രേഷ്ഠയായ മാതാവിന്റെയും ഉത്സവദിനമായ മാർച്ച് 24നു ആയിരുന്നു സാധാരണയായി ഈ ചടങ്ങു്. മൂന്നും നാലും നൂറ്റാണ്ടുകളിൽ വ്യക്തിയെ ശുദ്ധീകരിക്കാനും നവോന്മേഷം നൽകുവാനുമാണു് ടോറോബൊലിയം നടത്തിയിരുന്നതു്. ടോറോബൊലിയത്തിന്റെ ഗുണം ഇരുപതുവർഷം അല്ലെങ്കിൽ ജീവിതകാലം മുഴുവനുംതന്നെ നിലനിൽക്കും എന്നായിരുന്നു വിശ്വാസം. റോമിൽ ഇപ്പോൾ വിശുദ്ധ പീറ്ററിന്റെ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണു് പണ്ടു് ടോറോബൊലിയം നടത്തിയിരുന്നത്. അറ്റിസിനെ ആദരിക്കുവാനായി ക്രയോബൊലിയം എന്ന ചടങ്ങും നടത്താറുണ്ടായിരുന്നു. ഇതിൽ പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നതു്.
അറ്റിസിനെക്കുറിച്ചുള്ള ഒരു ഐതിഹ്യവുമായി ടോറോബൊലിയത്തിനു ബന്ധമുണ്ട്. പുരോഹിതൻ വെളിച്ചത്തിൽ നിന്നു് ഗർത്തത്തിന്റെ ഇരുട്ടിലേക്ക് പോകുന്നത് അറ്റിസിന്റെ മരണത്തെ സൂചിപ്പിക്കുന്നു. അറ്റിസിന്റെ മരണത്തോടെ ഭൂമിയിൽ സസ്യങ്ങൾ വാടുന്നു. രക്തത്തിൽ കുളിച്ച് ശുദ്ധനായ പുരോഹിതൻ ഗർത്തത്തിൽ നിന്ന് പുറത്തുവരുന്നത് അറ്റിസിന്റെ പുനർജന്മത്തെയാണ് സൂചിപ്പിക്കുന്നത്. അറ്റിസിന്റെ പുനർജന്മത്തോടെ സസ്യങ്ങൾക്ക് നവജീവൻ ലഭിക്കുന്നു എന്നാണ് വിശ്വാസം.
അവലംബം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടോറോബൊലിയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |