ട്രിപ്പനോസോമ
ട്രിപ്പനോസോമ | |
---|---|
Trypanosoma sp. among red blood cells. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | Excavata
|
Phylum: | Euglenozoa
|
Class: | Kinetoplastida
|
Order: | Trypanosomatida
|
Genus: | Trypanosoma Gruby, 1843
|
പ്രോട്ടോസോവ ഫൈലത്തിൽപ്പെടുന്നു ഏകകോശപരജീവിയാണ് ട്രിപ്പനോസോമ. ഗാമ്പിയൻ പനി (Gambien fever)[1] അഥവാ ആഫ്രിക്കൻ നിദ്രാ രോഗം എന്ന രോഗത്തിനു കാരണമാവുന്നത് ഈ പ്രോട്ടോസോവകളാണ്. കൊതുകുകളിലും മനുഷ്യരിലും ജീവിതചക്രം പൂർത്തിയാക്കുന്ന മലമ്പനി അണുക്കളെപ്പോലെ ട്രിപ്പനോസോമയ്ക്കും ജീവിതചക്രം പൂർത്തിയാക്കാൻ മനുഷ്യനെ കൂടാതെ ഒരു ഇടനില ആതിഥേയൻ (ദ്വിതീയ ആതിഥേയൻ) ആവശ്യമാണ്. ആഫ്രിക്കയിൽ കാണുന്ന ഈച്ച വർഗത്തിൽപ്പെട്ട ഗ്ലോസ്സിന പാൽപ്പാലിസ് (Glossina palpalis)[2] എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സെസി ഈച്ച (tsetse fly)[3] ആണ് ദ്വിതീയ ആതിഥേയനായി വർത്തിക്കുന്നത്.
ചരിത്രം
1841 മുതലെ ഈ ഏകകോശ ജീവിയെക്കുറിച്ച് മനുഷ്യന് അറിവു ലഭിച്ചിരുന്നു. കുതിരകളിലും മറ്റു സസ്തനികളിലും ഉണ്ടാകുന്ന 'ഡുറീൻ' രോഗത്തിന് ഈ ജീവികൾ കാരണമാകുന്നതായി 1880-ൽ കണ്ടുപിടിക്കപ്പെട്ടു. 1902-ൽ ഫോർഡ്, സട്ടൺ എന്നീ ശാസ്ത്രജ്ഞർ മനുഷ്യനിൽ ഗാമ്പിയൻ പനി പരത്തുന്നത് ട്രിപ്പനോസോമ ഗാമ്പിയൻസ് ഇനമാണെന്നു കണ്ടുപിടിച്ചു.
രൂപവിവരണം
നീണ്ടുമെലിഞ്ഞു രണ്ടറ്റവും കൂർത്ത ഈ ഏകകോശ ജീവിക്ക് 10-40 μ (μ = ഒരു മി.മീറ്ററിന്റെ ആയിരത്തിലൊരംശം) മാത്രമാണ് നീളം. മുന്നറ്റത്തുനിന്നും പുറപ്പെടുന്ന ഒരു ഫ്ലാജെല്ലം ഉണ്ട്. അതിനാൽ പ്രോട്ടോസോവ ഫൈലത്തിലെ മാസ്റ്റിഗോഫോറ (Mastogophora)[4] എന്ന വർഗത്തിലാണ് ഇതിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശരീത്തിന്റെ പിന്നറ്റത്തുള്ള പാരാബേസൽ ബോഡി (parabasal body)[5] അഥവാ കൈനറ്റോ ന്യൂക്ലിയസി(kineto nucleus)[6] ൽ നിന്നും പുറപ്പെടുന്ന ചെറിയ ചാട്ടപോലെയുള്ള ഫ്ളാജെല്ലം ശരീരാവരണത്തിൽ നിന്നും എഴുന്നു നിൽക്കുന്ന ഒരു നേരിയ പാടയുടെ അരികുപറ്റി നീങ്ങി മുന്നറ്റത്ത് സ്വതന്ത്രമാകുന്നു. ഈ പാടയുടേയും ഫ്ളാജെല്ലത്തിന്റേയും സഹായത്താലാണ് രക്തത്തിലൂടെയുള്ള ഇതിന്റെ സഞ്ചാരം. മനുഷ്യനിലും ഇടനില ആതിഥേയനിലുമായി ജീവിതചക്രത്തിനിടയിൽ നാലു വിവിധ രൂപങ്ങളിൽ ഇവയെ കാണാം.
ജീവിതചക്രം
രോഗം ബാധിച്ച ആളുകളുടെ രക്തം സെസി ഈച്ചകൾ കുടിക്കുമ്പോൾ കുറിയ ഒരിനം ട്രിപ്പനോസോമ ഈച്ചകളുടെ ശരീരത്തിലേക്ക് കടക്കുന്നു. ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് ഇവ പെരുകുന്നു. ധാരാളമായി പെരുകി രൂപാന്തരം പ്രാപിച്ച് അന്തിമമായി ഇവ ഈച്ചകളുടെ ഉമിനീർ ഗ്രന്ഥിയിലേക്ക് നീങ്ങുന്നു. ഇത്തരം ഈച്ചകൾ മനുഷ്യരക്തം ഊറ്റിക്കുടിക്കുമ്പോൾ പകരം ശരീരത്തിലേക്ക് രോഗകാരികളായ ട്രിപ്പനോസോമകളെ കടത്തിവിടുന്നു. ഒരുചക്രം പൂർത്തിയാക്കാൻ ഇവയ്ക്കു 20-30 ദിവസങ്ങൾ മതിയാകും. മനുഷ്യരക്തത്തിൽ കടക്കുന്ന ട്രിപ്പനോസോമകൾ വളരെപ്പെട്ടെന്ന് വിഭജിച്ച് പെരുകുന്നു. ഇതിനിടയിൽ പല വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു.
രോഗപ്രതിരോധം
ഇടനില ആതിഥേയനായ സെസി ഈച്ചയെ കൊന്നൊടുക്കാൻ ഡി ഡി റ്റി പോലെയുള്ള കീടനാശിനികൾ ആഫ്രിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗബാധിത സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് രോഗം പടരാതിരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു വഴി.
അവലംബം
- ↑ http://www.biology-online.org/dictionary/Gambian_fever Archived 2012-10-19 at the Wayback Machine Gambian fever - definition from Biology-Online.org
- ↑ http://www.plosntds.org/article/info%3Adoi%2F10.1371%2Fjournal.pntd.0000392 The Population Structure of Glossina palpalis gambiensis from
- ↑ http://www.uen.org/utahlink/activities/view_activity.cgi?activity_id=3023 Africa - Tsetse Flies - UEN
- ↑ http://www.encyclopedia.com/topic/Mastigophora.aspx Mastigophora Facts, information, pictures | Encyclopedia.com
- ↑ http://www.merriam-webster.com/medical/parabasal%20body Parabasal body - Medical Definition and More from Merriam-Webster
- ↑ http://www.theodora.com/encyclopedia/f/flagellata.html Flagellata - Encyclopedia
പുറംകണ്ണികൾ
- http://www.cdc.gov/parasites/sleepingsickness/
- http://tolweb.org/Trypanosoma/98034 Archived 2016-11-08 at the Wayback Machine
- http://www.uta.edu/chagas/html/biolTcru.html Archived 2012-03-12 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രിപ്പനോസോമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |