ഡയറക്റ്ററി ഭരണം (ഫ്രാൻസ്)
ഡയറക്റ്ററി Directoire exécutif | |
---|---|
പ്രഥമ ഫ്രഞ്ചു റിപബ്ലിക് | |
ചരിത്രം | |
തുടങ്ങിയത് | 2 നവമ്പർ 1795 |
അവസാനിപ്പിച്ചത് | 10 നവമ്പർ 1799 |
Preceded by | പൊതുസുരക്ഷാ സമിതി |
Succeeded by | കോൺസുലേറ്റ് ഭരണം നെപ്പോളിയൻ ബോണപ്പാർട്ട് മുഖ്യകോൺസിൽ |
സഭ കൂടുന്ന ഇടം | |
ബുർബോൺ കൊട്ടാരസമുച്ചയം, പാരിസ് |
ഡയറക്റ്ററി എന്ന അഞ്ചംഗ നേതൃത്വക്കൂട്ടായ്മയാണ് 1795 നവമ്പർ മുതൽ 1799 നവമ്പർ വരെ പ്രഥമ ഫ്രഞ്ചു റിപബ്ലിക് ഭരിച്ചത്. ഭീകര വാഴ്ചക്കുശേഷം നിലവിൽ വന്ന ഭരണസംവിധാനമായിരുന്നു ഇത്. പിന്നീട് വിപ്ലവവർഷം VIII, ബ്രൂമേർ 18-19-ന് (1799 നവമ്പർ 9-10) നടന്ന രാഷ്ട്രീയ അട്ടിമറിയിലൂടെ ഡയറക്റ്ററി സ്വയം റദ്ദാക്കി കോൺസുലേറ്റ് ഭരണം സ്ഥാപിച്ചു. ഡയറക്റ്ററി ഭരണകാലത്ത് സൈന്യാധിപൻ എന്ന നിലക്കു് യുദ്ധവിജയങ്ങളും ജനസമ്മതിയും നേടിയ നെപോളിയനാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് സൈനികപിന്തുണ നല്കിയത്. മുഖ്യകോൺസിൽ ആയി ഭരണമേറ്റ നെപോളിയൻ പിന്നീട് ചക്രവർത്തി പദവിയേറി.
പശ്ചാത്തലം
1792- സപ്റ്റമ്പർ 21/22-ന് രാജവാഴ്ച അവസാനിപ്പിച്ച് പ്രഥമ ഫ്രഞ്ച് റിപബ്ലിക് ഭരണകൂടം അധികാരത്തിൽ വന്നു. രാജ്യദ്രോഹിയെന്നു വിധിക്കപ്പെട്ട ലൂയി പതിനാറാമൻ 1793 ജനവരി 21-ന് കഴുവിലേറ്റപ്പെട്ടതോടെ[1], അയൽരാജ്യങ്ങളിൽ നിന്നുള്ള ഭീഷണി വർദ്ധിച്ചു[2], രാജ്യത്തിനകത്ത് രാജപക്ഷക്കാരും (Royalists) സായുധകലാപം തുടങ്ങി. താമസിയാതെ പ്രക്ഷോഭകാരികളെ അടിച്ചമർത്താനായി വിപ്ലവക്കോടതികളും[3](Revolutionary Tribunal) പൊതുസുരക്ഷാസമിതിയും[4] (Committee for Public safety), നിലവിൽ വന്നു.[5], [6]. ജാകോബിൻസ് എന്നറിയപ്പെട്ട തീവ്രവിപ്ലവപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന സുരക്ഷാസമിതിയുടെ നേതൃത്വം മാക്സിമിലിയൻ റോബേസ്പിയർക്ക് ആയിരുന്നു.[7],[8][9] സംശയത്തിന്റെ പേരിൽ പോലും ആരേയും തടവിലാക്കാനോ വധശിക്ഷക്കുവിധിക്കാനോ ഉള്ള നിയമം നടപ്പായി.[10],[11] റോബേസ്പിയറുടെ ഭീകരവാഴ്ചക്കാലത്ത് (1793 സപ്റ്റമ്പർ മുതൽ 1794 ജൂലൈ) സാധാരണക്കാരും വൈദികരും കന്യാസ്ത്രീകളുമടക്കം ഇരുപത്തായ്യായിരത്തിൽപ്പരം പേർ വധിക്കപ്പെട്ടു.വിപ്ലവവർഷം IIതെർമിഡോർ 9-ന് (1794 ജൂലൈ 27) നിയമസഭയിലെ ഒരു വിഭാഗം ജനപ്രതിനിധികൾ ഈ രക്തച്ചൊരിച്ചിലിനെതിരായി പ്രതികരിച്ചു. ഇവർക്കു നേതൃത്വം നല്കിയത്, പോൾ ബറാസും ടാലിയെനും ജോസെഫ് ഫോഷേയും ആയിരുന്നു. മിതവാദികളുടെ ഈ വിഭാഗം പിന്നീട് തെർമിഡോറിയൻസ് എന്ന പേരിൽ അറിയപ്പെട്ടു. അധികാരഭൃഷ്ടനായ റോബേസ്പിയർ ഗില്ലോട്ടിന് ഇരയായതോടെ ഭീകരവാഴ്ചയും അവസാനിച്ചുവെങ്കിലും രാഷ്ട്രീയാന്തരീക്ഷം ശാന്തമാകാൻ പിന്നേയും സമയമെടുത്തു.[12]. നാഷണൽ കൺവെൻഷൻ ഭരണഘടന പുതുക്കിയെഴുതി, വിപ്ലവവർഷം III-ലെ പുതിയ ഭരണഘടന[13] ഫ്രുക്റ്റിഡോർ 5-ന് (1795 ഓഗസ്റ്റ് 22) പ്രഖ്യാപിക്കപ്പെട്ടു.
ഭരണഘടന വിപ്ലവവർഷം III
377-ഖണ്ഡികകൾ ഉണ്ടായിരുന്ന പുതിയ ഭരണഘടന രണ്ട് നിയമസഭാ മണ്ഡലങ്ങൾക്ക് രൂപം കൊടുത്തു. അഞ്ഞൂറംഗങ്ങളുള്ള അധോസഭയും(Conseil des Cinq-Cents, Council of Five Hundred) ഇരുനൂറ്റിയമ്പത് അംഗങ്ങളുള്ള ഉപരിസഭയും(Conseil des Anciens,Council of Elders). അധോസഭ അവതരിപ്പിച്ച ലിസ്റ്റിൽ നിന്ന് ഉപരിസഭ അഞ്ചംഗ ഡയറക്റ്ററിയെ ഭരണനിർവഹണത്തിനായി നാമനിർദ്ദേശം ചെയ്യുകയോ നറുക്കിട്ടടുക്കുകയോ ചെയ്യും. ട്രഷറി ഡയറക്റ്ററിയുടെ അധികാരപരിധിക്കു പുറത്ത്, അധോസഭയുടെ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ട്, പ്രതിപക്ഷത്തിനാണ് അധോസഭയിൽ ഭൂരിപക്ഷമെങ്കിൽ, ഭരണം സ്തംഭിക്കുമെന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ചട്ടപ്പടി ഭരിക്കുക എന്നതിൽക്കവിഞ്ഞ് ഡയറക്റ്ററിക്ക് യാതൊരു അധികാരവും ഇല്ലായിരുന്നു. ഇരു മണ്ഡലങ്ങളിലും തെർമിഡോറിയൻ വിഭാഗത്തിന് ഭൂരിപക്ഷം ഉറപ്പു വരുത്താനായി നാഷണൽ കൺവെൻഷൻ മറ്റൊരു ഉപാധി കൂടി എഴുതിച്ചേർത്തു. മൂന്നിൽ രണ്ടുഭാഗം അംഗങ്ങൾ(അതായത് 500 പേർ) നിലവിലുള്ള നാഷണൽ കൺവെൻഷൻ അംഗങ്ങളായിരിക്കും, അവരൊക്കേയും ലൂയി പതിനാറാമന്റെ വധശിക്ഷ ശരിവെച്ചവരുമായിരിക്കും.
നാഷണൽ കൺവെൻഷന്റെ ഏകപക്ഷീയമായ നടപടികൾ ജനങ്ങളെ പ്രകോപിതരാക്കി. സായുധകലാപം അടിച്ചമർത്താനായി നാഷണൽ കൺവെൻഷൻ പോൾ ബറാസ്സിനെ ചുമതലപ്പെടുത്തി. ടൂലോൺ ഉപരോധത്തിൽ മികച്ച യുദ്ധതന്ത്രം കാഴ്ചവെച്ച നെപോളിയൻ ബോണപാർട്ട് എന്ന യുവസൈനികനേയാണ് ബറാസ്സ് ഈ ഭാരം ഏല്പിച്ചത്. വെൻഡർമേർ 12-ന് (5th October 1795), അസംബ്ലിമന്ദിരത്തെ ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ച കലാപകാരികളെ നെപോളിയൻ, തന്റെ ചുരുങ്ങിയ സൈനികരോടൊപ്പം സമർഥമായി നേരിട്ടു, പ്രതിസന്ധി ഒഴിവാക്കി.[14].
വെൻഡർമേർ 20മുതൽ29 വരെ (ഒക്റ്റോബർ 12-21) തിയ്യതികളിൽ 250 സീറ്റുകളിലേക്കുള്ള (മൂന്നിലൊന്ന്) ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ബ്രൂമേർ 5-ന് (ഒക്റ്റോബർ 26- 1795) നാഷണൽ കൺവെൻഷൻ പിരിച്ചു വിട്ടതായ പ്രഖ്യാപനം ഉണ്ടായി.[15]പിറ്റേന്ന് 750 നിയമസഭാ അംഗങ്ങൾ സമ്മേളിച്ചു[16],[17]. .
ഡയറക്റ്ററി ഭരണം
സഭാംഗങ്ങളിൽ നിന്ന് , വിവാഹിതരും നല്പതു വയസ്സിനുമുകളിലുള്ളവരുമായ 250 പേർ ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അധോസഭ ഡയറക്റ്റർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത അമ്പതുപേരിൽ നിന്ന് ഉപരിസഭ ലാവാലിയേർ, റൂബെൽ,ഷീയെസ് , ലെടൂർണർ, ബറാസ്സ്, എന്നിവരെ തെരഞ്ഞെടുത്തു. ഷീയെസ് വിസമ്മതം പ്രകടിപ്പിച്ചതിനാൽ പകരം കാർണോട്ട് നിയമിതനായി.[18]. ഡയറക്റ്ററിക്ക് സ്ഥിരമായ തലവനോ അധ്യക്ഷനോ ഉണ്ടായിരുന്നില്ല. പകരം മുമ്മൂന്നു മാസത്തേക്ക് ഊഴമിട്ട് അംഗങ്ങൾ അധ്യക്ഷപദവി വഹിച്ചു.[19]ഡയറക്റ്ററിയുടെ ആദ്യത്തെ പ്രസിഡൻഡായി റൂബെലും സെക്രട്ടറി ജനറലായി ലെവാലിയറും നിയുക്തരായതായി ബറാസ് തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നു.[20]. നറുക്കെടുപ്പിലൂടെ ഒരോ വർഷവും ഒരു ഡയറക്റ്റർ സ്ഥാനമൊഴിയും. പകരം മറ്റൊരാളെ ഉപരിസഭ നാമനിർദ്ദേശം ചെയ്യും.[19]. പിരിഞ്ഞു പോകുന്ന ഡയറക്റ്റർക്ക് നഷ്ടുപരിഹാരത്തിനുള്ള നിശ്ചിതതുകയും നല്കേണ്ടിയരുന്നു. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യാൻ മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു.ജനഹിതത്തെ മുൻനിർത്തി, വിപ്ലവമൂല്യങ്ങൾ വിസ്മരിക്കാത്ത ഭരണകൂടമായിരിക്കും ഡയറക്റ്ററിയെന്ന പൊതു പ്രഖ്യാപനവും നടന്നു.[21].
വിഘ്നങ്ങൾ
തുടക്കം മുതലേ ഡയറക്റ്ററിക്ക് തടസ്സങ്ങൾ അഭിമൂഖീകരിക്കേണ്ടി വന്നു. ഭക്ഷ്യക്ഷാമം, കാലിയായ ഖജാന, അഷിന്യ (assignat ) എന്ന കടലാസു പണത്തിന് (paper money )തീരെ വിലയില്ലാതായി അവസ്ഥ; അതിർത്തിയിൽ ശത്രുസൈന്യങ്ങളുടെ ഭീഷണി. [22],[23],[24]. ഇതിനൊക്കെപ്പുറമെ ഡയറക്റ്ററി ഭരണത്തിനെതിരായി പാരിസിന്റെ പലഭാഗങ്ങളിൽ രാജപക്ഷത്തിന്റേയും തീവ്രദേശീയവാദികളുടേയും ഇടതുപക്ഷത്തിന്റേയും വിപക്ഷ രാഷ്ട്രീയക്കൂട്ടായ്മകളും രൂപം കൊള്ളാൻ തുടങ്ങി.ബാബഫിന്റെ പാന്തിയോൺ ക്ലബും[25] (Club du Pantheon ) രാജപക്ഷക്കാരുടെ ക്ലിഷിക്ലബ്ബും[26] ആയിരുന്നു ഇവയിൽ മുഖ്യം. ഇവയൊക്കെ അടച്ചു പൂട്ടാൻ ഡയറക്റ്റി ഉത്തരവിട്ടു, സമൂഹദ്രോഹികൾക്കെതിരായി നിയമം പ്രാബല്യത്തിൽ വന്നു.[27] പത്രസ്വാതന്ത്ര്യം വെട്ടിക്കുറച്ചു.[28]
ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ 1796-1797
ഇറ്റാലിയൻ ആക്രമണത്തിനുള്ള സൈനികനേതൃത്വം ബറാസ്സ് , നെപോളിയൻ ബോണപാർട്ടിനു നല്കി. നെപോളിയന്റെ തുടരെത്തുടരെയുള്ള യുദ്ധവിജയങ്ങൾ ഫ്രഞ്ചു ജനതയെ ആവേശം കൊള്ളിച്ചു. യുദ്ധമുതൽ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്തു.[29] വിജയശ്രീലാളിതനായി 1797 ഡിസമ്പറിൽ പാരീസിൽ തിരിച്ചെത്തിയ നെപോളിയന് ഫ്രഞ്ചുജനത അതിഗംഭീരമായ സ്വീകരണം നല്കി. ഈയവസരത്തിൽ തനിക്ക് ഡയറക്റ്ററി അംഗമാകണമെന്ന് നെപോളിയൻ ഇച്ഛ പ്രകടിപ്പിച്ചതായും, നാല്പതു വയസ്സാകാത്തതുകാരണം നിരസിക്കപ്പെട്ടതായും സൂചനകളുണ്ട്.[30]
ക്ലിഷി ക്ലബ്
റോബേസ്പിയറുടെ ഭീകരവാഴ്ചക്കാലത്ത് പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത ഒട്ടേറെ പേരെ ഡയറക്റ്ററി കുറ്റവിമുക്തരായക്കി. ഇവരിൽ ഒരു സംഘം ക്ലിഷി റോഡിലെ താവളത്തിൽ സമ്മേളിക്കാൻ തുടങ്ങി. വലതുപക്ഷച്ചായ്വുകാരായിരുന്ന ഇവർ മിതവാദികളേയും ആകർഷിച്ചു. ഭികരവാഴ്ചയും റോബേസ്പിയർ കാലഘട്ടവും അവസാനിച്ചതോടെ തീവ്രഇടതു പക്ഷമായിരുന്ന ജാക്കോബിൻ ക്ലബ്ബ് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഇടക്കാലതിരഞ്ഞെടുപ്പിൽ ക്ലിഷിയന്മാർക്ക് നിയമസഭയിൽ ഗണ്യമായ അംഗസംഖ്യ നേടിയെടുക്കാനായി. ജനാധിപത്യകക്ഷികൾ(റിപബ്ലിക്കൻസ്), മിതവാദികളേയും ക്ലിഷിയന്മാരേയും രാജപക്ഷക്കാരെന്ന് മുദ്രകുത്തി. ക്ലിഷിയന്മാരായിരുന്ന ബർതലസ് ബർതലോമി ഡയറക്റ്ററി അംഗമായും, പിച്ചെഗ്രു അധോസഭയുടെ അധ്യക്ഷനായും, മാർബ്വാ ഉപരിസഭയുടെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭയിൽ ക്ലിഷി ക്ലബിന്റെ സ്വാധീനം വർധിച്ചു[31]. ഈ സ്വാധീനത്തെ നിർവീര്യമാക്കാനാണ് വിപ്ലവവർഷം V ഫ്രുക്റ്റിഡോർ 18-ന് രാഷ്ട്രീയ അട്ടിമറി നടന്നത്.
പാന്തിയോൺ ക്ലബ്
1795 ഒക്റ്റോബറിൽ പുതിയ ഭരണഘടനക്കെതിരായാണ് ബാബഫും കൂട്ടരും പാന്തിയോൺ ക്ലബ് തുടങ്ങിയത്. വോട്ടവകാശം നികുതിദായകർക്കു മാത്രം (അതായത് സ്വത്തുടമകൾക്കു മാത്രം) അനുവദിച്ചതിനേയും നിയമസഭയിൽ വിവേചനപരമായ രണ്ടു മണ്ഡലങ്ങൾ കൊണ്ടുവന്നതിനേയും ജനസമൂഹത്തെ ശ്രേണികളായി വിഭജിച്ചുകൊണ്ടുള്ള ഡയറക്റ്ററിയുടെ ഭക്ഷ്യ-സാമ്പത്തിക നയങ്ങളേയും ബാബഫും കൂട്ടരും എതിർത്തു.[25]. സ്ഥിതിസമത്വം എന്ന വിപ്ലവമൂല്യം പുതിയ ഭരണഘടനയിൽ അപ്രത്യക്ഷമായെന്നും ഇതുകൊണ്ടൊക്കെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്നും ട്രിബൂൺദുപേപ്ല്(Tribune du peuple) എന്ന തന്റെ പത്രത്തിലൂടെ ബാബഫ് വാദിച്ചു.[32] [33] ബാബഫും അനുയായികളും സമ്മേളിച്ചത് പാന്തിയോൺ എന്ന പുരാതനദേവാലയത്തിൽ വെച്ചായിരുന്നതിനാൽ കൂട്ടായ്മക്കും അതേ പേരു വീണു. സമൂഹത്തിൽ സ്ഥിതിസമത്വം കൊണ്ടുവരാനായി ഡയറക്റ്ററിയുടെ സ്വേച്ഛാധിപത്യത്തിനെതിരായി ആയുധമെടുക്കാൻ പ്രകടനപത്രികയിലൂടെ[34] ബാബോഫ് ആഹ്വാനം ചെയ്തു. വിശപ്പും തണുപ്പും കൊണ്ട് മരിച്ചു പോകുന്നവരെച്ചൊല്ലിയുള്ള ബാബഫിന്റെ വിലാപഗാനം(Mourant de faim, mourant de froid)[35] പാരീസിൽ എങ്ങും മുഴങ്ങിക്കേട്ടു. ജനകീയപ്രക്ഷോഭം ഉണ്ടായേക്കാമെന്ന നിലവന്നപ്പോൾ ബാബഫ് അറസ്റ്റു ചെയ്യപ്പെട്ടു, 1797 മേയ് 27-ന് വധശിക്ഷക്കിരയായി.[36]
രാഷ്ട്രീയ സംഘർഷങ്ങൾ
സ്ഥാനനമൊഴിഞ്ഞ ലെടൂണർക്കുപകരമായി ക്ലിഷിയൻ ബെർതലേമി ഡയറക്റ്ററി അംഗമായി. റൂബേലും ബറാസ്സും ലെവാലിയറും ഒരു വശത്തും ക്ലിഷിയന്മാരായ കാർണോട്ടും ബെർതലേമിയും മറുവശത്തുമായി നടന്ന വടംവലികൾ ഭരണനിർവഹണത്തെ ബാധിക്കാൻ തുടങ്ങി.[37], [38]. റൂബേലിനേയും ലെവാലിയറേയും ബറാസിനേയും വധിക്കാനുള്ള ഗൂഢാലോചനകളും നടന്നതായി ബറാസ് രേഖപ്പെടുത്തുന്നു.[39]. ബൂർബോൺ രാജവംശത്തെ ഫ്രാൻസിൽ പുനസ്ഥാപിക്കാൻ ക്ലിഷിക്ലബ് വിദേശശക്തികളുടെ സജീവസഹായം തേടുന്നെന്ന വാർത്തയും പരന്നു.[40],
ഫ്രുക്റ്റിഡോർ 18, വിപ്ലവവർഷം V (4 സപ്റ്റമ്പർ 1797)
സംഗതികൾ മൂർധന്യത്തിലെത്തിയപ്പോൾ യുദ്ധന്നണിയിലായിരുന്ന നെപോളിയൻ തന്റെ കീഴുദ്യോസ്ഥൻ ഓഷറുവിനെ പാരീസിലേക്കയച്ചു.[41], ബറാസ് ഒരു വിഭാഗം സൈന്യത്തിന്റെ പിന്തുണയോടെ ഫ്രുക്റ്റിഡോർ പതിനെട്ടിന് നന്നേ പുലർച്ചേ രാജപക്ഷക്കാരുടെ നേതാക്കളേയും മൂന്നൂറോളം മുഖ്യസഹയോഗികളും വളഞ്ഞു പിടിച്ചു. കാർണോട്ട് ജെനീവയിലേക്കു രക്ഷപ്പെട്ടു, ബെർതലേമിയും , പിച്ചെഗ്രുവും കാരാഗ്രഹത്തിലും, ഇവരെല്ലാവരും പിന്നീട് ഗയാനയിലേക്ക് നാടുകടത്തപ്പെട്ടു. [42]. കാർണോട്ടിനും ബെർതലേമിക്കും പകരമായി മെർലിനും നൂഷാറ്റും ഡയറക്റ്ററി അംഗങ്ങളായി.[43] ഔദ്യോഗികതലത്തിൽ രാജപക്ഷക്കാരായ ഉദ്യോഗസ്ഥർ പിരിച്ചു വിടപ്പെട്ടു, പകരം റിപബ്ലിക്കൻ ചായ്വുള്ളവർ സ്ഥാനമേറ്റു.[44].
കാംപോഫെർമോ ഉടമ്പടിയിലൂടെ ഇറ്റാലിയൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി 1797 ഡിസമ്പറിൽ പാരീസിലെത്തിയ നെപോളിയനേയും സൈന്യത്തേയും ഫ്രഞ്ചുജനത അതി ഗംഭീരമായി വരവേറ്റു. നെപോളിയന്റെ വർധിച്ചുവരുന്ന ജനപ്രിയത ബറാസ്സിനെ ആശങ്കാകുലനാക്കിയെന്നുും ഫ്രഞ്ചു രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്ന് നെപോളിയനെ മാറ്റി നിറുത്താനുള്ള ഭാഗമായാണ് ഈജിപ്ഷ്യൻ ദൗത്യത്തെ ബറാസ് അംഗീകരിച്ചതെന്നും ചില ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു.[45]. 1798 മെയ് 10-ന് നെപ്പോളിയനും സൈന്യവും ഈജിപ്ത് കീഴടക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടു.[46].
ഫ്ലോറിയാൽ 22, വിപ്ലവവർഷം VI(11 മെയ് 1798)
ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായ ഫലം ലഭിക്കാൻ ഡയറക്റ്ററി രഹസ്യമായി പണം ചെലവഴിച്ചെങ്കിലും, കണക്കുകൂട്ടലുകൾക്കെതിരായി[47] തീവ്രഇടതുപക്ഷത്തിന് ഗണ്യമായ സീറ്റുകൾ ലഭിച്ചു. നെപോളിയന്റെ സഹോദരൻ ലൂസിയെൻ ബോണപാർട്ട് അധോസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്ലോറിയൽ 22-ന് ഡയറക്റ്ററി അംഗങ്ങൾ ഏകപക്ഷീയമായി മുപ്പതോളം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു അസാധുവായി പ്രഖ്യാപിച്ച് തീവ്രഇടതുപക്ഷക്കാരാണെന്ന് സംശയം തോന്നിയ നൂറിൽപ്പരം അംഗങ്ങളെ അധോസഭയിൽ നിന്നു സ്ഥാനഭൃഷ്ടരാക്കി.[48] ഈ നീക്കം രണ്ടുസഭകളേയും കൂടുതൽ പ്രക്ഷുബ്ധമായി.[49] എങ്കിലും ഡയറക്റ്ററി ഉറച്ച നിലപാടെടുത്തു. പ്രയറിയാൽ ഒന്നിന് ( 1798 മെയ് 20) ഭരണഘടനപ്രകാരം സ്ഥാനമൊഴിഞ്ഞ ഡയറക്റ്റർ നുഷേറ്റിനു പകരം, ജർമൻ പ്രവിശ്യയിലെ അംബാസഡറായിരുന്ന ട്രെയിലാഡ് ഡയറക്റ്ററിയിൽ അംഗമായി ചേർന്നു.[50]. ട്രെയിലാഡിന്റെ അംബാസഡർസ്ഥാനത്തിന്റെ കാലാവധി പിന്നേയും ഏതാനും മാസങ്ങൾ കഴിഞ്ഞേ തീരുമായിരുന്നുള്ളു. വിപ്ലവവർഷം III-ലെ ഭരണഘടനയനുസരിച്ച് ഉദ്യോഗകാലാവധി കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കുശേഷമേ പുതിയൊരു ഔദ്യോഗികപദവിയിൽ ചേരാൻ അനുമതിയുണ്ടായിരുന്നുള്ളു. പക്ഷെ ട്രെയിലാഡിനെ ഡയറക്റ്ററിയിൽ അംഗമായി ചേർക്കുന്ന സമയത്ത് ആരും ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ചില്ല. [51].
പ്രയറിയാൽ VI-ഫ്ലോറിയാൽ VII (ജൂൺ-1798-മെയ് 1799)
അടുത്ത ഒരു വർഷം ഫ്രാൻസിനകത്തും പുറത്തും സ്ഥിതിഗതികൾ അസ്വസ്ഥജനകമായിരുന്നു. നെപോളിയൻ സൈനികവിജയങ്ങൾ നേടിയെടുത്ത് റിപബ്ലിക്കുകളായി പ്രഖ്യാപിച്ച യൂറോപ്യൻ നാട്ടുരാജ്യങ്ങൾ ഫ്രാൻസിനെതിരെ അണിനിരന്നു. ഈജിപ്തിൽ നിന്ന് നെപോളിയൻ അയച്ച വിവരങ്ങളും വളരെയൊന്നും പ്രോത്സാഹജനകമായിരുന്നില്ല. ഈജിപ്ത് തീരത്ത് നങ്കുരമടിച്ചിരുന്ന ഫ്രഞ്ചുനാവികബലത്തെ ബ്രിട്ടീഷ് അഡ്മിറൽ നെൽസൺ,പാടെ തകർത്തതോടെ നെപോളിയൻ ഈജിപ്തിൽ കുടുങ്ങിപ്പോയി, ഇന്ത്യയിലേക്കുള്ള വഴികളും അടഞ്ഞു പോയി. നിയമസഭകൾക്കകത്തും പുറത്തും രാജപക്ഷക്കാരും തീവ്രഇടതുപക്ഷവും വീണ്ടും കരുനീക്കങ്ങൾ തുടങ്ങി. രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദമായ റിപോർട്ട് അധോസഭ ആവശ്യപ്പെട്ടു. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും ആ റിപോർട്ട് സമർപ്പിക്കാൻ ഡയറക്റ്ററി തയ്യാറായില്ല.1799 മെയ് മാസത്തിൽ റൂബെൽ ഡയറക്റ്ററിയിൽ നിന്നു വിരമിച്ചു.
പ്രയറിയാൽ30, വിപ്ലവവർഷം VII (18ജൂൺ 1799)
ഭരണനിർവഹണത്തിൽ ഡയറക്റ്ററിയുടെ കെടുകാര്യസ്ഥത പ്രകടമായി. ട്രെയിലാർഡിന്റെ നിയമനത്തിലെ ഭരണഘനാലംഘനം അധോസഭ ഗുരുതരമായി കണ്ടു. ട്രെയിലാർഡിന്റെ നിയമനം അസാധുവാക്കി. മെർലിനും ലെവാലിയറും കാര്യപ്രാപ്തിയില്ലാത്തവരാണെന്നു പറഞ്ഞ് അവരേയും അധോസഭ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു.[52] ബറാസ് മാത്രം ഡയറക്റ്റി അംഗമായിത്തുടർന്നു. പുതുതായി ഗോഹിയർ, മൂലീൻ, ഷീയെസ്, ഡൂക്കോസ് എന്നീ നാലുപേർ ഡയറക്റ്ററിയിലേക്കു നിയമിക്കപ്പെട്ടു.[53].
പതനം
അധോസഭ ഡയറക്റ്ററിയുടെ ഓരോ നീക്കത്തേയും കാര്യകാരണമെന്യെ ചെറുത്തതായി ബറാസ് രേഖപ്പെടുത്തുന്നു. അതിർത്തിയിൽ ശത്രുരാജ്യങ്ങളിൽ ഫ്രാൻസിനെതിരെ സജീവമായ പടയെടുപ്പു നടന്നു, രാജ്യത്തിനകത്ത് വിഘടനവാദികളും ഊർജ്ജിതരായി[54]. ഡയറക്റ്ററി അവതരിപ്പിച്ച പ്രമേയങ്ങളിൽ തീരുമാനമെടുക്കാതെ മുൻഡയറക്റ്റർമാരുടെ ഉത്തരവാദിത്തമില്ലായ്മ തെളിയിക്കുന്ന തിരക്കിലായിരുന്നു നിയമസഭ.[55]. ഇത്തരുണത്തിൽ നെപോളിയനെ ഈജിപ്തിൽ നിന്ന് തിരിച്ചു വിളിക്കാനുള്ള ആലോചന നടന്നതായി പറയുന്നു [56]. രാഷട്രീയക്കൂട്ടായ്മകൾ പൂട്ടിക്കാനുള്ള ശ്രമങ്ങൾ വീണ്ടും നടന്നു.[57]. VII മെസിഡോർ 24-ന്( 1799ജൂലൈ 12 ) രാജ്യദ്രോഹികളേയും അവരുടെ ബന്ധുക്കളേയും തടവിലാക്കാനോ നാടുകടത്താനോ ഉള്ള നിയമം പ്രാബല്യത്തിൽ വന്നു.[58]. VIII വെൻഡർമേർ 17-ന് (1799 ഒക്റ്റോബർ 9) ബുർബോൺ രാജവാഴ്ച പുനസ്ഥാപിക്കാനായി ലൂയി പതിനെട്ടാമൻ ബറാസ്സിനെഴുതിയ ഒരു രഹസ്യ സന്ദേശം ഡയറക്റ്ററിക്കു ലഭിച്ചു. തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്നു ബറാസ്സ് ശഠിച്ചു. [59]. എന്നാൽ, ഭരണഘടന അസാധുവാക്കപ്പെട്ട ബ്രൂമേർ 18-19-ന് ബറാസ് തികഞ്ഞ നിഷ്ക്രിയത പാലിച്ചതും വളരെ പിന്നീട് ലൂയി പതിനെട്ടാമൻ സിംഹാസനമേറിയപ്പോൾ ബറാസിന് രാഷ്ട്രീയോപദേഷ്ടാവ് എന്ന പദവി ലഭിച്ചുവെന്നതും കണക്കിലെടുത്ത് ചരിത്രകാരന്മാർ ബറാസ് സംശയാതീതനല്ലെന്നു വാദിക്കുന്നു.[60]. പലരുടേയും അഭിപ്രായത്തിൽ രണ്ടു സമാന്തര ഗൂഢാലോചനകൾ നിലവിലിരുന്നു. ഒന്നാമത്തേത് ഷീയെസിന്റെ- നിലവിലുള്ള ഭരണഘടന റദ്ദാക്കി പുതിയൊരു റിപബ്ലിക്കൻ ഭരണ സംവിധാനം നടപ്പിലാക്കുക. രണ്ടാമത്തേത് ബറാസിന്റെ- രാജപക്ഷക്കാരോടു ചേർന്ന് രാജവാഴ്ച പുനസ്ഥാപിക്കുക.[61]. ഷീയെസ് തന്റെ ചിന്താഗതികൾ സഹഡയറക്റ്റർമാരുമായി പങ്കു വെച്ചു,ഡൂക്കോസ് ഷിയെസിനെ അനുകൂലിച്ചു, ഗോഹീയറും മൂലിനും എതിർപ്പു രേഖപ്പെടുത്തി. ബറാസ് ദുരൂഹമായ വിധത്തിൽ നിഷ്പക്ഷത പാലിച്ചു.
അത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉപരിസഭയിൽ മിതവാദികൾക്കായിരുന്നു ഭൂരിപക്ഷം. അവർ ഷീയെസിന്റെ അനുകൂലികളുമായിരുന്നു. അധോസഭയിൽ ലൂസിയൻ ബോണപാർട്ടായിരുന്നു അധ്യക്ഷനായിരുന്നതെങ്കിലും ഇടതുപക്ഷത്തിനായിരുന്നു ഭൂരിപക്ഷം. ഭരണഘടന റദ്ദാക്കുന്നതിനെ അംഗങ്ങൾ എതിർക്കുമെന്നത് സുനിശ്ചിതമായിരുന്നു.[62]. അതിനാൽ തന്താങ്ങളുടെ പദ്ധതികൾ നടപ്പാക്കാൻ സൈനിക പിന്തുണ കൂടിയേ തീരുവെന്ന് ഷീയെസിനും ബറാസ്സിനും നല്ല ബോധ്യമുണ്ടായിരുന്നു. ഷീയെസ് സഹായിയായി കണ്ട ഫ്രഞ്ചു ജനറൽ ഷൗബർട്ട്, ആകസ്മികമായി ആയിടക്ക് യുദ്ധരംഗത്തു വെച്ച് മരണമടഞ്ഞു. അതുകൊണ്ട് വ്യക്തമായ ഔദ്യോഗിക നിർദ്ദേശങ്ങളില്ലാതെ, സൈന്യത്തെ ഈജിപ്തിൽ ഉപേക്ഷിച്ച്, സ്വമേധയാ പാരീസിൽ തിരിച്ചെത്തിയ നെപോളിയനുമായി ഷീയെസും ബറാസ്സും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. വ്യക്തവും കൃത്യവുമായ രാഷ്ട്രീയവീക്ഷണവും പദ്ധതിയും ഉണ്ടായിരുന്ന ഷീയെസിന് നെപോളിയൻ പിന്തുണ പ്രഖ്യാപിച്ചു.[63]
ബ്രൂമേർ 18-19, വിപ്ലവവർഷം Year VIII (9-10 നവമ്പർ 1799)
ബ്രൂമേർ 18-ന് രാവിലെ ഏഴുമണിക്ക് ഉപരിസഭയുടെ അടിയന്തരയോഗം വിളിച്ചു കൂട്ടി. ഷീയെസിന്റെ അനുയായികളേ മാത്രമേ ഈ വിവരം അറിയിച്ചുള്ളു. അകത്തും പുറത്തുമുള്ള ശത്രുക്കളിൽ നിന്ന് ഫ്രാൻസിന് വൻഭീഷണി നേരിട്ടിരിക്കുന്നെന്നും,പ്രതിസന്ധിയെപ്പറ്റി ചർച്ചചെയ്യാൻ രണ്ടു മണ്ഡലങ്ങളും പിറ്റേന്ന് പാരീസിനു പുറത്ത് സാക്ലൂഡിൽ യോഗം ചേരണമെന്നും നിയമസഭാംഗങ്ങളുടെ ജീവൻ തന്നെ അപകടത്തിലായ സ്ഥിതിക്ക് സുരക്ഷക്കായി നെപോളിയൻറെ നേതൃത്വത്തിൽ സൈന്യം തയ്യാറായി നില്ക്കുമെന്നുമുള്ള പ്രമേയം സഭ പാസ്സാക്കി, ഭരണഘടനയിലെ 102-104 ഖണ്ഡികകൾ ഇതനുവദിച്ചിരുന്നു. [64]. പിറ്റേന്നത്തെ പരിപാടികൾക്കുള്ള അണിയറ ഒരുക്കങ്ങൾ നടന്നു. ഷീയെസും ഡൂക്കോസും രാജി വെച്ചെങ്കിലും ബറാസ്സിനെ തന്ത്രപൂർവും അനുനയിപ്പിക്കേണ്ടി വന്നു,[65] ഗോഹിയറും മുലീനും രാജിവെക്കാൻ തയ്യാറായില്ല. ഒടുവിൽ കടുത്ത നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.[66],[67]
ബ്രൂമേർ പത്തൊമ്പതിന് സാക്ലൂഡിൽ രണ്ടിടങ്ങളിലായി രണ്ടു സഭകളും യോഗം ചേർന്നു. രാഷ്ട്രത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തി ഭരണഘടന റദ്ദാക്കിയതായും, ഡയറക്റ്ററി അംഗങ്ങൾ സ്വമേധയാ രാജിവെച്ചൊഴിഞ്ഞതായും രണ്ടു നിയമസഭകളും പിരിച്ചു വിട്ടതായും നെപോളിയനും ഷീയെസും ഡൂക്കോസുമടങ്ങുന്ന മൂന്നംഗകൗൺസിൽ താത്കാലികമായി ഭരണമേറ്റതായുമുള്ള പ്രമേയങ്ങൾ ഉപരിസഭ പാസ്സാക്കി. ന്യൂനപക്ഷം എതിർപ്പു പ്രകടിപ്പിച്ചെങ്കിലും നെപോളിയന് അതൊക്കെ അഭിമുഖീകരിക്കാനായി. എന്നാൽ അധോസഭ വളരെ പ്രക്ഷുബ്ധമായിരുന്നു. നെപോളിയന് കഠിനമായ എതിർപ്പ് നേരിടേണ്ടി വന്നു. ശത്രുക്കളുടെ ഗൂഢാലോചനയെപ്പറ്റിയുള്ള വിശദാംശങ്ങൾ അറിയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് അംഗങ്ങൾ വാദിച്ചു. തൃപ്തികരമല്ലാത്ത ഉത്തരങ്ങൾ അവരെ അക്രമോത്സുകരാക്കി.[68],[69] ഒടുവിൽ അധ്യക്ഷനെന്ന നിലക്ക് ലൂസിയെൻ സൈനിക സഹായം തേടി, നിയമസഭ പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.[70],[71].
അന്നു രാത്രി വളരെ വൈകി നെപോളിയൻ ഫ്രഞ്ചുജനതക്ക് ഒരു തുറന്ന കത്തെഴുതി. ദേശഭക്തനായ സൈനികനെന്ന നിലക്ക് ഫ്രാൻസിന്റെ അഖണ്ഡതയും സുരക്ഷയും മുൻനിർത്തിയാണ് താനിപ്രകാരം പ്രവർത്തിച്ചതെന്നായിരുന്നു ഉള്ളടക്കം.[72]
ഭരണഘടന- വിപ്ലവവർഷം VIII
ഭരണകൂടവും നിയമനിർമ്മാണസഭകളും സ്വതന്ത്രവും കാര്യക്ഷമവുമായ ഒരു റിപബ്ലിക്കൻ ഭരണവ്യവസ്ഥയാണ് ഷീയെസ് തയ്യാറാക്കിയത്. പക്ഷേ അത് മുഴുവനായും പൊളിച്ചു മാറ്റി ,സ്വേച്ഛാധിപത്യത്തിനു അനുകൂലമായ വിധത്തിൽ നെപോളിയൻ ഭേദഗതികൾ വരുത്തിയ വിപ്ലവവർഷം എട്ടിലെ ഭരണഘടന നെപോളിയനെ ഒരു പടി മുകളിൽ മുഖ്യകോൺസിലായും ഡൂക്കോസിനേയും കാംബേഴ്സിനേയും ഉപകൗൺസിലർമാരായും നിയമിച്ചു.[73] 1802-ൽ വരുത്തിയ ഭേദഗതികൾ നെപോളിയനെ ആജീവനാന്തം കോൺസിലായും[74] വിപ്ലവവർഷം XII-ലെ ഭരണഘടന (1804) ചക്രവർത്തിയായും വാഴിച്ചു.[75]
ഡയറക്റ്ററി അംഗങ്ങൾ
ഡയറക്റ്ററി അംഗങ്ങളുടെ സേവനകാലവും മറ്റു വിവരങ്ങളും [76]
അവലംബം
- ↑ BarrasI, p. 99-100.
- ↑ Lewes, p. 286-7.
- ↑ Anderson, p. 151-7 വിപ്ലവക്കോടതികൾ.
- ↑ Anderson, p. 159 പൊതുസുരക്ഷാസമിതി.
- ↑ BarrasI, p. 188.
- ↑ Lewes, p. 287-8.
- ↑ BarrasI, p. 191-193.
- ↑ CarlyleII.
- ↑ Lewes, p. 288,290.
- ↑ Anderson, p. 185, Law of Suspects.
- ↑ Anderson, p. 194-204, സുരക്ഷാനിയമങ്ങൾ.
- ↑ Crowe, p. 75-97.
- ↑ Anderson, p. 214-255,ഭരണഘടന, വിപ്ലവവർഷം III.
- ↑ Crowe, p. 96-97.
- ↑ Crowe, p. 97.
- ↑ Crowe, p. 100.
- ↑ BarrasII, p. 2.
- ↑ BarrasII, p. 3.
- ↑ 19.0 19.1 "ഡയറക്റ്റിയുടെ പ്രസിഡൻഡുമാർ ശേഖരിച്ചത് 2015 ഒക്റ്റോബർ 5". Archived from the original on 2016-03-04. Retrieved 2015-10-05.
- ↑ BarrasII, p. 4.
- ↑ BarrasII, p. 5.
- ↑ BarrasII, p. 15.
- ↑ Brown, p. 34, 47-48.
- ↑ ScottI, p. 390.
- ↑ 25.0 25.1 BarrasII, p. 52.
- ↑ BarrasIII, p. 33.
- ↑ Anderson, p. 254 Law against public enemies.
- ↑ BarrasIII, p. xviii.
- ↑ ScottI, p. 39൭.
- ↑ BourrienneI 1831, p. 232.
- ↑ ScottI, p. 392.
- ↑ Prospectus for Le Tribun du Peuple
- ↑ Brown, p. 41-42.
- ↑ Manifeste des Egaux, (Manifesto of Equals)
- ↑ Laura Mason (1996). Singing the French Revolution: Popular Culture and Politics, 1787-1799. Cornell University Press. ISBN 9780801432330.
- ↑ BarrasII, p. 307,490.
- ↑ ScottI, p. 391-2.
- ↑ BarrasIII, p. xi,16-17.
- ↑ BarrasIII, p. 2-3.
- ↑ Brown, p. 38-9.
- ↑ ScottI, p. 395.
- ↑ BarrasIII, p. 23.
- ↑ BarrasIII, p. 49.
- ↑ BarrasIII, p. 42.
- ↑ ScottI, p. 404-5.
- ↑ ScottI, p. 408.
- ↑ BarrasIII, p. 226-8.
- ↑ BarrasIII, p. 253-5.
- ↑ BarrasIII, p. 259-63.
- ↑ BarrasIII, p. 267.
- ↑ BarrasIII, p. 417-419.
- ↑ BarrasIII, p. 422-5.
- ↑ BarrasIII, p. 427-8.
- ↑ BarrasIII, p. 466-7, 505-6.
- ↑ BarrasIII, p. 473, 515-7.
- ↑ BarrasIII, p. 485-6.
- ↑ BarrasIII, p. 516-7, 567.
- ↑ Anderson, p. 267-8 Law of Hostages.
- ↑ BarrasIII, p. 580-591.
- ↑ BarrasIV, p. xiii,xvi.
- ↑ BarrasIV, p. xxiii-iv,xxxiii-v.
- ↑ SAcottI, p. 441.
- ↑ ScottI, p. 445.
- ↑ ScottI, p. 446.
- ↑ BarrasIV, p. 122.
- ↑ ScottI, p. 447-8.
- ↑ Bourrienne, p. 242.
- ↑ ScottI, p. 447-9.
- ↑ Bourrienne, p. 243-4.
- ↑ ScottI, p. 449-452.
- ↑ Bourrienne, p. 244-5.
- ↑ Bourrienne, p. 246-7.
- ↑ Anderson, p. 271-282.
- ↑ Anderson, p. 324.
- ↑ Anderson, p. 343.
- ↑ "ഡയറക്റ്ററി അംഗങ്ങൾ". Archived from the original on 2013-10-13. Retrieved 2015-10-14.
- Anderson, Frank M. (1904). Constitutions & Other selective documents illustrating the History of France 1789-1901. The H.W Wilson Company.
{cite book}
: Cite has empty unknown parameter:|1=
(help)Constitutions & Other selective documents illustrating the History of France 1789-1901 - Barras, Paul (1895). Memoirs of Barras-A member of the Directorate Volume I. Harper & Brothers.
{cite book}
: Cite has empty unknown parameter:|1=
(help)Memoirs of Barras-A member of the Directorate Volume I - Barras, Paul (1895). Memoirs of Barras A member of the Directorate Volume II. Harper& Brothers.Memoirs of Barras- A member of the Directorate Volume II
- Barras, Paul (1896). Memoirs of Barras A member of the Directorate Volume III. Harper& Brothers.,Memoirs of Barras- A member of the Directorate Volume III
- Barras, Paul (1896). Memoirs of Barras - A member of the Directorate Volume IV. Harper& Brothers. Memoirs of Barras - A member of the Directorate Volume IV
- Bourrienne, =Louis Antoine Fauvelet de (1831). Private Memoirs of Napoleon Bonaparte: During the Periods of the Directory, the Consulate, and the Empire, Volume 1. Carey & Lea.
{cite book}
: CS1 maint: extra punctuation (link)Private Memoirs of Napoleon Bonaparte: During the Periods of the Directory, the Consulate, and the Empire, Louis Antoine Fauvelet de Bourrienne - Brown, Howard G. B. (2008). Ending the French Revolution: Violence, Justice, and Repression from the Terror to Napoleon. University of Virginia Pressyear= 2007. ISBN 9780813927299.
- Carlyle, Thomas (1860). The French Revolution, Volume 2. Harper & Brothers.The French Revolution, Thomas Carlyle
- Crowe, Eyre Evans (1843). The History of France, Volume 3. Harper.
{cite book}
: Cite has empty unknown parameter:|1=
(help)The History of France, Eyre Evans Crowe - Lewes, George Henry (1849). The life of Maximilien Robespierre: with extracts from his unpublished correspondence. Chapman and Hall.
{cite book}
: Cite has empty unknown parameter:|1=
(help) The life of Maximilien Robespierre: with extracts from his unpublished correspondence] - Scott, Sir Walter (1827). The life of Napoleon Buonaparte, emperor of the French : with a preliminary view of the French revolution, Volume 1. J.P. Ayres., The Life of Napoleon Buonaparte, Emperor of the French : with a Preliminary View of the French Revolution, Sir Walter Scott