തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം

തവിട്ടുനിറമുള്ള മൺപാത്രങ്ങൾ ലഭിച്ച സ്ഥാനങ്ങളുടെ ഭൂപടം

ഗംഗാ-യമുന സമതലത്തിൽ 2000 ബി.സി.ഇ മുതൽ 1500 ബി.സി.ഇ വരെ സിന്ധു-ഗംഗാ സമതലത്തിൽ കിഴക്കൻ പഞ്ചാബു തൊട്ടു വടക്കുകിഴക്കൻ രാജസ്ഥാനും പടിഞ്ഞാറൻ ഉത്തർപ്രദേശും വരെയുള്ള പ്രദേശത്ത് നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം (ഓക്ര് നിറമുള്ള മൺപാത്രസംസ്കാരം).[1][2] ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടർച്ചയായും നിലനിന്നു. വടക്കേ ഇന്ത്യൻ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മൺപാത്ര സംസ്കാരം. ഇതിനു പിന്നാലെ അയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്ര, ചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങൾ നിലവിൽ വന്നു. രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മൺപാത്രങ്ങളുടെ ആദ്യകാല അവശിഷ്ടങ്ങൾക്ക് ക്രി.മു. 3-ആം സഹസ്രാബ്ദം പഴക്കം നിർണ്ണയിച്ചിരിക്കുന്നു. (ജോഥ്പുര എന്നത് ജോഥ്പൂർ നഗരമല്ല). ഈ സംസ്കാരം ഗംഗാതടത്തിൽ എത്തിയത് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ്.

ഉദ്ഖനനം ചെയ്ത മൺപാത്രങ്ങൾ പുരാവസ്തുഗവേഷകരുടെ കൈകളിൽ തവിട്ടുനിറം അവശേഷിപ്പിച്ചതിനാലാണ് പുരാവസ്തുസംസ്കാരത്തിന് ഈ പേര് ലഭിച്ചത്.

ഭൂമിശാസ്ത്രം

അരവല്ലി പർവ്വതനിരകളിൽ നിന്നുത്ഭവിച്ച് തെക്ക് നിന്ന് വടക്കുകിഴക്കോട്ട് യമുനാനദിയുടെ ദിശയിലൊഴുകി ഹരിയാനയിലെ മഹേന്ദ്രഗഢ് ജില്ലയിൽ അപ്രത്യക്ഷമാകുന്ന സാഹിബി നദിയുടേയും അതിന്റെ പോഷകനദികളായ കൃഷ്ണാവതി, സോതി എന്നീ നദികളുടേയും തീരങ്ങളിൽ സംസ്കാരങ്ങൾ ഉയർന്നു വന്നു.[3] തവിട്ടുനിറമുള്ള മൺപാത്രങ്ങൾ ലഭിച്ച സ്ഥാനങ്ങളായ അത്രാഞ്ജിഖേര, ലാൽ കില, ജിഞ്ജന, നാസിർപൂർ എന്നിവയുടെ കാലഗണന ബി.സി.ഇ 2600 മുതൽ 1200 വരെയാണ്.[4]

ബി.സി.ഇ രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ ഈ സംസ്കാരം ഗംഗാസമതലത്തിലെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ നടത്തിയ ഖനനത്തിൽ ചെമ്പ് മഴുവും ചില മൺപാത്രങ്ങളും കണ്ടെത്തി.[5]

മൺപാത്രനിർമ്മാണം

കുഴിച്ചെടുക്കപ്പെട്ട മൺപാത്രങ്ങളിൽ ചുവന്ന വരകൾ ഉണ്ടായിരുന്നു. എന്നാൽ അത് കുഴിച്ചെടുത്ത പുരാവസ്തുഗവേഷകരുടെ വിരലുകളിൽ ഒരു തവിട്ടുനിറം (ഓക്രെ) നൽകി. അതിനാലാണ് ഈ വെങ്കലയുഗസംസ്കാരം "തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം" എന്നറിയപ്പെടുന്നത്. മൺപാത്രങ്ങൾ ചിലപ്പോൾ കറുത്ത ചായം പൂശിയ ബാൻഡുകളും മുറിച്ച പാറ്റേണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ചെമ്പ് ആയുധങ്ങളുടെയും മനുഷ്യരൂപങ്ങൾ പോലുള്ള മറ്റ് പുരാവസ്തുക്കളുടെയും ശേഖരണങ്ങളുടെ കൂടെ ഈ മൺപാത്രങ്ങൾ പലപ്പോഴും കാണപ്പെടുന്നു.

കൃഷി

കോസംബിയിൽ നിന്ന് ലഭിച്ച ഓട്ടിലുള്ള പുരാവസ്തു (ബി.സി.ഇ 2000-1700)

തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം ഗ്രാമീണവും കാർഷികവുമായിരുന്ന ഒരു സംസ്കാരമായിരുന്നു. നെല്ല്, ബാർലി, പയർവർഗ്ഗങ്ങൾ എന്നിവയുടെ കൃഷിയും കന്നുകാലികൾ, ആട്, പന്നികൾ, കുതിരകൾ, നായ്ക്കൾ എന്നിവയെ വളർത്തലും സാധാരണമായിരുന്നു. ഭൂരിഭാഗം പുരാവസ്തുസൈറ്റുകളും ചെറിയ ഗ്രാമങ്ങളായിരുന്നെങ്കിലും ഇടതൂർന്ന വിതരണമായിരുന്നു. വീടുകൾ സാധാരണയായി മണ്ണ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ലഭിച്ച മറ്റ് പുരാവസ്തുക്കളിൽ മൃഗങ്ങളുടെയും മനുഷ്യരുടെയും പ്രതിമകളും ചെമ്പും ടെറാക്കോട്ടയും കൊണ്ട് നിർമ്മിച്ച ആഭരണങ്ങളും ഉൾപ്പെടുന്നു.[6]

ചെമ്പ് കൊണ്ടുള്ള പുരാവസ്തുക്കളുടെ ശേഖരങ്ങൾ

മനുഷ്യരൂപങ്ങൾ, ചാൽക്കോലിത്തിക്ക് കാലഘട്ടത്തിലേത്

കോപ്പർ ഹോർഡുകൾ എന്ന പദം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ബി.സി.ഇ രണ്ടാം സഹസ്രാബ്ദത്തിലേതെന്ന് കരുതപ്പെടുന്ന ചെമ്പ് അധിഷ്‌ഠിത പുരാവസ്തുക്കളുടെ വിവിധ ശേഖരങ്ങളെ സൂചിപ്പിക്കുന്നു. നിയന്ത്രിത ഉത്ഖനനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ചുരുക്കം ചില പ്രാദേശിക ഗ്രൂപ്പുകളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്: തെക്കൻ ഹരിയാന/വടക്കൻ രാജസ്ഥാൻ, ഗംഗ-യമുന സമതലം, ഛോട്ടാ നാഗ്പൂർ, മധ്യപ്രദേശ്, ഓരോന്നിനും അവയുടെ പ്രത്യേക സ്വഭാവസവിശേഷതകളുണ്ട്. തുടക്കത്തിൽ, ചെമ്പ് ശേഖരങ്ങൾ കൂടുതലും ഗംഗാ-യമുന ദോവാബിൽ നിന്നാണ് ലഭിച്ചിരുന്നത്.

തെക്കൻ ഹരിയാന, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളിൽ മഴു, ചാട്ടുളികൾ, വാളുകൾ എന്നിവ ഉൾപ്പെടുന്നു. ദൊവാബിലെ ശേഖരങ്ങളും സമാനമാണ്. എന്നാൽ ഛോട്ടാ നാഗ്പൂർ പ്രദേശത്തെ പുരാവസ്തുക്കൾ വളരെ വ്യത്യസ്തമാണ്; അവ നേർച്ച സ്വഭാവത്തിലുള്ള ലേഹക്കട്ടികളോട് സാദൃശ്യമുള്ളവയാണ്.

രാജസ്ഥാൻ (ഖേത്രി), ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ (പ്രത്യേകിച്ച് സിംഗ്ഭും), മധ്യപ്രദേശ് (മലഞ്ച്ഖണ്ഡ്) എന്നിവിടങ്ങളിലെ വിവിധ സ്രോതസ്സുകളിൽ നിന്നാണ് അസംസ്കൃതവസ്തുക്കൾ ശേഖരിച്ചിരുന്നത്.

ഹാരപ്പൻ സംസ്കാരവും ഇന്തോ-ഇറാനിയൻ സംസ്കാരവുമായുള്ള ബന്ധം

ഈ സംസ്കാരത്തിന്റെ നിർമ്മിതികൾ പിൽക്കാല ഹാരപ്പൻ സംസ്കാരവുമായും വൈദിക സംസ്കാരവുമായും സമാനതകൾ കാണിക്കുന്നു.[7][8] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു കുടിയേറിയ ഇന്തോ-ഇറാനിയന്മാരുടെ പിൽക്കാല ഹാരപ്പൻ സംസ്കാരവുമായുള്ള സമ്പർക്കം തവിട്ടുനിറപാത്രസംസ്കാരത്തെ സ്വാധീനിച്ചിരിക്കാമെന്നു കരുതുന്നു.[8]

തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. അന്ത്യ ഹാരപ്പൻ ഘട്ടവുമായി ഇതിനു ബന്ധമുണ്ട്. ചിലർ ഈ സംസ്കാരത്തെ അന്ത്യ ഹാരപ്പൻ സംസ്കാരത്തിന്റെ ഒരുദാഹരണമായി കണക്കാക്കുന്നു. മറ്റുള്ളവർ ഇതിനെ ഒരു സ്വതന്ത്രസംസ്കാരമായി കണക്കാക്കുന്നു.[9]

പുരാവസ്തു ഗവേഷകനായ അക്കിനോരി ഉസുഗി, തവിട്ടുനിറമുള്ള മൺപാത്ര സംസ്‌കാരത്തെ സിന്ധു നാഗരികതയിൽ വേരൂന്നിയ ഘഗ്ഗർ താഴ്‌വരയിലെ ഒരു പ്രാദേശിക സംസ്കാരമായിരുന്ന ബാര ശൈലിയുടെ (2300- 1900 ബി.സി.ഇ) പുരാവസ്തു തുടർച്ചയായി [10]ഇതിനെ കണക്കാക്കുന്നു,

അവലംബം


പുറത്തുനിന്നുള്ള കണ്ണികൾ