നാരെസ് കടലിടുക്ക്
എല്ലെസ്മിയർ ദ്വീപിനും ഗ്രീൻലാന്റിനും ഇടക്കുള്ള ഒരു ജലപാതയാണ് നാരെസ് കടലിടുക്ക്. ബാഫിൻ ഉൾക്കടലിന്റെ വടക്കൻ ഭാഗമായ ഇവിടെ ഇത് ലിങ്കൺ കടലുമായി സന്ധിക്കുന്നു. ഈ കടലിടുക്കിന്റെ തെക്ക് മുതൽ വടക്കുവരെയുള്ള ഭാഗങ്ങളിൽ സ്മിത്ത് സൗണ്ട്, കെയ്ൻ ബേസിൻ, കെന്നഡി ചാനൽ, ഹാൾ ബേസിൻ, റോബ്സൺ ചാനൽ എന്നിവയും ഉൾപ്പെടുന്നു. 1962-64 കാലത്ത് ഏകദേശം 20 x 10 കിലോമീറ്റർ വ്യാസമുള്ള ഒരു ഭീമൻ ഹിമ ദ്വീപ് ലിങ്കൺ കടലിൽനിന്നു ദക്ഷിണഭാഗത്തേയ്ക്ക് നാരെസ്, ഡേവിസ് കടലിടുക്കുകൾ വഴി അറ്റ്ലാന്റിക് സമുദ്രം ലക്ഷ്യമാക്കി (ലാബ്രഡോർ കടൽ) നീങ്ങിയിരുന്നു.[1] നരേസ് കടലിടുക്കിന് വടക്കുഭാഗത്തുനിന്ന് ബ്യൂഫോർട്ട് ഗൈറിനാൽ ഉദ്ദീപനം ലഭിക്കുന്ന ഏതാണ്ട് സ്ഥിരമായ ഒരു സമുദ്രജലപ്രവാഹമുളളതിനാൽ തെക്കുനിന്നുള്ള കപ്പലുകൾക്ക് ഇവിടം മുറിച്ചുകടക്കൽ ബുദ്ധിമുട്ടേറിയതാണ്.
ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന ജോർജ് സ്ട്രോംഗ് നാരെസിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ട ഈ പേര് 1964 ൽ ഡാനിഷ്, കനേഡിയൻ സർക്കാരുകൾ അംഗീകരിച്ചിരുന്നു.
കടലിടുക്കും അയൽ ജലഭാഗങ്ങളും പൊതുവേ കപ്പൽ ഗതാഗതത്തിന് ഭീഷണിയാണ്. ഓഗസ്റ്റ് മാസത്തിൽ, സാധാരണയായി ഐസ്ബ്രേക്കറുകൾ ഇതു വഴി സഞ്ചരിക്കാറുണ്ട്. 1948 നു മുൻപ് കെയ്ൻ ബേസിനു വടക്കോട്ട് 5 കപ്പലുകൾ മാത്രം വിജയകരമായി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ൽ ആർട്ടിക് സൺറൈസ് എന്ന കപ്പൽ നടത്തിയ സഞ്ചാരമാണ് ജൂൺ മാസത്തെ ആർട്ടിക്ക് സമുദ്രത്തിലേക്കുള്ള അറിയപ്പെടുന്ന ആദ്യ പ്രവേശനം.[2] കടലിടുക്കിന്റെ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപായ ഹാൻസ് ഐലന്റിനുമേൽ ഡെന്മാർക്കും (ഗ്രീൻലാന്റിന് വേണ്ടി), കാനഡയും ഒരുപോലെ അവകാശവാദമുന്നയിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ തൂൾ ജനങ്ങൾ ആളുകൾ നരെസ് കടലിടുക്കിലെത്തിയിരുന്നു. അവിടെ അവർ വൈക്കിംഗുകൾക്കൊപ്പം വേട്ടയാടൽ, കച്ചവടം തുടങ്ങിയ കൃത്യങ്ങളിൽ വ്യാപൃതരായിരുന്നു. റൂയിൽ ദ്വീപിൽ തൂൾ സംസ്കാരത്തിന്റെയും വൈക്കിംഗ് സാന്നിധ്യത്തിന്റെയും പുരാവസ്തു അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്നു.
അവലംബം
- ↑ Münchow, Andreas; Melling, Humfrey; Falkner, Kelly K (2006). "An Observational Estimate of Volume and Freshwater Flux Leaving the Arctic Ocean Through Nares Strait" (PDF). Journal of Physical Oceanography. 36 (11): 2026. doi:10.1175/jpo2962.1. Archived from the original (PDF) on 2012-03-10. Retrieved 2010-12-23..
- ↑ Barkham, Patrick (2009-09-01). "The Sermilik fjord in Greenland: a chilling view of a warming world". The Guardian. London.