നെപോളിയന്റെ നിയമാവലി
Napoleonic Code or Code Napoléon | |
---|---|
Date effective | 21 March 1804 (frequently amended) |
ഫ്രഞ്ചു സിവിൽ നിയമങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗികവും ആധികാരികവുമായ നിയമപുസ്തകമാക്കിയത് നെപോളിയനാണ്. അതിനാൽ ഈ നിയമാവലി നെപോളിയന്റെ നിയമാവലി എന്നും അറിയപ്പെടുന്നു.[1] ഈ നിയമ വ്യവസ്ഥ പൗരാവകാശങ്ങൾ ഉറപ്പു വരുത്തി. ജന്മാവകാശങ്ങളും, സ്ഥാപിതതാത്പര്യങ്ങളും, മതാനുകൂല്യങ്ങളും പാടെ നിർത്തലാക്കി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന വസ്തു പ്രയോഗത്തിൽ വരുത്തി. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാർ ജോലികൾ നല്കുക എന്ന നിയമം കൊണ്ടുവന്നത് നെപോളിയനാണ്. സ്പഷ്ടമായും ലളിതമായും എഴുതപ്പെട്ട ഈ നിയമപുസ്തകം അധികം താമസിയാതെ യൂറോപ്പിന്റേയും ഫ്രഞ്ചു കോളനികളുടേയും നിയമാവലിയായി.[2] മറ്റു പല രാഷ്ട്രങ്ങളും നെപോളിയന്റെ നിയമാവലിയെ ആധാരമാക്കിയാണ് സ്വന്തം നിയമവ്യവസ്ഥകൾക്ക് രൂപം കൊടുത്തത്. സമത്വം എന്ന വിപ്ലവാദർശം ഉൾക്കൊണ്ടുകൊണ്ടിരുന്നെങ്കിലും നിയമാവലിയിൽ സ്ത്രീകൾക്ക് തുല്യ സ്ഥാനമുണ്ടായിരുന്നില്ല. അവർക്ക് രക്ഷാകർത്താവായ പിതാവിന്റേയോ ഭർത്താവിന്റേയോ അധീനതയിൽ കഴിയേണ്ടി വന്നു.[3][4]
വാട്ടർലൂവിലെ പരാജയം ഞാൻ വിജയിച്ച യുദ്ധങ്ങളുടെ സ്മരണകളെ പാടേ മായ്ച്ചു കളയും. പക്ഷെ എന്റെ നിയമാവലിയെ ഒന്നിനും മായ്ക്കാനാകില്ല അതെന്നെന്നും നിലനിൽക്കും. എന്ന് സെന്റ് ഹെലേനയിൽ വെച്ച് നെപോളിയൻ പറഞ്ഞുവത്രെ.[5]
പശ്ചാത്തലം
രാജവാഴ്ചക്കാലത്ത് ഫ്രാൻസിൽ സുഘടിതമായ നിയമവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഫ്യൂഡൽ പ്രഭുക്കളുടെ ഇച്ഛാനുസരണം നിയമങ്ങൾ രൂപപ്പെട്ടു. ഇറ്റലിയോടു തൊട്ടു കിടന്ന ദക്ഷിണഫ്രാൻസിൽ റോമൻ നിയമം പ്രചാരത്തിലിരുന്നു. എന്നാൽ ഉത്തരഭാഗങ്ങളിൽ ഫ്രാങ്ക് വംശജരുടെ പരമ്പരാഗത നിയമങ്ങളാണ് നിലനിന്നിരുന്നത്. ഇവക്കൊക്കെ സമാന്തരമായി പുറപ്പെടുവിക്കപ്പെട്ട ക്രൈസ്തവസഭയുടെ നിയമങ്ങളും രാജശാസനങ്ങളും പലപ്പോഴും ജനജീവിതത്തെ സങ്കീർണമാക്കി.[6] പലേ നിയമങ്ങളും വാമൊഴിയായി മാത്രം നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു. ഫ്രഞ്ചു ജനതക്ക് മുഴുവൻ ബാധകമായ ഏകരൂപേണയുള്ള നിയമവ്യവസ്ഥ(Unifrom civil code) സുഗമമായ ജനജീവിതത്തിനും ദേശീയഐക്യത്തിനും അത്യാവശ്യമാണെന്നും ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രത്യക്ഷമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും നെപോളിയൻ മനസ്സിലാക്കി.[7] 1789-ൽ വിപ്ലവസമിതി നടത്തിയ പതിനേഴു പ്രസ്താവങ്ങളുള്ള മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം ഇതിന്റെ മുന്നോടിയായിരുന്നു. 1791-ൽ അന്നത്തെ ജനപ്രതിനിധി സഭയും (നാഷണൽ അസംബ്ലി) ഏകീകൃത സിവിൽ കോഡിന്റെ കാര്യം അംഗീകരിച്ചിരുന്നു.[5][8] 1793-ൽ നിയമവിദഗ്ദ്ധൻ കാംബേഴ്സിന്റെ നേതൃത്വത്തിൽ ഇതിനായി ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെടുകയും ചെയ്തിരുന്നു. 1799 വരെ പ്രയത്നങ്ങൾ തുടർന്നു, നിയമസംഹിത രണ്ടു മൂന്നു തവണ തിരുത്തിയെഴുതപ്പെട്ടെങ്കിലും ഒന്നും ഫലപ്രദമായില്ല.[5] നെപോളിയൻ മുഖ്യ കൗൺസിലറായി അധികാരമേറ്റശേഷം ഈ ഉദ്യമം കൂടുതൽ ലക്ഷ്യബോധത്തോടെ വീണ്ടും ആരംഭിച്ചു. നെപോളിയൻ ചെയർമാനായുള്ള സമിതിയിൽ കാംബേഴ്സിനു പുറമേ മറ്റു നാലു നിയമജ്ഞർ -ഫെലിക്സ് ജൂലിയൻ ബിഗോ ദേ പ്രൊമിന്യു, ജാക്വിസ് മെൽവിൽ, ഷോൺ എറ്റിയെൻ പൊർടലിസ്, ഫ്രാൻസ്വാ ട്രോൻച്ചെ- അംഗങ്ങളായിരുന്നു.
ഏകീകൃത സിവിൽ കോഡ്
ആദ്യത്തെ വാല്യത്തിൽ നിയമങ്ങൾ മൂന്നു മുഖ്യപുസ്തകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവക്കകത്ത് അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. മൊത്തം 2281 ഖണ്ഡികകൾ.[9][10] മുപ്പതു കൊല്ലങ്ങൾക്കു ശേഷം പുനഃപരിശോധന ചെയ്യാമെന്ന പ്രസ്താവനയോടെ നെപോളിയനും, സ്റ്റേറ്റ് സെക്രട്ടറി മാറേയും മുഖ്യ ജഡ്ജിയും നിയമമന്ത്രിയുമായിരുന്ന റെയിനിയറും അവസാനത്തെ പേജിൽ ഒപ്പു വെച്ചിട്ടുണ്ട്.[11]
- പുസ്തകം 1 വ്യക്തി ഇതിൽ വ്യക്തി, പൗരാവകാശങ്ങൾ,ഫ്രഞ്ചു പൗരത്വം (പ്രവാസികളുടെ കാര്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്), ജനനം, വിവാഹം, കുടുംബം, വിവാഹമോചനം, മരണം, അനാഥക്കുട്ടികൾ, ദത്തെടുക്കൽ, പിതാവിന്റെ അധികാരാവകാശങ്ങൾ എന്നിവയെ നിയപരിധിയിൽ കൊണ്ടു വന്നു.[12]
- പുസ്തകം 2 സ്വത്ത് (വസ്തു വഹകൾ)- സ്വത്തവകാശവും ആശ്രിത(സേവക) വ്യവസ്ഥകളുമാണ് ഇതിലടങ്ങിയിരുന്നത്. സ്ഥാവരജംഗമസ്വത്തുക്കൾ, കൈവശാവകാശങ്ങൾ, വസ്തു പണയപ്പെടുത്തൽ, കുടിയാന്മാരുടേയും പണിയാളുകളുടേയും അധികാരാവകാശങ്ങൾ[13]
- പുസ്തകം 3. സ്വത്തു സമ്പാദനരീതികൾ- വാണിജ്യവ്യവസായങ്ങൾ, വിവിധതരം കരാറുകൾ, തറവാട്ടു സ്വത്തും പിൻതുടർച്ചാവകാശങ്ങളും, സ്വത്തു ഭാഗം വെക്കൽ, ദാനം, ത്യാഗം, കടബാദ്ധ്യതകൾ, വില്പത്രം, സ്വത്തു വില്പന, കൈമാറ്റക്കച്ചവടങ്ങൾ, വാടക നിയമങ്ങൾ, പങ്കുകച്ചവടങ്ങൾ, വായ്പകൾ, നിക്ഷേപങ്ങൾ, ജപ്തികൾ, ഇവയെ സംബന്ധിക്കുന്ന നിയമങ്ങൾ[14]
പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു. സിവിൽ നടപടികൾ(1806), വാണിജ്യ നിയമങ്ങൾ(1807), ക്രിമിനൽ നിയമങ്ങൾ, നടപടികൾ(1808), ശിക്ഷാനിയമങ്ങൾ (1810) എന്നിവ നടപ്പിലായി.
ശ്രദ്ധേയമായ നിയമങ്ങൾ
വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെ പരസ്പരാധിഷ്ഠിതമായ മൂന്നു തലങ്ങളെ ഏകീകൃത സിവിൽ കോഡ് കാര്യമായി സ്പർശിച്ചു. മതസ്വാതന്ത്ര്യത്തിന് തടസ്സമില്ലായിരുന്നെങ്കിലും ജനന-മരണ-വിവാഹാദി കാര്യങ്ങളിൽ മതസ്ഥാപനങ്ങളുടെ മേൽക്കോയ്മ നിലച്ചു.
- ജനനമരണ വിവരങ്ങൾ രേഖപ്പെടുത്തുന്ന ചുമതല ക്രൈസ്തസഭയിൽ നിന്ന് സർക്കാർ കാര്യാലയത്തിലേക്ക് മാറ്റപ്പെട്ടു.[15][16]
- സിവിൽ വിവാഹം നിർബന്ധിതമാക്കി.[17][18]
- വില്പത്രത്തിന് നിയമാനുസൃതമായ മാർഗരേഖകൾ നിലവിൽ വന്നു[19]
ഫ്രഞ്ചു നിയമാവലി ഇന്ന്
നിയമാവലിയുടെ പൊതുവായ ഘടനക്ക് ഒരു മാറ്റവും വന്നിട്ടില്ല.[20] സുരക്ഷാനിയമങ്ങൾ, ഭൂനിയമങ്ങൾ, പണയമിടപാടുകൾ ഇവയൊക്കെ അതേപടി നിലനില്ക്കുന്നു. കുടുംബം, കരാറുകൾ എന്നീ വിഷയങ്ങളിലാണ് കാലാനുസൃതമായി ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഉദാഹരണത്തിന് സ്ത്രീകളുടെ അവകാശാധികാരങ്ങൾ, വിവാഹം, വിവാഹമോചനം, സ്വവർഗസ്നേഹികൾ, ഒന്നിച്ചു പാർക്കൽ(living together) എന്നിവ.[21]
ഭേദഗതികൾ, നവീകരണങ്ങൾ
പണിക്കൂലി -വേതനം ശമ്പളം എന്നിവയെ സംബന്ധിക്കുന്ന 1781-ാം ഖണ്ഡികയിലെ മേലാൾ-കീഴാൾ എന്ന പദപ്രയോഗങ്ങൾ 1868-ൽ നിർത്തലാക്കി.കാലാനുസൃതമായി തൊഴിൽ കരാറുകളും ഉപഭോക്തൃ നിയമങ്ങളും ഭേദഗതി ചെയ്യപ്പെട്ടു. 1970-ൽ കുടുംബനിയമങ്ങൾ ഭേദഗതി ചെയ്യപ്പെട്ടു. കുടുംബനാഥൻ എന്ന സ്ഥാനം ഒഴിവാക്കി ഭർത്താവിനും ഭാര്യക്കും കുടുംബകാര്യങ്ങളിൽ തുല്യത നല്കപ്പെട്ടു. അവിവാഹിതജോടികളുടെ സന്താനങ്ങൾക്കു് സകല അവകാശങ്ങളും അനുവദിച്ചുകിട്ടി(1972). ഉഭയസമ്മതപ്രകാരമുള്ള വിവാഹ വിച്ഛേദനം എളുപ്പമായി(1975).[22] 1999-ൽ le pacte civil de solidarité (PACS) et le concubinage എന്ന അനുബന്ധം സ്ത്രീപുരുഷജോടികൾ വിവാഹബന്ധത്തിലേർപ്പെടാതെ ഒന്നിച്ചു താമസിക്കുന്നതിനു നിയമ സാധുത നല്കി. 2013-ൽ mariage pour tous(Marriage for All)[23] സ്വവർഗവിവാഹത്തിനും(gay, lesbian marriages) അനുമതി നല്കി.
അവലംബം
- ↑ code.
- ↑ Schwarz & p92-107.
- ↑ Scwarz, p. 36.
- ↑ Bell.
- ↑ 5.0 5.1 5.2 Napoleonic Code Encyclopedia Britannica
- ↑ Schwarz, p. 19.
- ↑ Scwarz, p. 43-57.
- ↑ Schwarz, p. 5,21.
- ↑ Schwarz, p. 34.
- ↑ Code.
- ↑ Code, p. 627.
- ↑ Code, p. 1-141.
- ↑ Code, p. 142-193.
- ↑ Code, p. 194-627.
- ↑ Code, p. 16-18.
- ↑ Code, p. 24-28.
- ↑ Code, p. 19-23.
- ↑ Code, p. 48-49.
- ↑ Code, p. 244-84.
- ↑ David.
- ↑ ഫ്രഞ്ച് സിവിൽ കോഡ് (2015 August version), accessed 7 Sept.2015
- ↑ "ഫ്രഞ്ചു വിവാഹവിച്ഛേദനനിയമം". Archived from the original on 2016-03-04. Retrieved 2015-09-07.
- ↑ "സ്വവർഗ വിവാഹങ്ങൾക്ക് അനുമതി". Archived from the original on 2015-09-24. Retrieved 2015-09-07.
- Code Napoleon. William Benning. 1827.
{cite book}
: External link in
(help)|title=
- Bell, Susan G.Offen, Karen M., ed. (1983). Women, the Family, and Freedom: 1750-1880 Volume 1 of Women, the Family, & Freedom: The Debate in Documents. Stanford University Press. ISBN 9780804711715.
{cite book}
: CS1 maint: multiple names: editors list (link) - David, Rene. Civil Code in France Today, Louisiana Law Review 34(5),1977.
{cite book}
: Cite has empty unknown parameter:|1=
(help); External link in
(help)|title=
- Gourgaud, Gaspard Baron (1903). നെപോളിയനുമായുള്ള സംഭാഷണങ്ങൾ. McClurg.
{cite book}
: External link in
(help)|title=
- Schwartz,Bernard, ed. (1998). The Code Napoleon and the Common-Law World: The Sesquicentennial Lectures Delivered at the Law Center of New York University, December 13-15, 1954 Studies in Comparative Law. The Lawbook Exchange, Ltd. ISBN 9781886363595.
{cite book}
: Cite has empty unknown parameter:|1=
(help)
- This article incorporates information from the equivalent article on the French Wikipedia.