പാമ്പൻ ദ്വീപ്

Pamban Island
Geography
Coordinates9°15′N 79°18′E / 9.25°N 79.3°E / 9.25; 79.3
Administration
India
Demographics
Population82,682

ദക്ഷിണേന്ത്യയുടേയും ശ്രീലങ്കയുടെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് പാമ്പൻ ദ്വീപ് (Pamban Island) (തമിഴ്: பாம்பன் தீவு). ഈ ദ്വീപിനെ രാമേശ്വരം ദ്വീപ് എന്നും  വിളിക്കാറുണ്ട്. ഇന്ത്യയുടെ ഭാഗമായ ഈ ദ്വീപ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.  രാമേശ്വരത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് പാമ്പൻ ദ്വീപ്.

സ്ഥാനവും വലിപ്പവും

രാമേശ്വരം, പാംബൻ പാലത്തിൽ നിന്നുമുള്ള കാഴ്ച

ഭൂമിശാസ്ത്രപ്രകാരം 9°11' N നും 9°19' N അക്ഷാംശരേഖയ്ക്കും  79°12' E- 79°23' E രേഖാംശരേഖയ്ക്കുമിടയിലാണ് പാമ്പൻ ദ്വീപ് സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മറ്റു ഭൂപ്രദേശവുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. ഏകദേശം 67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഈ ദ്വീപിനുള്ളത്. പ്രശസ്തമായ രാമസേതു (Adam's Bridge) പാമ്പൻ ദ്വീപിനെ ശ്രീലങ്കയിലെ വടക്കു പടിഞ്ഞാറു ഭാഗത്തെ മന്നാർ ദ്വീപുമായി ബന്ധിപ്പിക്കുന്നു. പാമ്പൻ ദ്വീപിന്റേയും മന്നാർ ദ്വീപിന്റേയും ഇടയിലുള്ള കടലിടുക്കാണ് പാക് കടലിടുക്ക്.

ജനസംഖ്യാക്കണക്കുകൾ

രാമനാഥപുരം ജില്ലയിലെ നാല് ഭരണപരമായ വിഭജനമുള്ള പ്രത്യേകതാലൂക്കാണ് പാമ്പൻ ദ്വീപ്. ഒകാരിസൽകുളം, മഹിന്ദി, പാംബൻ, രാമേശ്വരം എന്നിവയാണ് നാല് ഭരണപരമായ വിഭജനങ്ങൾ.[1] . ഈ ദ്വീപിൽ പാംബൻ, രാമേശ്വരം എന്നീ രണ്ടു വില്ലേജുകളും ഉണ്ട്. ഇവിടത്തെ പ്രധാന പട്ടണങ്ങൾ പാംബൻ, രാമേശ്വരം എന്നിവയാണ് . പാംബൻ, രാമേശ്വരം എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളും ഉണ്ട്. ഇവിടത്തെ താലൂക്ക് ആസ്ഥാനം രാമേശ്വരത്താണ്. 

38,035 ആളുകൾ രാമേശ്വരത്ത് താമസിക്കുന്നുണ്ടെന്നാണ്  2001 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ വ്യക്തമാക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ പാംബൻ ദ്വീപിലേക്ക് വർഷത്തിൽ ആയിരക്കണക്കിന് സന്ദർശകർ വരാറുണ്ട്. ഈ ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. പാമ്പൻ ദ്വീപ് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന രാമേശ്വരം പട്ടണംത്തിലേക്ക് ധനുഷ്കോടിയിൽ നിന്നും 18 കിലോമീറ്ററും പാമ്പനിൽ നിന്നും 11 കിലോമീറ്ററുമാണ് ദൂരം.

പാമ്പൻ ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തായി പാമ്പൻ എന്ന ഒരു മത്സ്യബന്ധന ഗ്രാമമുണ്ട്. പാമ്പൻ ഗ്രാമത്തിലൂടെയാണ് രാമേശ്വരം എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രധാനമായും പ്രവേശിക്കുന്നത്. ഈ തുറമുഖ ഗ്രാമത്തിൽ 9,000 നിവാസികളാണുള്ളത്. പാമ്പൻ പാലത്തിന്റെ കിഴക്കേ അറ്റത്താണ്  സ്ഥിതി ചെയ്യുന്നത് എന്നത് ഈ തുറമുഖ ഗ്രാമത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പാമ്പൻ പ്രദേശത്തിനും രാമേശ്വരത്തലും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയകേന്ദ്രമാണ് തങ്കച്ചിമടം. ഇവിടെ രണ്ട് അമ്പലങ്ങളും കുറച്ച് ക്രിസ്ത്യൻ പള്ളികളും ഉള്ള ഈ പ്രദേശത്ത് ജനസേവനത്തിനായി ഒരു പോലാസ് സ്റ്റേഷനും ഉണ്ട്. കാഞ്ചിമടം നിർമിച്ച് പരിപാരിച്ചുപോരുന്ന ഏകാന്തരമാർ എന്ന ക്ഷേത്രമാണ് ഈ പ്രദേശത്തിന്റെ പ്രധാന ആകർഷണം.

ഈ ദ്വീപിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ധനുഷ്കോടി മറ്റൊരു തുറമുഖ തീർത്ഥാടന നഗരമായിരുന്നു. 1964 ‍ഡിസംബറിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. ചുഴലികാറ്റ് വീശിയടിക്കുന്നതിനു മുമ്പ് പാമ്പൻ ദ്വീപിനും ധനുഷ്കോടിക്കും ഇടയിൽ റോഡ്, റെയിൽ എന്നീ ഗതാഗതമാർഗ്ഗങ്ങൾ ഇവയ്ക്കിടയിൽ ഉണ്ടായിരുന്നു.

കാർഷികം

വെളുത്ത മണലുകളാൽ മൂടപ്പെട്ട പാമ്പൻ ദ്വീപ് കൃഷിക്കനുയോജ്യമല്ല. യൂക്കാലിപ്റ്റസ്, അത്തി എന്നിവ കൂടാതെ തെങ്ങ്, കവുങ്ങ് മുതലായവയും ധാരാളമായി കാണപ്പെടുന്നു. കടൽ തീരങ്ങളോടു ചേർന്ന് കുറ്റിചെടികളും പൊന്തകളും കാണപ്പെടുന്നു.

അവലംബം

  1. "Detailed map of Rameswaram taluka". Archived from the original on 2015-04-02. Retrieved 2016-11-04.