പീരുമേട് താലൂക്ക്

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, കുമിളി, വാഗമൺ എന്നിവ ഈ താലുക്കിലാണ്. പരുന്തും പാറ, പാഞ്ചാലിമേട് എന്നിവയും ജനശ്രദ്ധ നേടിവരുന്നു. വണ്ടിപ്പെരിയാർ പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും 16 കിലോമിറ്റർ തേയില തോട്ടത്തിനുള്ളിലൂടെ അരണക്കൽ , മൗണ്ട്, ശബരിമല എസ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചാൽ സത്രം ടൂറിസം മേഖലയിൽ എത്താം. ഹരിതാഭമായ മൊട്ടക്കുന്നുകൾ നിറഞ്ഞ പ്രകൃതിയുടെ കാഴ്ചകൾ ഹൃദയം കവരുന്നതാണ്.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന പ്രദേശവുമാണ് സത്രം. രാജഭരണ കാലം മുതലുള്ള പരമ്പരാഗത കാൽനടപ്പാതയും ഇത് വഴിയാണ്. ശബരിമലയിലേക്ക് എത്തിയിരുന്ന രാജാക്കൻമാരും മറ്റും താമസിച്ചിരുന്ന സത്രം ( താമസ സ്ഥലം, കെട്ടിടം )ത്തിന്റെ ചരിത്ര അവശേഷിപ്പുകളും കാണാം.

താലൂക്ക് ഓഫീസ്

താരതമ്യേന ഒരു ചെറിയ പട്ടണമായ പീരുമേട് ടൗണിൽ (അഴുത)നിന്നും 500 മീറ്ററോളം മാറിയാണ് പീരുമ്മേട് താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിൽ താലൂക്ക് ഓഫീസും , മജിസ്ട്രേറ്റ് കോടതിയും , സബ്-ട്രഷറിയും പ്രവർത്തിക്കുന്നു.പീരുമേട് താലുക്ക് ആസ്ഥാനമാക്കി രൂപീകരിച്ചിട്ടുള്ള സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രവും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. താലുക്ക് ഒഫീസിനടുത്തായി അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പീരുമേട് പഞ്ചായത്ത് ഓഫീസ്, വില്പന നികുതി ഓഫീസ്, വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഓഫീസുകൾ,മൃഗാശുപത്രി. വനം വകുപ്പിന്റെ ഓഫീസുകൾ എന്നിവയുമുണ്ട്. അടുത്തു തന്നെയുള്ള മിനി സിവിൽ സ്റ്റേഷനിൽ റീ-സർവ്വേ , മോട്ടോർ വാഹന വകുപ്പ് , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , പട്ടിക ജാതി / പട്ടിക വർഗ്ഗ വികസന വകുപ്പ് , എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു.

വില്ലേജുകൾ

പീരുമേട് താലൂക്ക് ഓഫീസ് കെട്ടിടം. മജിസ്ട്രേറ്റ് കോടതിയും , സബ് ട്രഷറിയും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു
  1. ഏലപ്പാറ
  2. കൊക്കയാർ
  3. കുമിളി
  4. മഞ്ചുമല
  5. മ്ലാപ്പാറ
  6. പീരുമേട്
  7. പെരിയാർ
  8. പെരുവന്താനം
  9. ഉപ്പുതറ
  10. വാഗമൺ