ഭാഷാപഠനചരിത്രം
ഭാഷാശാസ്ത്രം |
---|
Theoretical linguistics |
|
Descriptive linguistics |
|
Applied and experimental linguistics |
Language acquisition
(second-language)
|
ബന്ധമുള്ള ലേഖനങ്ങൾ |
|
Linguistics portal |
ഭാഷ മനുഷ്യരെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷ പ്രതിഭാസമാണ്. മനസ്സ്, ചിന്ത, ഭാവന, പങ്കുവെയ്ക്കൽ, സംസ്കാരം, ലോകബോധം, ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണ്ണമായിത്തന്നെ ഭാഷയുടെ ആവിഷ്കാരമണ്ഡലത്തിൻ കീഴിലാണ് സാർത്ഥകമായിത്തീരുന്നത്. മനുഷ്യരെ തമ്മിൽ പ്രാഥമികമായി വേർതിരിക്കുന്ന ഒന്നാമത്തെ ആന്തരിക സവിശേഷതയാണ് ഭാഷ എന്നതും ശ്രദ്ധേയമാണ്. 'സംസാരിക്കുന്ന ജീവി' എന്ന നിലയിൽ മനുഷ്യൻ മനുഷ്യനു തന്നെ ഒരത്ഭുതവസ്തുവാണ്. അതുകൊണ്ട് ഭാഷയുടെ ആവിർഭാവത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ മനുഷ്യൻ മനുഷ്യനെപ്പറ്റി അത്ഭുതപ്പെടാൻ തുടങ്ങിയ കാലം മുതൽ തന്നെ ആരംഭിച്ചിരിക്കണം.
ഭാഷാപഠനത്തിന്റെ സംക്ഷിപ്തചരിത്രം
പുരാതന ഇന്ത്യ, ചൈന, ഗ്രീസ്, റോം എന്നിവിടങ്ങളിൽ ഭാഷാപഠനത്തിന് സവിശേഷമായ പ്രാധാന്യം ലഭിച്ചിരുന്നു. മധ്യകാല അറബികൾ, ജൂതന്മാർ എന്നിവർക്കിടയിലും അതുപോലെ മറ്റു ചില സമൂഹങ്ങളിലും ഭാഷാപഠന കാര്യത്തിൽ താല്പര്യം കണ്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ് യൂറോപ്പിൽ ഭാഷാപഠന വിഷയത്തിൽ മൗലികമായ ചില അന്വേഷണങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഊഹാധിഷ്ഠിതമായ ഈ പഠനങ്ങളൊന്നും ഭാഷാരംഗത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ചരിത്രപരമായ ഭാഷാശാസ്ത്രത്തിന്(historical linguistics) പ്രാരംഭം കുറിക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലുടനീളം ഈ പദ്ധതി ഭാഷാപഠനരംഗത്തെ ഊർജ്ജസ്വലമാക്കിത്തീർത്തു. ഭാഷയുടെ ചരിത്രപരവും താരതമ്യപരവുമായ പഠനത്തിനു ലഭിച്ച അംഗീകാരം വലുതായിരുന്നു. വിവിധ ഭാഷാഗോത്രങ്ങളെ സംബന്ധിച്ച നൂതന സങ്കല്പങ്ങൾ അവതരിപ്പിക്കപ്പെട്ടത് ഇക്കാലത്താണ്. ഭാഷയുടെ ചരിത്രപരവും താരതമ്യപരവുമായ പഠനത്തിനു നൽകിയ ഊന്നൽ കൊണ്ടും പദങ്ങളുടെ നിരുക്തിയിലൂന്നിയുള്ള അന്വേഷണങ്ങൾ കൊണ്ടും ഭാഷാപഠനത്തിന് ശാസ്തീയാന്വേഷണത്തിന്റെ പദവി ലഭിച്ചു. പൊതുവിൽ ഭാഷാവിജ്ഞാനീയം (philology)എന്ന പേരിൽ ഭാഷാപഠനം സർവ്വകലാശാലകളിൽ ആദരിക്കപ്പെട്ടുവെങ്കിലും ആദ്യകാലത്തെ ഈ രീതിശാസ്ത്രം ക്രമേണ മാറി. ഭാഷയെ അതിനുള്ളിൽ നിന്നുകൊണ്ടു തന്നെ പഠിക്കുന്ന വിവരണാത്മകപഠനങ്ങൾക്കുള്ള ശ്രമങ്ങളും ചരിത്രപരമായ അന്വേഷണരീതി അവസാനിപ്പിച്ച് ഭാഷയുടെ ഘടനയെപ്പറ്റിയും മറ്റും അന്വേഷിക്കുന്നതിനുള്ള ഗൗരവമേറിയ പ്രയത്നങ്ങളും പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലുണ്ടായി. ബോദിൻ ദെ കോർത്നെ(Baudouin de courtenay) മുതലായ പുതിയ പണ്ഡിത വ്യക്തിത്വങ്ങൾ കടന്നുവന്ന കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായിത്തീർന്നത് ഫെർഡിനാൻഡ് ഡി സൊസ്യൂർ ആയിരുന്നു[1]. ആധുനികഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടാവുന്ന വിധത്തിൽ യൂറോപ്യൻ ഭാഷാപഠനരംഗത്ത് അദ്ദേഹം സ്വാധീനം ചെലുത്തി. അതേസമയം തന്നെ സൊസ്സൂറിയൻ പാരമ്പര്യത്തിന്റെ ഭാഗമാകാതെ തന്നെ ജെ. ആർ. ഫിർത്തിനെപ്പോലുള്ള (J.R.Firth)നരവംശപഠിതാക്കൾ വിവരണാത്മകമായി ഭാഷയെ പഠിക്കാനുള്ള നീക്കം നടത്തിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ മരിച്ചുകൊണ്ടിരിക്കുന്ന നാട്ടുഭാഷകളെപ്പറ്റി പഠനം നടത്തിയഫ്രാൻസ് ബോസ്(Fraz Boas) ആണ് അമേരിക്കൻ ഭാഷാശാസ്ത്രപാരമ്പര്യത്തിന്റെ സ്ഥാപകനെന്ന് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന എഡ്വേർഡ് സപീർ മുതലായവർ ഭാഷാശാസ്ത്രത്തിന്റെ അമേരിക്കൻ പാരമ്പര്യത്തിന് സ്വതന്ത്രമായ ഒരു ചിട്ട ഉണ്ടാക്കിയെടുത്തു. എന്നാൽ അമേരിക്കൻ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും വലിയ സംഭാവന ലിയനാർഡ് ബ്ലൂംഫീൽഡ് (Leonard Bloomfield)ആയിരുന്നു. അദ്ദേഹത്തിന്റെ ലാംഗ്വേജ് (1933)എന്ന ഗ്രന്ഥം അമേരിക്കൻ ഭാഷാശാസ്ത്രത്തിന്റെ പുതിയ പദ്ധതി തന്നെയായി മാറി. ദത്തങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണാത്മക വ്യാകരണപദ്ധതിയുടെ കൃത്യമായ നിർവ്വചനം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലത്ത് ഭാഷാപഠനം ഓരു ശാസ്ത്രശാഖയായി മാറുകയായിരുന്നു. അമേരിക്കയിലെ സിദ്ധാന്തവിരുദ്ധ നിലപാടുകളുള്ള ഭാഷാപഠനത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായി യൂറോപ്പിൽ ഭാഷാപഠനം സൈദ്ധാന്തികമായിട്ടാണ് വികാസം പ്രാപിച്ചത്. കസേരയിലിരുന്നുള്ള ഭാഷാപഠനമെന്ന് ഈ സമീപനം അമേരിക്കൻ പണ്ഡിതന്മാരാൽ പരിഹസിക്കപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് 1957-ൽ ലോക ഭാഷാ- പഠനത്തിന്റെ ദിശ തന്നെ മാറ്റിക്കളഞ്ഞ നോം ചോംസ്കി (Noam Chomsky)യുടെ പഠനങ്ങളും സിദ്ധാന്തങ്ങളും പുറത്തു വന്നത്. അതിനു ശേഷം ഇങ്ങോട്ടുള്ള ശാസ്ത്രീയ ഭാഷാപഠനത്തിന്റെ ചരിത്രം ചോംസ്കിയെ ചുറ്റിപ്പറ്റിയായിരുന്നു. ചോംസ്കിയൻ നിലപാടുകളും അവയ്ക്കെതിരായ വിമർശനങ്ങളും കൊണ്ട് മുഖരിതമായിരുന്നു അതിനു ശേഷമുള്ള അരനൂറ്റാണ്ടിലധികം കാലത്തെ ഭാഷാശാസ്ത്രലോകം.പ്രജനകവ്യാകരണം, സാർവലൗകിക ഭാഷാവ്യാകരണം മുതലായ ചോംസ്കിയൻ ആശയങ്ങൾ ഭാഷാശാസ്ത്രരംഗത്ത് ഇന്നും സജീവമാണ്. ചോംസ്കിയൻ ആശയങ്ങൾ തികച്ചും നൂതനമായ ഒരു വിജ്ഞാനശാഖയ്ക്ക് രൂപം കൊടുത്തു. വൈജ്ഞാനികശാസ്ത്രം അഥവാ കോഗ്നിറ്റീവ് സയൻസ്. അതേസമയം, തികച്ചും വ്യത്യസ്തമായ ഭാഷാപഠനരീതികളുമായി ഭാഷാശാസ്ത്രം വിവിധ ശാഖകളായി പിരിയുകയും ചെയ്തു.ഭാഷാഭേദവിജ്ഞാനീയം ആണ് ഈ മേഖലയിലെ ഒരു സുപ്രധാന ശാഖ. മറ്റൊന്ന് സാമൂഹികഭാഷാശാസ്ത്രം എന്ന ശാഖയാണ്.സൈക്കോ ലിംഗ്വിസ്റ്റിക്സ് മുതലായ മറ്റു ശാഖകളും വികസിച്ചു വന്നിട്ടുണ്ട്. ഭാഷയിലെ ലിംഗവിവേചനം, കീഴാളവത്കരണ സ്വഭാവം, വംശീയത എന്നിങ്ങനെ നിരവധി പുതുപ്രശ്നങ്ങളും ഭാഷാപഠനരംഗത്ത് അഭിമുഖീകരിക്കപ്പെടുന്നുണ്ട്. ഭാഷാദർശനരംഗത്ത് ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക് ദെറീദ അവതരിപ്പിച്ച അപനിർമ്മാണതത്വങ്ങൾ ഭാഷയെ സംബന്ധിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമാന്യ ധാരണകളെ അട്ടിമറിക്കുന്നതിന് കാരണമായി.
ഭാഷാപഠനത്തിന്റെ ഭാരതീയ പാരമ്പര്യം
സംസ്കൃതഭാഷയിലാണ് ലോകത്ത് ആദ്യമായിത്തന്നെ ഭാഷാപഠനത്തിന് നാന്ദി കുറിക്കപ്പെട്ടത്. വേദങ്ങളുടെ ഭാഗമായി രൂപപ്പെട്ട വേദാംഗങ്ങളുടെ ശാഖ എന്ന നിലയിലാണ് സംസ്കൃത ഭാഷയിൽ ഭാഷാപഠനം ആരംഭിക്കുന്നത്. വർണ്ണസ്ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശിക്ഷ, അർത്ഥജ്ഞാനത്തിനുതകുന്ന നിരുക്തം, ഭാഷാമർമ്മം വെളിപ്പെടുത്തുന്ന വ്യാകരണം എന്നിങ്ങനെയുള്ള മൂന്നു വേദാംഗങ്ങൾ ഭാഷയുടെ നേരിട്ടുള്ള പഠനം തന്നെയാണ്. വേദസ്വരൂപജ്ഞാനത്തിന്റെ ഏകമാർഗ്ഗമെന്ന നിലയിൽ ഇക്കൂട്ടത്തിൽ വ്യാകരണത്തിന് മുഖ്യസ്ഥാനമാണുള്ളത്. 'പ്രധാനം ച ഷഡംഗേഷു വ്യാകരണം' എന്ന് മഹാഭാഷ്യത്തിൽ രേഖപ്പെടുത്തിക്കാണുന്നു. 'വേദസ്യമുഖം വ്യാകരണം സ്മൃതം' (വേദത്തിന്റെ മുഖം വ്യാകരണമാണ്) എന്ന കീർത്തിയും ഭാഷാപഠനത്തിന് വൈദികജനത കല്പിച്ച പ്രാമാണികതയ്ക്ക് നിദർശനമാണ്. 'പ്രഥമം ഛന്ദസാമംഗം പ്രാഹുർവ്യാകരണം ബുധാഃ ' (വേദത്തിന്റെ അർത്ഥാവബോധത്തിന് പ്രധാന ഉപകാരി വ്യാകരണശാസ്ത്രമാണ്) എന്ന് ഭർതൃഹരിയും പറയുന്നുണ്ട്. [2] പാണിനിമഹർഷിരചിച്ച അഷ്ടാദ്ധ്യായി എന്ന വ്യാകരണ ഗ്രന്ഥമാണ് ലോകത്തിലെ തന്നെ പ്രഥമവും പ്രധാനവുമായ വ്യാകരണ ഗ്രന്ഥം. ബി സി 350നും 250നും ഇടയിൽ രചിക്കപ്പെട്ട ഈ വ്യാകരണഗ്രന്ഥത്തെ' മനുഷ്യബുദ്ധിയുടെ ഏറ്റവും മഹത്തായ സ്മാരകങ്ങളിലൊന്ന് 'എന്നാണ് വിഖ്യാത വിവരണാത്മക ഭാഷാശസ്ത്രജ്ഞനായ ബ്ലൂംഫീൽഡ് വിശേഷിപ്പിച്ചത്[3]. വിവരണാത്മക വ്യാകരണത്തിന്റെ മഹനീയമായ ഈ മാതൃകാഗ്രന്ഥം ലോകഭാഷാപഠനത്തിന്റെ ഗതി തിരിച്ചുവിടുന്നതിൽ ഗണനീയമായ പങ്കുവഹിച്ചു എന്നു മാത്രമല്ല ലോകഭാഷകളുടെ മാതാവാണ് സംസ്കൃതം എന്നൊരു വിശ്വാസം ഭാരതീയപണ്ഡിതന്മാർക്കിടയിൽ ഉണ്ടാക്കിയെടുക്കുന്നതിൽ പാണിനീയത്തിന്റെ വിവരണത്മകമായ പൂർണ്ണത വലിയൊരു കാരണമായിത്തീർന്നു. സൂത്രരൂപത്തിൽ രചിക്കപ്പെട്ടിട്ടുള്ള അഷ്ടാദ്ധ്യായി മനസ്സിലാക്കുക വളരെ ശ്രമകരമാണ്. അതുകൊണ്ട് അതിന് നിരവധി വാർത്തികങ്ങളുണ്ടായി. അവയിൽ കാത്ത്യായനന്റെ വാർത്തികം ഏറ്റവും ശ്രദ്ധേയമായിത്തീർന്നു. ഈ വാർത്തികത്തിന് മഹാഭാഷ്യം എന്നൊരു വ്യാഖ്യാനം രചിച്ച മഹർഷിയാണ് പതഞ്ജലി സംസ്കൃതഭാഷാപഠനത്തിന് പതഞ്ജലി നൽകിയിട്ടുള്ള സംഭാവനയുടെ സ്വാധീനം ഇന്നും തുടർന്നുപോരുന്നുണ്ട്. പാണിനിക്കു മുൻപും ശേഷവും പല വൈയ്യാകരണന്മാരും ഉണ്ടായിട്ടുണ്ടെങ്കിലും പാണിനീയത്തെ വെല്ലുന്ന ഒരു വ്യാകരണകൃതി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. വ്യാഡി എന്നും സ്ഫോടായനൻ എന്നും അറിയപ്പെട്ടിരുന്ന മറ്റൊരു ഭാഷാദാർശനികൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഗ്രഹം എന്ന കൃതിയോ മറ്റു രചനകളോ ഒന്നും കണ്ടുകിട്ടിയിട്ടില്ല. പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ ഇദ്ദേഹത്തിന്റെ ലക്ഷം ശ്ലോകങ്ങളുള്ള വ്യാകരണഗ്രന്ഥത്തെപ്പറ്റി സൂചനകളുണ്ട്. 'അവങ് സ്ഫോടായനസ്യ' (6/1/123)എന്ന പാണിനീയസൂത്രത്തിൽ പാണിനി വ്യാഡിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്നാൽ വ്യാഡിയുടെ സ്വാധീനം തികച്ചും പ്രത്യക്ഷപ്പെടുന്നത് ഭർതൃഹരിയിലാണ്. അദ്ദേഹത്തിന്റെ വാക്യപദീയം എന്ന വ്യാകരണശാസ്ത്രഗ്രന്ഥം വ്യാകരണത്തെ ഒരു ഭാഷാദർശനമായി വികസിപ്പിച്ചു. വ്യാഡിയുടെ സംഗ്രഹത്തിന്റെ ചുരുക്കമോ ആശ്രിതരൂപമോ ആകാം ഭർതൃഹരിയുടെ വാക്യപദീയമെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. [4]വിവരണാത്മകവ്യാകരണത്തിന്റെ മഹാമാതൃക എന്ന നിലയിൽ അഷ്ടാദ്ധ്യായിയും വ്യാകരണദർശനമെന്ന നിലയിൽ സ്ഫോടദർശനവും ഭാരതീയ ഭാഷാപഠനപാരമ്പര്യത്തിന്റെ മഹനീയതയാണ് കാണിക്കുന്നത്. യാസ്കമുനിയുടെ നിരുക്തം ആകട്ടെ അർത്ഥവിജ്ഞാനീയത്തിന്റെ മേഖലയിൽ ഭാരതം കൈവരിച്ച വലിയ നേട്ടത്തെ വിളംബരം ചെയ്യുന്നു. അമരസിംഹന്റെ അമരകോശം പദകോശങ്ങളുടെ പഠനത്തിലും ആനന്ദവർദ്ധനന്റെ ധ്വനിസിദ്ധാന്തം അർത്ഥവിജ്ഞാനീയരംഗത്തും വലിയ മുന്നേറ്റങ്ങൾക്കു വഴിതെളിച്ചു.
തമിഴ്‌വഴിച്ചിട്ട
ഭാരതത്തിലെ ഏറ്റവും പഴക്കമേറിയ വ്യാകരണപാരമ്പര്യങ്ങളിലൊന്ന് തമിഴിന്റേതാണ്. നിരവധി പൂർവ്വസൂരികളെപ്പറ്റി സൂചന നൽകുന്ന തൊൽക്കാപ്പിയം എന്ന വ്യാകരണഗ്രന്ഥമാണ് തമിഴിലെ ലഭ്യമായ ആദ്യ വ്യാകരണ കൃതി.തൊൽക്കാപ്പിയരാണ് ഗ്രന്ഥത്തിന്റെ കർത്താവ്. ഈ കൃതി എ.ഡി രണ്ടാം ശതകത്തോടടുത്ത് രചിക്കപ്പെട്ടിരിക്കണം. ഭാഷ, സാഹിത്യം, വൃത്തശാസ്ത്രം മുതലായ വിവിധ ഭാഷാവ്യവഹാരങ്ങളെ സംബോധന ചെയ്യുന്ന കൃതിയാണിത്.അകത്തിയംഎന്ന വ്യാകരണഗ്രന്ഥമാണ് തമിഴിലെ പ്രഥമവ്യാകരണമെങ്കിലും അത് കണ്ടെടുക്കപ്പെട്ടിട്ടില്ല. പാണിനീയത്തിന്റേതെന്ന് വ്യക്തമായി പറയാവുന്ന മുദ്രകളൊന്നും ഗ്രന്ഥത്തിലില്ലെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.[5]സസ്കൃതത്തിന്റെ വ്യാകരണരീതിയെ തമിഴിന്റെ മുറയ്ക്കൊപ്പിച്ച് പരുവപ്പെടുത്തുകയായിരുന്നു തൊൽക്കാപ്പിയർ. പാണിനിയെക്കാൾ പുരാതനനാണ് തൊൽക്കാപ്പിയരെന്ന് ചില തമിഴ് പണ്ഡിതന്മാരെങ്കിലും വിശ്വസിക്കുന്നുണ്ട്.12-ആം ശതകത്തിലെ ഇളംപൂരണർ,14-ആം ശതകത്തിലെ സേനാവരൈയ്യർ , നച്ചിനാർക്കിനിയർ എന്നിവർ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുള്ളവരാണ്. തൊൽക്കാപ്പിയം സൃഷ്ടിച്ച പാരമ്പര്യവഴി വിട്ട് തമിഴ് പണ്ഡിതസംഘം സഞ്ചരിച്ചതായി തെളിവില്ല. തമിഴ് വ്യാകരണ വിഷയത്തിൽ അതുകൊണ്ടുതന്നെ വലിയ വ്യതിചലനങ്ങളൊന്നും പിന്നീടുണ്ടായില്ല.
ഭാരതീയ ഭാഷാപഠനത്തിന്റെ അനന്തരകാലചരിത്രം മുൻ പറഞ്ഞ ഗ്രന്ഥങ്ങളുടെ അടിക്കുറിപ്പെഴുത്ത് മാത്രമായി ചുരുങ്ങിപ്പോയി. ഭാഷാപഠനത്തിന്റെ പാരമ്പര്യവഴികളും ഒഴുക്കുകളും നിലച്ചുപോയെങ്കിലും യൂറോപ്യൻ അധിനിവേശത്തെത്തുടർന്ന് പഴയ സ്രോതസ്സുകൾ വീണ്ടും തെളിഞ്ഞു വരികയാണുണ്ടായത് .
ഭാഷാപഠനത്തിലെ മതസ്വാധീനം
ഭാഷകളെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ഭാഷാപരമായ പരിണാമങ്ങൾ, മതപരമായ ആവശ്യങ്ങളെ ചിലപ്പോൾ അവ്യവസ്ഥയിലാക്കും. അതിനാൽ സമൂഹത്തെയെന്ന പോലെ ഭാഷയേയും നിയന്ത്രിക്കേണ്ടത് മതപൗരോഹിത്യത്തിന്റെ ആവശ്യമായിത്തീരുക സ്വാഭാവികമാണ്. കാലികമായ ഭാഷാപരിണാമത്തിന്റെ പിടിയിൽ നിന്ന് വൈദികമന്ത്രങ്ങളെ രക്ഷിക്കുക എന്ന ദൗത്യത്തിൽ നിന്നാണ് ഭാഷയുടെ വ്യാകരണചരിത്രം ആരംഭിക്കുന്നത്. ഈ പ്രവണതയുടെ ലഭ്യമായ ഏറ്റവും വലിയ തെളിവ് പാണിനിയുടെ അഷ്ടാദ്ധ്യായിയാണ്.[6]. ഇതേ പാത പിന്തുടർന്നാണ് എ. ഡി. എട്ടാം നൂറ്റാണ്ടിൽ അറബിഭാഷയിൽ നിഘണ്ടുനിർമ്മാണവും വ്യാകരണ ചിന്തയും ആരംഭിച്ചത്. ഖുറാൻ വിവർത്തനം ആദ്യകാലത്ത് തികച്ചും നിഷിദ്ധമായിരുന്നു. അതിനാൽ സ്വദേശികളേക്കാൾ ഖുറാന്റെ അന്തഃസത്ത മനസ്സിലാക്കാനായി ലോകമൊട്ടാകെയുള്ള മുസ്ലീങ്ങൾക്ക് അറബിഭാഷ നേരിട്ട് പഠിക്കേണ്ടി വന്നു. തന്മൂലം പിന്നീടുള്ള നൂറ്റാണ്ടുകളിൽ അറബിഭാഷയുടെ ചരിത്രത്തിനും വ്യാകരണത്തിനും വലിയ വളർച്ചയും അംഗീകാരവും ലഭിച്ചു.[7].ഹീബ്രു മുതലായ ഭാഷകളുടെ വളർച്ചയിൽ ജൂതമതത്തിനുള്ള പ്രാധാന്യവും ശ്രദ്ധേയമാണ്. ഈ പ്രവണത യൂറോപ്യന്മാരുടെ ലോകപര്യടനവും ക്രിസ്തുമതപ്രചാരണവുമായും ബന്ധപ്പെടുത്തിയാൽ മതപരമായ ആവശ്യങ്ങളാണ് ആദ്യകാലത്തെന്നപോലെ പിൽക്കാലത്തും ഭാഷാപഠനത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചതെന്ന് കാണാം. ഖുറാൻ വിവർത്തനം ചെയ്യാൻ പാടില്ലെന്ന വിലക്കിലൂടെയായിരുന്നു ആദ്യകാല ഇസ്ലാമിക ഭരണകൂടങ്ങൾ അറബി ഭാഷയെ വളർത്തിയെടുത്തത്. എന്നാൽ ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായി ആദ്യകാലത്ത് ലത്തീൻ ഭാഷയെ അവർ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും പിന്നീട് പ്രാദേശിക ഭാഷകളിലൂടെ വിവർത്തനരൂപത്തിൽ ബൈബിൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് അതത് പ്രദേശങ്ങളിലെ ഭാഷകളുടെ വളർച്ചയ്ക്ക് കാരണമായി. മാത്രമല്ല ഭാഷാപഠനത്തിന് സാർവ്വലൗകികമായ ഒരടിസ്ഥാനം സൃഷ്ടിച്ചു കൊടുക്കുന്നതിനും അത് നിമിത്തമായി. ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉത്പത്തികേന്ദ്രം ഏഷ്യയാണെന്നതുപോലെത്തന്നെ ഭാഷാപഠനത്തിന്റേയും ഉല്പത്തികേന്ദ്രം ഏഷ്യയാണ്. ഭാഷാപഠനവും മതബോധവും തമ്മിലുള്ള പാരസ്പര്യത്തിന്റെ തെളിവാണിത്. ഒരു മതഭാഷ എന്ന നിലയിൽ (ദേവഭാഷ) സംസ്കൃതം ഇന്ത്യയിലെ പ്രാദേശികഭാഷയുടെ വളർച്ചയ്ക്ക് വഹിച്ചിട്ടുള്ള പങ്കും ഇവിടെ പരാമർശിക്കാവുന്നതാണ്.
ഭാഷാപഠനത്തിന്റെ ഗ്രീക്-റോമൻ വഴിത്താരകൾ
പാശ്ചാത്യഭാഷാശാസ്ത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ഗ്രീക്ക് ജനത ഭാഷാപഠനത്തിന് നൽകിയ സംഭാവനകളിൽ നിന്നാണ്. ബി. സി.6-5 നൂറ്റാണ്ടുകളിൽതന്നെ ഗ്രീസിൽ ഭാഷാപഠനം ആരഭിച്ചിരുന്നതായി ചരിത്രം പറയുന്നു. ബി. സി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡയനീഷ്യസ് ത്രാക്സ് , എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അപ്പോളോണിയസ് ഡിസ്കോളസ് എന്നീ ഭാഷാചിന്തകന്മാരാണ് ഗ്രീക്ക് വ്യാകരണപദ്ധതിക്ക് അടിത്തറയിട്ടത്. പ്രാചീനഗ്രീക്കുകാർ തങ്ങളുടെ ഭാഷയെ മാത്രമേ പഠനവിഷയമായി കണ്ടിരുന്നുള്ളു. തങ്ങളുടെ ഭാഷ മനുഷ്യചിന്തയുടെ സാർവ്വലൗകിക മാതൃകാരൂപമാണെന്ന് അവർ കരുതിയിരുന്നു. പ്രപഞ്ചവ്യവസ്ഥയുടെ തന്നെ മാതൃകയായി അവർ തങ്ങളുടെ ഭാഷയെ കരുതിയിരുന്നതായി ഭാഷാചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഭാഷണഘടകങ്ങളെപ്പറ്റിയും ആഖ്യ, ആഖ്യാതം എന്നിവയെപ്പറ്റിയും അവർ മനസ്സിലാക്കിയിരുന്നു. അതുപോലെ ലിംഗം, വചനം, വിഭക്തി, പുരുഷൻ, കാലം, പ്രകാരം എന്നിവയെപ്പറ്റിയും അമൂർത്തമായ പരികല്പനകളെന്ന നിലയിൽ മനസ്സിലാക്കിയിരുന്നു. അപരിചിതവും അജ്ഞാതവുമായിരുന്ന പ്രാചീന ഭാഷയിൽ എഴുതപ്പെട്ടിരുന്ന ഇലിയഡ്, ഒഡീസി മുതലായ ഗ്രന്ഥങ്ങളെപ്പറ്റിയുള്ള അരിസ്റ്റാർക്കസിന്റെ(ബി.സി 216-144) പഠനാന്വേഷണങ്ങളാണ് ഗ്രീക്ക് ഭാഷാപഠനത്തെ കൂടുതൽ സജീവമാക്കിത്തീർത്തത്. ഇതിഹാസങ്ങളുടെ ശരിയായ പകർപ്പുകൾ തയ്യാറാക്കുന്നതിലും അവയിലെ ഭാഷയെ പഠനവിധേയമാക്കുന്നതിലും അക്കാലത്ത് ഗ്രീക്കുകാർ ഉൽസാഹികളായിരുന്നു [8]കല, തത്ത്വചിന്ത, രാഷ്ട്രമീമാംസ മുതലായമേഖലകളിൽ ഗ്രീക്കുകാർ കൈവരിച്ച നേട്ടത്തിനു സമാനമായ പുരോഗതി അവർ ഭാഷാപഠനരംഗത്തും കൈവരിച്ചു. അന്യനാടുകളുമായി അതിപ്രാചീനകാലം മുതൽക്കേ തുടർന്നു പോന്നിരുന്ന വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഗ്രീക്ക് വിജ്ഞാനത്തിന്റെ വളർച്ചക്ക് വലിയ പ്രചോദനമായിത്തീർന്നത്. പ്ലേറ്റോയുടെ സുപ്രസിദ്ധങ്ങളായ ഡയലോഗുകളിലൊന്നായ ക്രാറ്റിലസിൽ ഗ്രീക്കുഭാഷയിലേക്ക് പലപദങ്ങളും അന്യഭാഷയിൽ നിന്ന് കടന്നുവന്നതാകാമെന്ന് സൂചിപ്പിക്കുന്നുണ്ട്. ഹെറോഡോട്ടസും മറ്റുചിലരും പലതരത്തിലുള്ള വൈദേശികപദങ്ങൾ ഉദ്ധരിക്കുകയും അവയെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ആലേഖനരീതി വികസിപ്പിച്ചത് ഗ്രീക്കുകാരല്ലെങ്കിലും ഭാഷയിലെ ഓരോ സ്വനഘടകത്തേയും ചിഹ്നം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാവുന്ന സ്വനിമലിപിയുടെ പ്രാഥമികരൂപങ്ങൾ നിർമ്മിച്ചത് ഗ്രീക്കുകാരായിരിക്കണം. സോക്രട്ടീസിനുമുൻപും ശേഷവും ഗ്രീക്ക് ഭാഷയെ അടിസ്ഥാനമാക്കി ഭാഷയെപ്പറ്റി പഠിച്ച നിരവധി തത്ത്വചിന്തകരുണ്ടായിരുന്നെങ്കിലും അരിസ്റ്റോട്ടിലിനുശേഷമാണ് അത് തത്ത്വചിന്തയുടെ ഒരു പ്രത്യേക ശാഖയായി അറിയപ്പെട്ടു തുടങ്ങിയത്.[9]
റോമൻ മാർഗ്ഗം
ലത്തീൻ ഭാഷാവ്യാകരണം ഗ്രീക്ക് ഭാഷയുടെ മാതൃകയിൽ നിർമ്മിക്കാനാണ് റോമക്കാർ ശ്രമിച്ചത്. അവയിൽ മദ്ധ്യകാലം മുഴുവൻ മാതൃകയായി സ്വീകരിച്ച , ഡൊണേറ്റസും(Donates -AD 4 -)ആം നൂറ്റാണ്ട്.) പ്രിഷ്യനും (Priscian-AD.6 -ആം.നൂറ്റാണ്ട്) തയ്യാറാക്കിയ വ്യാകരണഗ്രന്ഥങ്ങൾ പ്രഥമസ്ഥാനീയങ്ങളാണ്. എന്നാൽ മദ്ധ്യകാലത്ത് ലത്തീൻ ഭാഷയിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുകയും ഇന്ന് റോമൻസ് ഭാഷകൾ എന്നറിയപ്പെടുന്ന ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകൾ രൂപപ്പെടുകയും ചെയ്തു. എന്നാൽ മദ്ധ്യകാലഭാഷാപണ്ഡിതമാർ ക്ലാസിക്കൽ ലത്തീനിൽ മാത്രമാണ് തല്പരരായിരുന്നത്. ക്ലാസിക്കൽ ലത്തീനിൽ മാത്രമാണ് മദ്ധ്യകാലപണ്ഡിതന്മാർക്ക് സാമാന്യഭാഷയുടെ എല്ലാ വ്യവസ്ഥകളും കാണാൻ കഴിഞ്ഞത്.
ഭാഷാന്വേഷണത്തിന്റെ യൂറോപ്യൻ പ്രാരംഭം
യൂറോപ്പിലെ മദ്ധ്യകാലപണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളംഭാഷ എന്നു പറഞ്ഞാൽ ക്ലാസിക്കൽ ലത്തീൻ എന്നു മാത്രമായിരുന്നു അർത്ഥം. അതിനാൽ മറ്റു ഭാഷകൾ പഠിക്കാൻ അവർ തീരെ താല്പര്യം കാണിച്ചില്ല. പുസ്തകഭാഷയിൽ മാത്രം ഒതുങ്ങി നിന്നു കൊണ്ടുള്ള ഈ ഭാഷാപഠനം മറ്റെല്ലാ ഭാഷാ രൂപങ്ങളേയും അവഗണിച്ചു കളയുകയും ചെയ്തു. എന്നാൽ മദ്ധ്യകാലത്തിന്റെ അവസാനത്തോടെ , നവോത്ഥാനകാലചിന്തകളുടെ കടന്നുവരവോടെ ഗ്രീക്ക് ഭാഷാപഠനം വീണ്ടും യൂറോപ്പിൽ സജീവമായിത്തീർന്നു. അതോടൊപ്പം ഹീബ്രുവും അറബിക്കും പഠനവിധേയമാക്കപ്പെട്ടു. അതേസമയം തന്നെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഭാഷാന്വേഷകരുടെ പരിശ്രമങ്ങളും ഭാഷാപഠനത്തിന്റെ മേഖലയെ സജീവമാക്കിത്തീർത്തു[10]. 1786- ലോകഭാഷാപഠനത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ രണ്ട് സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഒന്ന് സർ വില്യം ജോൺസ് ഒരു പ്രഭാഷണത്തിൽ സംസ്കൃതം, ഗ്രീക്ക്, ലത്തീൻ ഭാഷകൾ ഒരേ ഒരേ മൂലഭാഷയിൽനിന്ന് വേർപിരിഞ്ഞു പോയവയാണെന്ന് കണ്ടെത്തിയത് ഭാഷാപഠത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്നതിന് കാരണമായി. ഇത് താരതമ്യ ഭാഷാപഠനത്തിന് തുടക്കം കുറിച്ചു. ഇതേവർഷം തന്നെ റഷ്യയിലെ കാതറീൻ രാജ്ഞി ആവശ്യപ്പെട്ടതനുസരിച്ച് പി.എസ്. പല്ലാസ്(P.S.Pallas. 1741-1811) ഒരു ഗ്ലോസറി നിർമ്മിച്ചു. ഈ പദകോശത്തിൽ ഏഷ്യയിലേയും (149), യൂറോപ്പിലേയും(51) ഇരുന്നൂറ് ഭാഷകളിൽ നിന്ന് 285 വാക്കുകൾ ഉൾപ്പെടുത്തിയിരുന്നു. ഈ പദകോശം വാക്കുകളുടെ താരതമ്യപഠനത്തിന് വഴി വെച്ചു. 1791-ൽ ഈ ഗ്ലോസറി ആഫ്രിക്കൻ- അമേരിക്കൻ ഭാഷകളിൽ നിന്നുള്ള എൺപതുഭാഷകൾ കൂടി ഉൾപ്പെടുത്തി പുതിയ പതിപ്പായി വികസിപ്പിച്ചു. ഇതിനു ശേഷം 1806-1817 കാലയളവിൽ ജെ. സി. ആഡ് ലങ്ങും (J,C Adelung) ജെ. എസ്. വാറ്റെറും (J.S.Vater) ചേർന്ന് Mithridates' എന്നപേരിൽ നാലു വാല്യങ്ങളിലായി സമാഹരിച്ച ഏകദേശം അഞ്ഞൂറ് ഭാഷകളിലുള്ള ഈശ്വരപ്രാർത്ഥനകൾ താരതമ്യഭാഷാപഠനത്തിന് വലിയൊരളവിൽ പ്രയോജകീഭവിച്ചതായി കണക്കാക്കാം[11].
ഭാഷോല്പത്തി സിദ്ധാന്തങ്ങളും മിത്തുകളും
യൂറോപ്യൻ കോളനികളും അവികസിത ഭാഷകളും
ഭാഷാന്വേഷണത്തിൽ നിന്ന് ഭാഷാപഠനത്തിലേക്ക്
ക്ലാസിക് ഭാഷകളിൽ നിന്ന് ദേശീയ/പ്രാദേശിക ഭാഷകളിലേക്ക്
നരവംശവിജ്ഞാനവും ഭാഷകളുടെ ഗോത്രനിർണ്ണയനവും
ആധുനിക ഭാഷാശാസ്ത്രത്തിന്റെ ആവിർഭാവം
ഭാഷാപഠനം അമേരിക്കയിൽ
ബ്ലൂംഫീൽഡിന്റെ സംഭാവനകൾ
ഭാഷാശാസ്ത്രത്തിലെ ചോസ്കിയൻ വിപ്ലവം
അവലംബം
- ↑ R.L.Trask, Key concepts in Language and Linguistics(Indian Reprint 2004)p.171 Entry: Linguistics, routledge/Foundation books New Delhi.
- ↑ ഡോ.കെ.ചന്ദ്രശേഖരൻ നായർ,വ്യാഖ്യാനം: വാക്യപദീയം,ബ്രഹ്മകാണ്ഡം: ഭർതൃഹരി ,2007, പുറം.77-80,കാർത്തിക് ബുക്സ് തിരുവനന്തപുരം.
- ↑ Leonard Bloom Field,Language(1994)p. 11, Motilal Banarsidas (First edition 1933)
- ↑ ഡോ.കെ.ചന്ദ്രശേഖരൻ നായർ,പഠനം, വ്യാഖ്യാനം: വാക്യപദീയം,ബ്രഹ്മകാണ്ഡം: ഭർതൃഹരി ,2007,പുറം.28-29,കാർത്തിക് ബുക്സ് തിരുവനന്തപുരം.
- ↑ ഡോ. കെ.എൻ.എഴുത്തച്ഛൻ, തൊൽക്കാപ്പിയം, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: 1991(വാല്യം. 2)പുറം.62-63, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ
- ↑ David crystal, Linguistics (1990) p 44 , Penguin books First edition 1971
- ↑ David crystal, Linguistics (1990) p 45 , Penguin books First edition 1971
- ↑ Leonard Bloomfield, Language (1994) p 5 , Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935
- ↑ ഡോ.കെ. എൻ. ആനന്ദൻ, ഭാഷാശാസ്ത്രത്തിലെ ചോംസ്കിയൻ വിപ്ലവം(2003), പുറം 4-6, കേരളഭാഷാ ഇൻസ്റ്റിട്യൂട്ട്.തിരുവനന്തപുരം
- ↑ Leonard Bloomfield, Language (1994) p.7 Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935
- ↑ Leonard Bloomfield, Language (1994) p.7 -8, Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935