മാർപ്പാപ്പയുടെ തെറ്റാവരം
ദൈവികവെളിപാടിനേയോ അതുമായി ഗാഢബന്ധമുള്ള വിഷയങ്ങളേയോ സംബന്ധിച്ച് സാർവത്രികസഭയെ പ്രബോധിപ്പിക്കുമ്പോൾ, കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയ്ക്ക്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ തെറ്റാവരം അല്ലെങ്കിൽ അപ്രമാദിത്വം എന്നറിയപ്പെടുന്നത്.[1] തെറ്റാവരത്തിന്റെ ബലത്തിൽ പഠിപ്പിക്കപ്പെടുന്ന കാര്യങ്ങൾ ഉദ്ദിഷ്ടാർത്ഥത്തിൽ സ്വീകരിക്കാൻ കഴിയത്തക്കവണ്ണം ദൈവാത്മാവ് സഭാസമൂഹത്തിൽ "വിശ്വാസികളുടെ ബോദ്ധ്യം" (sensus fidelium) എന്ന നിലയിൽ പ്രവർത്തിക്കുന്നതായുള്ള വാദവും ഈ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അപ്രമാദിത്വസിദ്ധാന്തത്തെ നിർവചിച്ചതും വിശ്വാസസത്യമായി പ്രഖ്യാപിച്ചതും പീയൂസ് ഒൻപതാമൻ മാർപ്പാപ്പ ആയിരിക്കെ 1870-ൽ നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസാണ്.
'പഴയകത്തോലിക്കർ' എന്ന പേരിൽ 19-ആം നൂറ്റാണ്ടിൽ ജർമ്മനിയിൽ രൂപപ്പെട്ട വിമതവിഭഗവും വിഖ്യാതകത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കങ്ങും ഉൾപ്പെടെയുള്ളവർ ഈ സിദ്ധാന്തത്തെ എതിർക്കുന്നു. 1971-ൽ എഴുതിയ "തെറ്റുപറ്റായ്കയോ? ഒരന്വേഷണം"(Infallible? An Inquiry) എന്ന കൃതിയിൽ കങ്ങ് ഇതിനെ, മനുഷ്യകല്പിതമായതും തിരുത്തപ്പെടേണ്ടതുമായ സിദ്ധാന്തമെന്ന് വിശേഷിപ്പിച്ചു. 1870-ൽ ഈ സിദ്ധാന്തത്തെ വിശ്വാസസത്യത്തിന്റെ നിലയിലെക്കുയർത്തിയതിനെ യൂറോപ്പിലെ വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വങ്ങൾ കണ്ടത്, മാർപ്പാപ്പ പദവിയുടെ രാഷ്ട്രീയാധികാരങ്ങൾ നിലനിർത്താനുള്ള തന്ത്രമായാണ്.[2]
ചരിത്രം
അപ്പസ്തോലപ്രമുഖനായ പത്രോസ് വഴിയുള്ള മാർപ്പാപ്പായുടെ ശ്ലൈഹികപ്രാമുഖ്യത്തേയും വിശ്വാസമെന്ന നിലയിൽ സഭയിൽ സ്വീകാര്യമായതിനെ നിർവചിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അധികാരത്തേയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ മറ്റൊരു സിദ്ധാന്തവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് അപ്രമാദിത്വവാദം.[3] 1870 ജൂലൈ 18-ആം തിയതി ഒന്നാം വത്തിക്കാൻ സൂനഹദോസ് അതിനെ ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനു ശേഷം, അപ്രമാദിത്വസിദ്ധാന്തത്തിന്റെ ഏകമാത്രമല്ലെങ്കിലും ഏറ്റവും ശ്രദ്ധേയമായ പ്രയോഗം നടന്നത്,[4] 1950-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ, യേശുവിന്റെ അമ്മ മറിയത്തിന്റെ സ്വർഗ്ഗാരോഹണം ഒരു എല്ലാ കത്തോലിക്കർക്കുമുള്ള മറ്റൊരു വിശ്വാസസത്യമായി പ്രഘോഷിച്ചപ്പോഴായിരുന്നു.[5]എങ്കിലും അപ്രമാദിത്വത്തോടെയുള്ള പ്രബോധനം ദൈവദത്തവും അപ്പസ്തോലികവുമായ അധികാരമാണെന്നും അതിനു വഴങ്ങുകയെന്നത് എല്ലാ വിശ്വാസികളുടേയും കടമയാണെന്നും[൧] ഉള്ള നിലപാടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1870-ലെ അതിന്റെ ഔദ്യോഗികപ്രഖ്യാപനത്തിന് ഏറെ മുൻപ് 1302-ലെ "ഏക വിശുദ്ധസഭ" (Unam Sanctam) എന്ന ചാക്രികലേഖനത്തിൽ ബോണിഫസ് എട്ടാമൻ മാർപ്പാപ്പയും,[6][7] 1441-ലെ "കർത്താവിനെ പ്രകീർത്തിക്കുവിൻ"(Cantate Domino) എന്ന ലിഖിതത്തിൽ ആറാം യൂജീൻ മാർപ്പാപ്പയും,[8][9] 1854-ലെ "അവർണ്ണനീയനായ ദൈവം" (Ineffabilis Deus) എന്ന ലിഖിതത്തിൽ ഒൻപതാം പീയൂസ് മാർപ്പാപ്പയും,[10][11] ഇതേനിലപാടിൽ പ്രബോധനം നടത്തിയിരുന്നു."[12]
വിശകലനം
വേദപുസ്തകം, സഭാപാരമ്പര്യം, സഭയുടെ പ്രബോധനം എന്നിവയുടെ ആശ്രയത്തിലാണ് തെറ്റുപറ്റാത്തെ ദൈവികവെളിപാടിന്റെ ശരിയായ ഗ്രഹണം, സാദ്ധ്യമാവുകയെന്ന് കത്തോലിക്കാ സഭ വാദിക്കുന്നു. ഇവയിൽ, മാർപ്പാപ്പാമാരുടെ അപ്രമാദിത്വത്തോടുകൂടിയ അനുശാസനങ്ങളും, സൂനഹദോസുകളുടെ പ്രബോധനങ്ങളും, സഭയുടെ സാർവത്രികമായ സാധാരണപ്രബോധനങ്ങളും സഭാപ്രബോധനത്തിന്റെ ഭാഗമാണ്. മാർപ്പാപ്പായുടെ തെറ്റാവരം, സഭയ്ക്ക് പൊതുവായുള്ള തെറ്റാവരത്തിന്റെ പലവഴികളിൽ ഒന്നുമാത്രമാണെന്ന് കത്തോലിക്കാ ദൈവശാസ്ത്രം വിശദീകരിക്കുന്നു. തെറ്റാവരത്തോടെയുള്ള മാർപ്പാപ്പമാരുടെ പ്രബോധനങ്ങൾ സഭാപാരമ്പര്യവും വിശുദ്ധഗ്രന്ഥവുമായി ചേർന്നു പോകുന്നതോ, അവയ്ക്കു വിരുദ്ധമല്ലാത്തതെങ്കിലുമോ ആയിരിക്കണം. വ്യക്തി എന്ന നിലയിൽ മാർപ്പാപ്പ പാപക്കറ പുറളാത്തവനായിരിക്കുമെന്നോ, പാപസാദ്ധ്യതയ്ക്കു പുറത്താണെന്നോ, ഔദ്യോഗികനിലയിൽ പോലും വിശ്വാസത്തേയോ സന്മാർഗ്ഗത്തെയോ സംബന്ധിച്ച് ആഗോളസഭയെ പ്രബോധിപ്പിക്കുമ്പോഴല്ലാതെ അദ്ദേഹത്തിനു തെറ്റുപറ്റാൻ ഇടയില്ലെന്നോ, അപ്രമാദിത്വസിദ്ധാന്തം അവകാശപ്പെടുന്നില്ല.
അപ്രമാദിത്വാവകാശത്തോടെയുള്ള പ്രബോധനങ്ങൾ "മാർപ്പാപ്പായുടെ ഉദാത്തമായ നിർവചനങ്ങൾ" എന്നോ "പദവിയിൽ നിന്നുള്ള പ്രബോധനം" (ex cathedra teaching) എന്നോ അറിയപ്പെടുന്നു. ഒന്നാം വത്തിക്കാൻ സൂനഹദോസിന്റെ തീരുമാനങ്ങളും സഭാപാരമ്പര്യവും അനുസരിച്ച്, "പദവിയിൽ നിന്നുള്ള പ്രബോധനം" താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം:-
- 1. "പ്രബോധകൻ റോമിലെ മാർപ്പാപ്പയായിരിക്കും"
- 2. "അദ്ദേഹം പദവിയിൽ ഇരുന്നു പ്രബോധിപ്പിക്കുന്നു"[൨]
- 3. "വിശ്വാസത്തെയോ സന്മാർഗ്ഗത്തേയോ സംബന്ധിച്ച ഒരു തത്ത്വത്തെ"
- 4. "മുഴുവൻ സഭയുടേയും വിശ്വാസത്തിന്റെ അവശ്യഭാഗമായി"
- 5. "അദ്ദേഹം നിർവചിക്കുന്നു"
മാർപ്പാപ്പായുടേയോ സഭാസമ്മേളനത്തിന്റേയോ പ്രബോധനം അപ്രമാദിത്വത്തോടെയുള്ളതായി അംഗീകരിക്കപ്പെടാൻ, അസന്ദിഗ്ദ്ധവും, നിർബ്ബദ്ധവുമായ(definitive and binding) പ്രബോധനമായി അതു വ്യക്തമാക്കപ്പെട്ടിരിക്കണം. ഇതിനു പ്രത്യേകമായ സൂത്രവാക്യങ്ങളൊന്നും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സാധാരണയായി താഴെപ്പറയുന്ന കാര്യങ്ങളിൽ ഒന്നോ, അവ രണ്ടുമായോ ഉപയോഗിക്കാം:
- പ്രബോധനം നിർവാചകമാണെന്നു വ്യക്തമാക്കുന്ന ഒരു പദസമുച്ചയം[൩]
- പ്രബോധനത്തെ മനഃപൂർവം ധിക്കരിക്കുന്നവർ കത്തോലിക്കാ സഭയ്ക്കു പുറത്തായിരിക്കുമെന്ന ശാപവാക്യം (anathema).
ഉദാഹരണമായി, 1950-ൽ, മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ സംബന്ധിച്ച പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയുടെ "ഉദാരവാനായ ദൈവം" (Munificentissimus Deus) എന്ന പ്രഖ്യാപനംത്തോടു ചേർന്ന് ഈ ഭാഗം കാണാം: "അതിനാൽ നാം നിർവചിച്ചിരിക്കുന്ന ഈ വസ്തുതയെ മനഃപൂർവം നിഷേധിക്കാനോ സംശയിക്കാനോ ആരും ധൈര്യപ്പെടാൻ ദൈവം ഇടയാക്കാതിരിക്കട്ടെ. പരിശുദ്ധമായ കത്തോലിക്കാവിശ്വാസത്തിൽ നിന്നു താൻ പൂർണ്ണമായും പുറത്തായെന്ന് അങ്ങനെ ചെയ്യുന്നവൻ അറിഞ്ഞിരിക്കട്ടെ."
മാർപ്പാപ്പായുടേയോ സഭാസമ്മേളനത്തിന്റേയോ അപ്രമാദിത്വത്തോടെയുള്ള പ്രഖ്യാപനം, സാധാരണമായ ഒരു മുൻപ്രഖ്യാപനത്തിനു വിരുദ്ധമാകാം. എന്നാൽ അപ്രമാദിത്വാവകാശത്തോടെ നടത്തിയ ഒരു മുൻ ഉദ്ബോധനവുമായോ, വിശുദ്ധഗ്രന്ഥത്തിലേയോ വിശുദ്ധപാരമ്പര്യത്തിലേയോ പ്രബോധനങ്ങളുമായോ അതിനു വൈരുദ്ധ്യം ഉണ്ടാകരുത്. അങ്ങനെയല്ലാത്തപ്പോൾ, രണ്ടാമത്തെ പ്രബോധനം ആദ്യത്തേതിനെ ഉടനടി അപ്രസക്തമാക്കുന്നു. വിശ്വാസികളുടെ ബോധം(sensus fidelium) പരിഗണിക്കുമ്പോൾ, അപ്രമാദിത്വാവകാശത്തോടെയുള്ള ഒരു പ്രബോധനവുമായി, അപ്രമാദിത്വാധികാരത്തോടെയല്ലാതെയുള്ള ഒരു പിൽക്കാലപ്രബോധനത്തിനു പോലും വൈരുദ്ധ്യം ഉണ്ടായിക്കൂടാ.
2005 ജൂലൈ മാസത്തിൽ ഇറ്റലിയിലെ അയോസ്റ്റാ നഗരത്തിലെ പുരോഹിതന്മാരോടു സംസാരിക്കവേ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഇങ്ങനെ പറഞ്ഞു: "മാർപ്പാപ്പ വെളിച്ചപ്പാടല്ല; നമുക്കൊക്കെ അറിയാവുന്നതു പോലെ, അദ്ദേഹം തെറ്റുപറ്റാത്തവനായിരിക്കുന്നത്, വളരെ വിരളം സാഹചര്യങ്ങളിൽ മാത്രമാണ്."[13]
വിശുദ്ധപദവിയുടെ പ്രഖ്യാപനങ്ങൾ അപ്രമാദിത്വത്തിന്റെ പരിധിയിൽ വരുന്നവയാണെന്ന് ഭൂരിപക്ഷം കത്തോലിക്കാദൈവശാസ്ത്രജ്ഞന്മാരും കരുതുന്നു. അതിനാൽ, വിശുദ്ധന്മാരായി പ്രഖ്യാപിക്കപ്പെട്ടവർ നിശ്ചയമായും സ്വർഗ്ഗത്തിൽ ദൈവസാന്നിദ്ധ്യത്തിലായിരിക്കുമെന്നു അവർ വിശ്വസിക്കുന്നു. എങ്കിലും വിശുദ്ധപ്രഖ്യാപനത്തിന്റെ അപ്രമാദിത്വത്തെപ്പറ്റിയുള്ള ഈ അഭിപ്രായത്തെ സഭാപ്രബോധനം ഒരിക്കലും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടില്ല.
പ്രഖ്യാപനം
അപ്രമാദിത്വസിദ്ധാന്തത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, മർപ്പാപ്പമാരിൽ ഏറ്റവും ദീർഘമായ വാഴ്ചക്കാലമുള്ള ഒൻപതാം പീയൂസിന്റെ 32 വർഷത്തെ വാഴ്ചയുടെ(1846-78) അവസാനഘട്ടത്തിൽ നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസാണ് ഇതിനെ വിശ്വസസത്യമായി പ്രഖ്യാപിച്ചത്. മാർപ്പാപ്പയുടെ ധാർമ്മികാധികരത്തെ സംബന്ധിച്ച ഈ അസാധാരണസിദ്ധാന്തത്തിന്റെ പ്രഖ്യാപനം, മാർപ്പാപ്പ പദവിയുമായി ബന്ധപ്പെട്ട രാഷ്ട്രീയാധികാരങ്ങൾ മിക്കവാറും ഇല്ലാതാക്കാൻ ഇടയാക്കിയ സംഘർഷത്തിന്റെ സൂചന നൽകിക്കൊണ്ട്, യൂറോപ്യൻ രാജനീതി ഏറെ കലുഷമായിരുന്നപ്പോഴായിരുന്നു. സൂനഹദോസിന്റെ ചർച്ചയുടെ പശ്ചാത്തലവും പരിണാമവും ഒരു ചരിത്രകാരൻ ഇങ്ങനെ വിവരിക്കുന്നു:-
മാർപ്പാപ്പയുടെ ഭൗതികാധികാരത്തെ രക്ഷപെടുത്താനുള്ള തന്ത്രമായി അപ്രമാദിത്വപ്രഖ്യാപനത്തെ കണ്ട യൂറോപ്പിലെ രാഷ്ട്രീയശക്തികൾ അരിശം കൊണ്ടു. പ്രഷ്യൻ ചാൻസലർ ബിസ്മാർക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റണും അതിനെ നിശിതമായി വിമർശിച്ചു. പഴകിത്തുരുമ്പിച്ചതിനാൽ ഉപേക്ഷിച്ചിരിക്കും എന്നു കരുതിയ ആയുധങ്ങളെ റോം തേച്ചു മിനുക്കി പ്രദർശിപ്പിക്കുകയാണെന്ന് ഗ്ലാഡ്സ്റ്റൺ പരിഹസിച്ചു. അപ്രമാദിത്വപ്രഖ്യാപനത്തിനു വെറും രണ്ടാഴ്ചക്കു ശേഷം, ഫ്രഞ്ചു സൈന്യം റോമിൽ നിന്നു പിൻവാങ്ങിയതിനെ തുടർന്ന് നഗരം പീഡിമോണ്ടുകാരായ ഇറ്റാലിയൻ ദേശീയവാദികളുടെ നിയന്ത്രണത്തിലായി. ഇറ്റലിയിലെ പേപ്പൽ ഭരണത്തിന്റെ അന്ത്യമായിരുന്നു അത്.[2]
കുറിപ്പുകൾ
൧ ^ 1599-ൽ, കേരളത്തിലെ സുറിയാനി ക്രിസ്തീയസഭയെ പാശ്ചാത്യ കത്തോലിക്കാസഭയുടെ ഭാഗമാക്കാൻ വേണ്ടി നടത്തിയ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളിൽ ഒരിടത്ത് ഇങ്ങനെ വായിക്കാം: "മാനം വളഞ്ഞതിനകത്ത ആകനാൽ ഒരു പള്ളിയെ ഒള്ളു. ഇപ്പള്ളിക്ക തലവനും എടയനും ആയത ശുദ്ധമാന പാപ്പാ അത്രെ.....ഇതിനെക്കൊണ്ടു പാപ്പാടെ കീൾ വഴങ്ങാത്തവർക്കു മൊഷം ഇല്ല. പിന്നയൊ നരകത്തിൽ പൊയി ദുഷ്കർമ്മപ്പെടുവൊര."[14]
൨ ^ എല്ലാ ക്രിസ്ത്യാനികളുടേയും ഇടയനും ഗുരുവും എന്ന നിലയിലും, അപ്പസ്തോലിക അധികാരം ഉപയോഗിച്ചും പ്രബോധിപ്പിക്കുന്നു എന്നാണ് "പദവിയിൽ ഇരുന്നുള്ള" പ്രബോധനം എന്നതിന്റെ അർത്ഥം
൩ ^ ഉദാഹരണമായി "നാം പ്രഘോഷിക്കുകയും, പ്രഖ്യാപിക്കുകയും, നിർവചിക്കുകയും ചെയ്യുന്നു..." എന്നോ മറ്റോ.
അവലംബം
- ↑ "അപ്രമാദിത്വമെന്നത് തെറ്റുപറ്റുന്നതിൽ നിന്നുള്ള ഒഴിവിനേക്കാൾ ഉപരി, തെറ്റിനുള്ള സാദ്ധ്യതയിൽ നിന്നു തന്നെയുള്ള ഒഴിവാണ്", P. J. Toner, Infallibility, Catholic Encyclopedia, 1910
- ↑ 2.0 2.1 2.2 Vivian Green, A New History of Christianity (പുറങ്ങൾ 255-56)
- ↑ Erwin Fahlbusch et al. The encyclopedia of Christianity Eradman Books ISBN 0-8028-2416-1
- ↑ വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം തെറ്റാവരത്തിന്റെ ഉപയോഗമായി കണ്ട് മാർപ്പാപ്പാമാർ അനേകവട്ടം പ്രയോഗിച്ചിട്ടുള്ളതാണ്. കത്തോലിക്കാവിജ്ഞാനകോശത്തിൽ വിശുദ്ധപദവിയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ലേഖനം കാണുക.
- ↑ Encyclopedia of Catholicism by Frank K. Flinn, J. Gordon Melton 207 ISBN 081605455X page 267
- ↑ "രക്ഷപ്രാപിക്കാൻ ഓരോ മനുഷ്യജീവിയും റോമിലെ മാർപ്പാപ്പയ്ക്കു വിധേയനായിരുന്നേ മതിയാവൂ എന്നു നാം പ്രഖ്യാപിക്കുകയും, പറയുകയും, നിർവചിക്കുകയും ചെയ്യുന്നു."
- ↑ Fisher, George Parker. History of Christian Doctrine. Edinburgh: T&T Clark. 1896. page 543
- ↑ "കത്തോലിക്കാസഭയ്ക്കു വെളിയിൽ കഴിയുന്നവർക്ക്...ജീവിതാന്ത്യത്തിനു മുൻപ് അതിൽ പങ്കുചേർന്നാലല്ലാതെ നിത്യജീവനിൽ പങ്കുപറ്റാനാവില്ലെന്ന് നാം വിശ്വസിക്കുകയും, പ്രഘോഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു."
- ↑ From the Housetops: a Publication of the Crusade of Saint Benedict Center, Issues 57-65. 2003. page 73
- ↑ "മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകൾ പരിഗണിച്ച് സർവശക്തനായ ദൈവം നൽകിയ വിശേഷകൃപയും പദവിയും മൂലം, ഏറ്റവും പരിശുദ്ധകന്യാമറിയം, ഉൽഭവിച്ച ക്ഷണം മുതൽ എല്ലാവിധമായ പാപക്കറയിൽ നിന്നും പരിരക്ഷിക്കപ്പെട്ടുവെന്ന സിദ്ധാന്തം, ദൈവത്താൽ വെളിപ്പെടുത്തപ്പെട്ട സത്യമാണെന്നും അതിനാൽ എല്ലാ വിശ്വാസികളും എപ്പോഴും ഉറപ്പായി വിശ്വസിക്കേണ്ടതാണെന്നും നാം പ്രഖ്യാപിക്കുകയും, പ്രഘോഷിക്കുകയും നിർവചിക്കുകയും ചെയ്യുന്നു."
- ↑ MacArthur, John F., Jr. Charismatic Chaos. Grand Rapids: Zondervan. 1992. page 90
- ↑ Wilhelm, Joseph and Thomas Scannell. Manual of Catholic Theology.Volume 1, Part 1. London: Kegan Paul, Trench, Trübner & Co. Ltd. 1906. pp 94-100
- ↑ "സഭയിലെ പ്രതിസന്ധി പരിഹരിക്കാൻ മാർപ്പാപ്പായുടെ പക്കൽ 'ഒറ്റമൂലി' ഒന്നുമില്ല.", Zenit, 29July 2005, retrieved 8 July 2009, zenit.org Archived 2011-06-08 at the Wayback Machine
- ↑ ഡോക്ടർ സ്കറിയാ സക്കറിയായുടെ സംശോധനയിൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, പന്ത്രണ്ടാം സാഹാ (പുറം 128)