യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം

പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം. "2 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പുതിയനിയമത്തിന്റെ തന്നെ ഭാഗമായ നാലാമത്തെ സുവിശേഷത്തിന്റേയും ഇതേ ലേഖകന്റെ തന്നെ പേരിൽ അറിയപ്പെടുന്ന മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി പറയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ'(beloved Apostle) യോഹാന്നാന്റെ രചനയായി ഇതിനെ ക്രിസ്തീയപാരമ്പര്യം കണക്കാക്കുന്നു. ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട 7 ലേഖനങ്ങൾ ചേർന്ന കാതോലിക ലേഖനങ്ങൾ എന്ന വിഭാഗത്തിലെ ഒരു ഗ്രന്ഥമാണിത്. പുതിയനിയമത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥങ്ങളിൽ ഒന്നും ഏറ്റവും കുറച്ചു വാക്യങ്ങളുള്ള ഗ്രന്ഥവും ആണിത്. "സത്യമറിയാവുന്നവരെല്ലാം സ്നേഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ സന്താനങ്ങൾക്കും വേണ്ടി മൂപ്പനായ ഞാൻ എഴുതുന്നത്" എന്ന തുടക്കത്തിൽ[1] പരാമർശിക്കപ്പെടുന്ന 'മഹതി' ക്രിസ്തീയസഭ തന്നെയാണെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഉള്ളടക്കം

തെരഞ്ഞെടുക്കപ്പെട്ട മഹതിയ്ക്കും അവളുടെ മക്കൾക്കും ഉള്ള അഭിവാദനത്തിനു ശേഷം, ആരംഭം മുതലുള്ള കല്പനയുടെ ആവർത്തനമായി ലേഖകൻ സ്നേഹത്തെക്കുറിച്ചു പ്രബോധിപ്പിക്കുന്നു. തുടർന്ന് യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്നു വിശ്വസിക്കാത്തെ 'വഞ്ചകരെ'ക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ക്രിസ്തുവിന്റെ പഠനത്തിനു വിരുദ്ധമായ പ്രബോധനങ്ങളുമായി സമീപിക്കുന്നവരെ വീട്ടിൽ സ്വീകരിക്കുകയോ അഭിവാദ്യം ചെയ്യുകയോ പോലും അരുതെന്നു ലേഖകൻ സഭാംഗങ്ങളെ വിലക്കുകപോലും ചെയ്യുന്നു. പലകാര്യങ്ങളും പറയാനുണ്ടെന്നു പറഞ്ഞ ശേഷം കടലാസും മഷിയും ഉപയോഗിച്ചല്ലാതെ മുഖാമുഖം സംസാരിക്കാൻ കഴിയുമെന്നാശിച്ച്, തെരഞ്ഞെടുക്കപ്പെട്ട മഹതിയുടെ "സഹോദരിയുടെ മക്കളുടെ ആശംകൾ അർപ്പിച്ച്"[2] ലേഖനം സമാപിക്കുന്നു.

ലേഖനം

യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം

അവലംബം

  1. 2 യോഹന്നാൻ, 2-ആം വാക്യം
  2. 2 യോഹന്നാൻ, 13-ആം വാക്യം