രക്തദാനം
ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം (Voluntary Blood Donation). പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ദാതാവിൽ നിന്ന് രക്തം സ്വീകരിക്കുന്നത്. രോഗാണുക്കൾ പകരാൻ ഏറ്റവും സാദ്ധ്യതയുള്ളത് രക്തത്തിൽ കൂടിയാണ് എന്നതിനാലാണ് അത്.
രക്തദാന രീതികൾ
രക്തദാനം രണ്ടു വിധത്തിലുണ്ട്.
അലോജനിക് രീതി
ഇവിടെ ദാനം ചെയ്ത രക്തം രക്ത ബാങ്കിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരനെ ദാതാവ് തിരിച്ചറിയുന്നില്ല. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം സ്വീകരിക്കുവാനും വേണ്ടുന്ന പരിശോധനകൾ നടത്തി ഗുണമേന്മ ഉറപ്പുവരുത്താനും, ഇങ്ങനെ ലഭിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്ത ബാങ്കുകൾ(Blood Banks). ഇൻഡ്യയിൽ നിലവിൽ സർക്കാർ ഉടമയിൽ 33ഉം, സ്വകാര്യമേഖലയിൽ 119ഉം രക്തബാങ്കുകളാണ് ഉള്ളത്. രക്തബാങ്കുകളില്ലാത്ത ആസ്പത്രികൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൾ രക്തം ആവശ്യമായി വന്നാൽ അതു സംഭരിക്കാനുള്ള പ്രത്യേക സംവിധാനമാണ് രക്ത സംഭരണ കേന്ദ്രങ്ങൾ(Blood Storage Centers).
നേർരേഖാ രീതി
ഇവിടെ സ്വീകർത്താവിന്റെ ആവശ്യാർത്ഥം രക്തം ദാനം ചെയ്യപ്പെടുകയാണ്.
സുരക്ഷ
കർശനമായ പരിശോധനകൾക്ക് ശേഷമേ ദാതാവിനെ നിശ്ചയിക്കാറുള്ളൂ. ഇത് കർശനമായി പാലിക്കുന്നത് വഴി സ്വീകർത്താവിനും ദാതാവിനും സുരക്ഷ പൂർണ്ണമാകുന്നു. ദാതാക്കൾക്കുണ്ടാകുന്ന അസുഖങ്ങൾ, കഴിക്കുന്ന ഔഷധങ്ങൾ എന്നിവ സ്വീകർത്താക്കളുടെ ആരോഗ്യനില അപകടത്തിലാക്കിയേക്കാം. എച്ച്‌ഐവി, വൈറൽ പനികൾ, മഞ്ഞപ്പിത്തം എന്നിവയുള്ള ദാതാക്കൾ സ്വീകർത്താക്കളെ അപകടത്തിലാക്കും. അതിനാൽ ദാതാക്കളെ പൂർണ്ണ പരിശോധനയ്ക്ക് വിധേയരാക്കും. ദാതാക്കളുടെ ആരോഗ്യസ്ഥിതിയിൽ വ്യതിയാനമുണ്ടാക്കില്ലെങ്കിൽ മാത്രമേ രക്തം സ്വീകരിക്കൂ.
രക്തദാന-രക്തസ്വീകരണ രീതി
- സ്വീകർത്താക്കൾക്ക് പലപ്പോഴും രക്തത്തിലെ ഘടകങ്ങളാണ് ആവശ്യമായി വരുന്നത്. എന്നിരുന്നാലും രക്തദാതാക്കളിൽ നിന്നും സമ്പൂർണ രക്തമായി തന്നെ സ്വീകരിക്കുന്നു.
- പുരുഷന്മാർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും, സ്ത്രീകൾക്ക് നാലുമാസം കൂടുന്തോറും രക്തം ദാനം ചെയ്യാം.
- ഹൃദ്രോഗികൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഉള്ളവർ, ചുഴലി, മാനസികരോഗത്തിന് ചികിത്സ നേടുന്നവർ, ക്യാൻസർ രോഗികൾ, കരൾ രോഗം ബാധിച്ചവർ, ഹെപ്പറ്റെറ്റിസ് ബി/സി എന്നിവയുടെ രോഗാണുവാഹകർ, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർ തുടങ്ങിയവർ രക്തം ദാനം ചെയ്യാൻ പാടില്ല.
- കഴിയുന്നതും സന്നദ്ധ രക്തദാതാക്കളിൽ നിന്നും രക്തം സ്വീകരിക്കുക.
- സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിലോ രക്തദാനക്യാമ്പുകളിലോ രക്തം ദാനം ചെയ്യാം.
- രക്ത വില്പനക്കാരിൽ നിന്നുള്ള രക്തം അപകടകരമായേക്കാം.
- രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ രോഗികൾക്ക് നൽകാറുള്ളൂ.
- ആരോഗ്യവാനാണെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുമ്പേ സ്വന്തം രക്തം തന്നെ സംഭരിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം ശസ്ത്രക്രിയാവേളയിൽ പുനരുപയോഗം നടത്താം. ഇത്തരത്തിൽ സ്വന്തം രക്തം സ്വന്തം ആവശ്യത്തിനായി ദാനം ചെയ്യുന്നതിനെ ആട്ടോലോഗസ് ട്രാൻസ്ഫ്യൂഷൻ എന്നു പറയുന്നു.
(സ്വന്തം രക്തമാണ് ഏറ്റവും സുരക്ഷിതമായിട്ടുള്ളത്. ഇതുവഴി അസുഖം പകരാനുള്ള സാധ്യതയും രക്തം സ്വീകരിക്കുമ്പോഴുള്ള അലർജിയും തടയാൻ കഴിയും.)
രക്തദാനത്തിന്റെ പ്രാധാന്യം
അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ശസ്ത്രക്രിയാവേളയിൽ, രോഗിയിൽ നിന്ന് മുമ്പേ ശേഖരിക്കുന്ന രക്തം തന്നെ ശരീരത്തിൽ തിരിച്ചുപ്രവേശിപ്പിക്കുന്ന രീതി ഉണ്ടെങ്കിലും, മിക്കപ്പോഴും പുതിയ രക്തം അനിവാര്യമായി വരാറുണ്ട്. ഇതിനുപുന്മേ പ്രസവ സമയങ്ങളിൽ ഉണ്ടാകാറുള്ള അമിത രക്തസ്രാവം പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങൾപിടിപെടുന്നതും രക്താർബുദം, വിളർച്ച തുടങ്ങിയ സന്ദർഭങ്ങളിലും രക്തം സ്വീകരിക്കേണ്ടതായി വരുന്നു. രക്തബാങ്കുകളിൽ എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും ലഭ്യമാകണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സന്നദ്ധരക്തദാനത്തിലൂടെ ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളിൽ സൂക്ഷിക്കാൻ സാധിക്കൂ. അതിനാൽ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടർപ്രക്രിയയാണ്. മാത്രമല്ല, രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു. ആവശ്യമായ രക്തത്തിന്റെ 100%വും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല. ആയതിനാൽ കഴിവതും നിങ്ങളുടെ രക്തം ദാനം ചെയ്യുക.
രക്തദാന സംഘടനകൾ
ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബുകൾ തുടന്നിയ ഏതൊരു സ്ഥാപനത്തിനും അവരുമായി ബന്ധപ്പെട്ട ദാതാക്കളുടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കുകയും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടനകളാണ് ബ്ലഡ് ഡോണർ ഫോറങ്ങൾ.
മതപരമായ വീക്ഷണം
വ്യക്തിപരമോ, വൈദ്യശാസ്ത്രപരമോ, മതപരമോ ആയ കാരണത്താൽ ചിലർ രക്തപകർച്ച നിരസിക്കുന്നു. ഉദാഹരണത്തിനു, യഹോവയുടെ സാക്ഷികളുടെ വിശ്വാസമനുസരിച്ച് അവർ രക്തം സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവകല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും പ്രവർത്തികൾ 15:28,29 എന്ന തിരുവെഴുത്തും മറ്റു ചില തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഇവർ പഠിപ്പിക്കുന്നു[1]. ജീവന്മരണ സാഹചര്യങ്ങളിൽ പോലും ഇവർ രക്തം സ്വീകരിക്കില്ല. രക്തരഹിത ചികിൽസയും മറ്റ് ആധുനിക ചികിൽസകളും ഇവർ ഇതിന് പകരമായി സ്വീകരിക്കുന്നു.
രക്തദാന ദിനം
ജൂൺ 14 ലോക രക്തദാന ദിനമായി ആഘോഷിക്കുന്നു.[2] ദേശീയ സന്നദ്ധ രക്തദാനദിനമായി ഇന്ത്യയിൽ ഒക്ടാബർ ഒന്നിനും ആചരിക്കുന്നു. [3]
അവലംബങ്ങൾ
സ്രോതസ്സുകൾ
- കേരള ബ്ലഡ് ഡോണർ ഡയറക്റ്ററി http://keralablood.com Archived 2012-12-06 at the Wayback Machine.
- http://ksacs.in Archived 2021-04-10 at the Wayback Machine.
- http://livevartha.com/read-more.php?id=16527[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
- http://blooddonation.co.in/index.html Archived 2012-11-30 at the Wayback Machine.