ലിറ്റിൽ മിസ്സ് സൺഷൈൻ

ലിറ്റിൽ മിസ്സ് സൺഷൈൻ
The movie poster shows the family featured in the film chasing a Volkswagen Microbus. The title of the film is located above the vehicle. From left to right: the mother (wearing sunglasses, a white long-sleeve shirt, and pink pants) is in a running stance behind the vehicle, the son (wearing a yellow short-sleeve shirt and black pants) is pushing the vehicle, the uncle (wearing a pink short-sleeve shirt, a white long-sleeve shirt, white pants, and has a black beard) is in a running stance, the daughter (wearing a red headband, red shirt, blue shorts, and glasses) is near the open door of the vehicle, the grandfather (wearing a white t-shirt, a black vest, and gray pants) is seated in the vehicle reaching for the daughter, and the father (wearing a red t-shirt and sunglasses) is driving the vehicle and looking back at his family. The poster has an all-yellow background and, at the top, features the cast's names and reviews by critics. The bottom of the poster includes the film's credits, rating, and release date.
റിലീസ് പോസ്റ്റർ
സംവിധാനംജോനാഥൻ ഡേയ്ടൺ, വലേരി ഫാരിസ്
നിർമ്മാണം
  • മാർക്ക് ടർട്ടിൽടോബ്
  • ഡേവിഡ് ടി. ഫ്രണ്ട്ലി
  • പീറ്റർ സറഫ്
  • ആൽബർട്ട് ബെർഗർ
  • റോൺ യെർക്സ
രചനമൈക്കൽ ആർണ്ട്റ്റ്
അഭിനേതാക്കൾ
സംഗീതംമൈക്കിൾ ഡാന
ഛായാഗ്രഹണംടിം സുഹർസ്റ്റഡ്
ചിത്രസംയോജനംപമേല മാർട്ടിൻ
സ്റ്റുഡിയോ
  • ബിഗ് ബീച്ച് ഫിലിംസ്
  • ബോണ ഫിഡ പ്രൊഡക്ഷൻസ്
  • ഡീപ്പ് റിവർ പ്രൊഡക്ഷൻസ്
  • തേർഡ് ഗിയർ പ്രൊഡക്ഷൻസ്
വിതരണംഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ്
റിലീസിങ് തീയതി
രാജ്യംയുഎസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്8 ദശലക്ഷം ഡോളർ
സമയദൈർഘ്യം101 മിനിറ്റ്
ആകെ100.5 ദശലക്ഷം ഡോളർ

2006 ൽ ഇറങ്ങിയ ഒരു അമേരിക്കൻ കോമഡി-ഡ്രാമ റോഡ് ചലച്ചിത്രമാണ് ലിറ്റിൽ മിസ്സ് സൺഷൈൻ. ദമ്പതികളായ ജോനാഥൻ ഡേയ്ടൺ , വലേരി ഫാരിസ് എന്നിവർ സംവിധാനരംഗത്തു അരങ്ങേറിയ ചിത്രമാണ് ഇത്. പുതുമുഖമായ മൈക്കൽ ആറൻഡ് ചിത്രത്തിന്റെ തിരക്കഥ രചിച്ചു. ഗ്രെഗ് കിന്നിയർ, സ്റ്റീവ് കരേൽ, ടോണി കൊളലേറ്റ്, പോൾ ഡാനോ, അബിഗെയ്ൽ ബ്രെസ്ലിൻ, അലൻ ആർക്കിൻ എന്നിവർ അഭിനയിച്ച ഈ ചിത്രം 8 ദശലക്ഷത്തിൻ്റെ ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിച്ചത് ബിഗ് ബീച്ച് ഫിലിംസ് ആണ്.[1][2]2005 ജൂൺ 6-ന് ആരംഭിച്ച ചിത്രീകരണം അരിസോണയിലും ദക്ഷിണ കാലിഫോർണിയയിലുമായി 30 ദിവസങ്ങൾ നീണ്ടു നിന്നു.[3]  

2006 ജനുവരി 20 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[4] ഫെസ്റ്റിവലിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി ഫോക്സ് സെർച്ച് ലൈറ്റ് പിക്ചേഴ്സ് ഈ ചിത്രത്തിൻ്റെ വിതരണം കരസ്ഥമാക്കി.[5] 2006 ജൂലൈ 26-ന് ഈ ചിത്രം അമേരിക്കയിൽ പരിമിതമായ രീതിയിൽ റിലീസ് ചെയ്തു, പിന്നീട് ഓഗസ്റ്റ് 18 മുതൽ വിപുലമായ രീതിയിൽ പ്രദർശനം ആരംഭിച്ചു.  

ലിറ്റിൽ മിസ്സ് സൺഷൈൻ അന്താരാഷ്ട്ര ബോക്സ് ഓഫീസ് 100.5 ദശലക്ഷം ഡോളർ വരുമാനം നേടി. മികച്ച ചിത്രം ഉൾപ്പെടെ നാല് അക്കാദമി അവാർഡുകൾക്ക് ഈ സിനിമ നാമനിർദ്ദേശം ചെയ്യപ്പെടുകയും, രണ്ടെണ്ണം: മൈക്കൽ ആറൻഡിനു മികച്ച തിരക്കഥക്കും, അലൻ ആർകിനു മികച്ച സഹനടനുമുള്ള അക്കാദമി അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡും മറ്റ് നിരവധി പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

കഥ

ന്യൂ മെക്സിക്കോയിലെ ആൽബുക്കെർക്കിയിൽ താമസിക്കുന്ന രണ്ടു കുട്ടികളുടെ, അത്യധ്വാനം ചെയ്യുന്ന ഒരമ്മയാണ്‌ ഷെറിൽ ഹൂവർ. സ്വവർഗാനുരാഗിയും, പ്രൗസ്റ്റ് പണ്ഡിതനുമായ അവളുടെ സഹോദരൻ ഫ്രാങ്ക്, ആത്‍മഹത്യ ശ്രമത്തിനു ശേഷം വീട്ടിൽ താത്കാലികമായി ഈ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഷെറിലിൻ്റെ ഭർത്താവു റിച്ചാർഡ് ഒരു പ്രചോദനാത്മകഭാഷകനും ജീവിതാധ്യാപകനുമായി തൊഴിൽ മേഖലയിൽ വളരാൻ കഷ്ടപ്പെടുന്ന ഒരു ടൈപ്പ് എ വ്യക്തിത്വമാണ്. ഷെറിലിൻ്റെ മുൻ വിവാഹത്തിൽ നിന്നുള്ള മകൻ ഡ്വെയ്ൻ, ഒരു നിറ്റ്‌സ്സ്ചെ വായനക്കാരനും, തൻ്റെ ടെസ്റ്റ് പൈലറ്റ് ആകണം എന്ന സ്വപ്നം സഫലമാകുന്നത് വരെ മൗനവ്രതവും എടുത്തിരിക്കുന്ന ഒരു കൗമാരക്കാരനാണ്. അടുത്തകാലത്തായി ഹെറോയിൻ ഉപയോഗിച്ചതിന് വൃദ്ധ സദനത്തിൽ നിന്നും പുറത്താക്കപ്പെട്ട റിച്ചാർഡിൻ്റെ അശ്ലീലവാദിയായ പിതാവ് എഡ്വിൻ, ഈ കുടുംബത്തോടൊപ്പം ജീവിക്കുന്നു. റിച്ചാർഡിന്റെയും ഷെറിലിന്റെയും മകളായ ഒലിവ്, ഒരു സൗന്ദര്യ രാജ്ഞി ആകണമെന്ന് ആഗ്രഹിച്ചു മുത്തച്ഛനായ എഡ്വിനൊപ്പം പരിശീലിക്കുന്നു.

രണ്ടുദിവസത്തിനു ശേഷം കാലിഫോർണിയയിലെ റെഡോണ്ടൊ ബീച്ചിൽ നടക്കുന്ന "ലിറ്റിൽ മിസ്സ് സൺഷൈൻ" സൗന്ദര്യമത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട് എന്ന് ഒലിവ് അറിയുന്നു. അവളുടെ മാതാപിതാക്കൾക്കും അവളെ പരിശീലിപ്പിച്ചുകൊണ്ടിരുന്ന എഡ്വിനും അവളെ പിന്തുണക്കണമെന്നുണ്ട്, എന്നാൽ ഫ്രാങ്കിനെയും ഡ്വെയിനെയും ഒറ്റയ്ക്ക് വിടാൻ കഴിയില്ലാത്തതിനാൽ, കുടുംബം ഒന്നാകെ കാലിഫോർണിയക്ക് പോകുന്നു. പണത്തിനു ബുദ്ധിമുട്ടുള്ളതിനാൽ 800 മൈൽ ദൂരമുള്ള യാത്ര അവരുടെ ഒരു പഴയ മഞ്ഞ ഫോസ്‌വാഗൺ വാനിലാണ് യാത്രചെയ്യുന്നത്.

കുടുംബങ്ങൾ തമ്മിൽ ഉള്ള രസക്കേടിനൊപ്പം പഴഞ്ചനായ വണ്ടിയുടെ മെക്കാനിക്കൽ പ്രശ്നങ്ങളും ചേർന്ന് യാത്ര ദുരിതപൂർണമാക്കുന്നു. യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ വണ്ടിയുടെ ഗിയർ തകരാറിലായി. എല്ലാവരും ചേർന്ന് തള്ളിയാൽ മാത്രമേ വണ്ടി സ്റ്റാർട്ട് ആവുകയുള്ളൂ. വണ്ടി ഓടിത്തുടങ്ങിയാൽ തള്ളുന്നവർ ഓടി വണ്ടിയിൽ വശങ്ങളിലെ ഡോറിലൂടെ ചാടികയറണം. പിന്നീട് വണ്ടിയുണ്ട് ഹോൺ നിർത്താതെ ശബ്ദമുണ്ടാക്കാനും തുടങ്ങി.

റോഡ് യാത്രയിലുടനീളം, കുടുംബം നിരവധി തിരിച്ചടികൾ നേരിടുകയും, പരസ്പരം പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിയുന്നു. തന്റെ തൊഴിലിൽ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കുമായിരുന്നു ഒരു കരാർ റിച്ചാർഡിനു നഷ്ടപ്പെടുന്നു. തന്റെ ആത്മഹത്യയെ പ്രേരിപ്പിച്ച, മുൻ കാമുകൻ അക്കാദമിക് എതിരാളിക്ക് ഒപ്പം പോകുന്നത് ഫ്രാങ്ക് കാണാനിടയാവുന്നു. എഡ്വിൻ അമിതമായ ഹെറോയിൻ ഉപയോഗത്താൽ മരിക്കുന്നു, അതിനെത്തുടർന്ന് എഡ്വിന്റെ മൃതദേഹം ആശുപത്രിയിൽ നിന്നും ഒളിച്ചുകടത്താൻ വീട്ടുകാർ നിർബന്ധിതരാവുന്നു. യാത്രയുടെ അവസാന കാലഘട്ടത്തിൽ ഡ്വെയ്ൻ താൻ വർണ്ണാന്ധത ബാധിതനാണെന്ന് തിരിച്ചറിയുന്നു. പൈലറ്റ് ആവണം എന്ന തന്റെ മോഹം നടക്കില്ല എന്ന് തിരിച്ചറിഞ്ഞ ഡ്വെയ്ൻ നിശ്ശബ്ദത ഭഞ്ജിക്കുകയും കുടുംബാംഗങ്ങളോട് വെറുപ്പു കാണിക്കുകയും ചെയ്യുന്നു.

ഒരു വിധേന ഹോട്ടലിൽ എത്തിയ കുടുംബത്തിനെ ഏതാനും മിനിറ്റുകൾ വൈകി എന്ന കാരണത്താൽ സൗന്ദര്യമത്സരത്തിൻ്റെ സംഘാടക മടക്കുന്നു. എന്നാൽ സഹാനുഭൂതനായ ഒരു സംഘാടകസമിതി അംഗം മത്സരത്തിൽ പങ്കെടുക്കാൻ അവരെ സഹായിക്കുന്നു. ഒലിവ് മത്സരിക്കുന്നതിന് തയ്യാറെടുക്കുമ്പോൾ, മെലിഞ്ഞു, പ്രായപൂർത്തിയായ മോഡലുകളെ പോലെ ഉള്ള മറ്റു മത്സരാർത്ഥികളെ കുടുംബം കാണുന്നു. തടിച്ച ശരീരവും, വലിയ കണ്ണടയും, വേണ്ട പരിശീലനവുമില്ലാതെ എത്തിയ ഒലിവ് ഈ മത്സരത്തിൽ വെറും അമച്വർ മാത്രമാണെന്ന് അവർ തിരിച്ചറിയുന്നു.

ഒലീവിന്റെ പ്രകടനം അടുത്തുവരുന്നതിനിടെ അവൾ വേദിയിൽ അപമാനിക്കപ്പെട്ടേക്കാം എന്ന് റിച്ചാർഡിനും ഡ്വെയ്നും തീർച്ചയാകുന്നു. അവർ അവളെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഷെറിൽ മകൾ മത്സരത്തിൽ പങ്കെടുക്കണം എന്ന് നിർബന്ധിക്കുന്നു. വേദിയിൽ മുത്തച്ഛൻ എഡ്വിൻ ചിട്ടപ്പെടുത്തിയ റിക്ക് ജെയിംസിന്റെ "സൂപ്പർ ഫ്രീക്ക്" എന്ന ഗാനം അടിസ്ഥാനമാക്കിയ നൃത്തം അവതരിപ്പിക്കുന്നു. ഒലിവിന്റെ നൃത്തം മിക്ക കാണികൾക്കും വിധികർത്താക്കൾക്കും അസഹ്യമായി തോന്നുകയും അവളെ വേദിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഷെറിലിനോടും റിച്ചാർഡിനോടും ആവശ്യപ്പെടുന്നു. അവളെ നീക്കം ചെയ്യുന്നതിനു പകരം, ഹൂവർ കുടുംബത്തിലെ ഓരോ അംഗവും ഒലിവിനോടൊപ്പം സ്റ്റേജിൽ കയറുകയും , അവളെ പിന്തുണക്കുകയും ചെയ്യുന്നു.

ഹോട്ടൽ സെക്യൂരിറ്റി ഓഫീസിൽ തടഞ്ഞു വെക്കപ്പെട്ട കുടുംബത്തെ ഇനി കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു സൗന്ദര്യ മത്സരത്തിലും പങ്കെടുക്കില്ല എന്ന ഉറപ്പിനെത്തുടർന്നു പോകാൻ അനുവദിക്കുന്നു. തുടർച്ചയായി ഹോൺ മുഴക്കികൊണ്ടിരിക്കുന്ന വാനിൽ ചാടിക്കയറി അവർ ഹോട്ടലിന്റെ ടോൾ ബൂത്തിലെ തടസ്സവും തകർത്തു ആൽബുക്കെർക്കിയിലെ തങ്ങളുടെ വീട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങുന്നു.   

അഭിനേതാക്കൾ

A young girl wearing a black dress looks down to her right while smiling.
2007 ജനുവരിയിൽ പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അബിഗെയ്ൽ ബ്രെസ്ലിൻ ചിത്രത്തിന്റെ പ്രചാരണം നടത്തുന്നു
  • ഗ്രെഗ് കിന്നിയർ - റിച്ചാർഡ് ഹൂവർ
  • ടോണി കൊളലേറ്റ് - ഷെറിൽ ഹൂവർ
  • സ്റ്റീവ് കരെൽ - ഫ്രാങ്ക് ഗിൻസ്ബർഗ്
  • പോൾ ഡാനോ - ഡ്വയിൻ ഹൂവർ
  • അബിഗെയ്ൽ ബ്രെസ്ലിൻ - ഒലിവ് ഹൂവർ
  • അലൻ ആർക്കിൻ - എഡ്വിൻ ഹൂവർ
  • ബ്രയാൻ ക്രാൻസ്റ്റൺ - സ്റ്റാൻ ഗ്രോസ്മാൻ
  • ഡീൻ നോറിസ് - സ്റ്റേറ്റ് ട്രൂപ്പർ മക്ലീലിയറി 

നിർമ്മാണം

അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ സംവിധായകരായ ജോനാഥൻ ഡേയ്ടൺ, വലേറി ഫാരിസ് എന്നിവരെ അവരുടെ മുൻകാല പദ്ധതികളിൽ സഹകരിച്ചിട്ടുള്ള കിം ഡേവിസ്, ജസ്റ്റിൻ ബാഡ്‌ലി എന്നിവർ സഹായിച്ചു[6]. റിച്ചാർഡ് ഹൂവറിന്റെ വേഷം അവതരിപ്പിക്കാൻ ഗ്രെഗ് കിന്നീയറെ തിരഞ്ഞെടുത്തു.[7] എന്നാൽ ഷെറിൽ ഹൂവറിന്റെ വേഷം അവതരിപ്പിക്കാൻ നിരവധി നടിമാരെ പരിഗണിച്ചശേഷമാണ് ഓസ്‌ട്രേലിയൻ നടിയായ ടോണി കോളെറ്റിനെ നിശ്ചയിച്ചത്. ഒലിവ് ഹൂവറിന്റെ വേഷത്തിനു അനുയോജ്യയായ നടിക്കുവേണ്ടി ഡേവിസും ബാഡ്‌ലിയും ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാ രാജ്യത്തും സഞ്ചരിച്ചു, ഒടുവിൽ ആറു വയസ്സുകാരിയായ അബിഗെയ്ൽ ബ്രെസ്‌ലിനെ ആ വേഷത്തിനായി തിരഞ്ഞെടുത്തു. ഡ്വെയ്നിന്റെ വേഷത്തിനായി പോൾ ഡാനോയെ നിർമ്മാണം ആരംഭിക്കുന്നതിനു രണ്ടുവർഷം മുമ്പേ തീരുമാനിച്ചിരുന്നു. ആ വേഷം അവതരിപ്പിക്കുന്നതിനായി പോൾ ഏതാനും ദിവസങ്ങൾ നിശ്ശബ്ദത പാലിച്ചു. എഡ്വിൻ ഹൂവറിന്റെ വേഷം അവതരിപ്പിച്ച അലൻ ആർകിനു ഈ കഥാപാത്രത്തേക്കാൾ വളരെ പ്രായക്കുറവ് ഉള്ളതായി ആദ്യം കരുതിയിരുന്നു. ബിൽ മുറെയെ മനസ്സിൽകണ്ടാണ് ഫ്രാങ്കിന്റെ വേഷം എഴുതിയത്. റോബിൻ വില്യംസിനെ പരിഗണിക്കാൻ സ്റ്റുഡിയോയുടെ ഭാഗത്തു നിന്ന് സമ്മർദം ഉണ്ടായി. എന്നാൽ സംവിധായകർ സ്റ്റീവ് കാരെലിനെ തിരഞ്ഞെടുത്തു. ദ ഡെയ്‌ലി ഷോ വിത്ത് ജോൺ സ്റ്റിവാർട് എന്ന പരിപാടിയിലൂടെ കോമഡി സെൻട്രൽ പ്രേക്ഷകർക്ക് പരിചിതനായിരുന്നു എങ്കിലും ഹോളിവുഡിൽ അന്ന് അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല.[8]  

റിലീസ്

സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ

The film debuted at the Sundance Film Festival in Utah

2006 ജനുവരി 20 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ പ്രദർശിപ്പിച്ചതിനെ തുടർന്ന് നിരവധി സ്റ്റുഡിയോകൾ വിതരണ അവകാശത്തിനായി രംഗത്തെത്തി. ലേലം ചെയ്തു. 10.5 ദശലക്ഷം ഡോളറിനു ഫോക്സ് സെർച്ച്ലൈറ്റ് പിക്‌ചേഴ്‌സ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി. അത് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിൽ ഒന്നായിരുന്നു. [9][10]

ബോക്സ് ഓഫീസ്

ആദ്യ ആഴ്ചയിൽ യു എസിൽ ഏഴ് തിയേറ്ററുകളിൽ ലിറ്റൽ മിസ്സ് സൺഷൈൻ പ്രദർശിപ്പിച്ചത്. മൂന്നാമത്തെ ആഴ്ചയോടെ ചിത്രം ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തി. അന്താരാഷ്ട്രതലത്തിൽ, ഈ ചിത്രം ഓസ്ട്രേലിയയിൽ 5 ദശലക്ഷം ഡോളറും ജർമ്മനിയിൽ 3 ദശലക്ഷം ഡോളറും സ്പെയിനിൽ 4 ദശലക്ഷം ഡോളറും യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, മാൾട്ട എന്നിവിടങ്ങളിൽ ആറ് ദശലക്ഷം ഡോളറും നേടി.[11] ലിറ്റൽ മിസ്സ് സൺഷൈൻ ആഗോളതലത്തിൽ മൊത്തം 100,523,181 ഡോളർ വരുമാനം നേടി.  

നിരൂപക പ്രതികരണം

ഈ ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി. റോട്ടൺ ടോമാറ്റോസ് വെബ്‌സൈറ്റിൽ, 211 അവലോകനങ്ങളെ ആസ്പദമാക്കി 91% അനുകൂല പ്രതികരണങ്ങൾ ലഭിച്ചു. ഗ്രെഗ് കിന്നിയർ, സ്റ്റീവ് കരേൽ, ടോണി കോലെറ്റ്, അലൻ ആർക്കിൻ, അബിഗെയ്ൽ ബ്രെസ്ലിൻ തുടങ്ങിയ വലിയ താരനിരയുടെ സാന്നിധ്യവും രസകരവുമായ ഒരു തിരക്കഥയും ചിത്രത്തിന് അനുഗ്രഹമായി എന്ന് വെബ്‌സൈറ്റ് വിലയിരുത്തി.[12] മെറ്റാക്രിട്ടിക്, 36 നിരൂപണങ്ങളെ അടിസ്ഥാനമാക്കി ചിത്രത്തിന് നൂറിൽ എൺപതു മാർക്ക് നൽകി.[13]

അംഗീകാരങ്ങൾ

ലിറ്റിൽ മിസ്സ് സൺഷൈൻ വിവിധ ചലച്ചിത്ര സംഘടനകളിൽ നിന്നും ഉത്സവങ്ങളിലും നിന്നും നിരവധി പുരസ്‌കാരങ്ങൾ നേടി. 79-ാമത് അക്കാദമി അവാർഡുകളിൽ നാല് അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, മൈക്കിൾ ആർണ്ടറ്റ് മികച്ച "ഒറിജിനൽ സ്ക്രീൻപ്ലേ", അലൻ ആർക്കിൻ "മികച്ച സഹ നടൻ", എന്നീ ഇനങ്ങളിൽ രണ്ട് പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഇതുകൂടാതെ എ.എഫ്.എ അവാർഡുകൾ, ചിത്രത്തെ "മൂവി ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുത്തു. ബാഫ്റ്റ അവാർഡുകളിൽ ചിത്രത്തിന് ആറ് നാമനിർദ്ദേശം ലഭിക്കുകയും മികച്ച തിരക്കഥ, മികച്ച സഹനടൻ ഇനങ്ങളിൽ വിജയിക്കുകയും ചെയ്തു. അന്ന് പത്തു വയസ്സുണ്ടായിരുന്ന അബിഗെയ്ൽ ബ്രെസ്ലിൻ നിരവധി പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അവലംബം 

  1. "Little Miss Sunshine". Box Office Mojo. Retrieved August 22, 2008.
  2. Hornaday, Ann (July 30, 2006). "From Shadows to "Sunshine"". The Washington Post. Archived from the original on January 4, 2011.
  3. Fleming, Michael (April 12, 2005). "Trio going on road trip". Variety. Archived from the original on January 6, 2011.
  4. Bandler, Michael (January 29, 2006). ""Little Miss Sunshine", Sundance Festival Film, Shows Its Glorious Colors". NewsBlaze. Archived from the original on January 6, 2011. {cite news}: Italic or bold markup not allowed in: |publisher= (help)
  5. Duong, Senh (January 21, 2006). "Sundance: Searchlight Spends Big For "Little Miss Sunshine"". Rotten Tomatoes. Archived from the original on November 22, 2007.
  6. "LITTLE MISS SUNSHINE—INTERVIEW WITH VALERIE FARIS AND JONATHAN DAYTON". Twitch. Retrieved 4 January 2011.
  7. "Directors of New Surprise Hit 'Little Miss Sunshine' Under the Spotlight". The Epoch Title. Archived from the original on 2007-07-07. Retrieved 7 July 2007.{cite web}: CS1 maint: bot: original URL status unknown (link)
  8. Fox Searchlight Pictures. "About the Production" (PDF). el racó interactiu de cinema. Archived from the original (PDF) on January 6, 2011.
  9. Halbfinger, David (January 28, 2006). "Sundance Shines Light on Changes in Market". The New York Times. Archived from the original on January 6, 2011.
  10. Mandelberger, Sandy (January 22, 2006). "First Major Acquisitions Deal Announced". FilmFestivals.com. Archived from the original on January 6, 2011.
  11. "Little Miss Sunshine-Foreign Box Office". Box Office Mojo. Retrieved August 22, 2008.
  12. "Little Miss Sunshine (2006)". Rotten Tomatoes. Retrieved January 18, 2011.
  13. "Little Miss Sunshine". Metacritic. Archived from the original on 2010-04-12. Retrieved January 18, 2011.

ബാഹ്യ കണ്ണികൾ