വർഗ്ഗീകരണം (ഗ്രന്ഥശാലാശാസ്ത്രത്തിൽ)
ഗ്രന്ഥങ്ങളെ/ അറിവിന്റെ സ്രോതസ്സുകളെ അവയുടെ വിഷയസ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്നതിനെയാണ് ഗ്രന്ഥശാലാശാസ്ത്രത്തിൽ വർഗ്ഗീകരണം എന്നുപറയുന്നത്. ഇതനുസരിച്ചാണ് ഗ്രന്ഥങ്ങൾ/ അറിവിന്റെ സ്രോതസ്സുകൾ ലൈബ്രറികളിൽ ക്രമീകരിച്ചിരിക്കുന്നത്. ഗ്രന്ഥങ്ങളെ വിഷയസ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്നതിനായി ഗ്രന്ഥശാലാശാസ്ത്രത്തിൽ പല വർഗ്ഗീകരണ പദ്ധതികളും നിലവിലുണ്ട്. കോളൻ വർഗ്ഗീകരണ പദ്ധതി, ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം, യൂണിവേഴ്സൽ ഡെസിമൽ വർഗ്ഗീകരണം എന്നിവ വർഗ്ഗീകരണ പദ്ധതികൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ വർഗ്ഗീകരിക്കുക വഴി ഒരേ വിഷയസ്വഭാവമുളളതും അനുബന്ധ വിഷയസ്വഭാവമുളളതുമായ ഗ്രന്ഥങ്ങൾ അടുത്തടുത്തായി ക്രമീകരിക്കാൻ സാധ്യമാകുന്നു. ഗ്രന്ഥങ്ങൾ ലൈബ്രറി ഉപഭോക്താവിന് സഹായമാകും വിധം ക്രമീകരിക്കുവാനുപയോഗിക്കുന്ന വിദ്യയായ വർഗ്ഗീകരണം, ഒരേസമയം ഉപഭോക്താവിനും ലൈബ്രേറിയനും ഒരുപോലെ സഹായകമാണ്.
വർഗ്ഗീകരണ സംഖ്യ/ ചിഹ്നം
വർഗ്ഗീകരത്തിൽ ഓരോ വിഷയസ്വഭാവങ്ങളേയും സംഖ്യകളായോ ചിഹ്നങ്ങളായോ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വിഷയങ്ങളെ സംഖ്യകളായി പരിഭാഷപ്പെടുത്തുന്നതിനെ വർഗ്ഗീകരണ സംഖ്യ എന്നു പറയുന്നു. ഉദാ.:- 500 – ശാസ്ത്രം, 530 - ഭൗതികശാസ്ത്രം, 534- ശബ്ദവും അനുബന്ധതരംഗങ്ങളും (ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ പദ്ധതി പ്രകാരം)[1]
ഗ്രന്ഥാലയ വർഗ്ഗീകരണ പദ്ധതികൾ
ഗ്രന്ഥങ്ങളെ വർഗ്ഗീകരിക്കുമ്പോൾ വിഷയസ്വഭാവങ്ങളെ ചിഹ്നങ്ങളായോ സംഖ്യകളായോ പരിഭാഷപ്പെടുത്താൻ ഉപയോഗിക്കുന്ന സാമഗ്രികളാണ് ഗ്രന്ഥാലയ വർഗ്ഗീകരണ പദ്ധതികൾ.
ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ പദ്ധതി: 1879 ൽ മെൽവിൽ ഡ്യൂയി ചിട്ടപ്പെടുത്തി പുറത്തിറക്കിയ ഈ വർഗ്ഗീകരണ പദ്ധതിക്ക് നാല് വാല്യങ്ങളാണുള്ളത്. വാല്യം 1 ചേർക്കൽ പട്ടിക, വാല്യം 2 ഉം 3 ഉം പ്രധാനപദ്ധതികൾ വാല്യം 4 അനുബന്ധ സൂചിക എന്നിങ്ങനെയാണ്. സംഖ്യകളും ദശാംശവും (.) മാത്രമാണ് വിഷയസ്വഭാവങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. 2011 ൽ 23ാമത് പതിപ്പ് പുറത്തിറങ്ങി [2].
യൂണിവേഴ്സൽ ഡെസിമൽ വർഗ്ഗീകരണ പദ്ധതി: 1905 ൽ പോൾ ഓട്ട് ലെറ്റും ഹെന്രിലാഫോൻഡേനും ചിട്ടപ്പെടുത്തി പുറത്തിറക്കിയ യൂണിവേഴ്സൽ ഡെസിമൽ വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും (0,1,2,3,4......9) ചിഹ്നങ്ങളും (+,/,-.=[], ' ....) ഇംഗ്ലീഷ് അക്ഷരങ്ങളും (A, B, C.....Z) ഉപയോഗിക്കുന്നു[3].
കോളൻ വർഗ്ഗീകരണ പദ്ധതി: 1933 ൽ പുറത്തിറങ്ങിയ ഈ വർഗ്ഗീകരണ പദ്ധതി ചിട്ടപ്പെടുത്തിയത് ഡോ. എസ്. ആർ. രംഗനാഥനാണ്. 1987 ൽ 7ാം പതിപ്പ് പുറത്തിറങ്ങി. ഈ വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും (0,1,2,3,4......9) ചിഹ്നങ്ങളും (, ; : . ') ഇംഗ്ലീഷ് അക്ഷരങ്ങളും (A, B, C.....Z) ഉപയോഗിക്കുന്നു.
റഫറൻസ്
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-28. Retrieved 2016-02-12.
- ↑ RAJU, A. A. N. Dewey decimal classification (DDC 20):Theory and practice: A practical and self instructional manual. 1995. T.R. Publications; Madras.
- ↑ http://www.udcc.org