പ്രാണി

ഷഡ്പദങ്ങൾ
Temporal range: 396–0 Ma
PreꞒ
O
S
Early Devonian[1] (but see text) – Recent
Clockwise from top left: dancefly (Empis livida), long-nosed weevil (Rhinotia hemistictus), mole cricket (Gryllotalpa brachyptera), German wasp (Vespula germanica), emperor gum moth (Opodiphthera eucalypti), assassin bug (Harpactorinae)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Hexapoda
Class: പ്രാണി
Linnaeus, 1758

ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ‍‍. ആർത്രോപോഡ(Arthropoda) ഫൈലത്തിൽ ഇന്സേക്ടാ (Insecta ) വിഭാഗത്തിലാണ് ഷഡ്‌പദങ്ങൾ പെടുന്നത്. ആർത്രോപോഡ എന്ന വാക്കിനു പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം. കോടിവർഷങ്ങൾകൊണ്ടു ഷഡ്‌പദങ്ങൾ നേടിയ ഗുണപരിവർത്തനങ്ങൾ ചില്ലറയല്ല, പറക്കാനുള്ള കഴിവ്, പ്രതികൂല സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവ്, ചെറിയ ശരീരം, ദ്വിപാർശസംമിതി (bilateral symmetry ), രൂപാന്തരണം(Metamorphosis), മറ്റുജീവികളിൽനിന്നും വ്യത്യസ്തമായ പ്രജനന രീതികൾ എന്നിവയാണവ. ഭൂമിയിൽ എല്ലാത്തരം ആവാസവ്യവസ്ഥകളിലും ഷഡ്‌പദങ്ങളെ കണ്ടുവരുന്നു. 9,25,000 വംശം ഷഡ്‌പദങ്ങളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്[2][3][4]. 3,50,000 വംശം വണ്ടുകൾ, 2,30,000 വംശം ഈച്ചകൾ, കൊതുകുകൾ ,(ഉറുമ്പുകളും ചിതലുകളുമടക്കം), 1,70,000 വംശം ചിത്രശലഭങ്ങൾ, 82,000 ഇനം മൂട്ടകൾ, 20,000 ഇനം പുൽച്ചാടികൾ, 5000 ഇനം തുമ്പികൾ, 2000 ഇനം തൊഴും‌പ്രാണികൾ എന്നിങ്ങനെയാണ് ഷഡ്‌പദങ്ങളിലെ പ്രധാന വംശങ്ങളെ തിരിച്ചിരിക്കുന്നത്. 29 വിഭാഗങ്ങളിലായി(Order), 627 കുടുംബങ്ങളിൽ(Family) പടർന്നുകിടക്കുന്ന വംശമാണിത്.

പരിണാമ ശാസ്ത്രം

മിരിയാപോഡ് വംശത്തിൽ നിന്നും (Myriapod) മൂന്നരക്കോടി വർഷങ്ങൾക്കുമുമ്പ് ഉത്ഭവിച്ചതാണ് ഷഡ്‌പദങ്ങൾ എന്നാണ് വിശ്വാസം. അട്ട, പഴുതാര മുതലായ ജീവികളും സമാന സ്വഭാവമുള്ളതും സമാന കാലഘട്ടത്തിൽ ഉത്ഭവിച്ചവയുമാണ്. മൂന്നു തരത്തിലുള്ള പരിണാമങ്ങളും വ്യത്യസ്ത ഷഡ്പദങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പരിണാമം ഇല്ലാത്തത് അപൂർണ പരിണാമം, പൂർണ പരിണാമം . ലാർവ്വാ കാലഘട്ടവും വളർച്ച പ്രാപിച്ച കാലഘട്ടവും തമ്മിൽ പരിണാമം ഇല്ലാത്ത ഷഡ്പദങ്ങൾ വളരെ കുറച്ച് വ്ത്യാസം മാത്രമേ കാണിക്കുന്നുള്ളൂ. എന്നാൽ പൂർണ്ണപരിണാമവും അപൂർണ പരിണാമവും സംഭവിച്ചിട്ടുള്ള ഷഡ്പദങ്ങൾ സ്വഭാവത്തിലും രൂപത്തിലും ഈ കാലഘട്ടങ്ങൾ തമ്മിൽ വലിയ അന്തരം കാണിക്കുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് പൂർണ പരിണാമം സംഭവിച്ചിട്ടുള്ളവയിൽ ലാർവ്വ കാലഘട്ടത്തിനു പൂർണ വളർച്ച എത്തിയ കാലഘട്ടത്തിനുമടിയിൽ ഒരു പ്യൂപ്പൽ അല്ലെങ്കിൽ വിശ്രമ കാലഘട്ടംകാണിക്കുന്നു.

പ്രത്യേകതകൾ

പച്ചത്തൊഴുംപ്രാണി

ഒരു മില്ലിമീറ്ററിൽ താഴെയുള്ളവ മുതൽ 18 സെന്റിമീറ്റർ നീളമുള്ളവയെ വരെ ഈ വംശത്തിൽ കാണാം. ഷഡ്‌പദങ്ങളുടെ അസ്ഥികൂടം ശരീരത്തിനു പുറത്തായി സ്ഥിതിചെയ്യുന്നു(ബാഹ്യാസ്ഥികൂടം-Exoskelton).

ശാരീരിക സവിശേഷതകൾ

A. ശിരസ്സ്. B. വക്ഷസ്സ്. C. ഉദരഭാഗം.
1.ശൃംഗികൾ
2.സാധാരണ നേത്രം(1)
3.സാധാരണ നേത്രം(2)
4.സംയുക്ത നേത്രം
5.തലച്ചോർ
6.വക്ഷസ്സിലെ ഒന്നാം ഖണ്ഡം
7.ഡോർസൽ ആർട്ടറി
8.ശ്വാസനാളികകൾ
9.മെസോത്രോക്സ്
10.മെറ്റത്രോക്സ്
11.മുൻ‌ചിറക്
12.പിൻ‌ചിറക്
13.ഉദരം
14.ഹൃദയം
15.അണ്ഡാശയം
16.ഹിൻഡ്-ഗട്ട്
17.വിസർജ്ജ്യനാവയവം
18.ബീജനാളി
19.നാഡീ നാളി
20.മാൽ‌പീജിയൻ നാളികൾ
21.പാദം
22.നഖങ്ങൾ
23.കണ്ണ
24.പുല്ലൂരി
25.തുട
26.കാലിൻ പേശികൾ
27.ഫോർ ഗട്ട്
28.ശ്വാസനാളി
29.കോക്സ
30.ഉമിനീർ ഗ്രന്ഥി
31.സബ്സൊഫാജീൽ ഖണ്ഡം
32.വായ

ഷഡ്‌പദങ്ങളുടെ ശരീരം; ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിരസ്സിൽ വദന ‌ഭാഗങ്ങളും രണ്ടു സംയുക്ത നേത്രങ്ങളും,ഒരു ജോഡി ശൃംഗികകളും (Antenna) കാണാം, സംയുക്ത നേത്രങ്ങൾ ഇല്ലാത്തവയ്ക്ക് സാധാരണ നേത്രവും ഉണ്ടാവാറുണ്ട്. ഉരസ്സ് മൂന്നു ഖണ്ഡങ്ങളായി ചേർന്നിരിക്കുന്നു. മൂന്നു ഖണ്ഡങ്ങളുടേയും താഴെയായി രണ്ടുകാലുകൾ ഇരുഭാഗത്തുമായി ഉണ്ട്. ചിറകുള്ള ഷഡ്‌പദങ്ങളിൽ വക്ഷസ്സിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡങ്ങളിലോ, രണ്ടാമത്തെ ഖണ്ഡത്തിൽ മാത്രമായോ, ചിറകുകൾ ജോടിയായി ഉണ്ടാകും. ഉദരഭാഗം പതിനൊന്നു ഖണ്ഡങ്ങളുടെ ഒത്തുചേരലാണ്. ഉദരഭാഗത്തായിരിക്കും ശ്വസനം, പ്രത്യുത്പാദനം, വിസർജ്ജനം മുതലായ ക്രിയകൾക്കുള്ള ശരീരഭാഗങ്ങളുണ്ടാവുക.

രക്തചംക്രമണം സാധ്യമാക്കുന്നത് ശിരസ്സുമുതൽ ഉദരം വരെ നീളമുള്ള നീണ്ട കുഴൽ പോലുള്ള അവയവമാണ്. ഈ കുഴലിന്റെ മുൻഭാഗം അയോർട്ട (Aorta) എന്നറിയപ്പെടുന്നു. പിൻഭാഗം ഹൃദയത്തിന്റെ ജോലിയാണു ചെയ്യുന്നത്. ശരീരത്തിലെ എട്ടുഖണ്ഡങ്ങളിൽ നിന്ന് പുറത്തേക്കു തുറക്കുന്ന ഓരോ ജോടി ഓസ്റ്റിയം (Ostium) എന്നറിയപ്പെടുന്ന അവയവങ്ങളുണ്ട്. ഓസ്റ്റിയങ്ങൾ ഹീമോസിൽ എന്ന ശരീര അറകളിലേക്കു തുറന്നിരിക്കുന്നു. ഞരമ്പുകൾ ഒന്നും തന്നെയില്ലാതെയാണ് ശരീരത്തിലെ പ്രധാന ക്രിയകളെല്ലാം ഇവ ചെയ്യുന്നത്. വക്ഷസ്സിൽ രണ്ടും ഉദരഭാഗത്ത് എട്ടും ഉള്ള ശ്വാസനാളികകൾ വഴിയാണ് പ്രാണികൾ ശ്വസിക്കുന്നത്. ഇവ ഖണ്ഡങ്ങൾക്കകത്തുള്ള ശ്വാസനാളിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഇവയുടെ അസ്ഥികൂടം ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത, കൈറ്റിൻ (Chitin) എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ശരീരത്തിലെ ആറുകാലുകളും, ശൃംഗികളും മൂന്നായ് തിരിച്ചറിയാവുന്ന ശരീരവും ഷഡ്‌പദങ്ങളെ മറ്റുള്ള ജീവികളിൽ നിന്ന് പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നുവെങ്കിലും, തേൾ, എട്ടുകാലി മുതലായ ബാഹ്യാസ്ഥികൂടവും സമാന ശരീരപ്രകൃതിയുമുള്ള ജീവികളെ ചിലപ്പോൾ ഷഡ്‌പദങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്; വിളിക്കപ്പെടുന്നുമുണ്ട് . . പക്ഷെ, ചിറകില്ലാത്ത, നാല് ജോഡി കാലുകളുള്ള ഇവയും ആര്ത്രോപോട ഫൈലത്തിലെ, അരക്കിനിട ക്ലാസ്സിൽ പെട്ടവയാണ്.

വദനഭാഗങ്ങൾ

ലേബ്രം (upper lip), ഒരു ജോഡി മാൻഡിബിളികളും മാക്സിലുകളും, ലേബിയം (lower lip) നാക്കുപോലെയുള്ള ഹൈപ്പോഫാരിങ്ക്സ് എന്നിവ ചേർന്നതാണ് വദനഭാഗങ്ങൾ. ഇൻസെക്റ്റുകളുടെ വർഗീകരണത്തിലും അവയെ തിരിച്ചറിയുന്നതിലും വദനഭാഗങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരു പ്രത്യേക പ്രാണിയുടെ വദനഭാഗങ്ങൾ ഏതിനത്തിൽപ്പെട്ടതാണെന്നു നിശ്ചയിക്കുന്നത് ആ ജീവിയുടെ ഭക്ഷണരീതിയെ ആശ്രയിച്ചാണ്. ഉമിനീരിൽ ചാലിച്ചാണ് വീട്ടീച്ചകൾ അവയ്ക്ക് വേണ്ട ഭക്ഷണം വലിച്ചെടുക്കുന്നത്. നമ്മുടെ ഭക്ഷണ പാനീയങ്ങളിലേക്ക് ഈച്ചകൾ രോഗാണുക്കളെ കടത്തിവിടുന്നത് ഇങ്ങനെയാണ്. കൊതുക്, കുത്തി വെച്ചും വലിച്ചെടുത്തും രോഗങ്ങൾ പകർത്തുന്നു

ഉമിനീർഗ്രന്ഥികൾ പോലെയുള്ള ഗ്രന്ഥികളും പ്രാണികളിൽ സാധാരണമാണ്. ദഹനസഹായികളായ സ്രവങ്ങൾ ഉത്പാദിപ്പിക്കുക മാത്രമല്ല ഇവയുടെ ധർമം. മലേറിയ പോലെയുള്ള പല രോഗങ്ങളുടെയും അണുസംഭരണകേന്ദ്രമായി ഇവ വർത്തിക്കുന്നു. പട്ടുനൂൽപ്പുഴുവിന്റെ ഉമിനീർഗ്രന്ഥിയിൽനിന്നു വരുന്ന ശ്രവമാണ് കട്ടിയാവുമ്പോൾ നൂലായിത്തീരുന്നത്.

ശൃഗികൾ

പ്രാണികളിൽ സാധാരണയായി വിവിധ തരത്തിലുള്ള ഒരു ജോഡി ശൃഗികൾ (Antenna) കാണപ്പെടുന്നു. സങ്കീർണനേത്രങ്ങൾക്കിടയിലോ അടിയിലോ ആണ് ശൃഗികളുടെ സ്ഥാനം. സ്പർശനേന്ദ്രിയം, ഘ്രാണേന്ദ്രിയം, ശ്രവണേന്ദ്രിയം തുടങ്ങിയവയുടെ ധർമ്മങ്ങൾ ശൃഗികൾ നിർ‌‌വഹിക്കുന്നു. [5]

പ്രത്യുത്പാദനം

പൂർണവും അപൂർണവുമായ രൂപാന്തരങ്ങൾ (complete and incomplete-metamorphosis) പ്രാണികളിൽ കാണപ്പെടുന്നു. മുട്ടയായും പുഴുവായും (നിംഫ്) പിന്നീട് സമാധിദശ പിന്നിട്ട് പൂർണ്ണവളർച്ച പ്രാപിച്ച പ്രാണിയായും മാറാനുള്ള കഴിവ് പ്രാണികളുടെ പ്രത്യേകതയാണ്. വിവിധ ദശകളിൽ വിവിധ ആഹാരങ്ങൾ സ്വീകരിക്കുന്നതുമൂലം ഒരേതരം ആഹാരത്തിന്റെ ലഭ്യത ഇവക്കു പ്രശ്നമല്ല. അനുയോജ്യ സാഹചര്യമില്ലാത്ത പക്ഷം ബീജസങ്കലനം വൈകിക്കുന്നതുമൂലം പ്രത്യുത്പാദനം നീട്ടിവെയ്ക്കാനും പ്രാണികൾക്കു കഴിയുന്നു. ഇണചേർന്ന ശേഷം പുംബീജങ്ങളെ ബീജഗ്രാഹികയിൽ ശേഖരിച്ച് അനുയോജ്യമായ സമയത്തുമാത്രം ബീജസംയോജനം നടത്തി മുട്ടകൾ നിക്ഷേപിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാൻ ഷഡ്‌പദങ്ങൾക്കുള്ള മറ്റൊരു കഴിവാണിത്.

ഇലകൾക്കിടയിൽ കഴിഞ്ഞു കൂടുന്ന ഒരു പുഴു

ബുദ്ധിസാമർത്ഥ്യം

അതിശയിപ്പിക്കുന്ന ബുദ്ധിസാമർത്ഥ്യം ചിലപ്പോൾ പ്രാണികൾ പ്രകടിപ്പിക്കാറുണ്ട്. ചിലയിനം കടന്നലുകൾ ഇരയെ കൊല്ലാതെ അവയെ വിഷം കുത്തിവച്ച് മയക്കി കൂട്ടിലിട്ടടക്കുന്നു. എന്നിട്ട് ആ ശരീരത്തിൽ മുട്ടകളിടുന്നു. ഇങ്ങനെ ചെയ്യുന്നതു വഴി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അവക്കുള്ള ഭക്ഷണം തൊട്ടടുത്തു തന്നെ ലഭിക്കുന്നു. കൊന്നു സൂക്ഷിച്ചാൽ ചിലപ്പോൾ ഇരകൾ അഴുകിയോ ഉണങ്ങിയോ പോകാനുള്ള സാധ്യതയേയും മറികടക്കുന്നു. അവയിൽ തന്നെ ചിലയിനങ്ങൾ ഒരു മുട്ടക്ക് ഇത്രയെണ്ണം എന്ന കണക്കിൽ കൃത്യമായി ഇരകളെ സൂക്ഷിക്കാറുണ്ട്. 5, 12, 24 എന്നിങ്ങനെ വ്യത്യസ്ത ജാതികൾ വ്യത്യസ്തയെണ്ണം ഇരകളെ സൂക്ഷിക്കുന്നു. ഷഡ്‌പദങ്ങളുടെ എണ്ണാനുള്ള കഴിവ് ശാസ്ത്രലോകത്തിനെ ഇന്നും കുഴപ്പിക്കുന്ന പ്രശ്നമാണ്. പുരുഷ ഷഡ്‌പദ കുഞ്ഞിനും സ്ത്രീ ഷഡ്‌പദ കുഞ്ഞിനും വ്യത്യസ്തയെണ്ണം ഇരകളെ എത്തിക്കുന്നവയുമുണ്ട്.

ചുള്ളിപ്രാണി

മിക്കയിനം ഷഡ്‌പദങ്ങളും കൂടുകൾ നിർമ്മിക്കുന്നവയാണ്. ഒരു സമൂഹമായി ജീവിക്കുന്നവയും ഒറ്റക്കൊറ്റക്കും താമസിക്കുന്നവയുമുണ്ട്. തേനീച്ച, കടന്നൽ മുതലായവയുടെ കൂടുകൾ കൃത്യമായ ജ്യാമിതീയ അളവുകൾ പാലിക്കാറുണ്ട്. ഉറുമ്പുകൾ, ചിതലുകൾ മുതലായവയുടെ കൂടുകളാകട്ടെ ഒരു വലിയ പട്ടണത്തിലേതു പോലെ കൃത്യമായി രൂപകൽപന ചെയ്യപ്പെട്ടവയാണ് .

ചിലയിനം ഉറുമ്പുകളാട്ടെ എഫിഡ്(Aphid) എന്നറിയപ്പെടുന്ന ജീവികളെ തങ്ങളുടെ കൂട്ടിൽ വളർത്താറുണ്ട്. അവയുടെ ശരീരത്തിൽ നിന്നുമൂറി വരുന്ന പാലിനായാണിത്. എഫിഡുകൾക്ക് ഭക്ഷണത്തിനായി, ഉറുമ്പുകൾ പൂപ്പലുകൾ വളർത്താറുമുണ്ട്. ഉറുമ്പുകൾ, ചിതലുകൾ, തേനീച്ചകൾ എന്നിവയുടെ സമൂഹങ്ങളിലാകട്ടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വർഗ്ഗീകരണവും ഉച്ചനീചത്വവും കാണാം. മനുഷ്യൻ സ്വന്തം ഭവനങ്ങളിൽ താപം നിയന്ത്രണം നടത്തുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പേ തേനീച്ചകൾ തങ്ങളുടെ കൂടുകളിൽ അതു ചെയ്തു കഴിഞ്ഞിരുന്നു.

പ്രാധാന്യം

പാരിസ്ഥിതിക പ്രാധാന്യം

വെള്ളത്തിലാശാൻ ഇണ ചേരുന്നു

ഒട്ടുമിക്കയിനം സസ്യങ്ങളുടേയും പരാഗണം നടത്തുന്നതിന് പ്രാണികൾ സഹായിക്കുന്നു. പ്രാണികളില്ലെങ്കിൽ പല സസ്യങ്ങൾക്കും വംശനാശം തന്നെ സംഭവിച്ചേയ്ക്കാം. അതുപോലെ തന്നെ ചില പ്രത്യേകയിനം ഷഡ്‌പദങ്ങൾ മാത്രം പരാഗണം നടത്തുന്നയിനം സസ്യങ്ങളും നിലനിൽക്കുന്നുണ്ട്. ചില ഷഡ്‌പദങ്ങൾ ജീവികളുടേയും സസ്യങ്ങളുടേയും പരാദങ്ങളെ മാത്രം ഭക്ഷിക്കുന്നതുകൊണ്ട് അങ്ങിനേയും പ്രധാനമാണ്. പ്രാണികളും അവയുടെ നിംഫുകളും പലയിനം ജന്തുക്കളുടേയും, പക്ഷികളുടേയും, മത്സ്യങ്ങളുടേയും ഭക്ഷണവുമാണ്.

സാമ്പത്തിക പ്രാധാന്യം

വാലൻ‌തുമ്പി

കാർഷികവിളകളുടെ ഉത്പാദനത്തെ പരാഗണം മൂലം നിയന്ത്രിക്കാൻ പ്രാപ്തരാണ് പ്രാണികൾ, അതു പോലെ തന്നെ പ്രാണികളുടെ കൂട്ടം ചിലപ്പോൾ കാർഷികവിളകളെ പാടെ നശിപ്പിക്കാറുമുണ്ട്. വളരെ അധികം വാണിജ്യ പ്രാധാന്യമുള്ള തേൻ, അരക്ക്,പട്ടുനൂൽ, മെഴുക് മുതലായവയൊക്കെ ഷഡ്‌പദങ്ങളുടെ സൃഷ്ടിയാണ്. ടൈഫോയ്ഡ്, വൈറൽ എ മഞ്ഞപ്പിത്തം ഛർദ്യതിസാരം, വയറുകടി, പിള്ളവാതം ചികുൻഗുനിയ ഡെങ്കിപ്പനി ജപ്പാൻ ജ്വരം മന്ത്, മലമ്പനി മുതലായ മാരകരോഗങ്ങൾ പടരുന്നതും പ്രാണികളുടെ പ്രവർത്തനഫലമായാണ്.

ആവാസവ്യവസ്ഥകൾ

ഭൂമിയിൽ സമുദ്രങ്ങളിൽ മാത്രമേ പ്രാണികളെ കുറവു കാണാറുള്ളു, മറ്റെല്ലായിടങ്ങളിലും ഏറ്റവും കൂടുതലുള്ള ജൈവവംശം പ്രാണികളാണ്. മണ്ണിനടിയിലുള്ള വിള്ളലുകൾ മുതൽ അന്തരീക്ഷത്തിൽ 8000 അടി ഉയരത്തിൽ വരെ പ്രാണികളെ കണ്ടുവരുന്നു. അന്റാർട്ടിക്കയിലും ആർട്ടിക് പ്രദേശത്തും അമ്പതിലധികം പ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. കൊടുമുടികളിൽ 20000 അടി ഉയരത്തിൽ വരെ പാറകൾക്കിടയിലും മറ്റും പ്രാണികൾ വസിക്കുന്നു. അൽപ്പായുസ്സുകളും നിസ്സാ‍രരുമായ ഈ ജീവിവംശമാണ് ഭൂമി വാഴുന്നതെന്ന് പറയാം.

ചിത്രശാല

അവലംബം

  1. Engel, Michael S. (2004). "New light shed on the oldest insect". Nature. 427 (6975): 627–630. doi:10.1038/nature02291. PMID 14961119. {cite journal}: Unknown parameter |coauthors= ignored (|author= suggested) (help)
  2. http://www.livescience.com/insects/
  3. http://www.tulane.edu/~bfleury/diversity/diversitylectures/arthropods2.rtf
  4. http://www.science.mcmaster.ca/biology/faculty/kolasa/The_Arthropods_written_summary_for_Biology_2F03.doc[പ്രവർത്തിക്കാത്ത കണ്ണി]
  5. "Insects". Alien Life Forms. pp. 4. http://crazydaz.com/insects.pdf. Retrieved 2009-05-17.

പുറത്തേക്കുള്ള കണ്ണികൾ