ഷിർവാൻഷാ

മസ്യാദി/കസ്രാനി/ഡർബന്ദി
Coat of arms of the Shirvanshahs[1]
Country Azerbaijan
 Russia
Titlesഷാ ഓഫ് ഷിർവാൻ
ഷാ ഓഫ് ലയ്സാൻ
അമീർ ഓഫ് ഡെർബന്റ്
FounderYazid b. Mazyad al-Shaybani
Final sovereignഅബൂ ബക്കർ മിർസ
Founding861
Dissolution1538
Cadet branchesShervashidze
House of Black Monk

ഷിർവാൻഷാ (പേർഷ്യൻ: شروانشاه) ഒൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ ആധുനിക അസർബൈജാനിലെ ഷിർവാൻ മേഖല കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ വഹിച്ചിരുന്ന സ്ഥാനപ്പേരായിരുന്നു. യഥാർത്ഥത്തിൽ അറബി വംശത്തിൽനിന്ന് ഉരുത്തിരിഞ്ഞവരും എന്നാൽ അതിവേഗത്തിൽ പേർഷ്യൻ വംശത്തിലേയ്ക്കു പരിവർ‌ത്തനം ചെയ്യപ്പെട്ടവരുമായ ഈ രാജവംശം യാസിദിദ്സ് എന്ന ഒരൊറ്റ കുടുംബത്തിലായി ഈ സ്ഥാനപ്പേരിൽത്തന്നെ തുടർന്നുവെങ്കിലും പിൽക്കാലത്തെ ഷിർവാൻഷാ രാജാക്കന്മാർ കസ്രാനിഡുകൾ അല്ലെങ്കിൽ കഖ്വാനിഡുകൾ എന്നും അറിയപ്പെട്ടു.[2][3] ആധുനിക അസർബൈജാൻ റിപ്പബ്ലിക്കിലെ ഷിർവാൻ മേഖലയിൽ അവർ ഒരു പ്രാദേശിക രാജ്യം സ്ഥാപിച്ചിരുന്നു.[4]

861 മുതൽ 1538 വരെയുള്ള വിവിധ  കാലഘട്ടങ്ങളിൽ സ്വതന്ത്രമായ അല്ലെങ്കിൽ ഒരു ആശ്രിത രാജ്യമായി നിലനിന്നിരുന്ന ഷിർവാൻഷാ രാജപരമ്പര, ഇസ്ലാമിക ലോകത്തിലെ മറ്റേതൊരു രാജവംശത്തേക്കാളും കൂടുതൽ കാലം തനതു സംസ്കാരത്തെ പിന്തുണച്ചതിലൂടെ അറിയപ്പെടുന്നു. സ്വതന്ത്രവും ശക്തവുമായ ഷിർവാൻ രാജവംശത്തിനു രണ്ട് കാലഘട്ടങ്ങളുണ്ടായിരുന്നുവെന്നു പറയാം. ഒന്നാമത്തേത്, പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാക്കന്മാരായ മനുചെഹ്രിന്റേയും ബാകുവിൽ ഒരു ശക്തികേന്ദ്രം നിർമ്മിച്ച അദ്ദേഹത്തിന്റെ പുത്രൻ അഖ്‌സിറ്റാൻ ഒന്നാമന്റേയും കീഴിൽ നിലനിന്നിരുന്നതും രണ്ടാമത്തേത് 15-ആം നൂറ്റാണ്ടിൽ ഡെർബെൻഡിഡ് രാജവംശത്തിന്റെ കീഴിൽ നിലനിന്നിരുന്നതുമായ ഭരണകൂടങ്ങളായിരുന്നു ഇവ.

ഉത്ഭവം

അറേബ്യൻ ഉപദ്വീപിൽ ഇസ്‌ലാം ഉയർന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ് 'ഷിർവാൻഷാ' എന്ന ശീർഷകം കാണപ്പെടുന്നത്. ആദ്യത്തെ സസ്സാനിദ് ചക്രവർത്തിയായിരുന്ന അർദാഷിർ ഒന്നാമനിൽ നിന്ന് ഈ പദവി സ്വീകരിച്ച പ്രാദേശിക ഭരണാധികാരികളിലൊരാളായി ഷിർവാൻഷാ എന്ന പേരിനെ ഇബ്ൻ ഖൊർദാദ്‌ബെ പരാമർശിക്കുന്നു. പേർഷ്യ പിടിച്ചടക്കിയപ്പോൾ അറബികൾ ഒരു ഷിർവാൻഷായെയും അയൽവാസിയായ ലയാൻഷായെയും നേരിട്ടതായും അറബി കമാൻഡർ സൽമാൻ ഇബ്നു റബിയ അൽ ബഹിലിക്കുമുന്നിൽ അവരെ ഹാജരാക്കിയതായും അൽ ബലാദുരി പരാമർശിക്കുന്നു.[5][6]

ചരിത്രം

ഷിർവാൻഷാമാരുടെ ഉദയം

എട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ഷിർവാൻ മേഖല അറബ് കുടുംബത്തിലെ യാസിദ് ഇബ്ൻ മസ്യാദ് അൽ-ഷെയ്ബാനിയുടെ (മരണം: 801) ഭരണത്തിൻ കീഴിലായിരുന്നു. അബ്ബാസിദ് ഖലീഫയായിരുന്ന ഹാറുൺ അൽ റഷീദ് ഈ പ്രദേശത്തിന്റെ ഗവർണറായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.[7][8] അദ്ദേഹത്തിന്റെ പിൻഗാമികളായ യാസിദിദുകൾ പതിനാലാം നൂറ്റാണ്ട് വരെ ഷിർവാൻ മേഖലയിലെ സ്വതന്ത്ര രാജകുമാരന്മാരായി ഭരണം നടത്തിയിരുന്നു.[9] ഉത്ഭവമനുസരിച്ച്, ഷെയ്ബൻ ഗോത്രത്തിൽപ്പെട്ട അറബികളായിരുന്ന യാസിദിദുകൾ, ഉയർന്ന റാങ്കിലുള്ള ജനറൽമാരും അബ്ബാസിഡ് സൈന്യത്തിന്റെ ഗവർണർമാരുമായിരുന്നു.[10]  861-ൽ ഖലീഫ അൽ മുത്തവാക്കിലിന്റെ മരണശേഷം അബ്ബാസിദ് കാലിഫേറ്റിൽ അരാജകത്വം നടമാടുകയും മസ്യാദ് അൽ-ഷെയ്ബാനിയുടെ ചെറുമകനായിരുന്ന ഹയ്തം ഇബ്ൻ ഖാലിദ് സ്വയം സ്വതന്ത്രനാണെന്ന് പ്രഖ്യാപിക്കുകയും ഷിർവാൻഷായെന്ന പുരാതന പദവി ഏറ്റെടുക്കുകയും ചെയ്തു.  ഈ രാജവംശം ഒരു സ്വതന്ത്ര രാഷ്ട്രമായോ അല്ലെങ്കിൽ ഒരു സാമന്തരാജ്യമായോ തുടർച്ചയായി ഷിർവാൻ പ്രദേശത്ത് സഫാവിദ് കാലം വരെ ഭരണം നടത്തിയിരുന്നു.[11]

ഈ രാജവംശത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ചു പരാമർശിക്കപ്പെടുന്ന ഒരു പ്രധാന പുസ്തകം ഓട്ടോമൻ ചരിത്രകാരനായ മെനെജ്ജിം ബാഷിയാൽ (പ്രധാന ജ്യോതിശാസ്ത്രജ്ഞൻ) സംരക്ഷിക്കപ്പെട്ട അജ്ഞാത ഗ്രന്ഥകാരന്റെ “താരിഖ് ബാബ് അൽ-അബ്വാബ്” ("ഡാർബാൻഡിന്റെ ചരിത്രം") എന്ന ഗ്രന്ഥമാണ്. ഈ രാജവംശത്തെക്കുറിച്ച് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാന തീയതി 468 / 1075 ആണ്. ഓറിയന്റലിസ്റ്റ് വ്‌ളാഡിമിർ മൈനർസ്‌കി 1958-ൽ ഈ സുപ്രധാന കൃതിയുടെ ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.[12][13] ഷിർവാൻഷായുടെ ചരിത്രം ദർബാൻഡിലെ (ബാബ് അൽ-അബ്വാബ്) അറബ് ഹാഷിമിദ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും രണ്ട് അറബ് കുടുംബങ്ങൾ തമ്മിലുള്ള വിവാഹബന്ധം യാസിദിസുകളുടെയിടയിൽ സാധാരണമായിരുന്നുവെന്നും ഈ പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാവുന്നതുമാണ്.[14]

ഹോദുദ് അൽ ആലം (എ.ഡി. 982) എന്ന അജ്ഞാത കൃതിയുടെ സമയമായപ്പോഴേക്കും തങ്ങളുടെ തലസ്ഥാനമായിരുന്ന യാസിദിയ്യയിൽ നിന്ന് (പിൽക്കാലത്തെ ഷമാഖി) ശിർവാൻഷാ രാജാക്കന്മാർ കുർ നദിക്കു വടക്കുള്ള അയൽരാജ്യങ്ങളെ തങ്ങളോടു ചേർക്കുകയും അങ്ങനെ ലെയ്‌സൻ ഷാ, ഖുർസാൻ ഷാ തുടങ്ങിയ അധിക സ്ഥാനപ്പേരുകൾ നേടുകയും ചെയ്തു.[15] ഈ അറബ് കുടുംബത്തിന്റെ പുരോഗമന പേർഷ്യൻവൽക്കരണവും നമുക്ക് വ്യക്തമായി ഗ്രഹിക്കുവാൻ സാധിക്കുന്നു.[16] എൻസൈക്ലോപീഡിയ ഓഫ് ഇസ്ലാം അനുസരിച്ച്: ഷാ യാസിദ് ഇബ്ൻ അഹ്മദിനുശേഷം (381-418 / 991-1028), അറബ് നാമങ്ങൾ പേർഷ്യൻ ഭാഷാ നാമങ്ങളായ മനുചിഹിർ, കുബാധ്, ഫരിദൻ മുതലായവയ്ക്ക് വഴിമാറി. ഇത് ഷബാറനിലെ പുരാതന ഭരണാധികാരികളുമായും പ്രാദേശിക കുടുംബങ്ങളുമായുള്ള വിവാഹബന്ധത്തിന്റെ പ്രതിഫലനമായിരിക്കാവുന്നതാണ്. യാസിദിദുകൾ തങ്ങൾക്ക് സസാനിദ് രാജാക്കന്മാരായ ബഹ്‌റാം ഗർ അല്ലെങ്കിൽ ഖുസ്രോ അനുഷിർവാൻ എന്നിവരിലേയ്ക്കു നയിക്കുന്ന ഒരു വംശപരമ്പര അവകാശപ്പെടുന്നുണ്ടായിരുന്നു.[17] വ്‌ളാഡിമിർ മൈനോർസ്‌കിയുടെ അഭിപ്രായത്തിൽ, ഈ അറബ് കുടുംബത്തിന്റെ ഇറാനികവൽക്കരണത്തിന്റെ കാരണമായി മിക്കവാറും വിശദീകരിക്കാവുന്നത് അവരുടെ പുരാതന ഷബാരൻ ഭരണാധികാരികളുടെ കുടുംബവുമായുള്ള വിവാഹബന്ധമായിരിക്കാമെന്നാണ്.[18]

സെൽജുക്കിഡ് ഭരണം

പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സെൽ‌ജുക് തുർക്കികൾ മധ്യേഷ്യയിൽ നിന്ന് ഷിർവാനെ ആക്രമിക്കുകയും അവരുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ഷിർവാനിലെ അബ്ബാസിദ് നിയന്ത്രണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. സെൽജുക്കുകൾ തുർക്കി ഭാഷയും തുർക്കി ആചാരങ്ങളും അവിടേയ്ക്കു കൊണ്ടുവന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇറാനും അസർബൈജാനും ഉൾപ്പെട്ട വിശാലമായ ഒരു സാമ്രാജ്യത്തിന്റെ പ്രധാന ഭരണാധികാരികളായി സെൽജുക്കുകൾ മാറിയിരുന്നു. സെൽ‌ജുക് സുൽത്താന്മാരിൽ സ്വാധീനമുള്ള ഒരു വസീറായിരുന്ന നിസാം ഉൽ മുൽക്ക് നിരവധി വിദ്യാഭ്യാസ, ബ്യൂറോക്രാറ്റിക് പരിഷ്കാരങ്ങൾ അവതരിപ്പിക്കാൻ സഹായിച്ചതിന്റെ പേരിൽ പ്രശസ്തനാണ്. 1092-ലെ അദ്ദേഹത്തിന്റെ മരണം ഒരിക്കൽ സുസംഘടിതമായിരുന്ന സെൽജുക് ഭരണകൂടത്തിന്റെ തകർച്ചയ്ക്കു തുടക്കമിടുകയും 1153-ൽ സുൽത്താൻ അഹ്മദ് സഞ്ജാറിന്റെ മരണം സെൽജുക് ഭരണകൂടത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു.

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സെൽജുക്കിഡ് രാജവംശത്തിന്റെ പ്രതിനിധികളുടെ സിംഹാസനത്തിനായുള്ള ആഭ്യന്തര പോരാട്ടങ്ങളുടെ ഫലമായി സെൽജുക്കിഡ് സാമ്രാജ്യം തകർച്ചയുടെ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു, ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സെൽജുകിഡ് ഭരണകൂടത്തിന് കീഴിലുള്ള നിരവധി ഗവർണർമാർ സുൽത്താന്മാരുടെ അധികാരം അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

ജോർജിയൻ ഭരണം

ഡേവിഡ് നാലാമന്റെ ഭരണത്തിൽ ജോർജിയയുടെ രാജ്യത്തിന്റെ വ്യാപനം.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വികസിച്ചുകൊണ്ടിരുന്ന ജോർജിയൻ അയൽവാസികളുടെ ശ്രദ്ധ ഷിർവാനിലേയ്ക്കു തിരിയുകയും അവർ നിരവധി തവണ ഈ പ്രദേശത്തു മിന്നലാക്രമണം നടത്തുകയും ചെയ്തു. ജോർജിയയ്ക്കും സെൽജുക്കിഡ് സംസ്ഥാനങ്ങൾക്കുമിടയിൽ തങ്ങളുടെ അധികാരക്കൈമാറ്റം നടക്കുന്ന നിലയിലായിരുന്ന അപ്പോൾ ശിർവാൻഷാ ഭരണാധികാരി. 1112-ൽ ജോർജിയയിലെ ഡേവിഡ് നാലാമൻ രാജാവ് തന്റെ മകൾ തമാറിനെ ശിർവാൻഷാ അഫ്രീദുൻ ഒന്നാമന്റെ മകനായി മനുചിഹിർ മൂന്നാമനു വിവാഹം കഴിച്ചുകൊടുത്തു. 1117 ലും 1120 ലുമായി ഖ്വബാല ഉൾപ്പെടെയുള്ള നിരവധി കോട്ടകൾ അഫ്രീദന് നഷ്ടമാകുകയും അവ ജോർജിയയിലെ ഡേവിഡ് നാലാമന്റെ കൈവശത്തിലാകുകയും ചെയ്തു. ഡെർബെന്റിനുവേണ്ടിയുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട അഫ്രീദുൻ ഒന്നാമന്റെ മരണശേഷം, ഷിർവാനിലെ സിംഹാസനം അദ്ദേഹത്തിന്റെ പുത്രൻ മനുചിഹിർ മൂന്നാമനിലേയ്ക്കു (1120-1160) കൈമാറ്റം ചെയ്യപ്പെട്ടു. മനുചിഹിർ മൂന്നാമൻ അദ്ദേഹത്തിന്റെ പത്നിയായ ജോർജിയൻ രാജകുമാരി തമാറിന്റെ സ്വാധീനത്തിലായിരുന്നതിനാൽ പലപ്പോഴും ജോർജിയൻ അനുകൂല നിലപാടെടുത്തു. ഡിഡ്‌ഗോറി യുദ്ധത്തിലെ നിർണ്ണായക വിജയത്തിനുശേഷം എൽഡിഗുസിഡുകൾക്ക് കപ്പം കൊടുക്കാൻ മനുചിഹിർ വിസമ്മതിച്ചു. നാൽപ്പതിനായിരം ദിനാറുകൾ കപ്പം കൊടുക്കുന്നതിൽ വൈമുഖ്യം പ്രകടിപ്പിച്ചതോടെ സെൽജുക്കിദ് സുൽത്താൻ മഹ്മൂദ് 1123 ന്റെ തുടക്കത്തിൽ ഷിർവാനിലേക്ക് പട നയിക്കുകയും ഷമാഖി പിടിച്ചടക്കുകയും മനുചെഹിറിന്റെ വിശ്വാസവഞ്ചനയ്ക്ക് പകരമായി ഷായെ ഒരു ബന്ദിയാക്കുകയും ചെയ്തു.

1123 ജൂണിൽ ഡേവിഡ് നാലാമൻ, സുൽത്താനെ വീണ്ടും ആക്രമിച്ചു പരാജയപ്പെടുത്തുകയും ഷമാഖി, ബഗുർഡ്, ഗുലുസ്താൻ, ഷബ്രാൻ നഗരങ്ങളും കോട്ടകളും പിടിച്ചടക്കുകയും ചെയ്തു. 1125-ൽ ഡേവിഡിന്റെ മരണത്തോടെ മനുചെഹിർ സ്വന്തം ശക്തി പുനസ്ഥാപിക്കുകയും ഭാര്യാസഹോദരൻ ദെമേത്രിയസുമായി സൗഹൃദബന്ധം ആരംഭിക്കുകയും ചെയ്തു. ഭർത്താവിന്റെ മരണശേഷം, താമർ തന്റെ പുത്രന്മാർ ഒരു അധികാര പോരാട്ടത്തിലേർപ്പെട്ടതായി കണ്ടെത്തുകയും ഇളയ പുത്രന് അനുകൂലമായി, കിപ്ചാക് കൂലിപ്പടയാളികളുടെ സഹായത്തോടെ ഷിർവാനെ ജോർജിയയുമായി ഒന്നിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുകയും ചെയ്തു. മനുചിഹിറിന്റെ മൂത്തപുത്രനായ അഖ്‌സിറ്റാൻ ഒന്നാമൻ അസർബൈജാനിലെ എൽഡിഗുസിഡുകളിൽ നിന്ന് പിന്തുണ നേടുന്നതിൽ വിജയിക്കുകയും സിംഹാസനത്തിനുള്ള മത്സരത്തിൽ വിജയിയായതോടെ തമാറിനെയും അനുജനേയും ജോർജിയയിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു.

അഖ്‌സിറ്റാൻ ഒരു സ്വതന്ത്ര നയം നടപ്പിലാക്കുകയും ജോർജിയക്കാരുമായും, ഷംസ് അൽ-ദിൻ എൽഡെനിസ്, ജഹാൻ പഹ്‌ലവൻ എന്നിവരുടെ സാന്നിധ്യത്തിൽ എൽഡിഗുസിഡുകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. 1173-ൽ അഖ്‌സിതാൻ ഒന്നാമൻ തന്റെ ബന്ധുവായ ജോർജ്ജ് മൂന്നാമന്റെ സഹായത്തോടെ ഡെംന രാജകുമാരന്റെ കലാപം അടിച്ചമർത്തിയിരുന്നു. 1174 ൽ 73 കപ്പലുകളുമായി വോൾഗയിൽനിന്നെത്തിയ റുസ് ഫെഡറേഷന്റെ നാവികപ്പട പ്രദേശത്തു നടത്തിയ മിന്നലാക്രമണങ്ങളും കുറാ നദിയുടെ തീരപ്രദേശങ്ങളെ ഭീഷണിപ്പെടുത്തിയുതം ഒരു കിപ്ച്ചാക്ക് കവർച്ചസംഘം ഡെർബന്റ് കൊള്ളയടിക്കുകയും അതേവർഷം ഷബ്രാൻ പിടിച്ചടക്കിയ സംഭവങ്ങളും  അഖ്‌സിറ്റാൻ ഭരണകാലം ദർശിച്ചു.  അഖ്‌സിറ്റാൻ തന്റെ സഖ്യകക്ഷിയായ ജോർജിയയെ സഹായത്തിനു വിളിച്ചതിന്റ ഫലമായി ഡെർബന്റ് ഉപരോധത്തിൽ വിജയിച്ചു. ജോർജ്ജ് മൂന്നാമൻ നഗരത്തെ അധീനപ്പെടുത്തുകയും അതിനെ ഷായുടെ ഭരണത്തിലേയ്ക്കു മാറ്റി പ്രദേശത്തെ ജോർജിയൻ ആധിപത്യം കൂടുതൽ ശക്തമാക്കി. റസിന്റെ നാവികസേനയെ അവർ പരാജയപ്പെടുത്തുകയും കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു.

എൽഡിഗുസിഡുകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അഖ്‌സിറ്റാൻ ശ്രമിക്കുകയും ക്വിസിൽ അർസ്‌ലാൻസിന്റെ സിംഹാസനാഭിലാഷത്തെ എതിർക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഇതിനുള്ള മറുപടിയായി, 1191 ൽ ക്വിസിൽ അർസ്ലാൻ ഷിർവാനെ ആക്രമിക്കുകയും ഡെർബെന്റിലെത്തി മുഴുവൻ ഷിർവാനെയും തന്റെ അധികാരത്തിൻ കീഴിലാക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, 1192-ൽ ഭീകരമായ ഭൂകമ്പത്തിൽ ഷമാഖി നശിപ്പിക്കപ്പെടുകയും അഖ്‌സിറ്റാൻ ഒന്നാമൻ തലസ്ഥാനം ബാക്കു നഗരത്തിലേക്ക് മാറ്റുകയും ചെയ്തു. 1190 കളുടെ തുടക്കത്തിൽ, താമർ ദി ഗ്രേറ്റിനു കീഴിലുള്ള ജോർജിയൻ സർക്കാർ എൽഡിഗുസിഡുകളുടെയും ഷിർവാൻഷയുടെയും കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങുകയും പ്രാദേശിക രാജകുമാരന്മാരെ സഹായിക്കാനും ഷിർവാനെ ഒരു സാമന്ത രാജ്യമായി തരം താഴ്ത്താനും ശ്രമിച്ചു. എൽഡിഗുസിഡ് അത്താബെഗ് അബുബക്കർ ജോർജിയൻ മുന്നേറ്റം തടയാൻ ശ്രമിച്ചുവെങ്കിലും ഷാംകോർ യുദ്ധത്തിൽ[19] ഡേവിഡ് സോസ്ലന്റെ കൈയിൽനിന്നു തോൽവിയെറ്റു വാങ്ങുകയും 1195-ൽ തലസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഒരു വർഷത്തിനുശേഷം അബുബക്കറിന് തന്റെ ഭരണം പുനരാരംഭിക്കാൻ കഴിഞ്ഞെങ്കിലും എൽഡിഗുസിഡുകൾക്ക് കൂടുതൽ ജോർജിയൻ കടന്നുകയറ്റങ്ങളെ താങ്ങാനുള്ള കെൽപ്പുണ്ടായിരുന്നില്ല.[20][21]

നാടോടികളുടെ ആക്രമണങ്ങൾ

1235-ൽ മംഗോളിയൻ അധിനിവേശത്തിൽ ഷിർവാൻ തകർന്നു തരിപ്പണമാകുകയും ഈ തകർച്ചയിൽനിന്ന് അടുത്ത നൂറ്റാണ്ടുവരെയും പൂർണമായ ഉയിർത്തെഴുന്നേൽപ്പ് നടത്താനായതുമില്ല. പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും ശക്തരായ മംഗോളിയൻ, തിമൂറിഡ് സാമ്രാജ്യങ്ങളുടെ ഒരു സാമന്ത രാജ്യമായിരുന്നു ഷിർവാൻ. ഷിർവാൻഷാ ഇബ്രാഹിം ഒന്നാമൻ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുകയും അദ്ദേഹത്തിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ തിമൂറിഡ് ആക്രമണത്തെ ചെറുക്കാൻ കഴിയുകയും കപ്പം കൊടുത്ത് രാജ്യത്തെ സംരക്ഷിക്കുകയും ചെയ്തു.

സഫാവിഡ് ഭരണം

ഷിർവാനിലെ ഷാ ഫാറൂഖ് യാസറും പേർഷ്യയിലെ ഷാ ഇസ്മായിലും തമ്മിലുള്ള പോരാട്ടത്തന്റെ ചിത്രീകരണം.

ശിർവാൻഷാ ഭരണാധികാരികൾ ഏറെക്കുറെ സുന്നികളായിരുന്നു. 1462-ൽ ഖാച്ച്മാസ് പട്ടണത്തിനടുത്തുവച്ച് ഷിർവാനിഷാമാർക്കെതിരായ യുദ്ധത്തിൽ സഫാവിദുകളുടെ നേതാവായ ഷെയ്ഖ് ജുനൈദ് കൊല്ലപ്പെട്ട സംഭവം സഫാവിദുകൾ ഒരിക്കലും മറക്കാത്ത സംഭവമായിരുന്നു. 1500-1 ൽ, കൊല ചെയ്യപ്പെട്ട തന്റെ പൂർവ്വികരോട് പ്രതികാരം ചെയ്യണമെന്നുള്ള ലക്ഷ്യത്തോടെ ആദ്യ സഫാവിദ് രാജാവ് ഇസ്മായിൽ ഒന്നാമൻ ഷിർവാനെ ആക്രമിക്കുകയും എണ്ണത്തിൽ കവിഞ്ഞു നിൽക്കുന്ന സൈനികനിരയുണ്ടായിരുന്നിട്ടും അന്നത്തെ രജാസ്ഥാനം വഹിച്ചിരുന്ന ഷിർവാൻഷാ ഫാറൂഖ് യാസറിനെ അനുകൂലമായ ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ഷിർവാൻഷായും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും കൊല്ലപ്പെടുകയും ചെയ്തു. ബാക്കുവിലേക്ക് മുന്നേറിയ അദ്ദേഹം ശിർവാൻഷാമാരുടെ ശവകുടീരം തകർക്കുകയും കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു. ബാക്കുവിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ബലാൽക്കാരമായി ഷിയ മതത്തിലേയ്ക്കു പരിവർത്തനം ചെയ്യപ്പെട്ടു.

1538 വരെ ഇസ്മായിലിന്റെ പുത്രനും പിൻഗാമിയുമായിരുന്ന തഹ്മസ്പ് ഒന്നാമൻ (കാലം. 1524-1576) ആദ്യത്തെ സഫാവിഡ് ഗവർണറെ നിയമിക്കുകയും പൂർണമായും സഫാവിദ് പ്രവിശ്യയായി പരിവർത്തനം ചെയ്യുന്ന 1538 വരെ ശിർവാൻ സാമന്ത രാജ്യം ഏതാനും വർഷങ്ങൾ കൂടി ആടിയുലഞ്ഞു നിലനിന്നിരുന്നു.[22]

പേർഷ്യൻ കവിതകൾ

പേർഷ്യൻ കവിതകളുടെ പരിലാളനത്തിനു പേരുകേട്ടവരായിരുന്ന ഷിർവാൻഷാ രാജവംശം. അവരുടെ രാജസദസിൽ ഹാജരാകുകയോ അവർക്ക് വേണ്ടി കവിത സമർപ്പിക്കുകയോ ചെയ്ത പ്രശസ്ത കവികളിൽ ഖഗാനിയും നിസാമിയും ഉൾപ്പെടുന്നു. പേർഷ്യൻ കവിതയിൽ അറബ് മൂല ഇതിഹാസ കൃതി ‘ലിലി ഒ മജ്‌നൂൻ’ അവലംബമാക്കി നിസാമി രചിച്ച കാവ്യം അബുൽ-മുസാഫർ ജലാൽ അദ്-ദിൻ ശിർവാൻഷാ അഖ്‌സട്ടാനു സമർപ്പിക്കപ്പെട്ടു. ഷിർവാൻഷയുടെ മകനോടൊപ്പം വിദ്യാഭ്യാസം നേടാനും അദ്ദേഹം തന്റെ മകനെ അയച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഖഗാനി സ്വയമേവ ഹാഖീഖി എന്ന കാവ്യാത്മക സംജ്ഞ ഉപയോഗിച്ചിരുന്നു. ഫഖർ അദ്-ദിൻ മനുചെഹിർ ഫെറൈദൂൺ ഷിർവാൻഷയുടെ (ഖഗാൻ അക്ബർ എന്നും അറിയപ്പെടുന്നു) രാജസദസിൽ സ്വയംസമർപ്പണം നടത്തിയ ശേഷം അദ്ദേഹം ഖഗാനി എന്ന തൂലികാനാമം തിരഞ്ഞെടുക്കുകയും കൂടാതെ ഫഖർ അദ്-ദിൻ മനുചെഹിർ ഫറൈദൂണിന്റെ പുത്രനായ അഖ്‌സാട്ടാന്റെ രാജസദസിലെ ആസ്ഥാന കവിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ശിർവാൻഷാമാരുടെ ഭരണകാലത്ത് കാണപ്പെട്ടിരുന്ന മറ്റ് കവികളിലും എഴുത്തുകാരിലും ഫാലാക്കി ഷിർവാനി, അസീസ് ഷിർവാനി, ജമാൽ ഖലീൽ ഷിർവാനി, ബക്തിയാർ ശിർവാനി എന്നിവരും ജമാൽ ഖലീൽ ശിർവാനി രചിച്ച നൊഷാത് അൽ-മജാലെസ് എന്ന പദ്യ സമാഹാരത്തിൽ പരാമർശിച്ചിരിക്കുന്ന അനവധി മറ്റ് കവികളും എഴുത്തുകാരും ഉൾപ്പെട്ടിരുന്നു.

വാസ്തുവിദ്യ

ഷിർവാൻ-അബ്ഷെറോൻ ശാഖയുടെ വാസ്തുവിദ്യയുടെ ഏറ്റവും വലിയ സ്മാരകമാണ് ബാകുവിലെ ഉൾനഗരിയിൽ സ്ഥിതി ചെയ്യുന്ന ഷിർവാൻഷായുടെ കൊട്ടാരം. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടം, ദിവാൻഹാൻ, ശ്മശാന കല്ലറകൾ, മിനാരമുള്ള ഷായുടെ ഒരു പള്ളി, സെയ്ദ് യഹ്യാ ബാകുവിയുടെ ശവകുടീരം, കിഴക്കുള്ള ഒരു പ്രവേശനദ്വാരമായ - മുറാദിന്റെ വാതിൽ, ഒരു ജലസംഭരണി, ഒരു കുളിപ്പുരയുടെ അവശിഷ്ടങ്ങൾ എന്നിവ ഈ സമുച്ചയത്തിൽ അടങ്ങിയിരിക്കുന്നു. അനവധി വിദേശ ആക്രമണങ്ങളെ ചെറുക്കുന്നതിനായി ഷിർവാൻഷാമാർ ഷിർവാനിലുടനീളം നിരവധി പ്രതിരോധ കോട്ടകൾ നിർമ്മിച്ചിച്ചിരുന്നു. മെയ്ഡൻ ഗോപുരത്തോടുകൂടിയ കൊട്ട കെട്ടിയുറപ്പിക്കപ്പെട്ട ബാകു നഗരം മുതൽ അബ്ഷെറോണിലെ നിരവധി മധ്യകാല കോട്ടകൾ, ഷിർവാനിലെയും ഷാക്കിയിലെയും പർവതങ്ങളിലുടനീളം അപ്രവേശ്യമായ ശക്തിദുർഗ്ഗങ്ങളിൽവരെ മധ്യകാല സൈനിക വാസ്തുവിദ്യയുടെ നിരവധി മികച്ച ഉദാഹരണങ്ങൾ കാണുവാൻ സാധിക്കുന്നു. ഷിർവാൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിൽ ശിർവാൻഷാമാരായ ഖലീലുള്ള ഒന്നാമനും ഫാറൂഖ് യാസറും ഭരണം വഹിച്ചിരുന്നു. രാജവംശത്തിന്റേയും അതോടൊപ്പം ഹൽവാതിയ സൂഫി ഖനേഖ്വയുടേയും അന്ത്യവിശ്രമസ്ഥാനവുംകൂടിയായ ഷിർവാൻഷാ കൊട്ടാരം വാസ്തുവിദ്യാ സമുച്ചയം  15-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ രണ്ട് ഭരണാധികാരികളുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. State historical architecture museum "The Shirvanshahs’ Palace" Archived 4 ഏപ്രിൽ 2015 at the Wayback Machine"Two lions and the head of the bull between them was the symbol of the Shirvanshahs. Lions symbolized the power and strength of the Shirvanshahs, the head of the bull symbolized abundance."
  2. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  3. Bosworth, C.E. (11 ഫെബ്രുവരി 2011). "ŠERVĀNŠAHS". Archived copy. Encyclopaedia Iranica, Online Edition. Archived from the original on 10 മാർച്ച് 2013. Retrieved 21 മാർച്ച് 2013.{cite encyclopedia}: CS1 maint: archived copy as title (link)
  4. Tadeusz Swietochowski. Russia and Azerbaijan: A Borderland in Transition, Columbia University, 1995, p. 2, ISBN 0231070683: "In the fifteenth century a native Azeri state of Shirvanshahs flourished north of the Araxes."
  5. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  6. Bosworth, C.E. (11 ഫെബ്രുവരി 2011). "ŠERVĀNŠAHS". Archived copy. Encyclopaedia Iranica, Online Edition. Archived from the original on 10 മാർച്ച് 2013. Retrieved 21 മാർച്ച് 2013.{cite encyclopedia}: CS1 maint: archived copy as title (link)
  7. Bosworth, C.E. (11 ഫെബ്രുവരി 2011). "ŠERVĀNŠAHS". Archived copy. Encyclopaedia Iranica, Online Edition. Archived from the original on 10 മാർച്ച് 2013. Retrieved 21 മാർച്ച് 2013.{cite encyclopedia}: CS1 maint: archived copy as title (link)
  8. V. Minorsky, A History of Sharvan and Darband in the 10th–11th Centuries, Cambridge, 1958.
  9. Bosworth, C.E. (11 ഫെബ്രുവരി 2011). "ŠERVĀNŠAHS". Archived copy. Encyclopaedia Iranica, Online Edition. Archived from the original on 10 മാർച്ച് 2013. Retrieved 21 മാർച്ച് 2013.{cite encyclopedia}: CS1 maint: archived copy as title (link)
  10. V. Minorsky, A History of Sharvan and Darband in the 10th–11th Centuries, Cambridge, 1958.
  11. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  12. V. Minorsky, A History of Sharvan and Darband in the 10th–11th Centuries, Cambridge, 1958.
  13. Encyclopedia Iranica, "Minorsky, Vladimir Fedorovich", C. E. BOSWORTH Archived 16 നവംബർ 2007 at the Wayback Machine
  14. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  15. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  16. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  17. Barthold, W., C.E. Bosworth "Shirwan Shah, Sharwan Shah. "Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2nd edition
  18. V. Minorsky, A History of Sharvan and Darband in the 10th–11th Centuries, Cambridge, 1958.
  19. Suny 1994, p. 39.
  20. Luther, Kenneth Allin. "Atābākan-e Adārbāyĵān Archived 17 നവംബർ 2016 at the Wayback Machine", in: Encyclopædia Iranica (Online edition). Retrieved on 2006-06-26.
  21. Lordkipanidze & Hewitt 1987, p. 148.
  22. Fisher et al. 1986, pp. 212, 245.