പറങ്കിപ്പുണ്ണ്
പറങ്കിപ്പുണ്ണ് | |
---|---|
Electron micrograph of Treponema pallidum | |
സ്പെഷ്യാലിറ്റി | പകർച്ചവ്യാധി |
ലക്ഷണങ്ങൾ | അടിയുറച്ചത്, വേദനരഹിതം, ചൊറിച്ചിലില്ലാത്തത് |
കാരണങ്ങൾ | ട്രിപ്പൊനിമ പാലിഡം (Treponema pallidum), സാധാരണയായി ലൈംഗികബന്ധത്തിലൂടെ പകരുന്നു |
ഡയഗ്നോസ്റ്റിക് രീതി | രക്തപരിശോധന |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | മറ്റു പല രോഗങ്ങൾ |
പ്രതിരോധം | ഗർഭനിരോധന ഉറകൾ, ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കൽ |
Treatment | ആന്റിബയോട്ടിക്ക് |
മരുന്ന് | ആന്റിബയോട്ടിക്കുകൾ |
ആവൃത്തി | 45.4 million / 0.6% (2015) |
മരണം | 107,000 (2015) |
ട്രിപ്പൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ് . ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗം അതിന്റെ നാലു ഘട്ടങ്ങളിൽ ഏതിൽ ആണ് എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുന്നു (പ്രാഥമികം, ദ്വിതീയം, ഗുപ്തം, തൃതീയം). പ്രാഥമിക ഘട്ടത്തിൽ സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണം (chancre-ഷാങ്കർ) ആണ് ലക്ഷണം. ചിലപ്പോൾ ഒന്നിലധികം വ്രണങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ പരന്ന തിണർപ്പ് ആണ് കാണുക. കൈപ്പത്തി കാൽപ്പാദം, വായ, യോനി എന്നിവിടങ്ങളെ ആണ് ഇത് ബാധിക്കുക. വർഷങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഗുപ്താവസ്ഥയിലുള്ള പറങ്കിപ്പുണ്ണിൽ (latent) വളരെ കുറച്ച് ലക്ഷണങ്ങളേ ഉണ്ടാവൂ. ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എന്നും വരാം. മൂന്നാം ഘട്ടത്തിൽ ഗമ്മ (gumma) എന്ന് അറിയപ്പെടുന്ന മൃദുവായ മുഴകൾ പ്രത്യക്ഷപ്പെടുന്നു. നാഡീ സംബന്ധമായ ലക്ഷണങ്ങളും ഹൃദയ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകാം. മറ്റു പല രോഗങ്ങളോടും സാമ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് കൊണ്ട് രോഗങ്ങളിലെ അനുകർത്താവ്(the great imitator) എന്ന് പറങ്കിപ്പുണ്ണിനെ വിളിക്കുന്നു.
രോഗം പകരാനുള്ള സാദ്ധ്യത ഗർഭനിരോധന ഉറകളുടെ ഉപയോഗം വഴി കുറയ്ക്കാവുന്നതാണ്. പറങ്കിപ്പുണ്ണിന് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. 1940 കളിൽ പെനിസിലിന്റെ കണ്ടുപിടിത്തത്തോടെ അതിവേഗം കുറഞ്ഞു തുടങ്ങിയ സിഫിലിസ്, 21 നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും എച്ച്. ഐ. വി. യോടൊപ്പം പടർന്നു പിടിക്കുന്നതായി കണ്ടുവരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗവ്യാപനത്തിനു കാരണമാകുന്നു. 2015 ഇൽ ക്യൂബ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പറങ്കിപ്പുണ്ണിന്റെ വ്യാപനം പൂർണമായി ഇല്ലാതാക്കിയ ആദ്യത്തെ രാജ്യമായി മാറി.
ലക്ഷണങ്ങൾ
പ്രാഥമികം, ദ്വിതീയം, തൃതീയം ഗുപ്തം എന്നിങ്ങനെ പറങ്കിപ്പുണ്ണിന് അതിന്റെ നാല് വിവിധ ഘട്ടങ്ങൾ ഉണ്ട്. കൂടാതെ ജന്മനാൽ ഉണ്ടാകുന്ന പറങ്കിപ്പുണ്ണും ഉണ്ട്.
പ്രാഥമിക പറങ്കിപ്പുണ്ണ് പൊതുവിൽ മറ്റൊരു വ്യക്തിയുടെ ശരീരത്തിലെ അണുബാധയുടെ ഫലമായുണ്ടായ വ്രണവുമായി നേരിട്ടുള്ള ലൈംഗിക സംസർഗത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആദ്യത്തെ സംസർഗത്തിന്റെ 3 മുതൽ 90 ദിവസം വരെ ശേഷം (ശരാശരി 21 ദിവസം) വ്രണം സംസർഗം ഉണ്ടായ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു. 40% ആളുകളിലും ചൊറിച്ചിലോ വേദനയോ ഇല്ലാത്ത ഉറപ്പുള്ള, വൃത്തിയുള്ള അടിഭാഗവും വ്യക്തമായ അതിരുകളും ഉള്ള ഒറ്റവ്രണം ആയിരിക്കും. ഒരു ചെറിയ കുരുവിൽ നിന്ന് വ്രണമായി മാറുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി ഒന്നിലധികം വ്രണങ്ങൾ കാണപ്പെടാം. ഇത് സാധാരണയായി എച്ച്.ഐ.വി ബാധ കൂടി ഉള്ളപ്പോഴാണ് സംഭവിക്കുന്നത്. വ്രണങ്ങൾ തൊടുമ്പോഴോ അല്ലാതെയോ വേദനയുള്ളവയാവാം(30%), ഗുഹ്യഭാഗങ്ങളിൽ അല്ലാതെ കാണപ്പെടാം (2–7%). സ്ത്രീകളിൽ ഏറ്റവും സാധാരണയായ സ്ഥാനം ഗർഭാശയ ഗളവും (44%), പുരുഷന്മാരിൽ ലിംഗവും (99%) ആണ്. സ്വവർഗാനുരാഗികളിൽ ഇത് ഗുദത്തിലും മലാശയത്തിലും ആയിരിക്കും (34%).രണം പ്രത്യക്ഷപ്പെട്ട ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ വ്രണത്തിനു സമീപമുള്ള ലസികാഗ്രന്ധികളുടെ വീക്കം (80%) സാധാരണയാണ്.ചികിത്സ കിട്ടാത്ത വ്രണം 3 മുതൽ 6 ആഴ്ചവരെ നിലനിൽക്കും.
ദ്വിതീയം
പ്രാഥമിക രോഗാണുബാധയ്ക്ക് 4 മുതൽ 10 ആഴ്ചകൾക്ക് ശേഷമാണ് ദ്വിതീയ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ദ്വിതീയ ഘട്ടത്തിൽ പലതറത്തിലുള്ള ലക്ഷണങ്ങൾ കാണാമെങ്കിലും ത്വക്ക്, ശ്ലേഷ്മസ്തരം mucous membranes, ലസികാ ഗ്രന്ഥികൾ (lymph nodes)എന്നിവയെ ബാധിക്കുന്ന ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. പനി, തൊണ്ടവേദന, ക്ഷീണം, ശരീരഭാരം നഷ്ടപ്പെടുക, മുടികൊഴിച്ചിൽ, തലവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.ഹെപ്പറ്റൈറ്റിസ്, വൃക്ക രോഗം, സന്ധിവീക്കം, പെരിയോസ്റ്റൈറ്റിസ്, ഒപ്റ്റിക് നെർവിനുണ്ടാകുന്ന വീക്കം, യൂവൈറ്റിസ്, കോർണിയയിൽ ഉണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയും അപൂർവമായി കാണപ്പെടുന്നു. ആസന്നലക്ഷണങ്ങൾ മൂന്നു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ ശമിക്കുന്നു.ഏകദേശം 25% ആളുകളിൽ ദ്വിതീയ ഘട്ടത്തിന്റെ ലക്ഷണങ്ങളുമായി രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇവരിൽ ചിലരെങ്കിലും (40-80% സ്ത്രീകളും 20-65% പുരുഷന്മാരും) മുൻപ് പ്രാഥമിക സിഫിലിസിന്റെ ലക്ഷണമായ വ്രണം ഉണ്ടായിട്ടില്ലാത്തവരാണ്.
ഗുപ്താവസ്ഥ
രക്തപരിശോധനയിൽ (serologic) രോഗാണുബാധയുടെ തെളിവ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുമ്പോഴാണ് രോഗം ഗുപ്താവസ്ഥയിലാണെന്ന് പറയുക.
തൃതീയം
തൃതീയ ഘട്ടത്തിലെ പറങ്കിപ്പുണ്ണ് പ്രാഥമിക അണുബാധയ്ക്ക് മൂന്നു മുതൽ പതിനഞ്ച് വർഷം വരെ ശേഷമാണ് പ്രത്യക്ഷപ്പെടുക. ഇത് ഗമ്മാറ്റസ് സിഫിലിസ്(15%), ന്യൂറോസിഫിലിസ് neurosyphilis (6.5%), ഹൃദയസംബന്ധമായ സിഫിലിസ് (10%)എന്നിങ്ങനെ വർഗീകരിക്കപ്പെട്ടിരിക്കുന്നു. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ രോഗാണുബാധയുണ്ടായ മൂന്നിലൊന്ന് ആളുകളിലും രോഗം തൃതീയ ഘട്ടത്തിലേക്ക് പോകുന്നു.ഈ ഘട്ടത്തിൽ രോഗം പകരുന്നതല്ല.
ജന്മനാലുള്ള പറങ്കിപ്പുണ്ണ്
ഗർഭകാലത്തോ ജനനസമയത്തോ ഉണ്ടാകുന്ന രോഗാണുബാധയുടെ ഫലമായിട്ടാണ് ജന്മനാനുള്ള പറങ്കിപ്പുണ്ണ് ഉണ്ടാകുന്നത്. രോഗബാധയുള്ള മൂന്നിൽ രണ്ട് കുഞ്ഞുങ്ങൾക്കും ജനനസമയത്ത് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ആദ്യത്തെ രണ്ടു വർഷങ്ങളിൽ കരളിന്റെയും പ്ലീഹയുടെയും വീക്കം (70%), തിണർപ്പ് (70%), പനി (40%), ന്യൂറോസിഫിലിസ് (20%), ശ്വാസകോശത്തിലെ വീക്കം (20%), എന്നിവ ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മൂക്കിന്റെ പാലത്തിന് ഉണ്ടാകുന്ന വൈകല്യം (saddle nose) ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ട്.
പ്രസരണം
ലൈംഗിക ബന്ധത്തിലൂടെയും ഗർഭകാലത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ആണ് പറങ്കിപ്പുണ്ണ് പകരുന്നത്. ശ്ലേഷ്മസ്തരത്തിലൂടെയും ചെറിയ പോറലുകൾ ഉള്ള തൊലിയിലൂടെയും കടന്നുപോകാൻ സ്പൈറോക്കീറ്റുകൾക്ക് കഴിയും. പറങ്കിപ്പുണ്ണിന്റെ വ്രണത്തിനു സമീപം ചുംബിക്കുന്നതിലൂടെയും വദന, യോനി, ഗുദ മാർഗേണ ഉള്ള ലൈംഗിക ബന്ധത്തിലൂടെയും പകരാം.ദ്വിതീയ ഘട്ടത്തിലുള്ള പറങ്കിപ്പുണ്ണുമായി സമ്പർക്കത്തിൽ വരുന്ന 30% മുതൽ 60% വരെ ആളുകൾക്ക് രോഗബാധ ഉണ്ടാകുന്നു.
ശരീരത്തിൽ നിന്ന് പുറത്തെത്തിയാൽ ഈ ബാക്ടീരിയ വളരെ വേഗം നശിച്ചു പോകുന്നത് കൊണ്ട് പൊതുവായി ഉപയോഗിക്കുന്ന ടോയിലറ്റ് സീറ്റുകൾ, വസ്ത്രങ്ങൾ, ഭക്ഷണപാത്രങ്ങൾ എന്നിവ വഴി രോഗം പകരാറില്ല.
പറങ്കിപ്പുണ്ണിന്റെ ആദ്യഘട്ടത്തിൽ ദേഹപരിശോധനയിലൂടെ മാത്രം രോഗനിർണയം നാടത്താൻ പ്രയാസമാണ്. രക്തപരിശോധനയിലൂടെയോ സൂക്ഷ്മ ദർശിനിയിലൂടെ നേരിട്ട് നോക്കിയോ രോഗം സ്ഥിരീകരിക്കാം. രക്തപരിശോധനയാണ് സാധാരണയായി രോഗനിർണയത്തിന് ഉപയോഗിക്കാറ്. രോഗം ഏത് ഘട്ടത്തിലാണെന്ന് കണ്ടുപിടിക്കാൻ രക്തപരിശോധനയിലൂടെ സാദ്ധ്യമല്ല.
രോഗനിർണയം
രക്തപരിശോധനകൾ
നോൺ ട്രിപ്പോണീമൽ പരിശോധനകൾ, ട്രിപ്പോണീമൽ പരിശോധനകൾ എന്നിങ്ങനെ രക്തപരിശോധനകൾ രണ്ടുതരത്തിൽ ഉണ്ട്.
നോൺ ട്രിപ്പോണീമൽ പരിശോധനകളിൽ വെനെറൽ ഡിസീസ് റിസർച്ച് ലാബറട്ടറി (VDRL) റാപ്പിഡ് പ്ലാസ്മ റീജിൻ (RPR) എന്നിവ ഉൾപ്പെടുന്നു. ചിക്കൻപോക്സ്, മീസിൽ സ് തുടങ്ങിയ വൈറൽ അസുഖങ്ങൾ ഉള്ളപ്പോൾ ഈ പരിശോധനകൾ തെറ്റായ പോസിറ്റീവ് ഫലം കാണിക്കാറുണ്ട്. ക്ഷയരോഗം, ലിംഫോമ, മലേറിയ, എൻഡോകാർഡൈറ്റിസ്, ഗർഭാവസ്ഥ എന്നിവയിൽ തെറ്റായ പോസിറ്റീവ് ഫലം കാണിക്കാൻ സാദ്ധ്യതയുണ്ട്.
തെറ്റായ പോസിറ്റീവ് ഫലങ്ങൾ കിട്ടാനുള്ള സാദ്ധ്യതകാരണം രോഗം സ്ഥിരീകരിക്കുന്നതിന് എപ്പോഴും ട്രിപ്പോണീമൽ ടെസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് ട്രിപ്പോണീമൽ പാലിഡം പാർടിക്കിൾ അഗ്ലൂട്ടിനേഷൻ ടെസ്റ്റ് (TPHA) അല്ലെങ്കിൽ ഫ്ലൂറസന്റ് ട്രിപ്പോണീമൽ ആന്റിബോഡി അബ്സോർപ്ഷൻ ടെസ്റ്റ് (FTA-Abs). ട്രിപ്പോണീമൽ ആന്റിബോഡി ടെസ്റ്റുകൾ സാധാരണയായി പ്രാഥമിക അണുബാധക്ക് രണ്ടു മുതൽ അഞ്ച് ആഴ്ചകൾക്കുശേഷം പോസിറ്റീവ് ഫലങ്ങൾ തരുന്നു.
നേരിട്ടുള്ള പരിശോധന
സിഫിലിസ് വ്രണത്തിൽ നിന്നുള്ള സ്രവത്തെ ഡാർക്ക് ഗ്രൌണ്ട് മൈക്രോസ്കോപ്പി പരിശോധനയ്ക്ക് വിധേയമാക്കി പെട്ടെന്നുള്ള രോഗനിർണയം നടത്താം. 80% കൃത്യതയാണ് ഈ പരിശോധനയ്ക്ക് ഉള്ളത് എന്നത് കൊണ്ട്, രോഗം സ്ഥിരീകരിക്കാനല്ലാതെ രോഗമില്ലെന്ന് ഉറപ്പിക്കാൻ ഈ പരിശോധന ഉപയോഗിക്കാൻ ആവീല്ല. ഡയറക്റ്റ് ഫ്ലൂറസന്റ് ആന്റിബോഡി പരിശോധന, ന്യൂക്ലിക് ആസിഡ് ആമ്പ്ലിഫിക്കേഷൻ പരിശോധന എന്നിവ വ്രണത്തിലെ സ്രവത്തിൽ നിന്ന് രോഗനിർണയം നടത്തുന്നതിനായി ഉള്ള മറ്റു രണ്ടു പരിശോധനകളാണ്.
രോഗപ്രതിരോധം
വാക്സിൻ
2010 വരെ ഫലപ്രദമായ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ല.
ലൈംഗികബന്ധം
ഗർഭനിരോധന ഉറകളുടെ ഉപയോഗം രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുമെങ്കിലും പൂർണമായും തടയുന്നില്ല. രോഗാണുബാധയുണ്ടായിട്ടുള്ള വ്യക്തിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് രോഗം പകരുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം.
ജന്മനാലുള്ള പറങ്കിപ്പുണ്ണ്
നവജാത ശിശുക്കളിലെ സിഫിലിസ് തടയുന്നതിന് ഗർഭകാലത്ത് അമ്മമാരെ സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാക്കുകയും മതിയായ ചികിത്സ കൊടുക്കുകയും ചെയ്യേണ്ടതാണ്. ലോകാരോഗ്യസംഘടന ആദ്യത്തെ ഗർഭകാല വൈദ്യപരിശോധനയിലും വീണ്ടും അവസാനം ത്രൈമാസിക പരിശോധനയിലും സിഫിലിസ് കണ്ടെത്തുന്നതിനുള്ള പരിശോധന ഉൾപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. രോഗബാധിതരാണെന്ന് കണ്ടെത്തിയ ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും ചികിത്സ ലഭ്യമാക്കേണ്ടതാണ്.
ചികിത്സ
രോഗബാധയുടെ ആരംഭം
സങ്കീർണതകളില്ലാത്ത സിഫിലിസിൽ ബെൻസതീൻ ബെൻസൈല്പെനിസിലിൻ ഇൻ ജെക്ഷൻ ആണ് ചികിത്സ. ഡോക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ എന്നിവയും മറ്റു സാദ്ധ്യതകളാണ്. എന്നാൽ ജന്മ വൈകല്യങ്ങൾ ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാൽ ഈ മരുന്നുകൾ ഗർഭിണികളിൽ ഉപയോഗിക്കാറില്ല.
ദീർഘകാലമായി നിലനിൽക്കുന്ന രോഗബാധ
10 ദിവസമെങ്കിലും സിരകളിലേക്ക് പെനിസിലിൻ ലഭ്യമാക്കുക എന്നതാണ് ന്യൂറോസിഫിലിസിൽ ചെയ്യേണ്ടത്
ഗർഭകാലം
ഗർഭകാലത്ത് പെനിസിലിൻ ഫലപ്രദമായ ചികിത്സയാണ്. എന്നാൽ ഔഷധമാത്രയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്.