സ്ഖലനം
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ പുരുഷബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് സ്ഖലനം (Ejaculation=ഇജാക്കുലേഷൻ).
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ് ശുക്ല സ്ഖലനത്തോടെ സ്ത്രീ യോനിയിൽ നിക്ഷേപിക്കപ്പെടുക. അതിനാൽ ഇത് ഗർഭധാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന് പറയാം. ഇക്കാരണത്താൽ ഇതിന് പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും വളരെയധികം പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് സ്വപ്‍നസ്‍ഖലനം (Noctural emission) എന്നറിയപ്പെടുന്നു. ലൈംഗിക ബന്ധം ഇല്ലാത്ത ചെറുപ്പക്കാരിൽ ശുക്ലം പുറത്തേക്ക് പോകുവാനുള്ള ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയ മാത്രമാണിത്. കൗമാരക്കാരിൽ ഇത് തികച്ചും സാധാരണമാണ്. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്‍ഖലനരാഹിത്യം എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം (Premature Ejaculation). സ്ഖലനത്തിന് മുന്നോടിയായി ലിംഗത്തിലെ അറകളിൽ രക്തം നിറഞ്ഞു ഉദ്ധരിക്കപ്പെടാറുണ്ട്.
സ്ഖലനത്തോടെ ലിംഗത്തിന്റെ ഉദ്ധാരണം അവസാനിക്കുന്നു. തുടർന്ന് പുരുഷൻ ഒരു വിശ്രാന്തിയിലേക്ക് പോകുന്നു. അതോടെ മിക്കവരിലും മറ്റൊരു ലൈംഗികബന്ധത്തിനുള്ള താല്പര്യം താൽക്കാലികമായി നഷ്ടപ്പെടുന്നു. സ്കലനത്തോടെ പുരുഷ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ പ്രവർത്തന ഫലമാണ് ഇത്. ചിലർക്ക് ഈ സമയത്ത് അല്പ സമയത്തേക്ക് ക്ഷീണം പോലെ അനുഭവപ്പെടാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ്.
സ്ഖലനത്തിന് മുന്നോടിയായി അല്പം സ്നേഹദ്രവവും പുരുഷൻ സ്രവിക്കാറുണ്ട്. സംഭോഗത്തിന് ആവശ്യമായ സ്നിഗ്ധത നൽകുവാനും സ്ഖലനസമയത്ത് പുറത്ത് വരുന്ന ബീജങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണിത്[1].പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്‌ഖലന സമയത്ത് പുറത്തുവരുന്ന ശുക്ളത്തിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുക്കൾ എളുപ്പം പകരാറുണ്ട്. സ്ത്രീകളിൽ പൊതുവേ പുരുഷന്മാർക്ക് ഉണ്ടാകുന്നത് പോലെ സ്ഖലനം ഉണ്ടാകാറില്ലെങ്കിലും, ചിലപ്പോൾ മികച്ച ഉത്തേജനം ലഭിക്കുന്നതിന്റെ ഫലമായി 'സ്ക്വിർട്ടിങ്' (Squirting) എന്നൊരു പ്രക്രിയ സ്ത്രീകളിൽ കാണാറുണ്ട്. അതിന്റെ ഫലമായി സ്‌കീൻ ഗ്രന്ഥികളിൽ നിന്നും ദ്രാവകം നല്ല രീതിയിൽ പുറത്തേക്ക് വരുന്നു. ഇത് സ്ത്രീകളിലെ സ്ഖലനം എന്ന് പറയാറുണ്ട്. കൃസരി, ജി സ്‌പോട്ട് എന്നിവിടങ്ങളിലെ ഉത്തേജനവുമായി ഇത് ബന്ധപെട്ടു കിടക്കുന്നു, എന്നാലും ഇത് സംബന്ധിച്ച് പല അഭിപ്രായങ്ങളും വിദഗ്ധർക്കിടയിലുണ്ട്. ഇത് ലൈംഗികബന്ധത്തിന് യോനിയിൽ അവശ്യംവേണ്ട വഴുവഴുപ്പിന് വേണ്ടി ഉണ്ടാകാറുള്ള സ്നേഹദ്രവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിരുന്നാലും സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും സംതൃപ്തിക്കും ഇതൊരു അഭിവാജ്യ ഘടകമൊന്നുമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
സ്ഖലനവും ശുക്ലവും
സ്ഖലനത്തോട് കൂടി സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് ശുക്ലം (Semen). വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഇതിൽ കോടിക്കണക്കിന് (Sperm) ബീജങ്ങൾ അടങ്ങിയിട്ടുണ്ട്.
വൃഷണത്തിലെ ബീജനാളികളിൽ വച്ച് ഊനഭംഗം വഴി ബീജകോശങ്ങൾ ജനിക്കുന്നു. ഇത് ചെറിയ സ്രവത്തിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ എത്തുന്നു. തൊട്ടടുത്തുള്ള സെമിനൽ വെസിക്കിളിൽ നിന്നും പോഷകങ്ങൾ അടങ്ങിയ സ്രവം ഉണ്ടാവുന്നു. ശുക്ലത്തിൽ കൂടുതലും അതാണ്. പിന്നെ കൂപ്പേഴ്‌സ് ഗ്ലാൻഡ് സ്രവം. ഇതിതിനൊക്കെ വളരെ ചെറിയ ഒരംശം പ്രോട്ടീനും കാർബോഹൈഡ്രേറ്റും മാത്രമേ ആവശ്യമുള്ളു. ഇതൊക്കെ ചേർ്ന്നതാണ് ശുക്ലം. എന്നാൽ ഒരു തുള്ളി ശുക്ലം നാൽപ്പത് തുള്ളി രക്തത്തിന് സമമാണ് തുടങ്ങിയ അന്ധവിശ്വാസങ്ങൾ പല നാടുകളിലും നിലവിലുണ്ടായിരുന്നു.[2] മുതുക്കെല്ലിനും ഇടുപ്പെല്ലിനും ഇടയിൽ ശുക്ലം വരുന്നെന്നു ഇസ്ലാമിന്റെ വിശ്വാസം (ഖുർആൻ 086 ത്വരിഖ് 6-7).
സ്ഖലനവും പിൻവലിക്കൽ രീതിയും
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ഖലനത്തിന് മുന്പ് ലിംഗം പിൻവലിക്കുന്ന രീതിയും ഗർഭനിരോധനത്തിനു വേണ്ടി അവലംബിക്കാറുണ്ട്. പിൻവലിക്കൽ രീതി (Withdrawal method) എന്നാണ് ഇത് അറിയപ്പെടുന്നത്. യോനിയിലേക്കുള്ള ശുക്ല വിസർജനം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സ്ഖലനത്തിന് മുൻപ് സ്രവിക്കപ്പെടുന്ന വഴുവഴുപ്പുള്ള ദ്രാവകത്തിലും (Precum) ബീജത്തിന്റെ സാന്നിധ്യം കാണാറുണ്ട്. ഇതും ഗർഭധാരണത്തിന് കാരണമാകാം. അതിനാൽ ഈ രീതി പലപ്പോഴും പരാജയപ്പെടാം. എന്നിരുന്നാലും അടിയന്തര സാഹചര്യത്തിൽ ഇതും ഒരു ഗർഭ നിരോധന മാർഗ്ഗമായി ഉപയോഗിക്കാറുണ്ട്.[3]
സ്ത്രീ സ്ഖലനം
സ്കെനി ഗ്രന്ഥി വഴി സ്ത്രീകൾ സ്രവിപ്പിക്കുന്നുവെന്ന് ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഭഗശിശ്നികയിലും ജി സ്പോട്ടിലും സംഭവിക്കുന്ന ഉത്തേജനവും സങ്കോചവികാസങ്ങളുമാണ് സ്ത്രീ സ്ഖലനത്തിനു കാരണം എന്ന് പറയുന്നു.
യോനീഭിത്തിയുടെ മേൽഭാഗത്താണ് സ്കെനി ഗ്രന്ഥികൾ കാണപ്പെടുന്നതെന്നതിനാൽ ജി സോണിലേൽപ്പിക്കപ്പെടുന്ന സ്പർശനം സ്രവങ്ങളുടെ സ്ഖലനത്തിന് കാരണമാകുന്നു. പലരും ഇത് മൂത്രമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ഗ്രന്ഥിയുടെ വലിപ്പമനുസരിച്ച് സ്രവത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് ചില സ്ത്രീകൾ വളരെ കൂടുതൽ അളവിൽ, ചിലപ്പോൾ കിടക്ക നനയത്തക്ക വിധത്തിൽ ഈ ദ്രാവകം സ്രവിപ്പിക്കുമ്പോൽ മറ്റു ചിലരിൽ വളരെ ചെറിയ അളവു പോലും ഉണ്ടാകണമെന്നില്ല. മിക്കവാറും എല്ലാവരും വളരെ ചെറിയ അളവിലാണ് ഈ സ്രവം ഉൽപാദിപ്പിക്കുന്നതെന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല. സ്ത്രീയുടെ സംതൃപ്തിക്ക് ഇത് നിർബന്ധവുമല്ല.
അതിസങ്കീർണമായ ശാരീരിക പ്രവർത്തനങ്ങളാണ് സ്ത്രീയുടെ രതിമൂർച്ഛയെ നിയന്ത്രിക്കുന്നത്. ആ സങ്കീർണതകൾ അതേയളവിൽ മനസിലാക്കി രതിയിലേർപ്പെടുക എന്നത് അസാധ്യമാണ്. എന്നാൽ ഇതേക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് രതിയുടെ ഊഷ്മളതയും കൂട്ടാനും രതിമൂർച്ഛയ്ക്കും ഉപകരിക്കും.
അവലംബങ്ങൾ
- ↑ ഡോ. ഹരികൃഷ്ണൻ. "സ്ഖലനം സ്വയം നിയന്ത്രിക്കാം" (ആരോഗ്യലേഖനം). മാതൃഭൂമി. Archived from the original on 2014-07-10. Retrieved 10 ജൂലൈ 2014.
- ↑ https://medlineplus.gov/ency/article/003627.htm.
{cite web}
: Missing or empty|title=
(help) - ↑ "Withdrawal method (coitus interruptus)".