ഹോകുസായി

ഹോകുസായി

കാറ്റ്സുഷിക ഹോകുസായി
ജനനപ്പേര്റ്റോകിതാറോ
ജനനം ഒക്ടോബർ - നവംബർ 1760
എഡോ, ഇന്ന് ജപ്പനിലെ റ്റോക്യോയിൽ
മരണം ഏപ്രിൽ 18, 1849
റ്റോക്യോ
പൗരത്വം ജാപ്പനീസ്
രംഗം ചിത്രകല
പ്രശസ്ത സൃഷ്ടികൾ "ദ് ഗ്രേറ്റ് വേവ്"

കറ്റ്സുഷിക ഹോകുസായി, (葛飾北斎), (1760—1849[1]) എഡോ കാലഘട്ടത്തിലെ ജാപ്പനീസ് കലാകാരനും, ഉക്കിയോ-യി ചിത്രകാരനും മുദ്രണനിർമ്മാതാവും ആയിരുന്നു. തന്റെ ജീവിതകാലത്ത് ചൈനീസ് ചിത്രകലയെക്കുറിച്ച് ജപ്പാനിലുള്ള ഏറ്റവും ആധികാരിക സ്രോതസ്സ് ആയിരുന്നു ഹൊക്കുസായി.[2]എഡോയിൽ (ഇന്നത്തെ റ്റോക്യോയിൽ) ജനിച്ച ഹൊക്കുസായി, 1831-ൽ തടിക്കട്ടകളിൽ മുദ്രണം ചെയ്ത, "മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങൾ" എന്ന ചിത്രപരമ്പരയുടെ കർത്താവ് എന്ന നിലയിലാണ് അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ചത്. ഈ പരമ്പരയിലാണ് അന്താരാഷ്ട്ര പ്രശസ്തമായ "ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ" എന്ന മുദ്രണം. ജപ്പാനിലെ വർദ്ധിച്ച തദ്ദേശീയ വിനോദസഞ്ചാര യാത്രയ്ക്കുള്ള ഒരു പ്രതികരണമായും മൌണ്ട് ഫ്യൂജിയുമായുള്ള തന്റെ അഭിനിവേശത്തിന്റെ ഭാഗമായും ആണ് ഹൊകുസായി ഈ ചിത്ര പരമ്പര വരച്ചത്.[3] ഈ ചിത്ര പരമ്പര, വിശേഷാൽ ദ് ഗ്രേറ്റ് വേവ്, ഫൂജി ഇൻ ക്ലിയർ വെതർ എന്നീ ചിത്രങ്ങൾ, ഹൊക്കുസായിയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലും ജപ്പാനിനുള്ളിലും ഉറപ്പിച്ചു. ചരിത്രകാരനായ റിച്ചാർഡ് ലേനിന്റെ അഭിപ്രായത്തിൽ “ഹൊകുസായിയെ ജപ്പാനിലും വിദേശത്തും പ്രശസ്തനാക്കിയ ഒരു കൃതി ഉണ്ടെങ്കിൽ അത് ഈ മഹത്തായ ചിത്രമുദ്രണ പരമ്പര ആയിരിക്കും...” [4]. ഈ ചിത്ര പരമ്പരയ്ക്കു മുൻപുള്ള ഹൊകുസായിയുടെ കൃതികളും പ്രധാനം ആണെങ്കിലും ഈ പരമ്പരയോടെയാണ് ഹൊകുസായി കലാലോകത്ത് മായാത്ത മുദ്ര പതിപ്പിക്കുന്നത്.മൗണ്ട് ഫുജി അഗ്നിപർവതം യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൽപ്പെടുത്തിയപ്പോൾ ഹാറ്റ്സുഷികാ ഹോകുസായി മരത്തിൽ കൊത്തിയുണ്ടാക്കിയ മൗണ്ട് ഫുജിയുടെ 36 ദൃശ്യങ്ങളെപ്പറ്റി യുനെസ്കോ രേഖകളിൽ പരാമർശിച്ചിരുന്നു[5][6]. ദ് ഗ്രേറ്റ് വേവ് എന്ന മുദ്രണം ഇന്നും പാശ്ചാത്യ കലാലോകത്ത് നിരൂപണങ്ങൾക്കും പ്രശംസയ്ക്കും പാത്രമാണ്. ഉക്കിയോ-യി എന്ന് അറിയപ്പെടുന്ന ജാപ്പനീസ് തടിക്കട്ട മുദ്രണത്തിലെ (വുഡ് ബ്ലോക്ക് പ്രിന്റിംഗ്) ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളാണ് ഹൊകുസായി.

ജീവചരിത്രം

ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ[7]

റ്റോകിറ്റാരോ എന്നായിരുന്നു ഹൊകുസായിയുടെ ബാല്യകാല നാമം. ഹൊരെകി കാലഘട്ടത്തിലെ 10-ആം വർഷം 9-ആം മാസം 23-ആം ദിവസം (ഒക്ടോബർ – നവംബർ 1760) കലാകാരന്മാരുടെ കുടുംബത്തിൽ എഡോ (ഇന്ന് റ്റോക്യോയിൽ) ഹൊകുസായി ജനിച്ചു.[1] ഷോഗണുകൾക്ക് കണ്ണാടികൾ ഉണ്ടാക്കി നൽകുന്ന കണ്ണാടി നിർമ്മാതാവായ നകജിമ ഇസെ ആണ് ഹൊകുസായിയുടെ പിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] 14-ആം വയസ്സിൽ ഹൊകുസായി ഒരു തടിക്കൊത്തുപണിക്കാരന്റെ സഹായി ആയി. 18-ആം വയസ്സുവരെ ഹൊകുസായി ആ ജോലി തുടർന്നു. 18-ആം വയസ്സിൽ കറ്റ്സുകാവ ഷുൻഷോ എന്ന ഉകിയോ-ഇ കലാകാരന്റെ (കറ്റ്സുകാവാ വിദ്യാലയത്തിന്റെ തലവനായി കറ്റ്സുകാവ ഷുൻഷോ അറിയപ്പെടുന്നു) സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു.[1]

ഹൊകുസായി പല തവണ തന്റെ പേര് മാറ്റി. തന്റെ കലാസൃഷ്ടികളിലെ മാറ്റങ്ങളോട് ഹൊകുസായിയുടെ പേരുമാറ്റങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. ഹൊകുസായിയുടെ വിവിധ പേരുകൾ ഉപയോഗിച്ച് ഹൊകുസായിയുടെ കലാജീവിതത്തെ വിവിധ ഘട്ടങ്ങളായി വിഭജിക്കാം.

ഹൊകുസായി 19 വർഷം കാറ്റ്സുകാവ സ്കൂളിൽ തുടർന്നു. ഈ വിദ്യാലയത്തിൽ നിന്ന് ഹോകുസായി പുറത്താക്കപ്പെട്ടു എന്ന് അഭ്യൂഹങ്ങൾ ഉണ്ട് (ഈ ചിത്രകലാ സമ്പ്രദായത്തിന് എതിരാളിയായ കാനോ സ്കൂളിൽ പഠിച്ചതായിരിക്കാം പുറത്താക്കപ്പെടലിനു കാരണം). 1795-ൽ ഹോകുസായി തന്റെ കലാനാമം ഷുന്രോ എന്ന് മാറ്റി. ഈ കാലഘട്ടം ഹോകുസായിയുടെ അഭിപ്രായത്തിൽ പ്രോത്സാഹനകരമായിരുന്നു: "എന്റെ കലാശൈലിയെ രൂപപ്പെടുത്തിയതിന്റെ പ്രധാന ഉത്തേജനം ഷുൻ‌കോയുടെ പക്കൽനിന്നും ഞാൻ അനുഭവിച്ച അപമാനമായിരുന്നു"[4] ഷുൻ‌കോ ഷുൻഷോയുടെ വലിയ (മുതിർന്ന) ശിഷ്യനായിരുന്നു. "ഫയർ‌വർക്ക്സ് അറ്റ് റ്യോഗോകു ബ്രിഡ്ജ്"(1790) (റ്യോഗോകു പാലത്തിലെ വെടിക്കെട്ട്) എന്ന കൃതി ഹോകുസായിയുടെ ജീവിതത്തിലെ ഈ കാലഘട്ടത്തിൽ നിന്നാണ്.

അടുത്ത കാലഘട്ടം റ്റവരായ സമ്പ്രദായവുമായി ഹോകുസായിയുടെ ബന്ധവും റ്റവരയ സോരി എന്ന പേര് ഹൊകുസായി സ്വീകരിക്കുന്നതുമാണ്. ഈ കാലഘട്ടത്തിൽ ഹൊകുസായി ബ്രഷ് ഉപയോഗിച്ച് പല ചിത്രങ്ങളും രചിച്ചു. സുരിമോണോ, ക്യോക ഇഹോൺ-നു വേണ്ടി വരച്ച ചിത്രങ്ങൾ, എന്നിവ ഈ കാലഘട്ടത്തിൽ നിന്നാണ്. 1798-ൽ തന്റെ പേര് ഒരു ശിഷ്യനു നൽകിക്കൊണ്ട് ഹൊകുസായി എല്ലാ സമ്പ്രദായങ്ങളിൽ നിന്നും (വിദ്യാലയങ്ങളിൽ നിന്നും) വേർപെട്ട് ഒരു സ്വതന്ത്ര കലാകാരനായി ഹോകുസായി റ്റോമിസ എന്ന പേര് സ്വീകരിച്ചു. ഈ പേരുമാറ്റം 1811 വരെ നിലനിന്നു. 1811-ൽ (51-ആം വയസ്സിൽ) ഹൊകുസായി റ്റൈറ്റോ എന്ന് തന്റെ പേരുമാറ്റി. ഹൊകുസായി മാൻ‌ഗാ, പല കലാ പാഠങ്ങൾ (എറ്റെഹോണുകൾ) എന്നിവ ഹൊകുസായി നിർമ്മിച്ചത് ഈ കാലഘട്ടത്തിലാണ്.[1]

1820-ൽ ഹൊകുസായി തന്റെ പേര് വീണ്ടും മാറ്റി. ഈ തവണ ഈറ്റ്സു എന്നായിരുന്നു പേരു മാറ്റിയത്. ഈ പേരുമാറ്റം ഹൊകുസായിയുടെ പ്രശസ്തി ജപ്പാനിലും അന്താരാഷ്ട്ര തലത്തിലും അരക്കിട്ടുറപ്പിച്ച കാലഘട്ടത്തിന്റെ തുടക്കമായി കാണാം. ഈ കാലഘട്ടത്തിലാണ് ഹോകുസായി തന്റെ ഏറ്റവും പ്രശസ്ത കൃതികളായ മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങൾ, പ്രവിശ്യകളിലെ വെള്ളച്ചാട്ടങ്ങളിലൂടെ ഒരു പര്യടനം, പ്രവിശ്യകളിലെ പ്രശസ്ത പാലങ്ങളുടെ അസാധാരണ ദൃശ്യങ്ങൾ, മറ്റ് പ്രകൃതിദൃശ്യ ചിത്രപരമ്പരകൾ എന്നിവ വരച്ചത്.

1834-ൽ ആരംഭിച്ച അടുത്ത കാലഘട്ടത്തിൽ ഹോകുസായി ഗാക്യോ റോജിൻ മാഞ്ജി (കലയെക്കുറിച്ച് ഭ്രാന്തനായ വയസ്സൻ) എന്ന പേര് സ്വീകരിച്ചു. ഈ കാലഘട്ടത്തിലാണ് മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങൾ എന്ന മറ്റൊരു പ്രശസ്ത പ്രകൃതിദൃശ്യ പരമ്പര ഹൊകുസായി നിർമ്മിച്ചത്.

ഈ ചിത്രപരമ്പരയ്ക്ക് അടിക്കുറിപ്പായി ഹൊകുസായി ഇങ്ങനെ എഴുതി:[1]

എന്നും കൂടുതൽ മികച്ച ചിത്രങ്ങൾ നിർമ്മിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഹൊകുസായി തന്റെ മരണശയ്യയിൽ ഇങ്ങനെ ആശ്ചര്യപ്പെട്ടു, "എനിക്ക് ജീവിക്കുവാൻ അഞ്ചു വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു യഥാർത്ഥ ചിത്രകാരനായേനെ". അദ്ദേഹം 1849 ഏപ്രിൽ 18-നു അന്തരിച്ചു. റ്റോക്യോയിലെ സീക്യോജി ക്ഷേത്രത്തിൽ (റ്റൈറ്റോ വാർഡിൽ) ഹൊകുസായിയെ അടക്കം ചെയ്തു.[1]

സൃഷ്ടികളും സ്വാധീനങ്ങളും

ഹോകുസായിയുടേത് ഒരു നീണ്ട കലാജീവിതമാണെങ്കിലും തന്റെ ഏറ്റവും പ്രധാന സൃഷ്ടികൾ 60-ആം വയസ്സിനു ശേഷമാണ് ഹൊകുസായി നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികൾ ഉകിയോ-ഇ പരമ്പരയായ മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങൾ എന്ന ചിത്ര പരമ്പരയാണ് (富嶽三十六景 ഫുഗാകു സഞ്ജുറോക്കീ), 1826-നും 1833-നും ഇടയ്ക്കാണ് ഈ ചിത്ര പരമ്പര വരച്ചത്. യഥാർത്ഥത്തിൽ 46 മുദ്രണങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത് (10 ചിത്രങ്ങൾ ഈ പരമ്പര പ്രസിദ്ധീകരിച്ചതിനുശേഷം ഉൾക്കൊള്ളിച്ചു).[4] ഇതിനു പുറമേ 1834-ൽ മൌണ്ട് ഫൂജിയുടെ നൂറ് ദൃശ്യങ്ങൾ (富嶽百景 ഫൂഗാകു ഹ്യാക്കീ) എന്ന ചിത്ര പരമ്പരയും ഹൊകുസായി നിർമ്മിച്ചു. ഹൊകുസായിയുടെ പ്രകൃതിദൃശ്യ ചിത്രപുസ്തകങ്ങളിൽ ഏറ്റവും മികച്ചതായി ഈ സൃഷ്ടി കണക്കാക്കപ്പെടുന്നു" [4]

ഹൊകുസായിയുടെ കൃതികളിൽ ഏറ്റവും വലുത് 15 വാല്യങ്ങളുള്ള ഹൊകുസായി മാൻ‌ഗാ (北斎漫画) എന്ന ശേഖരം ആണ്. 4000 സ്കെച്ചുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം 1814-ൽ ആണ് പ്രസിദ്ധീകരിച്ചത്.[4] ഈ സ്കെച്ചുകൾ (രേഖാചിത്രങ്ങൾ) പലപ്പോഴും തെറ്റായി ആധുനിക മാൻ‌ഗാ ചിത്രകലയുടെ മുൻ‌ഗാമിയായി കരുതപ്പെടുന്നു. ഹൊകുസായിയുടെ മാൻ‌ഗാ മൃഗങ്ങൾ, ആളുകൾ, വസ്തുക്കൾ തുടങ്ങിയവയുടെ രേഖാചിത്രങ്ങളാണ്[4]. എന്നാൽ ആധുനിക മാൻ‌ഗാ ചിത്രങ്ങൾ കഥയോടൊത്തുള്ള കോമിക് രൂപത്തിലുള്ള ചിത്രങ്ങളാണ്.

കലയിൽ അപരനാമങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെയും (നോം ദ്’ആർട്ടീസ്റ്റെ) ഒരുപാടുതവണ മൌണ്ട് ഫൂജിയുടെ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെയും ഉറവിടം ഹൊകുസായിയുടെ മതപരമായ വിശ്വാസങ്ങളിൽ നിന്നാണ്. ഹൊകുസായി എന്ന പദം "വടക്കുള്ള സ്റ്റുഡിയോ (മുറി) എന്നാണ്" (北斎). ഹൊകുഷിൻസായി (北辰際) “ധ്രുവനക്ഷത്ര സ്റ്റുഡിയോ" എന്ന പദത്തിന്റെ ചുരുക്കമാണ് ഹൊകുസായി. ബുദ്ധമതത്തിലെ നിചിരെൻ (日蓮) വിഭാഗ വിശ്വാസിയായിരുന്നു ഹൊകുസായി. നിചിരെൻ വിശ്വാസികൾ മ്യോകെൻ (妙見菩薩) എന്ന ദൈവം ധ്രുവനക്ഷത്രത്തിന്റെ അവതാരമായി വിശ്വസിക്കുന്നു.[4]

ജപ്പാനിൽ മൌണ്ട് ഫൂജിയെ പരമ്പരാഗതമായി അനശ്വര ജീവിതവുമായി ബന്ധപ്പെടുത്തിരുന്നു. "മുള മുറിക്കുന്നവന്റെ കഥ" എന്ന കഥയുമായി ഈ വിശ്വാസത്തിന്റെ ആരംഭത്തെ ബന്ധപ്പെടുത്താം. ഈ കഥയിൽ ഒരു ദേവത കൊടുമുടിയിൽ അനശ്വരതയുടെ മരുന്ന് നിക്ഷേപിക്കുന്നു. ഹെന്രി സ്മിത്തിന്റെ അഭിപ്രായത്തിൽ "അതുകൊണ്ട് ആദികാലം മുതൽക്കേ മൌണ്ട് ഫൂജി മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യത്തിന്റെ ഉറവിടമായി കരുതപ്പെട്ടിരുന്നു. ഈ വിശ്വാസമാണ് മൌണ്ട് ഫൂജിയോട് ഹൊകുസായിക്കുള്ള അഭിനിവേശത്തിനുള്ള കാരണം"[3]

രാഷ്ട്രീയവും സാംസ്കാരികവുമായി ജപ്പാൻ ഒറ്റപ്പെട്ടിരുന്നതുകൊണ്ട് ഹൊകുസായിക്ക് പാശ്ചാത്യ ചിത്രകലയെക്കുറിച്ച് ഉപരിപ്ലവമായ അറിവ് ഉണ്ടായിരിക്കാനുള്ള‍ സാദ്ധ്യതയേ കൽപ്പിക്കുന്നുള്ളൂ

തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക

താഴെ ഹൊക്കുസായിയുടെ ചിത്രങ്ങൾ വർഷം അനുസരിച്ച് നല്ക്കുന്നു.ഇവയിലെ ഓരോന്നും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ളതും ഹോകുസായിയുടെ മികച്ചചിത്രങ്ങളുമാണ്‌.ഹോക്കുസായിയുടെ രചനകളുടെ വളർച്ചയും ഇവയിൽ നിന്ന് മനസ്സിലാക്കാം.[8]

  • Lady and Attendants (c. 1779) Painting on silk
  • Asakusa Shrine, Edo (c. 1780) Wood-block print
  • Four Courtesans of the House of Chojiya (1782) Wood-block print
  • Seyawa Kikujuro Acting Woman's Part (1783) Wood-block print
  • Actor Danjurō (1784) Wood-block print
  • Chinese Boys at Play (1789) Wood-block print
  • Attack on Moranoa's Castle from Chusingura (1789–1806) Wood-block print[9]
  • A Ferryboat with Passengers Bearing New Year's Gifts (c. 1800) Surinomo
  • Portrait of the Artist from The Tactics of General Oven (1800) Wood-block print in novel
  • Amusements of the Eastern Capital (1800–1802) Wood-block print series
  • Shower at Shin-Yangi Bridge from Both Banks of the Sumida River (1803) Wood-block print in guidebook
  • Chinese Tortures from Bakin's Cruelties of Dobki (1807) Wood-block print in novel
  • Quick Lessons on Simplified Drawing (1812) Illustrated guidebook
  • Hokusai Manga (1814–1834) Sketched illustrations, 15 volumes
  • Thirty-Six Views of Mount Fuji (1823–1829) Wood-block print series
  • Painting in Three Forms (1816) Illustrated guidebook
  • The Dream of the Fisherman's Wife (1820) Famous erotic wood block print
  • Designs with a single stroke of the brush (1823) Illustrated guidebook
  • A Tour of the Waterfalls of the Provinces (1827–1830) Wood-block print series
  • Unusual Views of Celebrated Bridges in the Provinces (1827–1830) Wood-block print series
  • Small Flowers (1830) Wood-block print series
  • Large Flowers (Hokusai) (1830) Wood-block print series
  • Oceans of Wisdom (1833) Wood-block print series
  • One-Hundred Views of Mount Fuji (Hokusai) (1834)
  • Book of Warriors (1836) Wood-block print series
  • Self-Portrait (1839) Drawing
  • Willow and Young Crows (1842) Painting on silk
  • A Wood Gatherer (1849) Painting on silk


മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങൾ എന്ന പരമ്പരയിൽ നിന്നുള്ള ചില ഉകിയോ-ഇ മുദ്രണങ്ങൾ:

പട്ടുതുണിയിൽ ഛാ‍യം കൊണ്ട് വരച്ച്, തൂക്കിയിടുന്ന ചുരുളുകൾ:

മറ്റ് ചിത്രങ്ങൾ:

  • മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങൾ 富嶽百景 (1834)
  • ഹോകുസായിയുടെ സ്കെച്ചുകൾ
  • മുക്കുവന്റെ ഭാര്യയുടെ സ്വപ്നം (ലൈംഗികം)

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Nagata, Seiji. "Hokusai: Genius of the Japanese Ukiyo-e." Kodansha International, 1995.
  2. Daniel Atkison and Leslie Stewart. "Life and Art of Katsushika Hokusai Archived 2002-11-08 at the Wayback Machine." in From the Floating World: Part II: Japanese Relief Prints, catalogue of an exhibition produced by California State University, Chico. Retrieved 9 July 2007.
  3. 3.0 3.1 Smith, Henry D. II. “Hokusai: One Hundred Views of Mt. Fuji.” George Braziller, Inc., Publishers, NY, 1988.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Lane, Richard. “Hokusai: Life and Work.” E.P. Dutton, NY, 1989. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "lane" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. www.madhyamam.com[പ്രവർത്തിക്കാത്ത കണ്ണി]
  6. www.janmabhumidaily.com[പ്രവർത്തിക്കാത്ത കണ്ണി]
  7. from the Thirty-six Views of Mount Fuji by Katsushika Hokusai. Color woodcut, 10 × 15 inches; Metropolitan Museum of Art, New York
  8. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ biographies എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  9. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ chusingura എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.

പുറത്തുനിന്നുള്ള കണ്ണികൾ