സുകുമാരി

പത്മശ്രീ സുകുമാരി
ജനനം(1940-10-06)ഒക്ടോബർ 6, 1940
മരണംമാർച്ച് 26, 2013(2013-03-26) (പ്രായം 72)
തൊഴിൽഅഭിനേത്രി
സജീവ കാലം1948 - 2013
ജീവിതപങ്കാളി(കൾ)എ. ഭീംസിംഗ്
കുട്ടികൾഡോ.സുരേഷ്
മാതാപിതാക്ക(ൾ)മാധവൻ നായർ, സത്യഭാമ അമ്മ
പുരസ്കാരങ്ങൾകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച സഹനടി
1974 - വിവിധ ചിത്രങ്ങൾ
1978 - വിവിധ ചിത്രങ്ങൾ
1979 - വിവിധ ചിത്രങ്ങൾ
1985-അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ
വെബ്സൈറ്റ്http://www.sukumari.com

പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6-- 2013 മാർച്ച് 26). ചലച്ചിത്ര രംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ.[1]. പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

ജീവ ചരിത്രം

1940 ഒക്ടോബർ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴിൽ ആയിരുന്നു [2] സംഗീതത്തിലും തൽപരയായിരുന്നു. ഏഴാം വയസ്സു മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശല കുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ പി. നീലകണ്ഠൻ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇക്കാലത്ത് ജി.വൈ. പാർത്ഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടക ബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. തമിഴിൽ എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ.ടി. ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു.

പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്[3].[2]. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ തസ്കര വീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും[2]. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.[4].

സ്വകാര്യ ജീവിതം

പ്രശസ്ത മലയാളം - തമിഴ് - ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന എ. ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16നു അവരുടെ ഭർത്താവ് മരിച്ചു.[5] നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ. മരുമകൾ ഉമ. വിഘ്നേശ് പേരക്കുട്ടി. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്[6].

മരണം

2013 ഫെബ്രുവരി 27 ന് ചെന്നൈയിലെ സ്വവസതിയിലെ പൂജാ മുറിയിൽ നിലവിളക്ക് കൊളുത്താൻ ശ്രമിക്കുമ്പോൾ പടർന്നു പിടിച്ച തീയിൽ സുകുമാരിയുടെ കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു.[6] ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലുണ്ടായിരുന്നുവെങ്കിലും സുകുമാരി അപകടനില തരണം ചെയ്തിരുന്നതായി ആശുപത്രിയിലെ ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഒടുവിൽ 2013 മാർച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്[6]. പ്രമേഹം, രക്താതിമർദ്ദം എന്നീ ബുദ്ധിമുട്ടുകളും അവർക്കുണ്ടായിരുന്നു.

ചെന്നൈയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുകുമാരിയെ സന്ദർശിച്ചിരുന്നു[7]. സുകുമാരിയുടെ എല്ലാ ചികിത്സാച്ചെലവുകളും തമിഴ്നാട് സർക്കാർ കൈകാര്യം ചെയ്യുമെന്ന് ജയലളിത പറഞ്ഞിരുന്നു.

പുരസ്കാരങ്ങൾ

വർഷം പുരസ്ക്കാരം സിനിമ ഭാഷ കൂടുതൽ വിവരങ്ങൾ
2011 ബഹദൂർ പുരസ്ക്കാരം[8]
2011 കേരള ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ[9]
2010 ദേശീയ ചലച്ചിത്രപുരസ്കാരം[10] നമ്മ ഗ്രാമം തമിഴ് മികച്ച സഹനടി
2007 കലാ രത്നം പുരസ്ക്കാരം - കല അബുദാബി
2005 ഫിലിംഫെയർ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്(സൗത്ത്)
2005 ഏഷ്യാനെറ്റ്[11] ലൈഫ് ടൈം അചീവ്മെന്റ്റ് അവാർഡ്
2006 മാതൃഭൂമി ചലച്ചിത്ര സപര്യ പുരസ്ക്കാരം മലയാളം മാതൃഭൂമി ചലച്ചിത്രപുരസ്ക്കാരത്തിലെ പരമോന്നത ബഹുമതി[12]
2003 പത്മശ്രീ
1990 കലാ സെൽവം പുരസ്ക്കാരം[6] തമിഴ് തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം
1991 കലൈമാമണി പുരസ്ക്കാരം[6] തമിഴ് തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം
1983 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം കൂടെവിടെ
കാര്യം നിസ്സാരം
മലയാളം മികച്ച രണ്ടാമത്തെ നടി
1985 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മലയാളം മികച്ച രണ്ടാമത്തെ നടി
1974 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മലയാളം മികച്ച രണ്ടാമത്തെ നടി
ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന്
1979 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മലയാളം മികച്ച രണ്ടാമത്തെ നടി
ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന്
1979 കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് ഏഴു നിറങ്ങൾ മലയാളം മികച്ച സഹനടി
1982 കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് ചിരിയോ ചിരി മലയാളം മികച്ച സഹനടി
1985 കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മലയാളം മികച്ച സഹനടി

അഭിനയിച്ച ചലച്ചിത്രങ്ങൾ

അവലംബം

  1. "Article-The Hindu". Archived from the original on 2005-05-07. Retrieved 2009-01-01.
  2. 2.0 2.1 2.2 http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Archived 2007-02-22 at the Wayback Machine. Weblokam profile
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-26. Retrieved 2013-03-27.
  4. http://www.weblokam.com/news/keralam/0302/02/1030202054_1.htm Archived 2007-02-22 at the Wayback Machine. Weblokam news
  5. A. Bhimsingh - IMDb
  6. 6.0 6.1 6.2 6.3 6.4 "26 മാർച്ച് 2013 - ലെ മാതൃഭൂമി വാർത്ത". Archived from the original on 2013-03-26. Retrieved 2013-03-27.
  7. meets actress Sukumari in hospital[പ്രവർത്തിക്കാത്ത കണ്ണി]
  8. "സുകുമാരിക്ക്‌ ബഹദൂർ പുരസ്കാരം" Archived 2012-03-21 at the Wayback Machine.. (in Malayalam). Veekshanam. Retrieved 16 April 2011.
  9. "Critics award: 'Gaddama' adjudged best film". The Indian Express (in ഇംഗ്ലീഷ്). 26 ഫെബ്രുവരി 2011.
  10. "മാതൃഭൂമി വാർത്ത". Archived from the original on 2014-07-29. Retrieved 2013-03-26.
  11. ഏഷ്യാനെറ്റ് അവാർഡുകൾ - വിക്കിപീഡിയ
  12. 26 മാർച്ച് 2013 - ലെ മാതൃഭൂമി പത്രവാർത്ത, പേജ് - 17, ലേഖനം തലക്കെട്ട് - മാതൃഭൂമിയുമായി ഹൃദയബന്ധം

പുറത്തേക്കുള്ള കണ്ണികൾ