അരിപ്രാവ്
അരിപ്രാവ് | |
---|---|
At Austins Ferry, Tasmania | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Columbiformes
|
Family: | |
Genus: | Streptopelia
|
Species: | S. chinensis
|
Binomial name | |
Streptopelia chinensis (Scopoli, 1768)
| |
Subspecies | |
|
അമ്പലപ്രാവിനെക്കാൾ വലിപ്പം കുറഞ്ഞ ഒരിനം പ്രാവാണ് അരിപ്രാവ്. കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ (Columbidae) കുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം സ്ട്രെപ്റ്റോപെലിയ ചൈനെൻസിസ് (Streptopelia chinensis). കുട്ടത്തിപ്രാവ്, ചക്കരക്കുട്ടപ്രാവ്, ചങ്ങാലം, മണിപ്രാവ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പക്ഷിയുടെ പുറത്തും മറ്റുമുള്ള വെള്ളപ്പുള്ളികൾ അരി വിതറിയതുപോലെ തോന്നുന്നതു കൊണ്ടാണ് ഇവയ്ക്ക് അരിപ്രാവ് എന്നു പേരു വന്നത്.
ശരീര ഘടന
അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുൻപകുതിയും തവിട്ടുനിറമാണ്. ഇതിൽ ഇളം ചുവപ്പുനിറത്തിൽ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്ക്കും കഴുത്തിനും ചാരനിറമാണ്; ഉദരഭാഗം തവിട്ടു ഛായയുള്ള ഇളം ചുവപ്പും, വാലിനടുത്ത് വെള്ളയും നിറമാണ്. പിൻകഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയിൽ നിറയെ വെള്ളപ്പുള്ളികളുണ്ടായിരിക്കും. നീണ്ട വാലിന്റെ മധ്യഭാഗത്തുള്ള നാലു തൂവലുകൾക്ക് തവിട്ടുനിറമാണ്. വാലിന്റെ ഇരുവശവും ക്രമേണ നീളം ചുരുങ്ങി വരുമ്പോഴേക്കും തൂവലുകൾക്ക് കറുപ്പു നിറമായിരിക്കും. ഈ കറുത്ത തൂവലുകളുടെ അറ്റത്തിന് വെള്ള നിറമാണ്. പക്ഷിയുടെ ചുണ്ട് കറുപ്പും കണ്ണുകൾ കടും ചുവപ്പും കാലുകൾ ഇളം ചുവപ്പും നിറമായിരിക്കും.
ആവാസ രീതി
കുറ്റിക്കാടുകളിലും മരങ്ങൾ ധാരാളമുള്ള നാട്ടിൻപുറത്തുമാണ് അരിപ്രാവുകളെ പതിവായി കാണുക. ജോടികളായോ ചെറുകൂട്ടങ്ങളായോ സഞ്ചരിച്ചാണ് അരിപ്രാവുകൾ ഇര തേടുന്നത്. കൊഴിഞ്ഞുവീണ് നിലത്തുകിടക്കുന്ന വിത്തുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവ മാംസഭുക്കുകളല്ല.
മറ്റു പക്ഷികളെപ്പോലെ തുള്ളിച്ചാടുകയോ തത്തിത്തത്തി നടക്കുകയോ ചെയ്യാത്ത അരിപ്രാവുകൾ വളരെ സാവധാനം ഗൗരവത്തോടെ ഓരോ കാലെടുത്തുവച്ചാണ് നടക്കുക. കുറുകിയ കാലുകളായതിനാലും മാറിടം ഉരുണ്ടു തള്ളി നിൽക്കുന്നതിനാലും നടക്കുമ്പോൾ അരിപ്രാവിന്റെ ദേഹം ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കും. ചിറകുകൾ ബലമായടിച്ചുകൊണ്ട് വളരെ വേഗത്തിൽ പറക്കുവാനും ഇവയ്ക്കു കഴിയുമെങ്കിലും വളരെയധികം ദൂരത്തേക്ക് പറക്കാറില്ല.
അരിപ്രാവുകൾ മൂന്നോ നാലോ ഉള്ള ചെറു കൂട്ടങ്ങളായോ ഇണകളായോ ഇരിക്കുമ്പോൾ കുറേസമയം കൂജനം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. കൂജനം പുറപ്പെടുവിക്കുന്നതിനുമുൻപും പിൻപും ഇവ വിവിധരീതിയിലുള്ള ആകർഷകമായ കസർത്തു വിദ്യ പ്രകടിപ്പിക്കാറുണ്ട്. ഇവയുടെ ശബ്ദം ശ്രവണമധുരമാണ്. മൃദുലവും നേരിയ സ്വരത്തിലുള്ളതുമായ കുകൂ-കൂർ-കുർ-കുർ-കുർ എന്ന താളം ഇവയ്ക്ക് ഒരിക്കലും തെറ്റാറില്ല.
കൂട്
അരിപ്രാവിന്റെ കൂട് വളരെ ലളിതമാണ്; പത്തോ ഇരുപതോ ഉണങ്ങിയ ചുള്ളികൾ കൂട്ടിപ്പരത്തി വച്ചാണ് കൂട് ഉണ്ടാക്കുക. ഇവയ്ക്ക് പ്രത്യേക സന്താനോത്പാദന കാലമൊന്നുമില്ല. ഒരു പ്രാവശ്യം രണ്ടു മുട്ടകളിടുന്നു. മുട്ടകൾക്ക് വെള്ളനിറമാണ്. മുട്ട വിരിഞ്ഞാൽ കുഞ്ഞുങ്ങൾ കൂട്ടിൽത്തന്നെ വിസർജിക്കുന്നതിനാലും മുതിർന്ന പക്ഷികൾ അത് നീക്കം ചെയ്യാത്തതിനാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ചുള്ളിക്കമ്പുകൾ ബലവും തടിപ്പും ഉള്ളതായിത്തീരുന്നു.
അരിപ്രാവുകളെ പശയുപയോഗിച്ചു കെണിയിലാക്കിയും വലയിട്ടു പിടിച്ചും കൊല്ലുന്നതിനാൽ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. മുട്ടകളും മാംസവും ഔഷധഗുണമുള്ളതാണെന്ന വിശ്വാസമാണ് ഇവയെ കൊലചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ചിത്രശാല
-
അരിപ്രാവ്
അവലംബം
- ↑ BirdLife International (2004). Streptopelia chinensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is of least concern
- Grimmett: Birds of India. Inskipp and Inskipp, ISBN
- Pizzey and Knight: Field Guide to the Birds of Australia. Angus & Robertson, ISBN
- Trounsen and Trounsen: Australian Birds: A Concise Photographic Field Guide. Cameron House. ISBN.
പുറത്തേക്കുള്ള കണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരിപ്രാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |