അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ | |
---|---|
തൊഴിൽ | നോവലിസ്റ്റ് |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1970 ടെമ്പിൾട്ടൺ സമ്മാനം 1983 |
പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമാണ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ (ഡിസംബർ 11, 1918 - ഓഗസ്റ്റ് 3, 2008). ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം, ഗുലാഗ് ദ്വീപസമൂഹം എന്നീ നോവലുകളിലൂടെ സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ് സോൾഷെനിറ്റ്സിൻ പ്രശസ്തനായി.
ജീവിതരേഖ
ജനനം മുതൽ ഗുലാഗ് വരെ
റഷ്യൻ വിപ്ലവം നടന്ന് ഒരു വർഷം കഴിഞ്ഞ്, 1918 ഡിസംബർ 11-നായിരുന്നു ജനനം. വളരെ ചെറുപ്പത്തിൽ പിതാവ് മരിച്ചു. ഓർത്തോഡോക്സ് ക്രിസ്തുമതത്തിന്റെ സ്വാധീനം നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റനുഭാവിയായാണ് അദ്ദേഹം വളർന്നുവന്നത്. സോൾഷെനിറ്റ്സിന്റെ ജീവിതത്തെ മാറ്റി മറിച്ചത് 1944-ൽ, രണ്ടാം ലോകമഹായുദ്ധത്തിലെ പട്ടാളസേവനത്തിനിടെ, "മീശയുള്ള മനുഷ്യനെ"(സ്റ്റാലിൻ) വിമർശിച്ചു സംസാരിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ട് പിന്നീട് അദ്ദേഹം നോവലുകളിൽ തുറന്നുകാട്ടിയ 'ഗുലാഗ്-ലെ തടങ്കൽപ്പാളയത്തിലേക്കുള്ള എട്ടുവർഷത്തെ നാടുകടത്തലിന് വിധിക്കപ്പെട്ടതാണ്. ശിക്ഷയുടെ കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് വിശ്വാസം ത്യജിച്ച് ഓർത്തോഡോക്സ് ക്രിസ്തുമത വിശ്വാസവുമായി ഒത്തുപോകുന്ന റഷ്യൻ ദേശീയത സ്വീകരിച്ചു. തടവുമുക്തനായ സോൾഷെനിറ്റ്സിൻ ശാസ്ത്രാധ്യാപകന്റെ ജോലിക്കൊപ്പം തടവിലെ അനുഭവങ്ങൾ വിവരിക്കുന്ന രചനകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഡെനിസോവിച്ചിന്റെ ദിവസം
സ്റ്റാലിന്റെ കാലശേഷം അധികാരത്തിൽ വന്ന നികിതാ ക്രൂഷ്ചേവ് അനുവദിച്ചു തുടങ്ങിയ ഭാഗികമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രയോജനത്തിലാണ് സോൾഷെനിറ്റ്സിന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയ "ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം" എന്ന നോവലൈറ്റ് റഷ്യൻ സാഹിത്യആനുകാലികമായ 'നോവി-മിർ'-ൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. സോൾഷെനിറ്റ്സിന്റെ കൃതികളിൽ, സോവിയറ്റ് യൂണിയന്റെ പതനത്തിന് മുൻപ് റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഈ ലഘുനോവൽ മാത്രമാണ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടെന്നു മാത്രമല്ല ഗ്രന്ഥകർത്താവിനെ പലരും റഷ്യൻ സാഹിത്യത്തിലെ അതികായന്മാരായിരുന്ന ടോൾസ്റ്റോയി, ദസ്തയേവ്സ്കി, ചെക്കോവ് തുടങ്ങിയവരോട് താരതമ്യപ്പെടുത്തി ചിത്രീകരിക്കാൻപോലും തുടങ്ങി. എന്നാൽ താമസിയാതെ ക്രൂഷ്ചേവ് അധികാരഭ്രഷ്ടനാക്കാപ്പെട്ടതോടെ സോൾഷെനിറ്റ്സിനെ ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആക്രമിക്കാൻ തുടങ്ങി.
ഗുലാഗ് ദ്വീപസമൂഹം, നൊബേൽ
പിന്നീട് എഴുതിയ "ഗുലാഗ് ദ്വീപസമൂഹം" എന്ന പ്രഖ്യാത കൃതി തടങ്കൽ പാളയങ്ങളിലെ അവസ്ഥ നിർദ്ദയം തുറന്നുകാട്ടി. [ക] നരകത്തിലെ ദുരിതങ്ങളുടെ ചിത്രം ഡിവൻ കോമഡിയിൽ കുറിച്ചിട്ട ഇറ്റാലിയൻ കവി ദാന്തേയെപ്പോലെ, ഭൂമിയിലെ നരകമായിരുന്ന ഗുലാഗിന്റെ ചിത്രം ലോകത്തിനുവരച്ചുകാട്ടിക്കൊടുത്ത അഭിനവ ദാന്തേ ആണ് സോൾഷെനിറ്റ്സിൻ എന്നുപോലും അഭിപ്രായമുള്ളവരുണ്ട്.[1] ആധുനികകാലത്ത് ഒരു രാഷ്ട്രീയസംവിധാനത്തിനെതിരായി നടത്തെപ്പെട്ട ഏറ്റവും ശക്തമായ കുറ്റാരോപണമെന്നാണ്, പ്രഖ്യാത അമേരിക്കൻ നയതന്ത്രജ്ഞനും ചിന്തകനുമായ ജോർജ്ജ് കെന്നാൻ ഗുലാഗിനെ വിശേഷിപ്പിച്ചത്. എന്നാൽ സ്റ്റാലിന്റെ ഭരണകാലത്തെ തടവറകളിലെ പീഡന കഥകൾ പുറം ലോകത്തെത്തിച്ചത് സോൾഷെനിറ്റ്സിന് പുതിയ സോവിയറ്റ് ഭരണകൂടത്തിന്റെ കറ്റുത്ത ശത്രുത നേടിക്കൊടുത്തു. പാർട്ടി പത്രമായ 'പ്രവദ' സോൾഷെനിറ്റ്സനെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ ശീർഷകം "ദേശദ്രോഹിയുടെ വഴി" എന്നായിരുന്നു. 'ഗുലാഗ്' റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല. അതിന്റെ റഷ്യൻ പതിപ്പ് വെളിച്ചം കണ്ടത് പാരിസിലാണ്. 1970 ൽ സോൾഷെനിറ്റ്സിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചുവെങ്കിലും തിരികെവരാൻ കഴിയുമോ എന്ന് ഭയന്നതിനാൽ സമ്മാനം സ്വീകരിക്കാൻ സ്റ്റോക്ക് ഹോമിലേക്ക് പോകാൻ സാധിച്ചില്ല.
ക്യാൻസർ വാർഡ്, പ്രഥമവൃത്തം(First Circle) എന്നിവ സോൾഷെനിറ്റ്സിൻ ഇക്കാലത്തെഴുതിയ പ്രശസ്തമായ മറ്റു രണ്ടു നോവലുകളാണ്.
പ്രവാസി, അമേരിക്കയുടെ വിമർശകൻ
1974-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് പുറത്താക്കപ്പെട്ട സോൾഷെനിറ്റ്സിൻ ആദ്യം ജർമ്മനിയിലും തുടർന്ന് സ്വിറ്റ്സർലൻഡിലും കുറേക്കാലം താമസിച്ചശേഷം അമേരിക്കൻ ഐക്യനാടുകളിലെത്തി. പതിനെട്ടുവർഷം അദ്ദേഹം അവിടെ താമസിച്ചു. എന്നാൽ രാഷ്ട്രീയ അഭയാർഥിയായി ഐക്യനാടുകളിലെ വെർമോണ്ട് സംസ്ഥാനത്തെ കാവെൻഡിഷ് എന്ന സ്ഥലത്ത് കഴിഞ്ഞ ഈ കാലഘട്ടത്തിൽ സോൾഷെനിറ്റ്സിൻ അമേരിക്കൻ ജീവിതവുമായി ഇടപഴകാനോ സാംസ്കാരികമായ കൊടുക്കൽ വാങ്ങലിനോ തയ്യാറായില്ല. എഴുത്തിലും കുടുംബത്തിലും ശ്രദ്ധകേന്ദ്രീകരിച്ച ഏകാന്തജീവിതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. [ഖ] ഇക്കാലത്ത് അദ്ദേഹം അമേരിക്കൻ സംസ്കാരത്തിന്റെയും, പാശ്ചാത്യനാഗരികതയുടെ പൊതുവെയും, കടുത്ത വിമർശകനായി മാറി. സൈനികരീതിയിലുള്ള അദ്ദേഹത്തിന്റെ വസ്ത്രധാരണവും, പ്രവാചകന്റേതുപോലുള്ള താടിയും, ശകാരം നിറച്ച സംസാരരീതിയും അമേരിക്കക്കാരെ സോൾഷെനിറ്റ്സിനിൽ നിന്നകറ്റി. സോൽഷെനിറ്റ്സിന്റെ മകന്റെ സഹപാഠിയായിരുന്ന രാധികാ ജോൺസ് വെർമോണ്ടിലെ വീട്ടിൽ അദ്ദേഹത്തെ സന്ദര്ശിച്ചത് ഇങ്ങനെ അനുസ്മരിക്കുന്നു:-
1978-ൽ ഹാർവാർഡ് സർവ്വകലാശാലയിലെ പുതിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ അമേരിക്കയെ സോൾഷെനിറ്റ്സിൻ ആത്മീയമായി ദുർബ്ബലവും അശ്ലീലമായ ഭൗതികതക്ക്(vulgar materialism) അടിമപ്പെട്ടതും എന്ന് വിശേഷിപ്പിച്ചു. വിശ്വാസങ്ങളുടെ പേരിൽ ജീവൻ ത്യജിക്കാൻ തയ്യാറകാത്തവരാണ് അമേരിക്കക്കാരെന്ന് അദ്ദേഹം കരുതി. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്, വിയറ്റ്നാമിൽ നിന്ന് "തിടുക്കത്തിൽ നടത്തിയ തിരിഞ്ഞോട്ടം" (hasty capitulation) ആയിരുന്നു. അമേരിക്കൻ സംഗീതം അസഹ്യമാണെന്നും അവിടത്തെ പത്രങ്ങൾ സ്വാതന്ത്ര്യം വ്യക്തികളുടെ സ്വകാര്യതയെ ആക്രമിക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.[3]
സോവിയറ്റ് നേതൃത്വവുമായി സമ്മർദ്ദവിരാമത്തിന്(detente) ശ്രമിച്ചുകൊണ്ടിരുന്ന അമേരിക്കൻ ഭരണകൂടത്തിന് ചിലപ്പോഴൊക്കെ സോൾഷെനിറ്റ്സിൻ പ്രശ്നങ്ങളുണ്ടാക്കി. രാഷ്ട്രപതി ജെറാൾഡ് ഫോർഡിനെ അദ്ദേഹത്തിന്റെ വിദേശകാര്യസചിവൻ ഹെൻട്രി കിസ്സിഞ്ഞർ സോൾഷെനിറ്റ്സിനെ കാണുന്നതിൽ നിന്ന് വിലക്കി. "സോൾഷെനിറ്റ്സിൻ ശ്രദ്ധേയനായ എഴുത്തുകാരനാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ അദ്ദേഹത്തിന്റെ സഹ-വിമതന്മാർക്ക് പോലും വിമ്മിട്ടമുണ്ടാക്കുന്നതാണ്" എന്നായിരുന്നു ഉപദേശം. സോൾഷെനിറ്റ്സിന്റെ വിമര്ശനം റഷ്യയുടെ കാര്യത്തിൽ നൂറുശതമാനം ശരിയും അമേരിക്കയുടെ കാര്യത്തിൽ നൂറുശതമാനം തെറ്റുമാണെന്നാണ് അമേരിക്കക്കാർ കരുതുന്നതെന്ന് കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ മറ്റൊരു വിമതസാഹിത്യകാരനായ ജോസഫ് ബ്രോഡ്സ്കി ഒരു സംഭാഷണത്തിൽ പരിഹസിച്ചതായി പ്രസിദ്ധ ലേഖിക സൂസൻ സൊണ്ടാഗ് അനുസ്മരിക്കുന്നു.[4]
റഷ്യയിൽ തിരികെ
റഷ്യ കമ്മ്യൂണിസത്തിൽ നിന്ന് മുക്തമായി തനിക്ക് അവിടേക്ക് മടങ്ങാൻ സാധിക്കുമെന്ന് സോൾഷെനിറ്റ്സിൻ കരുതിയിരുന്നു. വെർമോണ്ടിലെ വീടിരുന്ന സ്ഥലത്ത് ഒരു കൂറ്റൻ പാറയുണ്ടായിരുന്നു. 1970-കളിൽ, മക്കളെ അതിൽ കയറ്റി ഇരുത്തിയിട്ട്, എന്നെങ്കിലും ഒരുദിവസം ആ പാറ പറക്കും കുതിരയായി മാറി അവരെ റഷ്യയിലെത്തിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നത്രെ.[5] 1994-ൽ കമ്മ്യൂണിസത്തിന്റെ പതനത്തെതുടർന്ന് അദ്ദേഹം റഷ്യയിൽ തിരികെയെത്തി. എന്നാൽ പുതിയ റഷ്യ തെരഞ്ഞെടുത്ത ഉപഭോക്തൃ സംസ്കാരത്തിന്റെ വഴിയും സോൾഷെനിറ്റ്സിന് ഇഷ്ടമായില്ല. റഷ്യ ആത്മീയമായ അധപ്പതിക്കുകയാണെന്ന് അദ്ദേഹം കരുതി. റഷ്യയുടെ കഥ ഇതിഹാസമാനങ്ങളോടെ അയ്യായിരം പുറം വലിപ്പത്തിൽ അവതരിപ്പിക്കുന്ന ഒരു കൃതിയുടെ സൃഷ്ടിയിൽ അദ്ദേഹം മുഴുകി. ചുവപ്പുചക്രം (Red wheel) എന്നായിരുന്നു അതിന്റെ പേര്. എന്നാൽ വിശ്വസാഹിത്യത്തിലെ വായിക്കപ്പെടാത്ത ബൃഹദ്കഥകളിൽ ഒന്നാകാനേ ആ കൃതിക്കായുള്ളൂ.[6]
പുതിയറഷ്യയുടെ ഭരണാധികാരിയായിരുന്ന ബോറിസ് യെൽറ്റ്സനെ സോൾഷെനിറ്റ്സിൻ വെറുത്തു. എന്നാൽ തന്റെ അവസാനനാളുകൾക്കടുത്ത് രാഷ്ട്രപതിയായിരുന്ന വ്ലാദിമിർ പുട്ടിനെ റഷ്യയുടെ മഹത്ത്വത്തിന്റെ പുന:സ്ഥാപകനെന്ന് അദ്ദേഹം പുകഴ്ത്തി.
മരണം
2008 ഓഗസ്റ്റ് 3 ന് ഹൃദയാഘാതത്തെ തുടർന്ന് മോസ്കോക്ക് സമീപം സ്വവസതിയിൽ വെച്ച് അന്തരിച്ചു.
കുറിപ്പുകൾ
ക.^ ഇരുപതാം നൂറ്റാണ്ടിൽ, 60 ദശലക്ഷം മനുഷ്യർ ഗുലാഗിൽ കൂടി കടന്നുപോയിട്ടുണ്ടെന്നാണ് സോൾഷെനിറ്റ്സിൻ അവകാശപ്പെട്ടത്.
ഖ.^ കാവെൻഡിഷിൽ സോൾഷെനിറ്റ്സിന്റെ വീടിനടുത്ത് താമസിച്ചിരുന്നവർ പ്രശസ്തനായ തങ്ങളുടെ അയൽക്കാരന്റെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുകയും അത് സംരക്ഷിക്കാൻ ആവുന്നത്ര ശ്രമിക്കുകയും ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു. കൗതുകക്കാരായ സന്ദര്‌ശകരെ ഉദ്ദേശിച്ച് സോൾഷെനിറ്റ്സിന്റെ വീട്ടിലേക്ക് വഴിചോദിക്കരുത് ("No directions to Solzhenitsyn's house") എന്നൊരു ഫലകം പോലും നാട്ടുകാർ വഴിയിൽ സ്ഥാപിച്ചിരുന്നത്രെ.
അവലംബം
- ↑ The Unyielding Solzhenitsyn എന്ന ശീർഷകത്തിൽ 2008 ഓഗസ്റ്റ് 10-16-ലെ വാഷിംഗ്‌ടൻ പോസ്റ്റിന്റെ Book World വിഭാഗത്തിൽ, സ്റ്റാലിന്റെ ജീവചരിത്രകാരനായ Richard Lourie എഴുതിയ ലേഖനം. താൻ കണ്ടുമുട്ടിയ ഒരു ഓർത്തൊഡോക്സ് പാതിരി, റഷ്യയെക്കുറിച്ചറിയാൻ ബൈബിളും 'ഗുലാഗും' മാത്രം വായിച്ചാൽ മതിയെന്ന് അഭിപ്രായപ്പെട്ടത് ഉദ്ധരിച്ചാണ് Lourie ലേഖനം തുടങ്ങുന്നത്
- ↑ Alexander Solzhenitsyn - The prophetic power and gentle touch of the man who could not be silenced - 2008 ഓഗസ്റ്റ് 18-ലെ റ്റൈം വാരികയിൽ രാധികാ ജോൺസിന്റെ ലേഖനം
- ↑ "Literary giant who defied Soviets dies" 2008 ഓഗസ്റ്റ് 5-ലെ ഏഷ്യൻ ഏജ് ദിനപത്രത്തിലെ റിപ്പോർട്ട്; "Solzhenitsyn, literary giant who defied Soviet regime, dies at 89" - 2008 ഓഗസ്റ്റ് 5-ലെ Times of India ദിനപത്രത്തിലെ റിപ്പോർട്ട്: രണ്ടും മൈക്കേൽ ടി. കൗഫ്മാൻ ന്യൂയോർക്ക് റ്റൈംസിൽ എഴുതിയ ലേഖനത്തെ ആധാരമാക്കി എഴുതപ്പെട്ടവയാണ്
- ↑ മൈക്കേൽ ടി. കൗഫ്മാന്റെ ലേഖനത്തെ ആധാരമാക്കിയുള്ള മേലുദ്ധരിച്ച റിപ്പോർട്ടുകൾ
- ↑ രാധികാ ജോൺസിന്റെ മേലുദ്ധരിച്ച റ്റൈം വാരിക ലേഖനത്തിൽ നിന്ന്
- ↑ Richard Lourie-യുടെ മേലുദ്ധരിച്ച ലേഖനം
പുറംകണ്ണികൾ
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |