ഇലകക

ഇലകക കടക്കുന്നു
ഇലകക

മഡഗാസ്കറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഇഹൊരൊംബെ മേഖലയിലെ ഒരു ചെറുപട്ടണമാണ് ഇലകക. കോടാനുകോടി വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും വേർപെട്ട് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ മഡഗാസ്കർ ദ്വീപ് ജൈവവൈവിധ്യത്തിന്റെ കലവറയാണ്. 1990-കളിൽ വെറും 40 ആളുകൾ മാത്രമായിരുന്നു ഈ ഗ്രാമത്തിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞവരായിരുന്നു ഇവിടുത്തെ ഗ്രാമവാസികൾ. [1]എന്നാൽ 1998-ൽ ഇവിടുത്തെ നദീതീരങ്ങളിൽ വൻതോതിൽ ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ ഗ്രാമത്തിന്റെ അവസ്ഥ മാറി മറിഞ്ഞു. ഇതോടെ ആരും അറിയപ്പെടാതെകിടന്ന ഈ ഗ്രാമത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടങ്ങി. ഇന്ദ്രനീലക്കല്ലുകളായിരുന്നു എല്ലാവരുടേയും ലക്ഷ്യം. 2005 ആയപ്പോഴേക്കും ഇലകാകയിലെ ജനസംഖ്യ 60,000 കവിഞ്ഞു കഴിഞ്ഞിരുന്നു.[2]

ചരിത്രം

1998-ൽ ഇവിടുത്തെ നദീതീരങ്ങളിൽ വൻതോതിൽ ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തി. ലോകത്തിലെ രത്നവ്യാപാരികളെല്ലാം ഇലകാകയിലേക്കെത്തിത്തുടങ്ങി. ആദ്യമെത്തിയത് തായ്‌ലൻഡുകാരായിരുന്നു.പിന്നീട് ശ്രീലങ്കക്കാർ കൂടി എത്തിയതോടെ രത്ന വ്യാപാരം പൊടിപൊടിച്ചു. നദീതീരങ്ങളിലെല്ലാം ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ നിത്യവൃത്തിക്കു പോലും വിഷമിച്ചിരുന്ന നാട്ടിൽ ലക്ഷങ്ങളുടെ രത്നക്കച്ചവടമാണ് നടന്നത്. ഇവിടുത്തെ കൃഷിക്കാരും മറ്റു ജോലിക്കാരുമൊക്കെ തങ്ങളുടെ ജോലിയുപേക്ഷിച്ച് രത്നം തേടിയിറങ്ങി. പിന്നെയും ഇലകാകയിൽ രത്ന ഖനനം തുടർന്നു. 2015-ൽ വീണ്ടും പലസ്ഥലങ്ങളിൽ നിന്നും ഇന്ദ്രനീലം കൂടാതെ മരതകവും, മാണിക്യവും വരെ ലഭിച്ചു തുടങ്ങി. 2016-ൽ മാത്രം രത്നശഖരം തേടി നിയമവിരുദ്ധമായി അരലക്ഷത്തിലേറെ ഭാഗ്യാന്വേഷികളാണ് ഇവിടേക്കെത്തിയത്. ഇപ്പോൾ ലഭിക്കുന്ന ഇന്ദ്രനീലക്കല്ലുകൾ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലഭിച്ചതിനേക്കാൾ മികച്ചതാണെന്ന് രത്ന വ്യാപാരികൾ വ്യക്തമാക്കുന്നു.[3]

ഒരുകാലത്തും കൃത്യമായ നിയമവാഴ്ചയുണ്ടായിട്ടില്ലാത്ത ഈ നാട്ടിൽ പുത്തൻ സമ്പത്തിന്റെ വരവും ഇവിടുത്തെ ജനങ്ങളിലെത്താതെ ഇടനിലക്കാരും മറ്റുരാജ്യക്കാരും കൊണ്ടുപോവുകയാണ്. രത്ന ഖനനത്തിന്റെ പേരിൽ നാടു മുഴുവൻ ഉഴുതുമറിച്ച് രത്നങ്ങളും വൃക്ഷങ്ങളുമെല്ലാം അന്യായമായി കടത്തുകയാണ് വ്യാപാരികൾ. ഇവിടുത്തെ മഴക്കാടുകൾ പോലും ഖനികളുടെ ഭീഷണിയിലാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഇന്ദ്രനീലക്കല്ലുകൾ കിട്ടുന്ന സ്ഥലമായി ഇലകാക വളർന്നിട്ടും ഇവിടെയുണ്ടായിരുന്ന പഴയ ഗ്രാമവാസികളുടെ ജീവിതത്തിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. ഇവിടെയിപ്പോൾ എങ്ങും ഉഴുതുമറിച്ച ഭൂമി മാത്രമാണ് ശേഷിക്കുന്നത്. രത്നം കണ്ടെത്താനായി മരങ്ങൾ വരെ പിഴുതുമാറ്റിയാണ് ഖനനം നടത്തുന്നത്. വലിയ ഖനികളിൽ അപകടകരമായ നിലയിലാണ് ആളുകൾ പണിയെടുക്കുന്നത്. രത്നത്തിനായുള്ള കൊല്ലും കൊലയും വേറെയും ഒരു വശത്ത് നടക്കുന്നതായി അറിയപ്പെടുന്നു. [4]

ഭൂമിശാസ്ത്രം

ഇഹൊരൊംബെ മേഖലയിലെ ഇഹോസി ജില്ലയിൽ ആന്റനാനരിവോയുടെ തെക്ക് 735 കിലോമീറ്റർ തെക്കോട്ട്, ഇസാലോ നാഷണൽ പാർക്കിനടുത്താണ് ഇലകക സ്ഥിതിചെയ്യുന്നത്. ടോളിയരയിൽ നിന്നും കിഴക്കുപടിഞ്ഞാറൻ മഡഗാസ്കറിലെ ഫിയാനരന്റ്സോയയിലേയ്ക്കുപോകുന്ന പ്രധാന ദേശീയപാതയായ റൂട്ട് നാഷേണൽ 7 ഇലകകയിലൂടെ കടന്നുപോകുന്നു.

1998-ൽ ഒരു നീലക്കല്ലിന്റെ ഖനി കണ്ടുപിടിച്ചതിനു ശേഷം, സ്വസ്ഥമായ ഒരു ഗ്രാമീണ ഗ്രാമം വൈൽഡ് വെസ്റ്റ് ടൗൺ ആയി മാറി.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ