ജോൺ ശങ്കരമംഗലം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ജോൺ ശങ്കരമംഗലം
ജനനം(1934-07-16)16 ജൂലൈ 1934[1]
മരണം30 ജൂലൈ 2018(2018-07-30) (പ്രായം 84)
തിരുവല്ല, കേരളം, ഇന്ത്യ
ദേശീയതഇന്ത്യക്കാരൻ
കലാലയംഎഫ്.ടി.ഐ.ഐ.
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, പ്രൊഫസർ
സജീവ കാലം1934–2018
ജീവിതപങ്കാളി(കൾ)മറിയാമ്മ ജോൺ
കുട്ടികൾ2

ചലച്ചിത്രസംവിധായകനും പൂനെയിലെ എഫ്.ടി.ഐ.ഐയുടെ ഡയറക്ടറായി സേവനം ചെയ്ത ആദ്യ മലയാളിയുമായിരുന്നു ജോൺ ശങ്കരമംഗലം (16 ജൂലൈ 1934 - 30 ജൂലൈ 2018). കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പൽ, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ജൂറി അംഗം[2] എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം CILECT-ന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[3][4]

ചലച്ചിത്രപഠനരംഗത്ത് അറിയപ്പെടുന്ന ഒരു അദ്ധ്യാപകൻ കൂടിയായ ജോൺ, ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ, നർഗീസ് ദത്ത് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.

ജീവിതരേഖ

ആദ്യകാലം

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത്, തൈപ്പറമ്പിൽ ശങ്കരമംഗലം ടി. ഓ. ചാക്കോയുടെയും അന്നമ്മയുടെയും മകനായി, 1934 ജൂലൈ 16-നാണ് ജോണിന്റെ ജനനം. ഇരവിപേരൂരിലെ സെന്റ് ജോൺസ് സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളേജിലും പിന്നീട് എം.സി.സിയിലും ഉന്നത പഠനത്തിനായി ചേർന്നു.

ചലച്ചിത്രജീവിതം

കുറച്ചുകാലം എം.സി.സിയിൽ അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം, 1962-ൽ, തിരക്കഥാരചനയും സംവിധാനവും പഠിക്കാനായി ജോൺ എഫ്.ടി.ഐ.ഐയിൽ ചേർന്നു.[5] മുതിർന്ന ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[6]

ജയശ്രീ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് ജോൺ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്.[3] 1969-ൽ പുറത്തിറങ്ങിയ ജന്മഭൂമി ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. ഈ ചിത്രത്തിന് നർഗീസ് ദത്ത് പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. 1977-ൽ, ഛായാഗ്രഹണം പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കാനായി സംവിധാനം ചെയ്ത, ബി.കെ.എസ്. അയ്യങ്കാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം സമാധി, 25-ാമത് ദേശീയ ചലച്ചിത്രപുരസ്കാരവേളയിൽ മികച്ച പരീക്ഷണാത്മകചിത്രത്തിനുള്ള രജതകമലം നേടി.[7]

സംവിധായകനെന്ന നിലയിൽ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്, 2003-ൽ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലചിത്രപ്രതിഭ പുരസ്കാരം നൽകി ജോണിനെ ആദരിച്ചിരുന്നു.[8]

മരണം

2018 ജൂലൈ 30-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജോൺ അന്തരിച്ചു.[1]

തിരഞ്ഞെടുത്ത ചലച്ചിത്രസൂചിക

വർഷം ശീർഷകം ദൈർഘ്യം വിഭാഗം അഭിനേതാക്കൾ പുരസ്കാരങ്ങൾ കുറിപ്പുകൾ
ജയശ്രീ തമിഴ് ചലച്ചിത്രം തിരക്കഥാകൃത്ത്
1969 ജന്മഭൂമി ചലച്ചിത്രം മധു, കോട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, ഉഷാകുമാരി ദേശീയസംയോജനത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം, മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
1971 അവളല്പം വൈകിപ്പോയി ചലച്ചിത്രം പ്രേം നസീർ, ഷീല, ജയഭാരതി, അടൂർ ഭാസി
1976 ദിസ് ഈസ് എച്ച്എംടി ടൈം [9] 5 മിനിറ്റ് ഹ്രസ്വ ഡോക്യുമെന്ററി ജോൺ ടി. സി. ശങ്കരമംഗലം എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്
1977 സമാധി ഡോക്യുമെന്ററി ഫിലിം ബി.കെ.എസ്. അയ്യങ്കാർ മികച്ച പരീക്ഷണാത്മകചിത്രത്തിനുള്ള രജതകമലം
1985 സമാന്താരം 110 മിനിറ്റ് ചലച്ചിത്രം സൂര്യ, ബാബു നമ്പൂതിരി, സായ് ദാസ്, ബാലൻ
1994 സാരാംശം ചലച്ചിത്രം ശ്രീനിവാസൻ, ശ്രീവിദ്യ, നെടുമുടി വേണു, അനുഷ, കക്ക രവി

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ