ദക്ഷിണ സമുദ്രം

ഭൂമിയിലെ സമുദ്രങ്ങൾ

അന്റാർട്ടിക്കാ വൻകരയെ വലയം ചെയ്തുകിടക്കുന്നതും ദക്ഷിണ അക്ഷാംശം 60° ക്ക് തെക്കു ഭാഗത്തുള്ളതുമായ ജലമണ്ഡലഭാഗമാണു് ദക്ഷിണ സമുദ്രം അല്ലെങ്കിൽ അന്റാർട്ടിക് സമുദ്രം[1]. സമുദ്രവിജ്ഞാനീയപരമായി അറ്റ്‌ലാന്റിക്, പസിഫിക്, ഇന്ത്യൻ എന്നീ മൂന്നു സമുദ്രങ്ങൾക്കേ ദക്ഷിണാർധഗോളത്തിൽ അംഗീകാരമുള്ളൂ. എന്നാൽ തെക്കേ അക്ഷാംശം 60° ക്ക് താഴെ ഈ മൂന്നു സമുദ്രങ്ങളും സമാന ലക്ഷണങ്ങളുള്ളവയും മുകളിലുള്ള ഭാഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തങ്ങളുമാണ്. ഈ അക്ഷാംശത്തിനും അന്റാർട്ടിക്കാ തീരത്തിനുമിടക്കുള്ള സമുദ്രഭാഗമാണ് അന്റാർട്ടിക് സമുദ്രമെന്നറിയപ്പെടുന്നത്. ബ്രിട്ടിഷ് അഡ്മിറാലിറ്റി ചാർട്ടു പ്രകാരം ഇതിന്റെ മൊത്തം വിസ്തൃതി 32,248,000 ച.കി.മീ. ആണ്; ശരാശരി ആഴം 3,701 മീറ്ററും. അന്റാർട്ടിക് അഭിസരണം (Antarctic Convergence) ആണ് അന്റാർട്ടിക് സമുദ്രത്തെ മറ്റു സമുദ്രങ്ങളിൽ നിന്നു വേർതിരിക്കുന്നത്. പല ഭാഗങ്ങളിലും വിവിധ അക്ഷാംശങ്ങളിലായി കാണുന്ന അഭിസരണമേഖല തെ. അക്ഷാ. 42° മുതൽ 62° വരെയാണ് ഇത്തരത്തിൽ വ്യതിചലിക്കുന്നത്.

അഞ്ച് പ്രധാന സമുദ്രങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമാണ് ഇതിനുള്ളത്. ആർട്ടിക് സമുദ്രം മാത്രമാണ് ഇതിനേക്കാൾ ചെറുത്. .[2]

അധസ്തല പ്രകൃതി

അന്റാർട്ടിക് ജലസഞ്ചയത്തിന്റെ എല്ലാ മേഖലകളിലും പരിധ്രുവീയ (circumpolar) പ്രവാഹത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഇക്കാരണത്താൽ കടൽത്തറയ്ക്ക് ജലപ്രവാഹത്തിൻമേൽ കൂടുതൽ സ്വാധീനം ചെലുത്താനാകുന്നു. ദ. സമുദ്രത്തിലെ അടിത്തട്ടിൽ നിരപ്പായ മൂന്നു തടങ്ങളും സാമാന്യം ഉയരത്തിലുള്ള മൂന്നു ജലാന്തര മലനിരകളുമുണ്ട്. 4,000 മീ.-ലേറെ ആഴത്തിലുള്ള മൂന്നു തടങ്ങളും (അമുൺസെൻ, ബെലിങ്ഷാസൻ, മോർണിങ്ടൺ) അന്റാർട്ടിക് സമുദ്രത്തിന്റെ പസിഫിക് ഭാഗത്താണ് രൂപംകൊണ്ടിട്ടുള്ളത്. റാസ്കടലിൽ നിന്നു കിഴക്കോട്ട് തെക്കേ അമേരിക്കൻ തീരത്തേക്ക് നീളുന്ന ഇവയെ മൊത്തത്തിൽ പസഫിക്-അന്റാർട്ടിക് തടം എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തടങ്ങളുടെ വടക്കേ അതിരു നിർണയിക്കുന്നത് പസിഫിക്-അന്റാർട്ടിക് റിഡ്ജ്, ഈസ്റ്റ് പസിഫിക് റിഡ്ജ്, ചിലിറൈസ് എന്നീ ജലാന്തര മലനിരകളാണ്. ഈ തടങ്ങളോളം വിസ്തൃതമല്ലാത്ത ആഴക്കടൽ തടങ്ങൾ (abyssal basins) അന്റാർട്ടിക് സമുദ്രത്തിന്റെ ഇന്ത്യൻ, അത്ലാന്തിക് സമുദ്രഭാഗങ്ങളിലും രൂപംകൊണ്ടിട്ടുണ്ട്. ടാസ്മേനിയയ്ക്കു താഴെനിന്ന് കെർഗുലൻ പീഠഭൂമിയുടെ ദിശയിൽ നീളുന്ന 4,000 മീ. ലേറെ താഴ്ചയുള്ള തടത്തിന് ആസ്റ്റ്രേലിയൻ-അന്റാർട്ടിക് എന്ന വിശേഷണമാണു നല്കപ്പെട്ടിട്ടുള്ളത്. വെഡൽ കടലിനടിയിൽനിന്ന് കെർഗുലൻ പീഠപ്രദേശം വരെ നീണ്ടുകിടക്കുന്ന തടങ്ങൾ എൻഡർബി, വെഡൽ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അന്റാർട്ടിക്കിന്റെ ഇന്ത്യൻ, അത്ലാന്തിക് ശാഖകളിൽ ഉപസ്ഥിതമായിട്ടുള്ള ഇവയെ പൊതുവേ അത്ലാന്തിക്-ഇന്ത്യൻ തടം എന്നു വിളിക്കാറുണ്ട്. 4,000 മീ. ആഴത്തിൽ ഈ തടങ്ങൾ അത്ലാന്തിക്, ഇന്ത്യൻ സമുദ്രങ്ങളുടെ പശ്ചിമഭാഗ അധസ്തലങ്ങളുമായി നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ഈദൃശമായ തുടർച്ച പൂർവ അത്ലാന്തിക്, പസിഫിക് ഭാഗങ്ങളിൽ പൂർണമായും ഒഴിവാക്കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

അന്റാർട്ടിക് സമുദ്രത്തിന്റെ ഗതികസ്വഭാവങ്ങൾ (dynamic characters) നിർണയിക്കുന്നതിൽ തടങ്ങളേക്കാൾ കൂടുതൽ സ്വാധീനമുള്ളത് സമുദ്രാന്തര-വരമ്പുകൾക്കാണ്. അന്റാർട്ടിക്കയെ തെ. അമേരിക്കയുമായിബന്ധിപ്പിക്കുന്ന സ്കോഷ്യാ-വരമ്പിന്റെ സ്ഥാനം ഡ്രേക്പാസ്സേജിന് 2,000 കി.മീ. കിഴക്കായിട്ടാണ്. ഈ ഭാഗത്ത് തെ. അമേരിക്കയുടെ ദക്ഷിണാഗ്രം 56° തെ. അക്ഷാംശത്തിലും അന്റാർട്ടിക് ഉപദ്വീപിന്റെ ഒരു ഭാഗം 63° തെ. അക്ഷാംശത്തിലും എത്തുന്നു. ഇവയ്ക്കിടയിൽ 2,000 മീറ്ററോളം താഴ്ചയിലാണ് സ്കോഷ്യാ വരമ്പിന്റെ അവസ്ഥിതി. അനേകം ദ്വീപുകളെ ഉൾക്കൊള്ളുന്ന ഈ സമുദ്രാന്തര വരമ്പിൽ അപൂർവമായി 3,000 മീറ്ററിലേറെ ആഴത്തിലുള്ള വിള്ളലുകളുമുണ്ട്. ഏതാണ്ട് 500 മീ. ആഴത്തിൽ, 780 കി.മീ. വീതിയിലാണ് ഡ്രേക്പാസ്സേജിന്റെ അവസ്ഥിതി. ഇതും സ്കോഷ്യാ വരമ്പും ചേർന്ന് പരിധ്രുവീയ പ്രവാഹത്തെ വലുതായി സ്വാധീനിക്കുന്നു. നന്നെ ആഴം കുറഞ്ഞ ഡ്രേക്പാസ്സേജിലൂടെ തിങ്ങിഞെരുങ്ങി പുറത്തുവരുന്നതോടെ അതിവേഗം പ്രവഹിക്കുന്ന ജലം വരമ്പിനാൽ പ്രതിരോധിക്കപ്പെടുന്നത് പ്രവാഹദിശയിൽ മാറ്റം വരുത്തുന്നതോടൊപ്പം സങ്കീർണമായ അനേകം പ്രതിഭാസങ്ങൾക്ക് ഹേതുവുമാകുന്നു.

കെർഗുലെൻ പീഠഭൂമിയുടെ ഒട്ടുമുക്കാലും ഭാഗങ്ങൾ 2,000-3,000 മീ. ആഴത്തിലാണു കിടക്കുന്നത്; ഒറ്റപ്പെട്ട നിലയിൽ ഏതാനും ചെറുദ്വീപുകളും ഈ ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്നതുകാണാം. പീഠഭൂമിയുടെ നിമഗ്നഭാഗങ്ങൾക്കും അന്റാർട്ടിക്കയ്ക്കുമിടയിൽ ഇടുങ്ങിയ വിടവുള്ളതിലൂടെ 3,000 മീ. താഴ്ചയിൽ ജലസഞ്ചലനത്തിന് സാധ്യതയുണ്ട്. കി. ആസ്റ്റ്രേലിയയ്ക്കും ന്യൂസിലൻഡിനും തെക്കായി പസിഫിക്-അന്റാർട്ടിക്, ദക്ഷിണ-പൂർവ ഇന്ത്യൻ, മക്വാറീ എന്നീ പേരുകളിലറിയപ്പെടുന്ന സമുദ്രാന്തരവരമ്പുകൾ അവസ്ഥിതമായിരിക്കുന്നു. 3,000 മീ. താഴ്ചയിൽ ഒഴുകിവരുന്ന പരിധ്രുവീയ പ്രവാഹത്തിന് ഇവ പ്രതിബന്ധം സൃഷ്ടിക്കുന്നു. മക്വാറീ വരമ്പിന്റെ തെ.ഭാഗത്ത് (59° തെ.) മാത്രമേ കടൽത്തറ 3,000 മീ. ആഴത്തിൽ തുറസ്സായി കിടക്കുന്നുള്ളൂ. ഈ വരമ്പിന്റെ മറ്റു ഭാഗങ്ങൾ 2,000 മീ.-ൽ കുറഞ്ഞ താഴ്ചയിലാണ് കിടക്കുന്നത്; ഏതാനും ദ്വീപുകളേയും ഉൾക്കൊള്ളുന്നു. ഇതിനു തൊട്ടു തെ. (54° തെ.) വരെ വ്യാപിച്ചുകിടക്കുന്ന ക്യാംപ്ബെൽ പീഠപ്രദേശം 1,000 മീ. ആഴത്തിലുള്ള വിസ്തൃതമായ ജലപ്പരപ്പിന് രൂപം നല്കുന്നു. സങ്കീർണമായ അധസ്തലപ്രകൃതിയും കോരിയോലിസ്ബല(coriolis force)വും ചേർന്ന്, ഈ ഭാഗത്തു വച്ച് പരിധ്രുവീയ പ്രവാഹത്തിനു വടക്കോട്ടു ദിശാമാറ്റം സംഭവിക്കുന്നതിന് കാരണമാവുന്നു.

വാതസഞ്ചരണ വ്യവസ്ഥ

ദക്ഷിണാർധഗോളത്തിലെ ജലമണ്ഡലത്തിൽ ഗ്രീഷ്മകാലത്തും ശൈത്യകാലത്തും മർദനിലയിലെ വിന്യാസക്രമം സമാനമായിക്കാണുന്നു; 25°-35° തെ. അക്ഷാംശ മേഖലയിൽ ഉച്ചമർദവും 65° തെ. അക്ഷാംശത്തിൽ അന്റാർട്ടിക്കാ വൻകരയ്ക്കു തൊട്ടുമുകളിലായി നിമ്നമർദമേഖലയും രൂപപ്പെട്ടുകാണുന്നു. ഭൂയൌഗിക-വാത(Geostrophic wind)ത്തിന്റെ ഗതി ഇവയ്ക്കിടയ്ക്ക് പ. നിന്നു കിഴക്കോട്ടായിരിക്കണം. പശ്ചിമവാതങ്ങളു(westerlies)ടെ അനർഗളമായ പ്രവാഹത്തിന് ഇതുകാരണമായിരിക്കുന്നു. ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ മിക്കപ്പോഴും കൊടുങ്കാറ്റുകളായി ശക്തിപ്പെടുന്നു. സമുദ്രോപരിതലത്തിൽ വ. നിന്നു പ്രഭവിച്ച്, തെ.പ. കാറ്റുകളായി ആഞ്ഞടിച്ച്, 65° തെ. അക്ഷാംശത്തിലെത്തുന്നതോടെ ശക്തി ക്ഷയിച്ച്, കി. നിന്നു വീശുന്ന ധ്രുവീയവാതങ്ങളിൽ (polar easterlies) ലയിക്കുന്നവയാണ് ഈ കൊടുങ്കാറ്റുകൾ. ഇവമൂലം ദ. ധ്രുവമേഖലയെച്ചുറ്റി പ. നിന്നു കിഴക്കോട്ട് നിരന്തരമായ ജലപ്രവാഹം (Westwind drift) സൃഷ്ടിക്കപ്പെടുന്നു. ഭൂമുഖത്ത് ഏറ്റവും ഉഗ്രമായ കടൽക്ഷോഭങ്ങളുണ്ടാവുന്നത് അന്റാർട്ടിക് സമുദ്രത്തിലാണ്. തെ. അക്ഷാ. 65° ക്കുതാഴെ ധ്രുവീയ വാതങ്ങളുടെ പ്രാബല്യം വർദ്ധിച്ച്, കാറ്റിന്റെ ഗതി കി. നിന്നു പടിഞ്ഞാറേയ്ക്കാവുന്നു. അന്റാർട്ടിക്കയുടെ തീരക്കടലുകളിലെ സ്ഥിതി ഇതാണ്. സ്വാഭാവികമായും വൻകരയെചുറ്റി കി. നിന്നു പടിഞ്ഞാറേക്ക് താരതമ്യേന ദുർബലമായ ജലപ്രവാഹം ഉണ്ടായിരിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ നേർവിപരീതദിശയിലുള്ള ഈ പ്രതിഭാസം ഈസ്റ്റ്വിൻഡ് ഡ്രിഫ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. 'ഉപഗ്രഹ-ഡാറ്റാ' സൂചിപ്പിക്കുന്നത് കാറ്റുകളുടെ ദിശയിൽ കാര്യമായ വ്യതിചലനം ഏർപ്പെടുന്നില്ലെന്നാണ്. ഇവ അത്യധികമായ വേഗതയിൽ വർഷംമുഴുവൻ വീശുന്നതിനാൽ അന്റാർട്ടിക് സമുദ്രത്തിൽ തിരമാലകൾക്ക് ഉയരക്കൂടുതലുണ്ടാകുന്നു. തിരകളുടെ ശ.ശ. ഉയരത്തിൽ സമുദ്രങ്ങളിൽ ഒന്നാമതു നില്ക്കുന്നത് അന്റാർട്ടിക് ആണ്.

അഭിസരണവും അപസരണവും

അന്റാർട്ടിക് സമുദ്രത്തിന്റെ വ. അതിര് നിർണയിക്കുന്നത് ഉപോഷ്ണ മേഖലാ-അഭിസരണം (subtropical convergence) ആണ്. ഈ അഭിസരണമേഖലയിൽ സമുദ്രത്തിലെ താപനിലയിലും ലവണത്വത്തിലും വ. നിന്നു തെക്കോട്ട് ദൃശ്യമാകേണ്ട വ്യതിയാനനിരക്ക് ഏകതാനമായല്ല കാണപ്പെടുന്നത്. അന്റാർട്ടിക്കയെ ചുറ്റി; അധികം വീതിയില്ലാത്ത ഒരു മേഖലയിൽ ലവണത 35°/00-യിൽ നിന്ന് 34.5°/00 ആയിവ്യതിചലിക്കുന്നു; താപനിലയിലും ഈ കുറവുണ്ടാകുന്നു. വായുവിന്റെ വേഗം നന്നെക്കുറഞ്ഞ് നിശ്ചലാവസ്ഥയിലെത്തുന്ന ഒരു മേഖലയും വൻകരയ്ക്കു ചുറ്റുമായി രൂപംകൊള്ളുന്നുണ്ട്. ഇതിനു സമാന്തരമായും എന്നാൽ ഏതാണ്ട് 5-10°അക്ഷാംശീയ ദൂരം വടക്കായുമാണ് ആദ്യത്തെ മേഖല ഉരുത്തിരിയുന്നത്. ഇതിനെ ഉപോഷ്ണമേഖലാമുഖം (subtropical front) എന്നു വിളിക്കുന്നു. അന്റാർട്ടിക് അഭിസരണമേഖലയിലും താപ-ലവണതാവ്യതിയാനങ്ങളിലൂടെ വേർതിരിഞ്ഞു നില്ക്കുന്ന ഒരു ഉപമേഖല കാണപ്പെടുന്നു. ഇതിന് അന്റാർട്ടിക് ധ്രുവീയ-മുഖം (Antartic Polar Front) എന്ന സംജ്ഞ നല്കപ്പെട്ടിരിക്കുന്നു. വൻകരാതീരത്തിനും അന്റാർട്ടിക ധ്രുവീയമുഖത്തിനും ഇടയ്ക്കുളള സമുദ്രഭാഗത്തിനെ 'അന്റാർട്ടിക് മേഖല' ആയും ഉപോഷ്ണമേഖലാ-മുഖത്തിനും അന്റാർട്ടിക് ധ്രുവീയ-മുഖത്തിനുമിടയ്ക്കുള്ളതിനെ ഉപ-അന്റാർട്ടിക് മേഖല (Sub Antractic Zone) ആയും വ്യവഹരിക്കുന്നു. വൻകരയോരത്ത് 500 മീ.-ൽ താഴെ ആഴമുള്ള ഭാഗങ്ങളിൽ, നന്നെക്കുറച്ച് ലവണതയും സമതാപനിലയുമുള്ള പ്രത്യേകജലപിണ്ഡം രൂപപ്പെട്ടുകാണുന്നു. താപനിലയിലും ലവണതയിലുമുള്ള ഏറ്റക്കുറച്ചിൽ ജലത്തിന്റെ കീഴ്മേലായുള്ള ഗതിക്കു നിദാനമാകുന്നതുമൂലം സമുദ്രം പ്രക്ഷുബ്ധമായിത്തീരുന്നു. അഭിസരണ മുഖങ്ങളുടെ സ്ഥാനങ്ങളിൽ സമയാനുക്രമമായ മാറ്റമുണ്ടാകുന്നതു നിമിത്തം പ്രക്ഷുബ്ധാവസ്ഥയും പല ഭാഗങ്ങളിലായി അനുഭവപ്പെടാം.

അന്റാർട്ടിക്കാ അപസരണ മേഖലയുടെ പ്രത്യേകത ഇതിലെ ഉയർന്ന ലവണതയാണ്. മഞ്ഞുരുകി ലയിക്കുന്നതുമൂലം ഉപരിതല ജലത്തിൽ ലവണത ഉയർന്നു കാണണമെന്നില്ല; എന്നാൽ 150 മീ. താഴ്ചയിലെത്തുന്നതോടെ ലവണതയിലെ ഉച്ചനില അനുഭവസിദ്ധമാകുന്നു. ഉഷ്ണമേഖലാസമുദ്രങ്ങളിൽനിന്ന് ലവണത കൂടിയ ജലം മധ്യതല-ജലപിണ്ഡ (intermediate watermass)ങ്ങളായാണ് ധ്രുവങ്ങളുടെ നേർക്ക് ഒഴുകിയെത്തുന്നത്.

നന്നെ തണുത്ത ജലമാണ് അന്റാർട്ടിക് സമുദ്രത്തിലുള്ളത്. അതിശൈത്യം മൂലം സമുദ്രത്തിന്റെ തെ. ഭാഗങ്ങളിൽ വെള്ളം ഉറഞ്ഞ് ഹിമപാളികളുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉപരിഭാഗത്ത് മഞ്ഞുകട്ടകളും അടിയിൽ ലവണത്വം കൂടിയ ജലവും സഞ്ചയിക്കപ്പെടുന്നു. സാന്ദ്രതകൂടുന്നതോടെ അഗാധതലങ്ങളിൽ നിന്ന് ജലം വടക്കോട്ടു പ്രവഹിക്കുന്നു. ഈ ജലസഞ്ചയത്തെ 'അന്റാർട്ടിക് നിതലജലം' (Antarctic Bottom Water) എന്നു വിളിക്കുന്നു.

ഉഷ്ണകാലത്ത് അന്റാർട്ടിക് മേഖലയിൽ അട്ടിയിട്ടിട്ടുള്ള ഹിമപാളികൾ ഭാഗികമായി ദ്രവീകരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ജലത്തിന്റെ താപനിലയ്ക്കൊപ്പം ലവണത കുറയുന്നു. ഈ ജലപിണ്ഡവും വടക്കോട്ടാണ് നീങ്ങുന്നത്. അഭിസരണമേഖലയോളം സമുദ്രജല സ്വഭാവത്തിൽ ഏകതാനത വരുത്തുവാൻ ഈ നീരൊഴുക്ക് പര്യാപ്തമാകുന്നു; ഒപ്പം വടക്കുനിന്നുള്ള താപവിസരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

വർഷണവും ഹിമപാതവും

ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറവാകയാൽ സമുദ്രത്തിൽ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ജലവിനിമയം ഗണനീയമായ അളവിൽ നടക്കുന്നില്ല. എന്നാൽ 50° തെ. അക്ഷാംശത്തിന് ഇരുപുറവുമുള്ള മേഖലകളിൽ നീരാവി നിറഞ്ഞ കാറ്റുകൾ പ്രചണ്ഡമായി വീശുന്നത് വാർഷിക വർഷണത്തിന്റെ ശ.ശ. തോത് നന്നെ ഉച്ചതമമാക്കുന്നു. ഹിമവർഷമാണ് ഏറിയകൂറും നടക്കുന്നത്. വർഷണത്തിന്റെ നേരിട്ടുള്ള പ്രഭാവം ലവണത്വത്തിൻമേലാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് വെള്ളം ഉറയുമ്പോൾ അതിലടങ്ങിയിട്ടുള്ള ലവണങ്ങൾ അടിഞ്ഞുതാഴുന്നു; വേനൽക്കാലത്ത് മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം താരതമ്യേന ശുദ്ധമായിരിക്കും. ഇത് അന്റാർട്ടിക് സമുദ്രത്തിലെ ഉപരിതല ജലപിണ്ഡത്തിന്റെ ലവണത്വം കുറയുന്നതിന് കാരണമാകുന്നു. ഉഷ്ണകാലത്ത് വൻകരയോരത്തോട് അടുത്തുള്ള മേഖലയിലേക്കുമാത്രമായി ഒതുങ്ങുന്ന ഹിമപാളികൾ ശൈത്യകാലാന്ത്യത്തോടെ അന്റാർട്ടിക്കാ വൻകരയോളം വിസ്താരത്തിൽ പുറത്തേക്കു വ്യാപിക്കുന്നു. 1978-87 വർഷങ്ങളിലെ ഉപഗ്രഹ-നിരീക്ഷണങ്ങളിലൂടെ വെളിവായിരിക്കുന്നത് ഹിമബാധിത മേഖലയുടെ വിസ്തീർണം ഉഷ്ണകാലത്ത് 3.5 ദശലക്ഷം ച.കി.മീ.ഉം ശൈത്യകാലത്ത് 18 ദശലക്ഷം ച.കി.മീ.ഉം ഉണ്ടെന്നാണ്. ശൈത്യകാലത്ത് ഹിമബാധിതമാകേണ്ട മേഖലകളിൽ തന്നെ വിസ്തൃതമായ ജലതലങ്ങൾ രൂപംകൊണ്ടുകാണാറുണ്ട്. പാളീന്യ എന്നുവിളിക്കപ്പെടുന്ന ഇവ രൂപപ്പെടുന്നതിന്റെ കാരണം വ്യക്തമല്ല. സമുദ്രത്തിലെ മഞ്ഞുമൂടിയ ഭാഗത്തെ 18 ശ.മാ.-ത്തോളം പാളീന്യകളാണെന്ന് കണക്കാക്കപ്പെടുന്നു. ഹിമാവരണത്തിനു വ., തെ. അക്ഷാ. 50° വരെ മഞ്ഞുമലകൾ കാണപ്പെടുന്നു. ഒരു ഗ്രീഷ്മകാലത്തിനുള്ളിൽ ഉരുകിത്തീരാത്തവയാണ് ഇവയിൽ ഭൂരിഭാഗവും.

അന്റാർട്ടിക് ജലത്തിന്റെ സവിശേഷതകളും ജലപിണ്ഡങ്ങളും

ഉത്തര അത്ലാന്തിക്കിൽ നിന്നുള്ള ലവണത കൂടിയ ജലം തെക്കോട്ടൊഴുകി അന്റാർട്ടിക് നിതലജലവുമായി സന്ധിക്കുന്നതോടെ ഉപരിതലത്തിലേക്ക് ഗതിമാറ്റുന്നു. 2,000 മീ. മുതൽ 200 മീ. വരെ ആഴത്തിലുള്ള സമ-ലവണരേഖകൾ (isohalines) ഈ ഊർധ്വമുഖ-ഗതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. അന്റാർട്ടിക് അപസരണമേഖലയിൽ 200 മീ. വരെ ആഴത്തിലുള്ള ഉപരിതലജലത്തെ തപിപ്പിക്കുന്നതിനും കെട്ടിക്കിടക്കുന്ന ഹിമസഞ്ചയത്തെ ദ്രവീകരിക്കുന്നതിനും പെയ്തു വീഴുന്ന മഞ്ഞുകട്ടകളെ ഉരുക്കുന്നതിനും ഈ ഊർധ്വമുഖ പ്രവാഹം പര്യാപ്തമായിരിക്കുന്നു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ഈ ജലധാര അന്റാർട്ടിക് ധ്രുവീയ-മുഖത്തിലെത്തി വീണ്ടും താഴുന്നു. വടക്കോട്ടുള്ള ഗതിക്കിടയിൽ തനതായ സവിശേഷതകൾ നഷ്ടപ്പെട്ട് അടിഞ്ഞു താഴുന്ന ഈ ജലമാണ് അന്റാർട്ടിക് മധ്യതല ജലപിണ്ഡം (Antarctic Intermediate watermass) ആയി മാറുന്നത്.

അന്റാർട്ടിക് മേഖലയിൽ പ്രതലജലത്തിന് നന്നെ താണ താപനില (-1.9°) ആണുള്ളത്. ഗ്രീഷ്മകാലത്തെ മഞ്ഞുരുകൽ മൂലം ലവണതയിലും സാരമായ കുറവുണ്ടാകുന്നു. ഇങ്ങനെ കുറഞ്ഞ താപനിലയിലും ലവണതയിലും വർത്തിക്കുന്ന ജലൌഘത്തെയാണ് അന്റാർട്ടിക് ഉപരിതലജലം (Antarctic surface water) എന്നു വിശേഷിപ്പിക്കുന്നത്. ഉപ-അന്റാർട്ടിക് മേഖലയിലേക്കു കടക്കുമ്പോൾ സൂര്യാതപത്തിന്റെ അളവ്, വർഷപാതം, ബാഷ്പീകരണം എന്നിവയിൽ ഋതുപരമായ വ്യതിയാനങ്ങളുണ്ടാകുന്നതിനാൽ ഉപരിതല ജലത്തിന്റെ താപനിലയിലും ലവണത്വത്തിലും വലിയ വ്യതിയാനം ഉണ്ടാകുന്നു. ഗ്രീഷ്മത്തിലും ശൈത്യകാലത്തും താപനില 4°-14 °C നിടയിലായി വ്യതിചലിച്ചുകാണുന്നു; ലവണത 33.9-34.9°/00 ആയിരിക്കും. ഗ്രീഷ്മകാലത്ത് ലവണത്വം 33°/00 ആയികുറയുന്നതും അസാധാരണമല്ല. ലവണതയിൽ മേഖലാപരമായ വ്യത്യാസങ്ങളും ദൃശ്യമാണ്; പസിഫിക് ഭാഗത്ത് ഏറ്റവും കുറഞ്ഞും അത്ലാന്തിക് ഭാഗത്ത് നന്നെ കൂടിയും അനുഭവപ്പെടുന്നു.

സങ്കീർണ പ്രക്രിയകളിലൂടെ രൂപം കൊള്ളുന്ന അനേകം ജലസഞ്ചയങ്ങളുടെ സമ്മിശ്രണത്തിലൂടെയാണ് അന്റാർട്ടിക് നിതലജലം ഉണ്ടാകുന്നത്. -1.9 °C താപനിലയിലും 34.7-34.9 °C/00 ലവണതയിലും വർത്തിക്കുന്ന നിതലജലം ഭാഗികമായി പരിധ്രുവീയ പ്രവാഹവുമായി കൂടിക്കലരുന്നു. ഇതിന്റെ പരിണതഫലം പരിധ്രുവീയ പ്രവാഹത്തിൽ നിന്ന് 0.3 °C ഊഷ്മാവിലും 34.7 °C/00 ലവണതയിലുമുളള ജലം പസിഫിക്, അത്ലാന്തിക്, ഇന്ത്യൻ എന്നീ മൂന്നു സമുദ്രങ്ങളിലേക്കും ഒഴുകുന്നുവെന്നതാണ്.

ജൈവസമ്പത്ത്

നിരന്തരമായ ജലസഞ്ചരണവും മിശ്രണവും മൂലം ഈ സമുദ്രം പോഷകസമൃദ്ധമായിരിക്കുന്നു. തന്നിമിത്തം ജൈവോത്പന്നങ്ങളാൽ സമ്പന്നമാണ് അന്റാർട്ടിക് സമുദ്രം. സൂര്യപ്രകാശം ലഭ്യമായ മാസങ്ങളിൽ പ്രാഥമികോത്പാദനം വിപുലമായി നടക്കുന്നു. സമുദ്രത്തിലും പരിസരങ്ങളിലുമായി പ്ളവകങ്ങളുടെ ബാഹുല്യം ഇതരജീവജാലങ്ങളുടെ വളർച്ചയ്ക്കു പ്രോത്സാഹകമാണ്. ചെറുമത്സ്യങ്ങൾ മുതൽ തിമിംഗിലം വരെയുള്ള കടൽജന്തുക്കളും വിവിധയിനം പക്ഷികളും ധാരാളമായി വളരുന്നു. ലോകത്തിലെ തിമിംഗില വേട്ടയിൽ 70 ശ.മാ.-വും നടന്നിരുന്നത് അന്റാർട്ടിക് സമുദ്രത്തിലായിരുന്നു. അനിയന്ത്രിതമായ വേട്ടയാടലിലൂടെ ഫിൻ, ബ്ളൂ എന്നീയിനം തിമിംഗിലങ്ങൾ വംശനാശത്തോളം എത്തിയിരുന്നു. ഇപ്പോൾ തിമിംഗിലവേട്ട അന്താരാഷ്ട്രധാരണയിലൂടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. സീലുകളും ഈ ദുർവിധിയെ നേരിടുകയാണ്; രോമംനല്കുന്ന ജന്തുയിനങ്ങൾ മിക്കവാറും അന്യംനിന്നുപോയിരിക്കുന്നു. ഈ സമുദ്രത്തിലെ ജീവികളിൽ ഏറിയവയും തദ്ദേശീയങ്ങളാണ്; ഇവ മറ്റു സമുദ്രങ്ങളിൽ കാണപ്പെടുന്നില്ല.

അന്റാർട്ടിക്കയോടു ചേർന്നുള്ള ഈ സമുദ്രത്തിന്റെ വൻകരയോരം താരതമ്യേന വിസ്തൃതമാണ്. പ. വെഡൽ കടലിനടുത്ത് കരയോരത്തിന്റെ വീതി 450 കി.മീ. വരും. ഈ ഭാഗങ്ങൾ മിക്കവാറും ഹിമാവൃതങ്ങളാണ്. റാസ് ഐസ് ഷെൽഫ് (Rose ice shelf) എന്നറിയപ്പെടുന്ന ഹിമാനിക്ക് 2 ലക്ഷം ച.കി.മീ. വ്യാപ്തിയുണ്ട്.

അന്റാർട്ടിക് സമുദ്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം തെ. അമേരിക്കയ്ക്കും അന്റാർട്ടിക്കയ്ക്കുമിടയ്ക്കുള്ള ഡ്രേക് പാസ്സേജ് ആണ്. ഈ സമുദ്രത്തിൽ ദ്വീപുകൾ താരതമ്യേന കുറവാണ്. പ. അന്റാർട്ടിക്കയിലെ ദ്വീപസമൂഹങ്ങളാണ് പ്രധാനപ്പെട്ടവ. കേപ്ഹോൺ, അലക്സാണ്ടർ 1, സൌത്ത് ഷെട്ട്ലൻഡ് എന്നിവയ്ക്കും ഭാഗികമായി സൌത്ത് ജോർജിയ, സൌത്ത് സാൻഡ്വിച്ച്, സൌത്ത് ഓർക്നി എന്നിവയ്ക്കും മാത്രമാണ് സമ്പദ്പ്രാധാന്യം കൈവന്നിട്ടുള്ളത്.

ശാസ്ത്രഗവേഷണങ്ങളിൽ അന്റാർട്ടിക്കയ്ക്കൊപ്പം അന്റാർട്ടിക് സമുദ്രവും അന്താരാഷ്ട്രസഹകരണത്തിന്റെ വേദിയായി മാറിയിരിക്കുന്നു. 55°ക്കു തെക്കുള്ള എല്ലാ പഠനങ്ങളുടേയും ചുമതല വഹിക്കുന്നത് സ്പെഷ്യൽ കമ്മിറ്റി ഓൺ അന്റാർട്ടിക് റിസർച്ച് (Special Committee on Antarctic Research-SCAR) ആണ്. അന്താരാഷ്ട്രധാരണയുടെ ലിഖിതരൂപമായ അന്റാർട്ടിക് ഉടമ്പടി (Antarctic Treaty) പ്രകാരം ഈ സമുദ്രം സമാധാനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

അവലംബം

  1. "Geography - Southern Ocean". CIA Factbook. Archived from the original on 2017-02-13. Retrieved 2012-07-16. ... the Southern Ocean has the unique distinction of being a large circumpolar body of water totally encircling the continent of Antarctica; this ring of water lies between 60 degrees south latitude and the coast of Antarctica and encompasses 360 degrees of longitude.
  2. "Introduction - Southern Ocean". CIA Factbook. Archived from the original on 2017-02-13. Retrieved 2012-07-16. ...As such, the Southern Ocean is now the fourth largest of the world's five oceans (after the Pacific Ocean, Atlantic Ocean, and Indian Ocean, but larger than the Arctic Ocean).

പുറത്തേയ്ക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സമുദ്രം അന്റാർട്ടിക് സമുദ്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കൂടുതൽ വായനയ്ക്ക്

  • Gille, Sarah T. 2002. "Warming of the Southern Ocean since the 1950s": abstract, article. Science: vol. 295 (no. 5558), pp. 1275–1277.
  • Descriptive Regional Oceanography, P. Tchernia, Pergamon Press, 1980.
  • Matthias Tomczak and J. Stuart Godfrey. 2003. Regional Oceanography: an Introduction. (see the site Archived 2007-06-30 at the Wayback Machine.)

പുറത്തേയ്ക്കുള്ള കണ്ണികൾ


70°S 150°W / 70°S 150°W / -70; -150