പകർപ്പുപേക്ഷ
പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും, പകർപ്പവകാശവും, സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം, മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യ വിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ.[1] മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സൃഷ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സൃഷ്ടികളും പകർപ്പുപേക്ഷ വഴി സംരക്ഷിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയോടെ ഒരു സൃഷ്ടിയിന്മേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കുന്ന ഒരു സമ്പ്രദായമാണിത്. കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, ഡോക്യുമെന്റുകൾ, കല, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ തുടങ്ങി ചില പേറ്റന്റുകൾ വരെ പകർപ്പവകാശ വ്യവസ്ഥകൾ നിലനിർത്താൻ ലൈസൻസുകളുടെ രൂപത്തിൽ കോപ്പിലെഫ്റ്റ് ഉപയോഗിക്കാം.[2]കോപ്പിലെഫ്റ്റ് എന്നത് സോഫ്റ്റ്‌വെയർ അല്ലെങ്കിൽ കലാപരമായ സൃഷ്ടികൾ ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും സ്വതന്ത്രമായി വിതരണം ചെയ്യാനും കഴിയുന്ന ഒരു ക്രമീകരണമാണ്, അതിൽ നിന്ന് ഉരുത്തിരിഞ്ഞതെന്തും അതേ വ്യവസ്ഥകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.
അനുവദനീയമായ സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസുകളിൽ നിന്ന് വ്യത്യസ്തമായി കോപ്പിലെഫ്റ്റ് സോഫ്റ്റ്‌വെയർ ലൈസൻസുകൾ സംരക്ഷിതമോ പരസ്പരവിരുദ്ധമോ ആയി കണക്കാക്കപ്പെടുന്നു,[3] കൂടാതെ സൃഷ്ടിയുടെ പുനർനിർമ്മാണത്തിനും പരിഷ്‌ക്കരണത്തിനും ആവശ്യമായ വിവരങ്ങൾ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ സ്വീകർത്താക്കൾക്കും അല്ലെങ്കിൽ ബൈനറികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഈ വിവരങ്ങൾ സാധാരണയായി സോഴ്സ് കോഡ് ഫയലുകളുടെ രൂപത്തിലാണ്, സാധാരണയായി ലൈസൻസ് നിബന്ധനകളുടെ ഒരു പകർപ്പ് അടങ്ങിയിരിക്കുകയും കോഡിന്റെ രചയിതാക്കളെ അംഗീകരിക്കുകയും ചെയ്യുന്നു.
ഒരു സൃഷ്ടിയെ പകർപ്പുപേക്ഷയ്ക്ക് വിധേയമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കുകയാണ്. തുടർന്ന് സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും, മാറ്റം വരുത്തിയ സൃഷ്ടിയുടെ വിതരണാവകാശവും പകർപ്പുപേക്ഷയ്ക്ക് വിധേയമായിരിക്കണെമെന്നും പകർപ്പവകാശനിയമത്തിന്റെ നിബന്ധനകളായി ഉൾപ്പെടുത്തി നിയമ വിധേയമാക്കുന്നു. സാധാരണയായി ഒരു സൃഷ്ടിയുടെ പുനസൃഷ്ടിക്കാവശ്യമായ എല്ലാ വിവരങ്ങളും സൃഷ്ടിയുടെ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന നിബന്ധനയാണ് പകർപ്പുപേക്ഷയുടെ നിബന്ധനകളിൽ ഉൾപ്പെടുത്താറുള്ളത്. ഒരു സൃഷ്ടിയുടെ വിതരണത്തിന്മേൽ ഒരു വില നിശ്ചയിക്കുന്നതിനോ, സൃഷ്ടിയുടെ വിൽപ്പനയിൽ നിന്ന് ലാഭം നേടുന്നതിനോ പകർപ്പുപേക്ഷ വിലക്കാറില്ല.
വിവരസാങ്കേതികരംഗത്ത് ഉടലെടുത്ത ഈ സമ്പ്രദായം ഇപ്പോൾ മറ്റു മേഖലകളിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പകർപ്പുപേക്ഷയിലുള്ള ലൈസൻസുകൾ എന്നത് നിലനിൽക്കുന്ന പകർപ്പവകാശ നിബന്ധനകളുടെ ഒരു പരിഷ്കരണമാണ്. സൃഷ്ടികൾ പകർപ്പവകാശത്തിനുപരിയായി പൊതുവായി സ്വതന്ത്രോപയോഗത്തിന് ലഭ്യമാക്കണം എന്ന ഉദ്ദേശമാണ് അതിനുള്ളത്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളോടൊപ്പം ഇതര സൃഷ്ടികളും പൊതു ലൈസൻസിൽ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിയേറ്റീവ് കോമൺസ് ഗ്ലൂനൂ ലൈസൻസിനെ തുടർന്നുണ്ടായ മറ്റൊരു സംരംഭമാണ്. ലോറൻസ് ലെസിഗ് സ്ഥാപിച്ച ലാഭരഹിത സംഘടനയായ ക്രിയേറ്റീവ് കോമൺസ് "സമാന പങ്കുവെക്കൽ" (ഷെയർ എലൈക്ക്) എന്ന ലൈസൻസ് ഇതിനായി ലഭ്യമാക്കിയിരിക്കുന്നു.[4]
ചരിത്രം
1975ൽ പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ഒരു ന്യൂസ് ലെറ്ററിലൂടെ ആരംഭിച്ച ടൈനി ബേസിക് പ്രൊജെക്റ്റ് ആണ് പകർപ്പുപേക്ഷയുടെ ആദ്യകാല ഉദാഹരണമായി കരുതപ്പെടുന്നത്. പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ആരംഭിച്ച ഈ ന്യൂസ് ലെറ്റർ അധികം താമസിയാതെ ഡോക്ടർ ജോബ്സ് ജേർണൽ ഫോർ ടൈനി ബേസിക് ആയി മാറുകയും, ടൈനി ബേസിക് പ്രോഗ്രാമ്മിങിൽ താത്പര്യമുള്ളവർ പലരും അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പാകത്തിൽ മാറ്റം വരുത്തിയ ടൈനി ബേസിക് പ്രസിദ്ധപ്പെടുത്താനിടവരികയും ചെയ്തു. അങിനെ ടൈനി ബേസിക് ഇന്റെർപ്രെറ്റർ, 1976ന്റെ മധ്യകാലമാവുമ്പോൾ അത് ഉടലെടുത്ത കമ്പ്യൂട്ടർ പ്രോസസ്സർ കൂടാതെ, ഇന്റൽ 8080, മോട്ടറോള 6800 തുടങിയ മറ്റു പല കമ്പ്യൂട്ടർ പ്രോസസ്സറുകളിലും ഉപയോഗ്യയോഗ്യമായിരുന്നു. ലി-ചെൻ വാംഗ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയർ 1976 മെയ് മാസത്തിലെ ഡോക്ടർ ജോബ്സ് ജേർണലിൽ ഇന്റൽ 8080ൽ ഉപയോഗ്യയോഗ്യമായ ടൈനി ബേസിക്കിന്റെ ഒരു പകർപ്പ് പ്രസിദ്ധപ്പെടുത്തിയതിന്റെ കൂടെ ആദ്യമായി "കോപ്പിലെഫ്റ്റ്" എന്ന പദം ഉപയോഗിക്കുകയും ടൈനി ബേസിക് പിന്നീട് ഉപയോഗിച്ച പലരും അത് പിന്തുടരുകയും ചെയ്തു.
ഉദ്ദേശം അര ദശാബ്ദത്തിനു ശേഷം, സിംബോളിക്സ് എന്ന കമ്പനിയും റിച്ചാർഡ് സ്റ്റാൾമാൻ എന്ന അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള പകർപ്പുപേക്ഷ സമ്പ്രദായത്തിന്റെ തുടക്കം. ലിസ്പ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമ്മിങ് ലാഗ്വേജിൽ ആ സമയത്ത് ജോലി ചെയ്തിരുന്ന റിച്ചാർഡ് സ്റ്റാൾമാൻ തന്റെ സൃഷ്ടികൾ സിംബോളിക്സ് കമ്പനിക്ക് സൗജന്യമായി നൽകിയിരുന്നു. പകരം അവർ തന്റെ സൃഷ്ടിയിൽ വരുത്തുന്ന മാറ്റങൾ സൗജന്യമായി വിതരണം ചെയ്യാനുള്ള റിച്ചാർഡ് സ്റ്റാൾമാന്റെ ആവശ്യം സിംബോളിക്സ് കമ്പനി നിരാകരിച്ചതിൽ പ്രതിഷേധിച്ചും, കൂടാതെ ആ കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന സോഫ്റ്റ്വേറുകളുടെ ആന്തരികരൂപം വെളിപ്പെടുത്താതെയുള്ള വിപണനരീതിയിൽ പ്രതിഷേധിച്ചും റിച്ചാർഡ് സ്റ്റാൾമാൻ സോഫ്റ്റ്വേറുകളുടെ സ്വതന്ത്രവിനിമയത്തിനു വേണ്ടിയുള്ള ഒരു മുന്നേറ്റത്തിനു രൂപം നൽകി. ഈ മുന്നേറ്റത്തിൽനിന്നുടലെടുത്ത ഒരു ലൈസൻസ് സമ്പ്രദായമാണ് പകർപ്പുപേക്ഷ. നിലവിലുള്ള പകർപ്പവകാശ നിയമം പകർപ്പുപേക്ഷ രീതിയിൽ പെട്ടെന്നു മാറ്റിയെടുക്കുക അസാദ്ധ്യമാണെന്നു തിരിച്ചറിഞ റിച്ചാർഡ് സ്റ്റാൾമാൻ അതിനു പകരം പകർപ്പവകാശനിയമത്തെ തന്നെ സമർത്ഥമായി ഉപയോഗിച്ച് പകർപ്പുപേക്ഷാരീതിയുടെ നിയമസാധുത കൈവരിക്കുകയായിരുന്നു. 1988ൽ അദ്ദേഹം രൂപം കൊടുത്ത ഇമാക്സ് ജനറൽ പബ്ലിക് ലൈസൻസ് ആണ് ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആദ്യ ലൈസൻസായി കരുതപ്പെടുന്നത്.
ഉപയോഗ രീതി
ഒരു സൃഷ്ടിയെ പകർപ്പുപേക്ഷ രീതിയിൽ പൊതുസമൂഹത്തിൽ വിതരണം ചെയ്യാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കി ഒരു ലൈസൻസ് തയ്യാറക്കുകയാണ്. ഈ രീതിയിൽ തയ്യാറാക്കിയ ലൈസൻസ് ഉപഭോക്താവിന് ഒരു സൃഷ്ടിയിന്മേൽ സൃഷ്ടികർത്താവിനുള്ള അതേ സ്വാതന്ത്ര്യങൾ അനുവദിച്ചു കൊടുക്കുന്നു. കൂടാതെ പകർപ്പുപേക്ഷ പ്രകാരം ഏതാനു അനുബന്ധ നിബന്ധനകളും ഇതോടൊപ്പം ചേർക്കുന്നു. അനുബന്ധ നിബന്ധനകൾ പകർപ്പുപേക്ഷ പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സൃഷ്ടി ഉപയോഗിച്ചുണ്ടാക്കിയ എല്ലാ ഉപോൽപ്പന്നങൾക്കും പകർപ്പുപേക്ഷാ നിബന്ധനകൾ ബാധകമാക്കുന്നു.
പകർപ്പുപേക്ഷാ രീതിയിൽ എഴുതപ്പെട്ട ധാരാളം ലൈസൻസുകൾ ഇന്നു പ്രചാരത്തിലുണ്ട്. സോഫ്റ്റുവേർ രംഗത്ത് ഗ്നു ജനറൽ പബ്ലിക് ലൈസൻസ്, അപ്പാച്ചി ലൈസൻസ് തുടങിയവ ഉദാഹരണങളാണ്.
അവലംബം
- ↑ "What is Copyleft?". GNU Project.
- ↑ Newman, John (December 29, 2011). "Copyright and Open Access at the Bedside". NEJM. 365 (26): 2447–2449. doi:10.1056/NEJMp1110652. PMID 22204721.
- ↑ Open Source from a Proprietary Perspective at the Wayback Machine (archive index)
- ↑ എന്താണ് ക്രിയേറ്റീവ് കോമൺസ്