സിന്ധു (നക്ഷത്രരാശി)

സിന്ധു (Indus)
സിന്ധു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സിന്ധു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ind
Genitive: Indi
ഖഗോളരേഖാംശം: 21 h
അവനമനം: −55°
വിസ്തീർണ്ണം: 294 ചതുരശ്ര ഡിഗ്രി.
 (49th)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
16
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
none
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
"The Persian" (α Ind)
 (3.11m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Epsilon Ind
 (11.82 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: none
ഉൽക്കവൃഷ്ടികൾ : None[1]
സമീപമുള്ള
നക്ഷത്രരാശികൾ:
സൂക്ഷ്മദർശിനി (Microscopium)
കുഴൽത്തലയൻ (Telescopium)
മയിൽ (Pavo)
വൃത്താഷ്ടകം (Octans)
സാരംഗം (Tucana)
ബകം (Grus)
അക്ഷാംശം +15° നും −90° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഇൻഡസ് എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽനിന്നു നോക്കുമ്പോൾ ഒക്ടോബർമാസത്തിൽ കിഴക്കുദിശയിലായി കാണപ്പെടുന്നു. 11.82 പ്രകാശവർഷം ദൂരത്തിലായി സ്ഥിതി ചെയ്യുന്ന എപ്സിലോൺ ഇൻഡി ഈ നക്ഷത്രഗണത്തിലാണ്. സെപ്തംബറിൽ ഇതു വ്യക്തമായി കാണാൻ കഴിയും. ഇതിൽ കൂടുതലും മങ്ങിയ നക്ഷത്രങ്ങളാണ്. 1598-ന്റെ തുടക്കത്തിൽ പെട്രസ് പ്ലാൻഷ്യസ് മാപ്പ് ചെയ്‌ത തെക്കൻ ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാണ് സിന്ധു. 1603-ൽ ബേയറിന്റെ ആകാശമാപ്പായ യൂറാനോമെട്രിയയിലെ തെക്കൻ നക്ഷത്രസമൂഹങ്ങളെ ചിത്രീകരിക്കുന്ന ഒരു ഫലകത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമധ്യരേഖയിൽ നിന്ന് നിരീക്ഷിക്കുന്നവർക്ക് ദക്ഷിണായനരേഖക്ക് തെക്ക് ത്രികോണാകൃതിയിൽ ഇതിനെ കാണാൻ കഴിയും.

നക്ഷത്രങ്ങൾ

ഇതിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫ ഇൻഡിയുടെ കാന്തിമാനം 3.1 ആണ്. ഭൂമിയിൽ നിന്നും 101 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം ഒരു ഓറഞ്ച് ഭീമനാണ്. 3.7 കാന്തിമാനമുള്ള മറ്റൊരു ഓറഞ്ച് ഭീമനാണ് ബീറ്റ ഇൻഡി. ഇത് ഭൂമിയിൽ നിന്നും 600 പ്രകാശവർഷം അകലെയാണുള്ളത്. ഭൂമിയിൽ നിന്ന് 185 പ്രകാശവർഷം അകലെയുള്ള വെളുത്ത നക്ഷത്രമാണ് ഡെൽറ്റ ഇൻഡി. ഇതിന്റെ കാന്തിമാനം 4.4 ആണ്. ഇവ മൂന്നും ചേർന്ന് നല്ലൊരു മട്ടത്രികോണം രൂപീകരിക്കുന്നു.

ഏകദേശം 11.8 പ്രകാശവർഷം അകലെയുള്ള എപ്സിലോൺ ഇൻഡി ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രങ്ങളിലൊന്നാണ്. ഇത് 4.7 കാന്തിമാനമുള്ള ഓറഞ്ച് കുള്ളനാണ്. അതായത് സൂര്യനെക്കാൾ അൽപ്പം ചൂടും വലുപ്പവും കൂടുതലുണ്ട്.[2] ഈ സംവിധാനത്തിൽ ഒരു ജോടി തവിട്ടുകുള്ളൻ ദ്വന്ദ്വനക്ഷത്രങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സെറ്റി പഠനങ്ങളിൽ വളരെക്കാലമായി ഇത് ഒരു പ്രധാന നക്ഷത്രമായി ഉൾപ്പെട്ടിട്ടുണ്ട്.[3][4] നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ തിരിച്ചറിയാൻ കഴിയുന്ന സ്വാഭാവികചലനമുള്ള നക്ഷത്രങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്. 2640-ൽ ഇത് സാരംഗം നക്ഷത്രരാശിയിലേക്ക് മാറും. ഇത് ആൽഫയ്ക്കും ബീറ്റയ്ക്കും ഇടയിൽ കാണപ്പെടുന്നു.

ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയുള്ള തീറ്റ ഇൻഡി ചെറിയ അമച്വർ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചു തന്നെ വേർതിരിച്ചു കാണാൻ കഴിയുന്ന ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ പ്രാഥമികനക്ഷത്രം 4.5 കാന്തിമാനമുള്ളതും രണ്ടാമത്തേത് 7.0 കാന്തിമാനമുള്ളതുമായ വെള്ള നക്ഷത്രങ്ങളാണ്.[2] ഇത് സിന്ധുവിന്റെ ഏറ്റവും തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളായ ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവയാൽ രൂപപ്പെടുന്ന മട്ടത്രികോണത്തിന്റെ കർണ്ണത്തിന് അടുത്താണ്.

സിന്ധുവിലെ തിളക്കമുള്ള ഏക ചരനക്ഷത്രമാണ് ടി ഇൻഡി. ഈ ചുവപ്പുഭീമൻ ഒരു അർദ്ധചരനക്ഷത്രമാണ്. 1900 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 11 മാസം കൊണ്ട് 7നും 5നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[2]

വിദൂരാകാശവസ്തുക്കൾ

NGC 7038 , NGC 7049 , NGC 7090 എന്നീ താരാപഥങ്ങളാണ് ഇതിലുള്ളത്.

2015 - ൽ സൂപ്പർനോവയ്‌ക്കായുള്ള (ASAS-SN) ആകാശസർവേയിൽ SN 2015 L എന്ന സൂപ്പർനോവ കണ്ടെത്തി. പെക്കിംഗ് യൂണിവേഴ്‌സിറ്റിയിലെ കാവ്‌ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിലെ (KIAA) സുബോ ഡോംഗും സംഘവും കണ്ടെത്തിയ ഈ സൂപ്പർനോവ ഇതുവരെ കണ്ടെത്തിയവയേക്കാൾ ഏകദേശം ഇരട്ടി തിളക്കമുള്ളതായിരുന്നു. കൂടാതെ തിളക്കം ഏറ്റവും കൂടുതലുണ്ടായിരുന്ന സമയത്ത് ആകാശഗംഗയേക്കാൾ 50 മടങ്ങ് പ്രകാശമാനമായിരുന്നു ഇത്. അതിലേക്കുള്ള ദൂരം ഏകദേശം 382 കോടി പ്രകാശവർഷമാണ്.[5]

ചരിത്രം

പീറ്റർ ഡിർക്‌സൂൺ കീസർ , ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങൾ ഉപയോഗിച്ച് സാമാന്യം വലിയ ആകാശഗ്ലോബ് ഉണ്ടാക്കിയ പെട്രസ് പ്ലാൻഷ്യസ് ആണ് ഈ നക്ഷത്രസമൂഹം സൃഷ്ടിച്ചത് .[2] 1603-ൽ ജോഹാൻ ബേയറുടെ യുറനോമെട്രിയയിലായിരുന്നു ഈ നക്ഷത്രസമൂഹത്തിന്റെ ആദ്യ ചിത്രീകരണം.[6][7] ഒരു കയ്യിൽ മൂന്ന് ശരങ്ങളും മറ്റേ കയ്യിൽ ഒരു ശരവും പിടിച്ചു നിൽക്കുന്ന ആവനാഴിയും വില്ലുമില്ലാത്ത നഗ്നനായ ഒരു പുരുഷന്റെ രൂപമായാണ് ഇതിൽ ഈ രാശിയെ ചിത്രീകരിച്ചിരിക്കുന്നത്.[8] 1598-ൽ ആദ്യമായി കീസറും ഡി ഹൗട്ട്മാനും അവതരിപ്പിച്ച പന്ത്രണ്ട് നക്ഷത്രരാശികളിൽ ഒന്നാണിത്.

അവലംബം

  1. Anonymous (February 3, 2007). "Meteor Showers". American Meteor Society. Retrieved 2008-05-07. {cite web}: Check date values in: |date= (help)
  2. 2.0 2.1 2.2 2.3 Ridpath & Tirion 2001, pp. 162–163.
  3. Burnham, Robert; Luft, Herbert A. (1978). Burnham's Celestial Handbook: An Observer's Guide to the Universe Beyond the Solar System. Courier Dover Publications. ISBN 0-486-23568-8.
  4. Lawton, A. T. (1975). "CETI from Copernicus". Spaceflight. 17: 328–330. Bibcode:1975SpFl...17..328L.
  5. Carnegie Institution for Science (January 14, 2016). "Most-luminous supernova ever discovered". phys.org. Retrieved January 15, 2016.
  6. Bakich, Michael E. (1995). The Cambridge Guide to the Constellations. Cambridge University Press. ISBN 0-521-44921-9.
  7. Sawyer Hogg, Helen (1951). "Out of Old Books (Pieter Dircksz Keijser, Delineator of the Southern Constellations)". Journal of the Royal Astronomical Society of Canada. 45: 215. Bibcode:1951JRASC..45..215S.
  8. Allen, Richard Hinckley (1963). Star Names, Their Lore and Meaning. New York: Dover Publications. ISBN 0-486-21079-0.