സ്വദേശി പ്രസ്ഥാനം

"ചർക്കയിലും സ്വദേശിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക" എന്ന മുദ്രാവാക്യത്തോടെ 1930-കളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി രൂപംകൊണ്ട ഒരു ബഹുജന മുന്നേറ്റമാണ് സ്വദേശി പ്രസ്ഥാനം (ഇംഗ്ലീഷ്: Swadeshi movement). ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ വസ്തുക്കളുടെ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുകയും ചെയ്യുകവഴി ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി പ്രസ്ഥാനം നിലവിൽ വന്നത്.[1]

'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി 1905-ൽ ബംഗാളിനെ വിഭജിക്കുവാനുള്ള കഴ്സൺ പ്രഭുവിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും അതുവഴി ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ചെയ്തു. 1905 ഓഗസ്റ്റ് 7-ന് സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.[1] ബംഗാളിലെങ്ങും ബ്രിട്ടീഷ് വസ്തുക്കളുടെ ബഹിഷ്കരണവും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശക്തമായി. സർക്കാർ ഉദ്യോഗസ്ഥർ ജോലി ഉപേക്ഷിച്ചു. കുട്ടികൾ പോലും ആവേശത്തോടെ ഈ പ്രസ്ഥാനത്തിൽ അണിചേർന്നു. ബംഗാളിൽ ആരംഭിച്ച മുന്നേറ്റം വൈകാതെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു.

ഗോപാല കൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിബിൻ ചന്ദ്ര പാൽ, അരവിന്ദ ഘോഷ്, വി.ഓ. ചിദമ്പരം പിള്ള, ബാബു ഗേനു എന്നിങ്ങനെ നിരവധി പേർ സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം നൽകി.[1] ബ്രിട്ടനോടുള്ള അമർഷം ദേശസ്നേഹത്തിലേക്കു നയിച്ചതോടെ എല്ലാ മേഖലകളിലും സ്വദേശി വികാരം ശക്തിപ്പെട്ടു. ഇന്ത്യൻ കൈത്തറി സാധനങ്ങൾ, സോപ്പു നിർമ്മാണ കമ്പനികൾ, തീപ്പെട്ടി നിർമ്മാണ കമ്പനികൾ, തുണി മില്ലുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഇക്കാലത്ത് പ്രവർത്തനം ആരംഭിച്ചു. ദേശസ്നേഹ പ്രചോദിതമായ ഈ പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുപ്രധാന മുന്നേറ്റമായി മാറി.[1] 1911-ൽ ബ്രിട്ടീഷുകാർ ബംഗാൾ വിഭജനം പിൻവലിക്കുന്നതു വരെ പ്രതിഷേധ പരിപാടികൾ തുടർന്നു. സ്വദേശി പ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് സ്വരാജ് (സ്വയംഭരണം) എന്ന മുദ്രാവാക്യം ഉയർന്നുവന്നത്. സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം ആയി ആചരിക്കുന്നു.[2] [3]

ആദ്യരൂപം

1871 - 1872 കാലഘട്ടത്തിൽ സിഖ് നാമധാരികളുടെ നേതാവായിരുന്ന ബാബാ രാം സിങ്ങ് ആണ് സ്വദേശി മുന്നേറ്റത്തിനു തുടക്കം കുറിച്ചതെന്നു പറയാം.[4][5] സ്വദേശി വസ്ത്രങ്ങൾ ധരിക്കുവാനും ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുവാനും അദ്ദേഹം നാമധാരികളോട് ആവശ്യപ്പെട്ടു.[6][7]

ബംഗാൾ വിഭജനവും സ്വദേശി മുന്നേറ്റവും

1905-ൽ ബ്രിട്ടീഷ് വൈസ്രോയി കഴ്സൺ പ്രഭു ബംഗാൾ വിഭജിക്കുവാൻ തീരുമാനിച്ചതു മുതൽ ജനരോഷം ശക്തമായി തുടങ്ങി. ബംഗാളിലെ മുസ്ലീങ്ങളും ഹിന്ദുക്കളും ഐക്യത്തോടെ കഴിയുകയാണെങ്കിൽ അവർ സംഘടിച്ച് സർക്കാരിനെതിരെ യുദ്ധം ചെയ്യുമെന്നും അതുവഴി അധികാരം ദുർബലമാകുമെന്നും ബ്രിട്ടീഷുകാർ മനസ്സിലാക്കി. അതുകൊണ്ട് ബംഗാളിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ചു നിർത്തി തങ്ങളുടെ അധികാരം സുരക്ഷിതമാക്കുവാൻ അവർ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം മനസ്സിലാക്കിയ ബംഗാളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചും പ്രതിഷേധിക്കുവാൻ ജനങ്ങളോട് സ്വദേശി പ്രസ്ഥാനം ആഹ്വാനം ചെയ്തു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ സംഘടിക്കുകയും വിദേശ വസ്ത്രങ്ങളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. വിദേശ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉപരോധിക്കപ്പെട്ടു. ബംഗാളിൽ ആരംഭിച്ച സ്വദേശി മുന്നേറ്റം ക്രമേണ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.

വിദേശ വസ്തുക്കളുടെ ബഹിഷ്കരണത്തിനു ശേഷം

വിദേശ വസ്ത്രങ്ങളുടെ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് 1921 ജൂലൈ 30-ന് ദ ബോംബെ ക്രോണിക്കിൾ പത്രത്തിൽ വന്ന വാർത്ത

സ്വദേശി പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ വിദേശ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കു ക്ഷാമം നേരിട്ടു. അതോടെ ഇന്ത്യയിൽ തന്നെ അവ ഉൽപ്പാദിപ്പിക്കുവാൻ വ്യവസായികൾ നിർബന്ധിതരായി. ബോംബെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലേതുൾപ്പടെ രാജ്യത്തെ വിവിധ തുണിമില്ലുകൾ വൻതോതിൽ സ്വദേശി വസ്ത്രങ്ങൾ ഉൽപ്പാദിപ്പിച്ചു തുടങ്ങി. സാഹചര്യം മുതലാക്കി വൻലാഭം കൊയ്തെടുത്ത മുതലാളിമാരും അക്കാലത്തുണ്ടായിരുന്നു.

വിദ്യാർത്ഥികളുടെ പിന്തുണ

സ്വദേശി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു വിദ്യാർത്ഥികൾ നൽകിയ സംഭാവനകൾ ചെറുതല്ല. വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും സ്വദേശി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പോലുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്നും അവർക്കു സർക്കാർ സർവീസിൽ പ്രവേശനം നൽകില്ലെന്നും ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു. സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് തെരുവിലിറങ്ങരുതെന്നും ഭരണകൂടം ഉത്തരവിറക്കി. ബ്രിട്ടീഷുകാരടെ ഉത്തരവ് ലംഘിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥികൾ തെരുവിലിറങ്ങി സ്വദേശി പ്രസ്ഥാനത്തിൽ അണിചേർന്നു.

പ്രചരണം

പത്രമാധ്യമങ്ങളെല്ലാം സ്വദേശി പ്രസ്ഥാനത്തിനു പിന്തുണ നൽകി. ബ്രിട്ടനെ നിഷിധമായി വിമർശിച്ചുകൊണ്ടും ജനങ്ങളോടു സ്വദേശി പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തും അവർ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

ബ്രിട്ടീഷുകാരുടെ പ്രതികരണം

സ്വദേശി പ്രസ്ഥാനത്തെ തകർക്കുവാൻ ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. സംഘടിക്കുന്ന ജനങ്ങൾക്കു നേരെ പോലീസ് അതിക്രമങ്ങളുണ്ടായി. ജനങ്ങളിൽ ദേശസ്നേഹം വളരാതിരിക്കുവാൻ 'വന്ദേമാതരം' പോലുള്ള ഗാനങ്ങൾ നിരോധിച്ചു. സ്വദേശി അനുകൂലികളെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികളുണ്ടായി. സ്വദേശി നേതാക്കളെ ജയിലിലടച്ചു.

സ്വദേശി പ്രസ്ഥാനത്തിന്റെ സ്വഭാവം

സ്വദേശി പ്രസ്ഥാനം ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധം മാത്രമായിരുന്നില്ല. ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങളും മറ്റും ബഹിഷ്കരിക്കുക വഴി ബ്രിട്ടീഷ് ജനതയെയും സർക്കാരിനെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുക, തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. ജനങ്ങളിൽ ദേശസ്നേഹം വളർത്തിയെടുക്കുക വഴി ബ്രിട്ടീഷുകരോട് നിസ്സഹകരണ മനോഭാവം രൂപപ്പെടുത്തിയെടുക്കുവാനും സ്വദേശി പ്രസ്ഥാനത്തിനു സാധിച്ചു.

അഞ്ചു ഘട്ടങ്ങൾ

എൽ.എം. ഭോലെയുടെ അഭിപ്രായ പ്രകാരം ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തെ അഞ്ച് കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.[8]

  • 1850 മുതൽ 1904 വരെ: ദാദാഭായ് നവറോജി, ഗോഖലെ, റാനഡെ, തിലക്, ജി.വി. ജോഷി, ബസ്വന്ത് കെ. നിഗോനി എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒന്നാം സ്വദേശി മുന്നേറ്റം.
  • 1905 മുതൽ 1917 വരെ: 1905-ൽ കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടത്തിയപ്പോൾ ആരംഭിച്ച രണ്ടാം സ്വദേശി മുന്നേറ്റം
  • 1918 മുതൽ 1947 വരെ: ഇന്ത്യൻ വ്യവസായികളോടൊപ്പം ഗാന്ധിജി രൂപം നൽകിയ സ്വദേശി ആശയം.
  • 1948 മുതൽ 1991 വരെ: ലൈസൻസ് പെർമിറ്റ് രാജ് കാലഘട്ടം
  • 1991 മുതൽ: പുത്തൻ സാമ്പത്തികനയവും ആഗോളവൽക്കരണവും.[9][10]

1905-ൽ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പാക്കിയതോടെയാണ് രണ്ടാം സ്വദേശി മുന്നേറ്റം ആരംഭിച്ചത്. ഇത് 1911 വരെ തുടർന്നു. ഗാന്ധിയൻ മുന്നേറ്റത്തിനു മുമ്പുള്ള ഏറ്റവും വിജയകരമായ മുന്നേറ്റമായാണ് സ്വദേശി പ്രസ്ഥാനത്തെ കണക്കാക്കുന്നത്. സ്വരാജ് അഥവാ സ്വയംഭരണത്തിന്റെ ആത്മാവ് എന്നാണ് ഗാന്ധിജി സ്വദേശി ആശയത്തെ വിശേഷിപ്പിച്ചത്. ബംഗാളിൽ ആരംഭിച്ച ഈ മുന്നേറ്റം വൈകാതെ തന്നെ രാജ്യമെങ്ങും വ്യാപിച്ചു. ബംഗാളിൽ ഈ മുന്നേറ്റത്തെ വന്ദേമാതര മുന്നേറ്റം എന്നും വിളിച്ചിരുന്നു.

അവലംബം

  • E. F. Schumacher, author of Small is Beautiful, was influenced by Gandhi's concept of Swadeshi when he wrote his article on Buddhist economics[11]
  • Satish Kumar, editor of Resurgence, has preaching, including a section in his book You Are, Therefore I Am (2002).

കുറിപ്പുകൾ

  1. 1.0 1.1 1.2 1.3 "അധ്യായം 6: ഇന്ത്യൻ ദേശീയപ്രസ്ഥാനം". സാമൂഹ്യശാസ്ത്രം പാഠപുസ്തകം, 8-ാം ക്ലാസ്. കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ്. 2011. p. 73.
  2. 'National Handloom Day: 80% of the weavers house Area goes for the loom:Modi, Weave new designs:PM', The Hindu, Trivandrum, 2015 ഓഗസ്റ്റ് 8, പേജ്-13
  3. 'ലോകത്തിനു മുമ്പിൽ ഇന്ത്യ ഹാൻഡ്‌ലൂം', മലയാള മനോരമ, കൊല്ലം, 2015 ഓഗസ്റ്റ് 8, പേജ്-14
  4. Anjan, Tara; Rattan, Saldi (2016). Satguru Ram Singh and the Kuka MovementVEMENT. New Delhi: Publications Division Ministry of Information & Broadcasting. ISBN 9788123022581.
  5. McLeod, W. H.; French, Louis (2014). Historical Dictionary of Sikhism. Rowman & Littlefield. p. 261. ISBN 9781442236011.
  6. Clarke, Peter (2004). Encyclopedia of New Religious Movements. Oxon: Routledge. p. 425. ISBN 9781134499700.
  7. Kaur, Manmohan (1985). Women in India's freedom struggle. Sterling. p. 76.
  8. [L. M. Bhole, Essays on Gandhian Socio-Econic, Shipra Publications, Delhi, 2000. Chapter 14: Swadeshi: Meaning and Contemporary Relevance]
  9. MINISTRY of AYUSH Letter-https://drive.google.com/open?id=0B-AY8yyuVlsOWWdkVEQ3Nmx3R0E
  10. Swadeshi Movement. "The Third Swadeshi Abhiyan Started in 20th century and the movement is continues. the main faces of the movement". Swadeshi Movement. Archived from the original on 2020-11-26. Retrieved August 15, 2009.
  11. Weber, Thomas (May 1999). "Gandhi, Deep Ecology, Peace Research and Buddhist Economics". Journal of Peace Research. 36 (3): 349–361. doi:10.1177/0022343399036003007.

കൂടുതൽ വായനയ്ക്ക്

  • Bandyopadhyay, Sekhar. From Plassey to Partition - A History of Modern India (2004) pp 248–62
  • Das, M. N. India Under Morley and Minto: Politics Behind Revolution, Revolution and Reform (1964)
  • Gonsalves, Peter. Clothing for Liberation, A Communication Analysis of Gandhi's Swadeshi Revolution, SAGE, (2010)
  • Gonsalves, Peter. Khadi: Gandhi's Mega Symbol of Subversion, SAGE, (2012)
  • Trivedi, Lisa. "Clothing Gandhi's Nation: Homespun and Modern India", Indiana University Press, (2007)
  • Trivedi, Lisa N. (February 2003). "Visually Mapping the 'Nation': Swadeshi Politics in Nationalist India, 1920-1930". The Journal of Asian Studies. 62 (1). Association for Asian Studies: 11–41. doi:10.2307/3096134. JSTOR 3096134.