ജീവകം സി


ജീവകം സി
Clinical data
Other namesL-ascorbate
Pregnancycategory
  • A
Routes ofadministrationoral
ATC code
Legal status
Legal status
  • general public availability
Pharmacokinetic data
Bioavailabilityrapid & complete
Protein bindingnegligible
Elimination half-life30 minutes
Excretionrenal
Identifiers
IUPAC name
  • 2-oxo-L-threo-hexono-1,4- lactone-2,3-enediol
    or
    (R)-3,4-dihydroxy-5-((S)- 1,2-dihydroxyethyl)furan-2(5H)-one
CAS Number
PubChem CID
E numberE300 (antioxidants, ...) വിക്കിഡാറ്റയിൽ തിരുത്തുക
CompTox Dashboard (EPA)
ECHA InfoCard100.000.061 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC6H8O6
Molar mass176.14 grams per mol g·mol−1
Melting point190- തൊട്ട് 192 °C (374- തൊട്ട് 378 °F) decomposes
  (verify)

വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണു് ജീവകം സി (എൽ. അസ്കോർബിക് അമ്ലം).

അസ്കോർബിക് അമ്ലത്തിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും ചയാപചയത്തിനു(metabolism) അവശ്യമായ ഘടകമാണ്. ഭൂരിഭാഗം ജീവികൾക്കും സ്വന്തമായി ഈ ജീവകം നിർമ്മിക്കാനുള്ള കഴിവുണ്ടു് [1] . എന്നാൽ ചില മീനുകൾ പക്ഷികൾ, വവ്വാലുകൾ, ഗിനിപ്പന്നികൾ, കുരങ്ങന്മാർ, മനുഷർ തുടങ്ങിയ ജീവിവർഗങ്ങൾക്കു ഈ ജീവകം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ചു് ഒരാൾക്ക് , ദിവസേന 45 മില്ലീഗ്രാം ജീവകം സി ആവശ്യമുണ്ട്.[2].

ജീവകം സി യുടെ കുറവു മൂലം ഉണ്ടാവുന്ന രോഗമാണു് സ്കർവി.[3]

സ്രോതസ്സുകൾ

നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരങ്ങ വർഗത്തിലുള്ള ഫലങ്ങളിലും, മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക തുടങ്ങിയവയിലും ഇലക്കറികളിലും അസ്കോർബിക് അമ്ലം സുലഭമായുണ്ട്. കൈതച്ചക്ക, തണ്ണിമത്തൻ, പപ്പായ, ഏത്തപ്പഴം, കോളിഫ്ളവർ, ചേമ്പ്, ഉള്ളി, വെളുത്തുള്ളി, കുരുമുളക്, മുളക് എന്നിവയിലും ജീവകം സി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, വാഴപ്പഴം, കാരറ്റ്, ആപ്പിൾ തുടങ്ങിയവയിൽ ഈ ജീവകത്തിന്റെ അളവ് താരതമ്യേന കുറവാണ്. പശുവിൻ പാലിലുള്ളതിനെക്കാൾ മൂന്നോ നാലോ ഇരട്ടി അസ്കോർബിക് അമ്ളം മനുഷ്യ സ്തന്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലും മാംസത്തിലും എണ്ണയിലും ഈ ജീവകം അടങ്ങിയിട്ടില്ല. വേവിച്ച ഭക്ഷണ പദാർഥങ്ങളിൽ അടങ്ങിയിട്ടില്ലാത്ത ജീവകവുമാണിത്.

മനുഷ്യരിൽ

ആഹാരത്തിലൂടെ ലഭ്യമാകുന്ന ജീവകം സി മനുഷ്യ ശരീരത്തിൽ അധിവൃക്ക ഗ്രന്ഥി (supra renal gland), പിറ്റ്യൂട്ടറി ഗ്രന്ഥി, വൃക്കകൾ, കരൾ, അണ്ഡാശയം, കണ്ണ് മുതലായ സ്ഥലങ്ങളിൽ സംഭരിക്കപ്പെടുന്നു. അധികമായി വ്യായാമം ചെയ്യുമ്പോഴും തളർച്ച മുതലായവ ബാധിക്കുമ്പോഴുമാണ് ജീവകം സി ഉപയോഗിക്കപ്പെടുന്നത്.

ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നതു് മീസെൻകൈമൽ (mesenchymal) കലകളുടെ പ്രവർത്തനശേഷിയെയാണ്. തന്മൂലം കൊളാജൻ, ഡെൻറീൻ, ഓസ്റ്റിയോയ്ഡ് (osteoid)ബന്ധകവസ്തുക്കൾ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി രക്തധമനികൾ പൊട്ടാനിടയാകുന്നു. പല്ലുകൾ ഇളകി കൊഴിയും, മോണയിൽ നിന്നു രക്തം വരും, സന്ധികൾക്കു് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം സ്കർവി (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. സ്കർവി രോഗം ബാധിക്കാതിരിക്കാൻ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം. ക്ഷീണം, തളർച്ച, സാംക്രമിക രോഗങ്ങളുടെ പകർച്ച എന്നിവ തടയാനും ഇതു സഹായകമാണു്. മുറിവുകൾ ഉണങ്ങാനും ഇതു സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു, രക്തക്കുഴലുകൾ വികസിതമായിരിക്കാൻ സഹായിക്കുന്നതിനാൽ അധിക രക്തസമ്മർദ്ദവും ഹൃദ്രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കുന്നു. കണ്ണിനെ തിമിരരോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു; പ്രമേഹരോഗികൾക്കു കണ്ണിന്റെയും വൃക്കകളുടെയും നാഡികൾക്കുണ്ടാകുന്ന നാശം ഒഴിവാക്കുന്നു; രക്തത്തിലെ ഈയ(lead)ത്തിന്റെ അളവു കുറയ്ക്കുന്നു; ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.

ശിശുക്കൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായം ചെന്നവർക്കും ജീവകം സി കൂടുതൽ ആവശ്യമാണ് . അമോണിയം ക്ലോറൈഡുപോലെയുള്ള ചില ഔഷധങ്ങൾ സേവിക്കുമ്പോൾ ഈ ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ ഇത്തരം ഔഷധങ്ങളുപയോഗിക്കുന്നവർ കൂടിയ അളവിൽ ജീവകം സി കഴിക്കണം. വിളർച്ചയ്ക്കു ചികിത്സിക്കാൻ ഫോളിക് അമ്ലവുമായി കലർത്തി ഇതു നല്കി വരുന്നു. പൊള്ളലേല്ക്കുന്നവർക്ക് ഇത് ഔഷധമായി നല്കാറുണ്ട്. അധിമാത്രയിൽ ഇത് നല്കേണ്ട അവസ്ഥയിൽ സാന്ദ്രീകൃതരൂപത്തിൽ ഉള്ളിൽ കഴിക്കാനോ കുത്തിവയ്പു വഴിയോ കൊടുക്കുന്നു.

ഒരു നല്ല ആന്റി ഓക്സിഡന്റായതിനാൽ അർബുദജന്യ പദാർത്ഥങ്ങളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ ഇത് സഹായകമാണ്. ടൈറോസിൻ ഉപാപചയത്തിലും ഫോളിക് അമ്ലം - ഫോളിനിക് അമ്ലം പരിവർത്തനത്തിലും അസ്കോർബിബിക് അമ്ലത്തിനു പങ്കുണ്ട്.

അവലംബം

  1. Elwood, McCluskey. "Which Vertebrates Make Vitamin C?".
  2. "Vitamin and mineral requirements in human nutrition, 2nd edition" (PDF). World Health Organization. 2004. Archived from the original (PDF) on 2007-11-29. Retrieved 2010-01-23.
  3. "നെല്ലിക്ക - KARSHIKA KERALAM". കാർഷിക കേരളം. Archived from the original on 2009-01-25. Retrieved 2010-01-23.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജീവകം സി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.