ജെഫ്രി ചോസർ
ജെഫ്രി ചോസർ | |
---|---|
ജനനം | 1343 |
മരണം | ഒക്ടോബർ 25, 1400 |
തൊഴിൽ | എഴുത്തുകാരൻ, കവി, തത്വചിന്തകൻ, ബ്യൂറോക്രാറ്റ്, നയതന്ത്രജ്ഞൻ |
ദേശീയത | ഇംഗ്ലീഷ് |
ഇംഗ്ലീഷ് ഭാഷയിൽ രചന നടത്തിയ ആദ്യത്തെ പ്രധാന കവി [1] എന്നതിനു പുറമേ തത്ത്വചിന്തകനും, സർക്കാർ സേവകനും നയതന്ത്രജ്ഞനും ആയിരുന്നു ജെഫ്രി ചോസർ (1343? – ഒക്ടോബർ 25, 1400). കാന്റർബറി റ്റേൽസ് എന്ന വിഖ്യാത കഥാസമാഹാരത്തിന്റെ രചയിതാവാണ് അദ്ദേഹം. ഇംഗ്ലീഷ് കവിതയുടെ പിതാവെന്ന് ചോസർ വിശേഷിക്കപ്പെടുന്നു.
ജനനം, വിദ്യാഭ്യാസം
ചോസർ എന്ന പേരിനർഥം ചെരുപ്പുകുത്തി എന്നാണെങ്കിലും അച്ഛനും മുത്തച്ഛനും ലണ്ടണിൽ വീഞ്ഞുവിൽപ്പനക്കാരായിരുന്നു. ലണ്ടണിലെ താരതമ്യേന സമ്പന്നനായ വീഞ്ഞുവ്യാപാരി ജോൺ ചോസറുടേയും ഭാര്യ ആഗ്നസിന്റേയും പുത്രനായിരുന്നു ചോസർ. കൃത്യമായ ജനനവർഷം ഉറപ്പില്ല. ചോസറുടെ വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. ഇന്നർ റ്റെമ്പിൾ എന്ന സ്ഥലത്ത് അദ്ദേഹം നിയമം പഠിച്ചിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. കലാലയ പരിശീലനം ലഭിച്ചോ എന്നു നിശ്ചയമില്ലെങ്കിലും, ചോസറുടെ കൃതികൾ പ്രകടമാക്കുന്ന വിപുലമായ അറിവിൽ നിന്ന്, അദ്ദേഹത്തിനു നല്ല വിദ്യാഭ്യാസം ലഭിച്ചുവെന്ന് അനുമാനിക്കാം. ഇംഗ്ലീഷ് കൂടാതെ, ലത്തീൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ അദ്ദേഹത്തിനു വശമായിരുന്നു.[2] അക്കാലത്തെ തത്ത്വവീക്ഷണങ്ങളുമായും, മത-രാഷ്ട്രീയ ചിന്തകളുമായും നല്ല പരിചയം ചോസറുടെ കൃതികൾ കാണിക്കുന്നുണ്ട്. അപ്പോക്രിഫയിലേതടകം ബൈബിളിലെ എല്ലാ ഗ്രന്ഥങ്ങളിലും ചോസർക്ക് അവഗാഹമുണ്ടായിരുന്നു.
രാജസേവനം, സൈനികദൗത്യം, തടവ്
ചോസർ കുടുംബത്തിന് രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്നു. ബാലനായ ജെഫ്രി ചോസർ എഡ്വേർഡ് മൂന്നാമൻ രാജാവിന്റെ മകന്റെ ഭാര്യ എലിസബത്തിന്റെ പരിചാരകനായി നിയമിക്കപ്പെട്ടു.[3] ചോസർ പരാമർശിക്കപ്പെടുന്ന ആദ്യത്തെ രേഖ, യജമാനത്തിയുടെ വീട്ടിലെ കണ്ക്കുപുസ്തകമാണ്. അതനുസരിച്ച് 1357-ൽ അവർ ചോസർക്ക് ഒരു ചെറിയ മേൽക്കുപ്പയവും, ഒരു ജോഡി ചെരുപ്പുകളും ചുവപ്പും കറുപ്പും നിറങ്ങളുള്ള ഏതാനും കാലുറകളും വാങ്ങിക്കൊടുത്തു. അക്കാലത്ത് ഏതു യുവാവും കൊതിക്കുന്ന ഒരു ജോലിയായിരുന്നു അത്തരം പരിചാരകസ്ഥാനം. രാജകുടുംബവുമായുള്ള ഈ സഹവാസം ചോസറെ അഭിജാതവർഗത്തിന്റെ മര്യാദകളും ആചാരവിധികളുമായി പരിചയപ്പെടുത്തിയിട്ടുണ്ടാകാം എന്നും വായനക്കരെ ഏറ്റവും ഉപചാരപൂർവം സമീപിക്കുന്ന ഇംഗ്ലീഷ് എഴുത്തുകാരനാണ് അദ്ദേഹമെന്നതിന്റെ രഹസ്യം അതാവാം എന്നും ചൂൺടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4] ഇംഗ്ലണ്ടും ഫ്രാൻസുമായുള്ള നൂറ്റാണ്ടുയുദ്ധം (Hundred Years' War) നടക്കുന്ന സമയമായിരുന്നു അത്. 1359-ൽ ചോസർ, ഇംഗ്ലണ്ട് ഇടക്കിടെ ഫ്രാൻസിലേക്ക് അയച്ചിരുന്ന ആക്രമണസംഘങ്ങളിലൊന്നിൽ അംഗമാവുകയും ഫ്രാൻസിൽ തടവിലാക്കപ്പെടുകയും ചെയ്തു. രാജാവിന്റെ സംഭാവനയായ 16 പൗണ്ട് കൂടി ഉൾപ്പെട്ട മോചനദ്രവ്യം കൊടുത്ത് 1360-ൽ അദ്ദേഹത്തെ മോചിപ്പിച്ചു. ഫ്രാൻസിൽ വച്ച് അദ്ദേഹം ഫ്രഞ്ച് സാഹിത്യവുമായി പരിചയത്തിലായി എന്നു കരുതപ്പെടുന്നു.
വിവാഹം
1366-ൽ ചോസർ വിവാഹിതനായി. ഫിലിപ്പാ റോയറ്റ് ആയിരുന്നു വധു. രാജ്ഞിയുടെ സഹായി ആയിരുന്നു അവർ. അവർക്ക് മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു. ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികളിലെ തണുപ്പൻ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ, ചോസറുടെ ദാമ്പത്യം അത്ര സന്തോഷപ്രദമായിരുന്നിരിക്കില്ല എന്നു പലരും അനുമാനിക്കുന്നുണ്ടു്. ഫിലിപ്പാ 1387-നടുത്ത് മരിച്ചു എന്നു കരുതപ്പെടുന്നു.
നയതന്ത്രദൗത്യങ്ങൾ
ഇതിനിടെ1367-നും 1378-നും ഇടക്ക് ചോസർ വിദേശത്തുള്ള നയതന്ത്രദൗത്യങ്ങൾക്ക് പലവട്ടം നിയോഗിക്കപ്പെട്ടു. ഇറ്റലിയിലേക്കുള്ള ഇത്തരം യാത്രകളിലൊന്നിൽ 1372-73-ൽ അദ്ദേഹം ഇറ്റാലിയൻ സാഹിത്യകാരന്മാരായ പെട്രാർക്കിനെയും ജിയോവാനി ബൊക്കേച്ചിയോയെയും കണ്ടിരിക്കാമെന്നു കരുതപ്പെടുന്നു.
സർക്കാർ സേവനം
അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിച്ച് ഭരണാധികാരികൾ ചോസർക്ക് പ്രത്യേകം അടിത്തൂണുകളും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു നൽകുകയും സ്വദേശത്തുതന്നെ പല സർക്കാർ തസ്തികകളിലും നിയമിക്കുകയും ചെയ്തു. 1374-ൽ ലണ്ടൺ തുറമുഖത്തിന്റെ കസ്റ്റംസ് വിഭാഗത്തിന്റെ ധനകാര്യ മേൽനോട്ടക്കാരൻ (കംപ്ട്രോളർ) ആയി. 12 വർഷത്തോളം ഈ ജോലിയിൽ തുടർന്നു. 1386-ൽ അദ്ദേഹം കെന്റിൽ ക്രമസമാധാനപാലനത്തിനു ചുമതലക്കാരൻ(Justice of the Peace) ആയിരുന്നതിനൊപ്പം അവിടെനിന്നുള്ള പാർലമെന്റ് അംഗവുമായി. എന്നാൽ രഷ്ട്രീയസാചര്യങ്ങളിൻ വന്ന മാറ്റത്തെതുടർന്ന്, ആ വർഷം ഡിസംബർ മുതൽ സർക്കാർ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ചോസറുടെ ഔദ്യോഗികജീവിതത്തിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. ഭരണത്തിലെ സമവാക്യങ്ങൾ വീണ്ടും അനുകൂലമായതിനെത്തുടർന്ന് 1389-ൽ സർക്കാർ മരാമത്ത് പണികളുടെയും ലണ്ടണിൽ തേംസ് നദിയുടെ തീരം സംരക്ഷിക്കുന്നതിന്റേയും ചുമതലകൾ അദ്ദേഹത്തിനു ലഭിച്ചെങ്കിലും ഇത് അധികനാൾ നീണ്ടുനിന്നില്ല. 1390-ൽ സർക്കാർ ജോലിസംബന്ധമായി യാത്രചെയ്യുന്നതിനിടെ ഒരുദിവസം തന്നെ രണ്ടുവട്ടം അദ്ദേഹം കൊള്ളയടിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ട സർക്കാർവക പണം പണം തിരികെ അടക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും 1391-ൽ വീണ്ടും ചുമതലകളിൽ നിന്ന് വിരമിക്കപ്പെട്ടു. തുടർന്ന് പൊതുവിൽ സാമ്പത്തിക ഞെരുക്കത്തിന്റെ സമയമായിരുന്നു. 1386-ൽ ഔദ്യോഗികജീവിതത്തിന്റെ സുവർണ്ണകാലം കഴിഞ്ഞതിനുശേഷമുള്ള സമയമാണ് ചോസർ എഴുത്തിന് കൂടുതൽ സമയം കണ്ടെത്തി കാന്റർബറി കഥകളടക്കമുള്ള സ്മരണീയമായ രചനകളൊക്കെ നടത്തിയത് എന്നും പറയേണ്ടതുണ്ട്.[5]
മരണം
ഇടക്കു അനുവദിച്ചു കിട്ടിയ അടിത്തൂണിന്റേയും മറ്റും ബലത്തിൽ ചോസർ 1399-ൽ വെസ്റ്റ്മിനിസ്റ്ററിലെ സെയ്ന്റ് മൈക്കിൾസ് പള്ളിയുടെ തോട്ടത്തിൽ ഒരു താമസസ്ഥലം കണ്ടെത്തി. അവിടെ 1400 ഒൿടോബർ 25-ന് അദ്ദേഹം മരിച്ചു എന്നു കരുതപ്പെടുന്നു. ചോസർ കൊലചെയ്യപ്പെടുകയാണുണ്ടായത് എന്നും വാദമുണ്ട്. വെസ്റ്റ്മിനിസ്റ്റർ ആബിയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനത്തെ കേന്ദ്രീകരിച്ചാണ് അവിടത്തെ പ്രസിദ്ധമായ കവികളുടെ മൂല(Poet's Corner) പിന്നീട് വികസിച്ചത്. അതിന്റെ കേന്ദ്രസ്ഥാനത്താണ് ചോസറുടെ അന്ത്യവിശ്രമം.
ചോസറുടെ ഭാഷ
ഷേക്സ്പിയറിനും രണ്ടു നൂറ്റാണ്ടു മുൻപു ചോസർ ഉപയോഗിച്ച ഭാഷ ഇന്ന് പ്രയോഗത്തിലിരിക്കുന്ന ഇംഗ്ലീഷിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് പറയേണ്ടതുണ്ട്. വിദഗ്ദ്ധന്മാരല്ലാത്തവരിൽ, ഇംഗ്ലീഷ് സാമാന്യം നന്നായി അറിയാവുന്നവർക്കു പോലും, ചോസറുടെ കൃതികൾ ഇന്ന് മൊഴിമാറ്റം കൂടാതെ വായിച്ചാസ്വദിക്കുക ബുദ്ധിമുട്ടാണ്. കാന്റർബറികഥകളിൽ ഒരിടത്ത്, ഈ ലോകത്തിൽ ദുരിതത്തിന്റെ വീഥിയിലെ തീർഥാടകരാണ് നാമൊക്കെയെന്നും മരണം എല്ലാ ലൗകികദുഃഖങ്ങൾക്കും അറുതിവരുത്തുമെന്നും പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:- [6].
This world nys but a thurghfare ful of wo,
And we been pilgrymes, passing to and fro.
Deet is an end of every worldly soore
ഇന്നത്തെ ഇംഗ്ലീഷിൽ അതിന്റെ ഒരു പുനരാഖ്യാനം ഇങ്ങനെയാണ്:-
This world is but a thoroughfare of woe
And we are pilgrims passing to and fro.
Death is the end of every worldly sore.
രചനകൾ
ആദ്യകാല കഥകൾ
പതിമൂന്നാം നൂറ്റാണടിൽ എഴുതപ്പെട്ട റോസിന്റെ പ്രണയകഥ (Roman de la Rose) എന്ന ഫ്രെഞ്ച് കൃതി ചോസറെ വളരെ സ്വാധീനിച്ചിരുന്നു. ആ കൃതി അദ്ദേഹം പരിഭാഷപ്പെടുത്തി എന്നു പറയപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ചോസറുടെ പ്രധാനകൃതികളിൽ ആദ്യത്തേത് ഡച്ചിസിന്റെ പുസ്തകം (The Book of the Duchess) എന്ന കൃതിയാണ്. വളരെക്കാലം ചോസറുടെ പ്രധാന പ്രോത്സാഹകനായിരുന്ന ജോൺ ഗോണ്ടിന്റെ പത്നിയുടെ മരണത്തിലുള്ള വിലാപമാണത്. അതിലും അക്കാലത്തുതന്നെ എഴുതിയ കീർത്തിയുടെ വീട് (House of Fame) പക്ഷികളുടെ പാർലമെന്റ് (Parliament of Foules) എന്നീ കൃതികളിലും ദാന്റേ, ബൊക്കേച്ചിയോ തുടങ്ങിയ ഇറ്റാലിയൻ സാഹിത്യകരന്മാരുടെ സ്വാധീനം പ്രകടമാണ്. കവിയെ ഒരു കഴുകൻ റാഞ്ചിയെടുത്ത് കീർത്തിദേവതയുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുന്നതിന്റെ ഫലിതംനിറഞ്ഞ കഥയാണണ് കീർത്തിയുടെ വീട്. പക്ഷികളുടെ പാർലമെന്റിൽ പലവർഗ്ഗം പക്ഷികൾ ഒന്നുചേർന്ന് പ്രേമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രീകരണമാണ്.
ജീവചരിത്രം, തത്ത്വചിന്ത
അക്കാലത്തുതന്നെ ചോസർ സിസിലിയാ എന്ന വിശുദ്ധയുടെ ഒരു ജീവചരിത്രവും എഴുതി. മറ്റൊരു രചന റോമൻ തത്ത്വചിന്തകൻ ബൊയീത്തിയസ് എഴുതിയ തത്ത്വചിന്തയുടെ സമാശ്വാസം (Consolations of Philosophy) എന്ന പ്രഖ്യാതകൃതിയുടെ പരിഭാഷ ആയിരുന്നു. ലോകത്തിലെ അനീതികൾക്കു നടുവിൽ ദൈവനീതിയിലും പരിപാലനയിലും വിശ്വാസം പ്രഖ്യാപിക്കുന്ന കൃതിയാണത്. ആ പരിഭാഷ അത്ര വ്യക്തതയില്ലാത്തതാണെന്നാണ് പൊതുവേ അഭിപ്രായം.[7]
ട്രോയ്‌ലസും ക്രെസിഡായും
കാന്റർബറി കഥകൾ കഴിഞ്ഞാൽ ചോസറുടെ ഏറ്റവും പ്രധാനകൃതി ട്രോയ്lasum ക്രെസിഡായും(Troilus and Criseyde) എന്ന പ്രേമകഥയാണ്. ട്രോയിയിലെ രാജകുമാരൻ ട്രോയിലസാണ് മുഖ്യകഥാപാത്രം. ആ കഥയുടെ ദുഃഖപര്യവസാനത്തിന്റെ പശ്ചാത്തലത്തിൽ, ക്ഷണികമായ ഐഹികപ്രേമത്തിനു പകരം എന്നും നിലനിൽക്കുന്ന ദൈവസ്നേഹത്തിൽ വിശ്വാസമർപ്പിക്കുവാൻ ചോസർ ചെറുപ്പക്കാരെ ഉപദേശിക്കുന്നുണ്ട്. കഥയുടേയും കഥാപാത്രങ്ങളുടേയും സങ്കീർണത കണക്കിലെടുത്ത്, ഈ കൃതി ആദ്യത്തെ നോവൽ എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്.[8]
കാന്റർബറി കഥകൾ
കാന്റർബറിയിലെ രക്തസാക്ഷിയായ വിശുദ്ധ തോമസ് ബെക്കിറ്റിന്റെ[൧] പള്ളിയിലേക്ക് മുപ്പതോളം ആളുകളുടെ ഒരു സംഘം നടത്തുന്ന തീർഥാടനത്തിന്റെ കഥയാണ് കാന്റർബറികഥകളെന്ന കഥാസമാഹാരത്തിന്റെ ചട്ടക്കൂട്. യാത്രക്കുമുൻപ് തീർഥാടകർ ലണ്ടണിലെ റ്റബേർഡ് സത്രത്തിൽ ഒത്തുകൂടിയപ്പോൾ, നേരം പോക്കിനായി ഓരോരുത്തരും അവരവർക്ക് അറിയാവുന്ന കഥകൾ മറ്റുള്ളവരുമായി പങ്കുവക്കണമെന്ന ആശയം മുന്നോട്ടുവച്ചത് സത്രം ഉടമയായിരുന്നു. ഏറ്റവും നല്ല കഥ പറയുന്ന ആൾക്ക് സൗജന്യഭക്ഷണവും അയാൾ വാഗ്ദാനം ചെയ്തു. കാന്റർബറിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഓരോ തീർഥാടകനും ഒരു വഴിക്ക് രണ്ടു കഥ വച്ച് പറയണം എന്നായിരുന്നു വ്യവസ്ഥ. ഒരു തീർഥാടകന്റെ വക നാലു കഥ എന്ന ഈ കണക്കനുസരിച്ച് കാന്റർബറി കഥകൾ നൂറിലേറെ ഉണ്ടാകേണ്ടതാണ്. എന്നാൽ, ചോസറുടെ ഈ ബൃഹദ്പദ്ധതി പൂർത്തിയാക്കതെ പോയതുകൊണട്, ഇന്നുള്ള സമാഹാരത്തിൽ ഇതിന്റെ ഏതാണ്ട് നാലിലൊന്ന് കഥകളേയുള്ളു.
സമാഹാരം തുടങ്ങുന്നത് അതീവഹൃദ്യമായ ഒരാമുഖത്തോടെയാണ്(Prologue). ഇതിൽ ചോസർ തീർഥാടകസംഘത്തിലെ അംഗങ്ങളെ ഓരോരുത്തരെയായി അവതരിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ ഒരു പരിഛേദമാണ് ചോസർ പ്രസിദ്ധമായ ഈ ആമുഖത്തിൽ കാണിച്ചുതരുന്നത്. (ലോക)സാഹിത്യത്തിൽ ഒരിടത്തും, ഒരു മുഴുവൻ ജനതയുടേയും രേഖാചിത്രമായ ഈ ആമുഖത്തോടു താരതമ്യപ്പെടുത്തവുന്നതായി ഒന്നുമില്ലെന്നും, ധനവാനേയും ദരിദ്രനേയും, വൃദ്ധനേയും യുവാവിനേയും, ആണിനേയും പെണ്ണിനേയും, പുരോഹിതനേയും വിശ്വാസിയേയും, പണ്ഡിതനേയും പാമരനേയും, ദർവൃത്തനേയും സദാചാരിയേയും, കരയിലും കടലിലും, പട്ടണത്തിലും നാട്ടിൻപുറത്തുമായി അതിശയോക്തി കലർത്താതെ അവതരിപ്പിച്ചിരിക്കുകയാണ് അതിലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[9]
പൊതുവായ ഈ ആമുഖത്തിന് ശേഷം ഓരോരുത്തരായി കഥകൾ പറയുന്നു. മിക്കവരും കഥകൾക്ക് മുൻപ് മുഖവുരയായി ചിലത് പറയുന്നുണട്. ഈ മുഖവുരകളിൽ പലതും, കഥപോലെ തന്നെ രസകരമാണ്. എവിടേയും ലോകോക്തികളും തത്ത്വവിചാരവും നിറഞ്ഞുനിൽക്കുന്നു. അതിനൊപ്പം ഒരിക്കലും ചോസറെ വിട്ടുപിരിയാത്ത ഫലിതവും. ചിലപ്പോൾ അത് ഉപദേശത്തിന്റെ രൂപത്തിലാണ്. തന്റെ കഥയുടെ മുഖവുരയിൽ മില്ലുടമ തരുന്ന ഒരുപദേശം ഇതാണ്:-
One shouldn't be too inquisitive in life
Either about God's secrets or one's wife
(ഭാര്യയുടേയും ദൈവത്തിന്റേയും രഹസ്യങ്ങളുടെ കാര്യത്തിൽ
ഏറെ ജിജ്ഞാസ ഒരുത്തനും നന്നല്ല.)
പലപ്പോഴും ഫലിതം സൃഷ്ടിക്കുന്നത്, കഥപറയുന്ന തീർഥാടകക്കിടയിലെ സ്നേഹ-ദ്വേഷങ്ങളുടെ രസതന്ത്രമാണ്. കാര്യസ്ഥന്മാരെ(Reeves) പരിഹസിക്കുന്ന കഥയായിരുന്നു മില്ലുടമ പറഞ്ഞത്. ധാന്യം പൊടിക്കാൻ കൊണ്ടുവരുന്നവരിൽ നിന്ന് അധികകൂലിവാങ്ങുന്നത് ശീലമാക്കിയിരുന്ന ഒരു മില്ലുടമയെ പറ്റിച്ച് അയാളുടെ വീട്ടിൽ രാത്രി കഴിച്ച് അയാളുടെ ഭാര്യയും മകളുമായി രമിച്ച രണ്ടു കേംബ്രിഡ്ജ് സർവകലാശാലാ വിദ്യാർത്ഥികളുടെ കഥ പറഞ്ഞാണ് കാര്യസ്ഥൻ ഇതിനു പകരം വീട്ടിയത്.കഥകൾ തമ്മിലും അവ പറയുന്നവർ തമ്മിലുമുള്ള രസകരമായ ഈ കൊടുക്കൽവാങ്ങൽ കാന്റർബറി കഥകളിൽ ഉടനീളമുണ്ട്.[10] കഥകളിലെ ദ്വയാർഥപ്രയോഗങ്ങൾ നിറഞ്ഞ ഫലിതം പലപ്പോഴും സഭ്യതയുടെ അതിരു ലംഘിക്കുന്നുവെന്ന് തോന്നിയേക്കാം.
Three times the night, from midnight into morn,
The miller's daughter, helped me grind my corn.
എന്നാണ് മില്ലുടമയെ പറ്റിച്ച വിദ്യാർത്ഥികളിലൊരുവൻ രാത്രിയിലെ തന്റെ അനുഭവത്തെപ്പറ്റി നേരം വെളുത്തപ്പോൾ പറഞ്ഞത്.[11]
കഥപറയുന്നവരും കേൾക്കുന്നവരും ക്രൈസ്തവതീർഥാടകരായിരുന്നു. തീർഥാടകസംഘത്തിൽ സന്യാസവൈദികനും, കന്യസ്ത്രീയും ആശ്രമാധിപനും ഒക്കെയുണ്ട്. എന്നിട്ടും മതസ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ടവരും ചോസറുടെ പരിഹാസത്തിന്റെ പ്രധാന ഇരകളിൽ പെട്ടു. തുടക്കത്തിലെ ആമുഖത്തിൽ, തീർഥാടകരിൽ ഒരുവനായ സന്യാസവൈദികനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, തന്റെ അടുത്ത് കുംബസാരത്തിനെത്തുന്നവരിൽ നല്ല സംഭാവന തരുന്നവരോട് അയാൾ വളരെ മയത്തിൽ പെരുമാറിയിരുന്നു എന്നാണ്. സംഭാവനയുടെ വലിപ്പം പാപിയുടെ പശ്ചാത്താപത്തിന്റെ ആഴം അറിയാനുള്ള അളവുകോലായിരുന്നു അയാൾക്ക്. പോകുന്ന പട്ടണങ്ങളിലെല്ലാമുള്ള മദ്യഷാപ്പുകളും അവിടത്തെ പരിചാരികമാരെയും അയാൾക്ക് പരിചയമുണ്ടായിരുന്നു. എന്നാൽ കുഷ്ടരോഗികളും യാചകരും മറ്റുമായുള്ള സംസർഗം തന്റെ നിലക്ക് ചേരുന്നതല്ല എന്ന് അയാൾക്ക് അറിയാമായിരുന്നു.
കവിയുടെ കുമ്പസാരം
കാന്റർബറി കഥകളുടെ ഒടുവിൽ ചോസർ ഒരു 'തള്ളിപ്പറയൽ'(Retraction) എഴുതിച്ചേർത്തിട്ടുണ്ടെന്നത് അതിന്റെ വായനക്കാരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാന്റർബറികഥകളടക്കമുള്ള തന്റെ എല്ലാ രചനകളിലും, പാപപ്രേരകമായി ഉള്ളതിനെയൊക്കെ താൻ തള്ളിപ്പറയുന്നുവെന്നും, വായനക്കാർ തന്റെമേൽ ദൈവകാരുണ്യമുണ്ടാകാൻ പ്രാർഥിക്കണമെന്നുമാണ് ചോസർ എഴുതിയിരിക്കുന്നത്. തന്റെ നല്ല രചനകളായി ചോസർ അതിൽ ഏടുത്ത് പറഞ്ഞിരിക്കുന്നത് പുണ്യവാന്മാരുടെ ചരിതങ്ങളും ബൊയീത്തിയസ് എഴുതിയ തത്ത്വചിന്തയുടെ സമാശ്വാസം എന്ന് കൃതിയുടെ പരിഭാഷയും മറ്റുമാണ്.
വിലയിരുത്തൽ
ചോസറുടെ രചനകളിൽ മിക്കവയുടേയും ആശയബീജം കടമെടുത്തതാണ്. ഫ്രെഞ്ച് സാഹിത്യകാരന്മാരോടും, ഡാന്റേ, പെട്രാർക്ക്, ബൊക്കേച്ചിയോ തുടങ്ങിയ ഇറ്റാലിയൻ സാഹിത്യകാരന്മാരോടുമാണ് ചോസറുടെ പ്രധാന കടപ്പാട്.[12] ഒരു കഥയുടെ ചട്ടക്കൂടിനകത്ത് ഒട്ടേറെ കഥകൾ എന്ന കാന്റർബറി കഥകളുടെ ശില്പരൂപം തന്നെ ബൊക്കേച്ചിയോയുടെ ഡെക്കാമറൺ കഥകളെ അനുസ്മരിപ്പിക്കും എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആശയം ചോസർ ബൊക്കേച്ചിയോയിൽ നിന്ന് സ്വീകരിച്ചതാണോ എന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. ചോസർ ഡെക്കാമറൺ കണ്ടിട്ടുതന്നെയുണ്ടാവില്ല എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്.[13] കടമെടുത്ത ആശയങ്ങൾതന്നെ ചോസറുടെ പ്രതിഭയുടെ മൂശയിൽ നിന്നിറങ്ങുന്നത് തീർത്തും വ്യത്യസ്തവും സംസ്കൃതവുമായ രൂപത്തിലാണ്.
ഇംഗ്ലണ്ടിലെ ഉപരിവർഗം ഫ്രെഞ്ച് ഭാഷയുടേയും സംസ്കാരത്തിന്റേയും പ്രഭാവത്തിലായിരുന്ന കാലത്താണ് ചോസർ എഴുതിയത്. തന്റെ രചനകളുടെ മാധ്യമമായി ഫ്രെഞ്ചിനു പകരം ഇംഗ്ലീഷ് സ്വീകരിക്കാനുള്ള ചോസറുടെ തീരുമാനം ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തെ കാര്യമായി ബാധിച്ച ഒന്നായിരുന്നു. കാവ്യരചനയുടെ മാധ്യമമാകാനുള്ള യോഗ്യത സാധാരണക്കാരുടെ ഭാഷയായ ഇംഗ്ലീഷിനുണ്ട് എന്ന് സ്ഥാപിച്ചത് അദ്ദേഹമാണ്. പിൽക്കാലത്തെ ഇംഗ്ലീഷ് എഴുത്തുകാരിൽ പലരും സ്വന്തം രചനകളിലെ ആശയങ്ങൾ ചോസറിൽ നിന്ന് കടംകൊണ്ടു. ഷേക്സ്പിയർ പോലും ടോയ്‌ലസും ക്രെസിഡായും എന്ന നാടകത്തിന്റെ കഥക്ക് കടപ്പെട്ടിരുക്കുന്നത് ചോസറോടാണ്. ഷേക്സ്പിയർക്കു ശേഷം വന്നവരായ ജോൺ ഡ്രൈഡൻ, അലക്സാണ്ടർ പോപ്പ് തുടങ്ങിയവർക്ക് ചോസറോട് ആരാധന തന്നെയായിരുന്നു. ഡ്രൈഡനും പോപ്പും ചോസറുടെ രചനകളെ മൊഴിമാറ്റം നടത്തി സാധാരണ വായനക്കാരിൽ എത്തിക്കാൻ ശ്രമിച്ചു.
അവലംബം
- ↑ BBC History - Geoffrey Chaucer - http://www.bbc.co.uk/history/historic_figures/chaucer_geoffrey.shtml
- ↑ Books and Writers - Geoffrey Chaucer - http://www.kirjasto.sci.fi/chaucer.htm Archived 2008-03-10 at the Wayback Machine
- ↑ The Life of Geoffrey Chaucer - http://www.luminarium.org/medlit/chaucerbio.htm
- ↑ "No English Poer has so mannerly an approach to his reader" കാന്റർബറി കഥകളുടെ പെൻഗ്വിൻ പതിപ്പിന് 'പരിഭാഷകൻ' നെവിൽ കോഘിൽ എഴുതിയ അവതാരികയിൽ നിന്ന്
- ↑ കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/03642b.htm
- ↑ കാന്റർബറി കഥകൾ - നൈറ്റിന്റെ കഥയുടെ നാലാം ഭാഗം
- ↑ The Life of Geoffrey Chaucer - Luminarium.org - ലിങ്ക് മുകളിൽ
- ↑ Geoffrey Chaucer - MSN Encarta - http://encarta.msn.com/encyclopedia_761562849/chaucer.html Archived 2008-03-06 at the Wayback Machine
- ↑ കാന്റർബറി കഥകളുടെ പെൻഗ്വിൻ പതിപ്പിന്റെ അവതാരികയിൽ നിന്ന്
- ↑ Island of Freedom Geoffrey Chaucer - http://www.island-of-freedom.com/CHAUCER.HTM Archived 2008-03-08 at the Wayback Machine
- ↑ കാന്റർബറി കഥകൾ - Reeve-ന്റെ കഥ
- ↑ The world of Chaucer, Medeival Books and Manuscripts - http://special.lib.gla.ac.uk/exhibns/chaucer/influences.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കത്തോലിക്ക വിജ്ഞാനകോശം - ലിങ്ക് മുകളിൽ
കുറിപ്പുകൾ
൧ ^ ഹെണ്ട്രി രണ്ടാമൻ രാജാവ് കൊലപ്പെടുത്തിയ കാന്റർബറിയിലെ മെത്രാപ്പോലീത്തയായിരുന്നു ബെക്കെറ്റ്. ടി.ഏസ്. എലിയട്ടിന്റെ Murder in the Cathedral എന്ന നാടകത്തിന്റെ വിഷയം ഈ കൊലപാതകമാണ്.